Friday, November 9, 2012

'തുപ്പാക്കി' കണ്ട് കവാത്ത് മറന്നവര്‍!




സര്‍വീസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി അനിശ്ചിതകാലം തീയറ്ററുകളടച്ച് സമരത്തിനിറങ്ങിയ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സമരം അവസാനിപ്പിച്ചത് കാര്യമായ നേട്ടമുണ്ടാക്കാതെ. സംഘബലം കാട്ടി തീയറ്ററടച്ചിട്ട് പേടിപ്പിച്ച് ആവശ്യങ്ങള്‍ നേടാനുള്ള ശ്രമം സര്‍ക്കാര്‍ അവഗണിച്ചതോടെ കുടുങ്ങിയ ഫെഡറേഷന്‍ പിന്നീട് എന്തെങ്കിലുമൊരു പിടിവള്ളി കിട്ടിയാല്‍ സമരം അവസാനിപ്പിച്ച് തടിയൂരാനുള്ള ശ്രമത്തിലായിരുന്നു. ഈയാഴ്ച വരാനിരിക്കുന്ന വിജയിന്റെ തമിഴ് ചിത്രം 'തുപ്പാക്കി'യുടെ റിലീസ് കണക്കാക്കിയാണ് പ്രത്യേകിച്ച് ഉറപ്പൊന്നും ലഭിക്കാതെ 'കോംപ്രമൈസാ'ക്കി സമരം തീര്‍ക്കാന്‍ സംഘടന തയാറായതെന്നാണ് പ്രധാന ആക്ഷേപം.

സമരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സിനിമാമന്ത്രി കെ.ബി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ആദ്യം അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചമാകട്ടെ, എന്നിട്ടാകാം പുതിയ വര്‍ധനയെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. കൂടാതെ ഇ -ടിക്കറ്റിംഗ് എല്ലാ തീയറ്ററിലും നടപ്പാക്കി സുതാര്യത ഉറപ്പുവരുത്തിയിട്ടാകാം ഇനിയൊരു പരിഷ്കരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്കിലും സമരത്തില്‍ തീയറ്ററുടമകള്‍ ഉറച്ചുനിന്നതോടെ നല്ല രീതിയില്‍ പ്രദര്‍ശിപ്പിച്ചു വന്ന പല മലയാള ചിത്രങ്ങള്‍ക്കും കനത്ത തിരിച്ചടിയായി. അയാളും ഞാനും തമ്മില്‍, ജവാന്‍ ഓഫ് വെള്ളിമല, ട്രിവാന്‍ഡ്രം ലോഡ്ജ്, റണ്‍ ബേബി റണ്‍ തുടങ്ങി അനേകം ചിത്രങ്ങളുടെ ബോക്സ് ഓഫീസ് നേട്ടങ്ങളാണ് ഒരാഴ്ചത്തെ സമരം തച്ചുടച്ചത്. മികച്ച കലക്ഷനോടെ മലയാള സിനിമകള്‍ മുന്നേറുമ്പോഴുള്ള ഈ സമരം അനാവശ്യമാണെന്ന് ചില തീയറ്ററുടമകള്‍ക്കും അഭിപ്രായമുണ്ടായിരുന്നു. കൂടാതെ, 50ലേറെ ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസ് കാത്ത് തയാറായി ഇരിക്കുന്നുമുണ്ട്. വിചാരിച്ച സമയത്ത് തീയറ്ററിലെത്തിക്കാനാവാത്തത് ഇവയുടെ ഭാവിയെയും ആശങ്കയിലാക്കിയിട്ടുണ്ട്.

തങ്ങള്‍ സമരം നടത്തുന്നതിനനുസരിച്ച് മലയാള സിനിമകള്‍ റിലീസ് നീട്ടിവെക്കുമെന്ന് ഫെഡറേഷന് ഉറപ്പായിരുന്നു. ആ ധാര്‍ഷ്ട്യത്തില്‍ സമരത്തിനിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞുനോക്കാതെ അവഗണിച്ചത് അല്‍പമൊന്നുമല്ല ഇവരെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞവാരം സിനിമാ അവാര്‍ഡ് വിതരണ ചടങ്ങില്‍ സമരക്കാരുടെ ആവശ്യം ന്യായമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ തുറന്നടിച്ചിരുന്നു. തമിഴ് സിനിമക്ക് വൈഡ് റിലീസ് മാറ്റിയില്ലായിരുന്നെങ്കില്‍ സമരം ഇവര്‍ അവസാനിപ്പിക്കുമായിരുന്നെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

വ്യാഴാഴ്ച ചര്‍ച്ചക്കായി തലസ്ഥാനത്തെത്തിയ ഫെഡറേഷന്‍ ഭാരവാഹികളെയും സര്‍ക്കാര്‍ വട്ടംചുറ്റിച്ചു. മുഖ്യമന്ത്രി ഇവരെ കാണാന്‍ കൂട്ടാക്കിയില്ല. സിനിമാ മന്ത്രിയുമായി ആവശ്യമെങ്കില്‍ ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലും മന്ത്രിയുടെ ഓഫീസിലുമായി രാപകല്‍ ഓടി രാത്രിയാണ് ചര്‍ച്ചക്ക് തന്നെ അവസരം ലഭിച്ചത്. ഒടുവില്‍ 'പാക്കേജ് ആലോചിക്കാം' എന്ന് മന്ത്രി പറഞ്ഞതോടെ സമരം അവസാനിപ്പിച്ച് വിജയശ്രീ ലാളിതരെപ്പോലെ പുറത്തുവരികയായിരുന്നു.

തീയറ്ററുകള്‍ക്ക് പ്രശ്നങ്ങളുണ്ട്, പ്രതിസന്ധികളുണ്ട്. എന്നാല്‍, അത്യാവശ്യ സൌകര്യം പോലുമൊരുക്കാതെ ചാര്‍ജ് വര്‍ധനക്ക് മുറവിളി കൂട്ടിയപ്പോഴാണ് നാട്ടുകാരും സര്‍ക്കാരും സംഘനക്കെതിരായത്. ഈ സമരത്തില്‍ നിന്നെങ്കിലും തീയറ്ററുടമകള്‍ ഇക്കാര്യം മനസിലാക്കിയാല്‍ തീയറ്റര്‍ വ്യവസായവും മലയാളസിനിമയും രക്ഷപ്പെടും. അല്ലെങ്കില്‍ പ്രതിസന്ധിയുടെ പേരില്‍ കണ്ണീരൊഴുക്കി തീയറ്ററുകള്‍ ഓഡിറ്റോറിയങ്ങളാക്കാം. 

എന്തായാലും ഫെഡറേഷന് ആശ്വസിക്കാം. തുപ്പാക്കിക്ക് മുമ്പ് അല്‍പം നാണംകെട്ടാണെങ്കിലും മുഖം രക്ഷിച്ച് സമരം അവസാനിപ്പിക്കാനായി. ഇനി തമിഴ് സിനിമയുടെ ഇനിഷ്യല്‍ കലക്ഷനായി തീയറ്ററുകള്‍ ഒഴിച്ചിട്ട് കാത്തിരിക്കാം. 

also read,

തീയറ്റര്‍ സമരം അവസാനിപ്പിച്ചു





theatre strike kerala, film exhibitors federation, malayalam cinema, thuppakki wide release in kerala

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.