Monday, October 22, 2012

യാഷ് ചോപ്ര അന്തരിച്ചു




പ്രണയചിത്രങ്ങള്‍ പുതുമാനങ്ങള്‍ നല്‍കിയ പ്രമുഖ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ യാഷ് ചോപ്ര (80) അന്തരിച്ചു. ഡെങ്കിപ്പനിയും ന്യൂമോണിയയും ബാധിച്ച് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. 

55 വര്‍ഷത്തോളം പിന്നിട്ട അദ്ദേഹത്തിന്റെ സിനിമാജീവിതത്തില്‍ നിര്‍മാതാവായും സംവിധായകനായും തന്റേതായ മുദ്ര ബോളിവുഡില്‍ പതിപ്പിക്കാന്‍ യാഷ് ചോപ്രക്കായിരുന്നു. 22 ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 50 ഓളം വന്‍കിട ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ നിര്‍മാണ കമ്പനിയായ യാഷ് രാജ് ഫിലിംസിന്റെ സ്ഥാപകനാണദ്ദേഹം.  പ്രണയചിത്രങ്ങള്‍ക്കായി പുതുവഴികളിലൂടെ സഞ്ചരിച്ച അദ്ദേഹം 'കിംഗ് ഓഫ് റൊമാന്‍സ്' എന്നാണ് അറിയപ്പെട്ടിരുന്നത്.

അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ഇന്നറിയപ്പെടുംവിധം താരരാജാക്കന്‍മാരാക്കുന്നതില്‍ യാഷ് ചിത്രങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ബച്ചന്റെ സൂപ്പര്‍ ഹിറ്റുകളായ ദീവാര്‍ (1975), കഭീ കഭീ (1976), ത്രീശൂല്‍ (1978) തുടങ്ങിയ അദ്ദേഹം സംവിധാനം ചെയ്തു.

1993ല്‍ 'ഡര്‍' എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനെ നായകപദവിയിലെത്തിച്ചതും അദ്ദേഹം തന്നെ. പിന്നീട് ഷാരൂഖിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളായ ദില്‍തോ പാഗല്‍ ഹേ, വീര്‍ സാറ തുടങ്ങിയവ സംവിധാനം ചെയ്യുകയും 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ, മൊഹബ്ബത്തേന്‍, ചക് ദേ ഇന്ത്യ, റബ് നേ ബനാദി ജോഡി തുടങ്ങിയ നിര്‍മിക്കുകയും ചെയ്തു. 

യാഷ് ചോപ്ര മരിക്കുന്നതിന് തൊട്ടുമുമ്പും സംവിധാനരംഗത്ത് സജീവമായിരുന്നു. ഷാരൂഖ് ഖാനെ നായകനാക്കി 'ജബ് തക് ഹേ ജാന്‍' എന്ന ചിത്രം സംവിധാനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹം രോഗബാധിതനായി ആശുപത്രിയിലായത്. നേരത്തെ, ഈ ചിത്രത്തോടെ സംവിധാനജീവിതത്തില്‍ നിന്ന് വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

ദാഗ്, സില്‍സിലൌ ലംഹേ, യേ ദില്ലഗി, ഹംതും, ബണ്ടി ഓര്‍ ബബ്ലി, സലാം നമസ്തേ, സാത്തിയ, ആജാ നച്ലേ, ന്യൂയോര്‍ക്ക്, റോക്കറ്റ് സിംഗ്, ഇഷക്സാദെ, ഏക് ധാ ടൈഗര്‍ തുടങ്ങിയവയാണ് അദ്ദേഹം നിര്‍മിച്ച മറ്റ് ചിത്രങ്ങളില്‍ പ്രധാനം. 

പഴയകാലത്തെയും പുതിയകാലത്തെ പ്രമുഖ നടീനടന്‍മാര്‍ക്ക് ശ്രദ്ധേയ ഹിറ്റുകള്‍ യാഷ് രാജ് ഫിലിംസും യാഷ് ചോപ്രയും സമ്മാനിച്ചിട്ടുണ്ട്. 

ആറ് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും11 ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടിയ യാഷ് ചോപ്രക്ക് 2001 ല്‍ ദാദാസാഹേബ് ഫാല്‍കേ അവാര്‍ഡും 2005ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 

1932 സെപ്തംബര്‍ 27 ന് ലാഹോറിലാണ് അദ്ദേഹം ജനിച്ചത്. പരേതയായ പമേല ചോപ്രയാണ് ഭാര്യ. മക്കള്‍: സംവിധായകനും നിര്‍മാതാവുമായ ആദിത്യ ചോപ്ര, നടന്‍ ഉദയ് ചോപ്ര. യാഷിന്റെ സഹോദരന്‍ ബി.ആര്‍ ചോപ്രയും പ്രമുഖ നിര്‍മാതാവും സംവിധായകനുമായിരുന്നു. 

yash chopra passed away, yash chopra died, yash chopra, yashraj films, dilwale dulhaniya le jayenge, jab tak hai jaan, shah rukh khan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.