Thursday, November 22, 2012

My Boss Review: മൈ ബോസ് രസിപ്പിക്കും




ഡിറ്റക്ടീവും മമ്മി ആന്റ് മീയും പോലെ വ്യത്യസ്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ 'മൈ ബോസ്', മുന്നോട്ടുപോകുന്നത് നായകനായ ദിലീപിന്റെ പ്രഭയിലാണ്. കാര്യമായ പുതുമകളോ സവിശേഷതകളോ കൈമുതലായില്ലെങ്കിലും പ്രേക്ഷകനെ തീയറ്ററില്‍ പിടിച്ചിരുത്താന്‍ ചിത്രത്തിന് നിശ്ചയമായും കഴിയുന്നുണ്ട്. 

മികച്ച മാര്‍ക്കില്‍ എന്‍ജിനീയറിംഗ് ബിരുദം നേടി വര്‍ഷങ്ങള്‍ കഴിഞ്ഞശേഷമാണ് മനു വര്‍മ (ദിലീപ്) ഒരു ജോലിക്ക് ചേരുന്നത്. അതാകട്ടെ, പഠിച്ച എന്‍ജിനീയറിംഗ് മേഖലയിലല്ല, മുംബൈയില്‍ ഒരു ഓഫീസ് അസിസ്റ്റന്റായാണ്. ബോസായ പ്രിയയുടെ (മംമ്താ മോഹന്‍ദാസ്) കടുത്ത തൊഴില്‍ പീഡനങ്ങള്‍ സഹിച്ചും ആത്മാര്‍ഥതയോടെ ജോലി എടുക്കാന്‍ അയാള്‍ മടി കാണിക്കുന്നില്ല. ആസ്ത്രേലിയന്‍ പൌരത്വമുള്ള പ്രിയക്ക് വിസ സംബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഒരു ഘട്ടത്തില്‍ മനുവിനെ വിവാഹം കഴിക്കുന്നതായി അഭിനയിക്കാന്‍ തയാറാകുന്നു. കമ്പനി സി.ഇ.ഒ പോസ്റ്റിനായി പ്രിയയും ഉദ്യോഗക്കയറ്റത്തിനായി മനുവും വിവാഹനാടകത്തിന് തയാറാകുന്നതിനെത്തുടര്‍ന്ന് കൂടുതല്‍ കുരുക്കുകളുണ്ടാകുന്നു. ഇതുമായി ബന്ധപ്പെട്ട് മനുവിന്റെ വീട്ടില്‍ ഭാര്യയായി കുറച്ചുനാള്‍ താമസിക്കാന്‍ പ്രിയ അയാള്‍ക്കൊപ്പം നാട്ടില്‍ എത്തുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളും വഴിത്തിരിവുകളുമാണ് ചിത്രം പറയുന്നത്.

സംവിധായകന്‍ എന്ന നിലയില്‍ ആദ്യ രണ്ട് ചിത്രങ്ങള്‍ വഴി ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ജീത്തു ജോസഫ്. ആ പേര് മോശപ്പെടുത്തുന്നില്ലെങ്കിലും കാര്യമായ പുരോഗതി അദ്ദേഹത്തിന് 'മൈ ബോസി'ല്‍ അവകാശപ്പെടാനില്ല. 'ദി പ്രൊപ്പോസല്‍' എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് കാര്യമായി കഥാഗതി കടംകൊണ്ടിട്ടുണ്ടെങ്കിലും മലയാള പശ്ചാത്തലത്തിലേക്കുള്ള പറിച്ചുനടലിനായി പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. നായകന്റെ വീട്ടില്‍ നായികയെത്തുന്നതും വീട്ടുകാരുടെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നതും തെലുങ്കില്‍ ബൊമ്മാരില്ലു, തമിഴില്‍ സന്തോഷ് സുബ്രഹ്മണ്യം എന്നീ ചിത്രങ്ങളോട് സാമ്യം തോന്നും. 

ഞെട്ടിക്കുന്ന വഴിത്തിരിവുകളൊന്നും കടന്നുവരുന്നില്ലെങ്കിലും ചിത്രം ആസ്വാദ്യമാവാന്‍ പ്രധാന കാരണം നായകന്‍ ദിലീപിന്റെ കഴിവാണ്. കേട്ടവ തന്നെയെങ്കിലും ലളിതവും കുടുംബത്തോടെ രസിക്കാവുന്നതുമായ നര്‍മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ അനേകമുണ്ട്. ആദ്യപകുതിയില്‍ ദിലീപിനൊപ്പം തന്നെ തിളങ്ങുന്നവിധം കലാഭവന്‍ ഷാജോണും പ്രേക്ഷകരെ രസിപ്പിക്കും.

ചിത്രത്തിലെ നായിക പ്രിയയെന്ന 'ബോസ്' മംമ്തക്ക് വേണ്ടി പറഞ്ഞുചെയ്യിച്ചതുപോലെയുള്ള കഥാപാത്രമാണ്. സംസാരരീതിയിലും പ്രകടനത്തിലും ഭാഷയിലും വേഷത്തിലുമെല്ലാം മംമ്ത നൂറുശതമാനം കൃത്യത പുലര്‍ത്തി. കൂടാതെ സായികുമാര്‍, സീത, ആനന്ദ്, വല്‍സലാ മേനോന്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ ഓര്‍മിക്കത്തക്കതാക്കി.

സെജോ ജോണിന്റെ സംഗീതത്തിന് പ്രത്യേകതയൊന്നും അവകാശപ്പെടാനില്ല. എം.ജയചന്ദ്രന്റെ സംഗീതത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ രചിച്ച 'എന്തിനെന്നറിയില്ല' എന്ന ആല്‍ബം ഗാനം കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും ചിത്രത്തില്‍ ആവശ്യമുള്ളതായി തോന്നിയില്ല. ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതം നീതി പുലര്‍ത്തി. അനില്‍ നായരുടെ ക്യാമറയും ഭംഗിയുള്ള കാഴ്ചകള്‍ നല്‍കുന്നുണ്ട്.

മൊത്തത്തില്‍, അധികം പ്രതീക്ഷയൊന്നുമില്ലാതെ പോയാല്‍ മോശമല്ലാത്തൊരു ചിത്രമായി കണ്ടുവരാം 'മൈ ബോസ്'. അതേസമയം, ജീത്തു ജോസഫിനെപ്പോലൊരു സംവിധായകന് ഈ ചിത്രം ഇതിലും മെച്ചമാക്കായിരുന്നു എന്ന തോന്നലും കണ്ടിറങ്ങുമ്പോഴുണ്ടായേക്കാം. 

Rating: 6.25/10


my boss review, malayalam movie my boss, mamtha mohandas, dileep, jeethu joseph, sejo john, anil nair, east coasrt vijayan, malayalam movie review, cinemajalakam review

1 comments:

RAHUL said...

Typical malayalam movie

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.