Sunday, November 4, 2012

Prabhuvinte Makkal Review: വിശ്വാസം ഉയര്‍ത്തുന്ന ചര്‍ച്ചകള്‍




ഈശ്വരവിശ്വാസത്തെക്കുറിച്ച് ഗൌരവകരമായ ചര്‍ച്ചകള്‍ മുന്നോട്ടുവെക്കുന്ന സജീവന്‍ അന്തിക്കാടിന്റെ 'പ്രഭുവിന്റെ മക്കള്‍' പറയാനുദ്ദേശിച്ച കാര്യങ്ങള്‍ കൃത്യമായി പ്രേക്ഷകരിലെത്തിക്കുന്നു. ഈശ്വരവിശ്വാസവും നീരിശ്വരവാദവും ഒരു കുടുംബത്തിലെ അംഗങ്ങളുടെ ജീവിതങ്ങളിലൂടെ സംവിധായകന്‍ വിശദീകരിക്കുന്നു. ദൈവവിശ്വാസം ഉള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും കണ്ടിറങ്ങുമ്പോള്‍ ഈ ചിത്രം നിങ്ങളെ ചിന്തിപ്പിക്കുമെന്ന് തീര്‍ച്ച!

സമൂഹത്തിലെ ഉന്നതനും ബഹുമാന്യനുമായ പ്രഭുവിന്റെ രണ്ടു മക്കളില്‍ ഒരാള്‍ തികഞ്ഞ ഈശ്വര വിശ്വാസിയും യോഗാഭ്യാസിയും, മറ്റേയാള്‍ നിരീശ്വരവാദത്തിന്റെ അങ്ങേതലയും. അടിയന്തരാവസ്ഥ കാലഘട്ടത്തിന്റെ വീര്യം നിറഞ്ഞു നില്‍ക്കുന്ന വേളയില്‍ ഭക്തനായ സിദ്ധാര്‍ഥന്റെ പഠനവും ഒപ്പം ഹിമാലയത്തിലേക്കുള്ള തീര്‍ഥാടനവും നടക്കുന്നു. കാമുകിയെയും അച്ഛനെയും സഹോദരനെയും നാടിനെയും വിട്ടുള്ള യാത്രയില്‍ എന്തൊക്കെയോ മനസിലാക്കിയെന്ന പോലെ സിദ്ധാര്‍ഥന്‍ മടങ്ങി വരുന്നു.

പിന്നീടങ്ങോട്ട് നിരീശ്വരവാദിയായ സഹോദരന്റെ കൂടെനിന്ന് ദൈവമില്ല എന്ന സന്ദേശവുമായി ഭക്തി കച്ചവടത്തിനെതിരെ നീങ്ങുന്നു. അതിനിടയില്‍ കൊല്ലപ്പെടുന്ന അച്ഛന്റെ കൊലപാതകികളെ കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുന്നു. ഭക്തിയും നിരീശ്വരവാദവും എന്ന വിഷയങ്ങളൊഴിച്ചാല്‍ ഏതൊരു സിനിമയിലെയും പോലെ ആവര്‍ത്തിച്ചു വരുന്ന കഥ. ഇതാണ് 'പ്രഭുവിന്റെ മക്കളു'ടെ ഇതിവൃത്തം.

മനസ്സിലുള്ള ആശയങ്ങളെ സമൂഹത്തിലേക്കെതിക്കുന്ന കലാകാരന്റെ ദാര്‍ശനികതയേ സംവിധായകന്‍ കാണിച്ചുള്ളൂ. ലേശം ചങ്കൂറ്റത്തിന്റെ അകമ്പടിയോടെ. ഞാനൊരു വിശ്വാസിയാണ്. അത് മതങ്ങളെയും ജാതികളെയും മതില്‍ തിരിച്ചു നിര്‍ത്തുന്ന വിശ്വാസ സംഹിതയില്‍ ഉള്‍ക്കൊള്ളുന്നതല്ല. പക്ഷെ ഈ സിനിമയില്‍ പറഞ്ഞ ഓരോ ന്യായീകരണവും നമ്മെ ചിന്തിപ്പിക്കുന്നതാണ് . അത് കേട്ട് എല്ലാവരും ഈശ്വരനില്ലായെന്നു വാദിക്കണം എന്ന് കരുതി എടുത്ത സൃഷ്ടി ഒന്നുമല്ല ഇത്.

സംവിധായകന് പറയാനുള്ളത്, നിരീശ്വരവാദം ഒരു മതമാണെങ്കില്‍ ആ മതക്കാര്‍ക്ക് പറയാനുള്ളത്, അത് ഈ ചിത്രത്തിലും ഇതിന്റെ ആഖ്യാനത്തിലും വ്യക്തമാണ്. 'ദൈവം ഇല്ല പക്ഷെ അയ്യപ്പ സ്വാമിയുണ്ട്' എന്ന് പറയുന്ന സാധാരണക്കാരന്റെ നിഷ്കളങ്കത മുതല്‍ ഭക്തി കച്ചവടം നടത്തി വളരുന്ന കപട സന്യാസിമാരെ വരെ ചിത്രം കാണിക്കുന്നു. വിശ്വാസികള്‍ക്ക് വിമര്‍ശിക്കാന്‍ ഏറെയുണ്ടെങ്കിലും ഒരു പരിധി വരെ ചിന്തിക്കാനും ഉണ്ടെന്നു ഞാനെന്ന വിശ്വാസി മനസ്സിലാക്കുന്നു. ദൈവത്തെ ആദ്യ കൈക്കൂലിക്കാരനാക്കുന്നതും മതങ്ങളെ സമൂഹത്തിന്റെ വളര്‍ച്ചയുടെ വിലങ്ങു തടിയായി ചിത്രീകരിക്കുന്നതും എല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഓരോരുത്തരും ചിന്തിക്കേണ്ടതുമാണ്. 

കുറച്ചു ദീര്‍ഘമായിപ്പോയെങ്കിലും പ്രമേയത്തിന്റെ ശക്തി കൊണ്ടും അതിന്റെ കാലിക പ്രസക്തി കൊണ്ടും ഈ സിനിമ മറ്റുള്ളവയില്‍ നിന്ന് അല്‍പം മാറി നില്‍ക്കുന്നു. കണ്ടു മടുത്ത വിഷയങ്ങള്‍ക്കതീതമായി സമൂഹത്തിലെ ഒരു വിഭാഗത്തിന്, സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് , പറയാനുള്ളതെല്ലാം രണ്ടര മണിക്കൂര്‍ കൊണ്ട് പറയുന്നു.

ദൈവത്തിന്റെ പകിട കളിയാനെന്ന സംവിധായകന്‍ തന്നെ ഫലിതമായി പറഞ്ഞ പോലെ സിനിമയിലെ പ്രധാനപ്പെട്ട ചില സീനുകള്‍ ഡിജിറ്റല്‍ പ്രദര്‍ശനം വിഴുങ്ങിയിരുന്നതിനാല്‍ സിദ്ധാര്‍ഥന്റെ മനം മാറ്റം എന്തിനു എന്നത് അറിയാന്‍ സാധിച്ചില്ല. എല്ലാവരെയും മനസ്സ് നിറച്ചു വിടുമെന്ന ഉറപ്പോടെ ചെയ്തതല്ല എന്ന് ഞാന്‍ പറയുന്ന ഈ സിനിമയില്‍ വിഷയത്തിന്റെ ശക്തിക്കൊപ്പം ചില കാര്യങ്ങളെ തമാശവത്ക്കരിച്ചു അവതരിപ്പിച്ചതും നന്നായി.. അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു അവാര്‍ഡ് സിനിമയുടെ (അങ്ങനെ വിളിക്കപ്പെടുന്ന) രൂപം മാത്രമായി ഒതുങ്ങിപ്പോയേനെ. ഒപ്പം സിദ്ധാര്‍ഥന്റ പ്രണയ രംഗങ്ങളും ചങ്ങമ്പുഴ കവിതയുടെ സംഗീതാവിഷ്കാരവും എടുത്തു പറയേണ്ടതാണ്. 

കുറച്ചു കൂടി ഒതുക്കാമായിരുന്ന തിരക്കഥയെ സംവിധായകന്‍ എന്ന രീതിയില്‍ നീതി പുലര്‍ത്തി സജീവന്‍ അന്തിക്കാട് നന്നായി കൈകാര്യം ചെയ്തു. അദ്ദേഹം എഴുതിയ പാട്ടുകളും അതിനു സോണി ചെറുവത്തൂര്‍ ഒരുക്കിയ സംഗീതവും മികവു പുലര്‍ത്തി. രണ്ടു പേര് ചേര്‍ന്നൊരുക്കിയ കാഴ്ച വിരുന്നും നന്നായി. ആ പാട്ടിലെ ഹിമാലയ കാഴ്ചകളും കവിതയില്‍ കാണിച്ച പ്രണയ രംഗങ്ങളും നന്നായി. വിഷയത്തിന്റെ ഗൌെരവം കൊണ്ട് തന്നെ മുഖ്യധാരാ താരങ്ങള്‍ പലരും മടക്കി വിട്ട ഈ ചിത്രത്തിലൂടെ വിനയ് ഫോര്‍ട്ടിനും ജിജോയ്ക്കും നല്ല നടന്മാരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ചു. അപൂര്‍വ രാഗത്തിന് ശേഷം വിനയ്ക്കും ബെസ്റ് ആക്ടറിനു ശേഷം ജിജോയ്ക്കും ലഭിച്ച മികച്ച അവസരമാണിത്. 

മധു, ശിവജി ഗുരുവായൂര്‍, കലാഭവന്‍ മണി, അനിയപ്പന്‍, അനൂപ് ചന്ദ്രന്‍, സലിം കുമാര്‍, തുടങ്ങിയവര്‍ക്കാപ്പം ഹാസ്യ മേഖലയിലെ ചില പരിചിത മുഖങ്ങളും നന്നായി ചെയ്തു. വിശ്വാസത്തെ വഷളാക്കി അവിശ്വാസത്തെ ഉയര്‍ത്തുന്ന രംഗങ്ങള്‍ക്കുള്ള സാധ്യതകളെ ഉപയോഗപ്പെടുത്താത്തിലൂടെ ഈ ഉധ്യമത്തിലെ മാന്യതയും വെളിവാകുന്നു. 

ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്ന് പടുത്തുയര്‍ത്തിയ ഈ ചിത്രം നവതരംഗ സിനിമകളുടെ വഴിയെ നിങ്ങളുടെ വികാരങ്ങളെ ചോദ്യം ചെയ്യില്ല. പക്ഷെ വിചാരങ്ങളെ ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. ഇനിയും ഇത്തരം വിമര്‍ശനം ഏറ്റു വാങ്ങപ്പെട്ടെക്കാവുന്ന, ചിന്തിപ്പിക്കുന്ന,സിനിമകള്‍ ഉണ്ടാകട്ടെ. മാറ്റം എന്ന വാക്കില് തൂങ്ങുന്ന മലയാള സിനിമയ്ക്ക്, സിനിമാ പ്രേക്ഷകര്ക്ക് ഇതും ഒരു മാറ്റമായി തോന്നട്ടെ.

വാല്‍ക്കഷണം: ട്രെയിലര്‍ കാണുമ്പോഴും മറ്റും വിഷയത്തിന്റെ പ്രത്യേകത കൊണ്ട് കാണാന്‍ പ്രേരിപ്പിച്ച ഈ ചിത്രത്തിന് നല്ല സിനിമകളെ പ്രോല്‍സാഹിക്കുന്നവരുടേയും വിമര്‍ശകരുടേയും പിന്തുണ കാര്യമായി കാണുന്നില്ല. സിനിമയുടെ പ്രമേയത്തെ അനുകൂലിക്കുന്നവരായാലും പ്രതികൂലിക്കുന്നവരായാലും അവരവരുടെ അഭിപ്രായങ്ങള്‍ക്കൊപ്പം തന്നെ ഒരു പറ്റം കലാകാരന്മാരുടെ, പ്രതികൂല സാമൂഹിക കാലാവസ്ഥയിലും രണ്ടു വര്‍ഷങ്ങളായുള്ള പ്രയത്നത്തെ മറന്നു കളയരുത്.

-Review by Arjunan Marar


prabhuvinte makkal review, malayalam film review, malayalam movie prabhuvinte makkal, sajeevan anthikad, jeejo, vinay fort, madhu, swasika, salimkumar, malayalam cinemanews

2 comments:

shaneer said...

Thank you very much for the article. :)

Pankaj said...

നല്ല സിനിമകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആര്‍ക്കാണ് നേരം, എല്ലാര്ക്കും ന്യൂ ജെനരെഷന്‍ മതിയല്ലോ. ശക്തമായ പ്രമേയം അവതരിപ്പിച്ച സജീവന്‍ അന്തിക്കാടിന് അഭിനന്ദനം. കൂടുതല്‍ തീട്രെകളില്‍ സിനിമ എത്തിക്കാന്‍ ശ്രമിക്കുക.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.