Tuesday, November 20, 2012

916 Review: മാറ്റ് കുറഞ്ഞ സ്വര്‍ണം




കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്ത '916' (നയന്‍ വണ്‍ സിക്സ്) പറയുന്നത് കുടുംബ ബന്ധങ്ങളുടെ കഥയാണ്. ഒരച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിലൂടെ ടീനേജ് ചാപല്യങ്ങളും പിതാവിന്റെ വേദനകളും ദാമ്പത്യത്തില്‍ വിട്ടുവീട്ടുവീഴ്ചകള്‍ക്കുള്ള സ്ഥാനവും ഓര്‍മപ്പെടുത്താനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. എന്നാല്‍ പരമ്പരാഗത ആഖ്യാനശൈലി ചിത്രത്തെ വിരസമാക്കുന്നു.

ഡോ. ഹരികൃഷ്ണനും (അനൂപ് മേനോന്‍) മകള്‍ മീരയും (മാളവിക മേനോന്‍) തമ്മിലുള്ള ആത്മബന്ധമാണ് 916 വിശദീകരിക്കുന്നത്. അമ്മ ഒപ്പമില്ലെന്ന കുറവറിയിക്കാതെയാണ് ഡോക്ടര്‍ മകളെ വളര്‍ത്തുന്നത്. ഇതിനിടെ മകള്‍ പ്രശാന്ത് (ആസിഫ് അലി) എന്ന യുവാവുമായി പരിചയത്തിലാകുന്നതും തന്നോടുള്ള അടുപ്പത്തില്‍ വിള്ളല്‍ വീഴുന്നതും ഡോക്ടറെ അസ്വസ്ഥനാക്കുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോഴാണ് പണ്ട് തങ്ങളെ ഉപേക്ഷിച്ചുപോയ ഭാര്യ ലക്ഷ്മിയും (മോണിക്ക) ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടര്‍ന്നുള്ള സംഭവങ്ങള്‍ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വിളിച്ചറിയിച്ച് പറയാനാണ് സംവിധായകന്റെ ശ്രമം. 

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പ്രശ്നവും മക്കള്‍ക്കുണ്ടാകുന്ന പ്രശ്നവുമൊന്നും മലയാളത്തില്‍ പുതുമയല്ല. അതുകൊണ്ടുതന്നെ വീണ്ടും പറയുമ്പോള്‍ ആഖ്യാനത്തിലോ കഥാഗതിയിലോ പുതുമ കൊണ്ടുവന്നില്ലെങ്കില്‍ വിരസത പിന്തുടരുമെന്ന് ഉറപ്പ്. ഇവിടെയും സംഭവിച്ചത് മറ്റൊന്നല്ല, അച്ഛന്‍ -മകള്‍ സ്നേഹവും മെലോഡ്രാമയും ടീനേജ് പ്രശ്നങ്ങളുമൊക്കെ ആവര്‍ത്തിക്കുന്നു. അവിടങ്ങളിലൊന്നും സംവിധായകന്റെയോ തിരക്കഥാകൃത്തിന്റേയോ കൈയൊപ്പ് പതിഞ്ഞ ശ്രദ്ധേയ രംഗങ്ങളൊന്നും കാണാനുമാകുന്നില്ല. അതേസമയം, മോറല്‍ സയന്‍സ് ക്ലാസുകളിലേതുപോലെ നല്ല ടീനേജുകാരിയും നല്ല കുടുംബസ്ഥനുമൊക്കെയാകാനുള്ള ഉപദേശങ്ങള്‍ വാരിവിതറിയിട്ടുമുണ്ട്. 

അഭിനേതാക്കളില്‍ ഡോക്ടര്‍ ഹരികൃഷ്ണന്‍ അനൂപ് മേനോന് ചേരുന്ന കഥാപാത്രമായി. മാളവികാ മേനോനും മീരയോട് നീതിപുലര്‍ത്തി. മുകേഷ്, മീര വാസുദേവ്, മോണിക്ക തുടങ്ങിയവരും തങ്ങളുടെ ചുരുങ്ങിയ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെടുംവിധം സ്ക്രീനിലെത്തിച്ചു. ആസിഫലിയും മോശമായില്ല. 

ഗാനങ്ങളില്‍ 'നാട്ടുമാവിലൊരു മൈന' കേള്‍ക്കാന്‍ സുഖമുണ്ട്. എം. ജയചന്ദ്രന്‍ ഒരുക്കിയ മറ്റു ഗാനങ്ങള്‍ക്കൊക്കെ ശരാശരി മാര്‍ക്ക് കൊടുക്കാം, എന്നാല്‍ ഇവ കടന്നുവരുന്ന രംഗങ്ങള്‍ അവയ്ക്കുള്ള മാറ്റ് കൂടി കുറയ്ക്കും. ചിത്രീകരണവും പഴഞ്ചനായി. ഫൈസല്‍ അലിയുടെ ക്യാമറ വിരസതയുണ്ടാക്കുന്നില്ല. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗിന് അല്‍പംകൂടി വേഗമാകാമായിരുന്നു. 

ചുരുക്കത്തില്‍, കുടുംബകഥകളുടെ പഴയ അച്ചില്‍ വാര്‍ത്ത മറ്റൊരു 'സദുദ്ദേശ്യ ചിത്ര'മാണ് 'നയന്‍ വണ്‍ സിക്സ്'. സംവിധായകന്റെ മുന്‍ ചിത്രങ്ങളുടെ അടുത്തെത്താനാകുന്നുമില്ല, പയാനുദ്ദേശിച്ച കുടുംബ ബന്ധങ്ങളുടെ തിളക്കം വരുന്നതുമില്ല. 

Rating: 5/10


916 malayalam movie, 916, anoop menon, malavika menon, asif ali, monica, parvana, mukesh, meera vasudev, m. mohanan, 916 review malayalam, malayalam cinema review

1 comments:

Sugeesh said...

kudumba kadha ennu paranju kure pazhnjan upadeshangal. malayalam cinema mariyathu ivaronnum arinjille. anoop menon padathilundenkil mathram new generation aakilla.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.