Sunday, October 28, 2012

Jawan of Vellimala Review: ശൌര്യമില്ലാത്ത ജവാന്‍




മമ്മൂട്ടിയെ നായകനാക്കി അനൂപ് കണ്ണന്‍ ഒരുക്കിയ കന്നി ചിത്രമായ 'ജവാന്‍ ഓഫ് വെള്ളിമല' പറയാന്‍ ശ്രമിക്കുന്നത് ഒരു ഗ്രാമവും അവിടുത്തെ ഡാമും അതിനെ സംരക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമവുമാണ്. നൂതനവും കാലികമായി പ്രസക്തവുമായ ഒരു കഥാപരിസരമാണ് ചിത്രത്തിലെങ്കിലും തിരക്കഥയിലെ ശൂന്യതയും അവതരണത്തിലെ അപാകതകളും ചിത്രത്തെ ശരാശരിയില്‍ താഴെയാക്കുന്നു. 

വെള്ളിമല ഗ്രാമവാസികള്‍ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് അവിടുത്തെ ഡാം. പണ്ട് അതിനായുള്ള സമരത്തില്‍ ഒരു ജീവന്‍ പോലും അവര്‍ക്ക് ബലി നല്‍കേണ്ടിവന്നിരുന്നു. അങ്ങനെ, നാടിന്റെ തന്നെ വികാരമായ ഡാമിനെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. ഇവിടുത്തെ ഓപറേറ്റാണ് വിമുക്തഭടനായ ഗോപീകൃഷ്ണന്‍ (മമ്മൂട്ടി). പകല്‍ പട്ടാളത്തിലെ വീരചരിത്രം വിവരിക്കുന്ന ഇയാള്‍ക്ക് രാത്രി പ്രേതങ്ങളെ ഭയമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, തനിക്ക് പ്രേതങ്ങളെ കാണാനാവുമെന്നാണ് ഗോപി പറയുന്നത്. 

ഡാമിലേക്ക് വരുന്ന എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വര്‍ഗീസ് (ശ്രീനിവാസന്‍), പണ്ട് പിതാവ് ഡാമില്‍ ചെയ്ത പണിയുടെ ബില്ല് മാറാന്‍ എത്തുന്ന കോശി ഉമ്മന്‍ (ആസിഫ് അലി), ഡാമിലെ ക്യാമ്പ് ഓഫീസര്‍ അനിത (മംമ്ത മോഹന്‍ദാസ്), ചീഫ് എന്‍ജിനീയര്‍ ചാക്കോ (ബാബുരാജ്) തുടങ്ങിയ കഥാപാത്രങ്ങളാണ് കഥയില്‍ പിന്നീട് വഴിത്തിരിവുകളുണ്ടാക്കുന്നത്. 

ആദ്യപകുതി നിഷ്കളങ്കനായ ഗോപീകൃഷ്ണനെയും അയാളുടെ പ്രേതപ്പേടിയെയും ഗ്രാമത്തിലെ അന്തരീക്ഷത്തെയും ഒക്കെ പരിചയപ്പെടുത്താനാണ് വിനിയോഗിച്ചിരിക്കുന്നത്. പിന്നീട് ഡാമിലുണ്ടാകുന്ന സൂരക്ഷാഭീതിയും അതു ഡീ കമ്മീഷന്‍ ചെയ്യാന്‍ ചില അധികാരികള്‍ ശ്രമിക്കുന്നതും അതിനെ തടയാനുള്ള കാട്ടിക്കൂട്ടലുകളും ചിത്രത്തെ എങ്ങോട്ടൊക്കെയോ കൊണ്ടുപോകുന്നു. 

'ക്ലാസ് മേറ്റ്സിന്' മാന്യമായ തിരക്കഥ ഒരുക്കിയ ഒയിംസ് ആല്‍ബര്‍ട്ട്, തനിക്ക് 'വെനീസിലെ വ്യാപാരി'യില്‍ സംഭവിച്ചതെന്താണെന്ന് തീരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് ഈ ചിത്രം തെളിയിക്കുന്നത്. അല്ലെങ്കില്‍ പാതിപോലും വേവാത്ത ഇത്തരമൊരു തിരക്കഥ സാമാന്യം പുതുമയുള്ള ഒരു കഥാതന്തുവിനുവേണ്ടി കാട്ടിക്കൂട്ടുമായിരുന്നില്ല. 

അതിലുമുപരി ഈ പ്രശ്നം തിരിച്ചറിയാന്‍ വൈകിപ്പോയത് മമ്മൂട്ടിയാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ആദ്യമായി താന്‍ നിര്‍മിക്കുന്ന സിനിമക്ക് ഇത്തരമൊരു തിരക്കഥ മതിയെന്ന് തീരുമാനിക്കുമായിരുന്നില്ല. 

ലാല്‍ ജോസിന്റെ ശിഷ്യനായിരുന്ന അനൂപ് കണ്ണന്‍ തീരെ മോശം സംവിധായകനല്ലെന്ന് ചില രംഗങ്ങളെങ്കിലും സമ്മതിക്കുന്നു. അതേസമയം, ചിത്രത്തെ കെട്ടുറപ്പോടെ ആദ്യാവസാനം കൊണ്ടുവരാനുള്ള കൈത്തഴക്കം ആയിട്ടുമില്ല. കൂടാതെ, വളരെ മോശമായി തയാറാക്കപ്പെട്ട ഒരു തിരക്കഥയില്‍ ഇതിലുമപ്പുറമൊന്നും ചെയ്യാന്‍ ഒരു പുതുമുഖസംവിധായകനുമാവില്ല. 

കുറേ രംഗങ്ങള്‍, ചേര്‍ത്തടുക്കി വെച്ച് നാടന്‍ പശ്ചാത്തലത്തില്‍ വലിയ അതിമാനുഷികതയൊന്നുമില്ലാതെ പറഞ്ഞുവെക്കുക മാത്രമാണ് തിരക്കഥയിലുള്ളത്. ക്ലൈമാക്സിന് സംഘര്‍ഷവും വില്ലന്‍മാരെ പിന്തുടരലുമെല്ലാം ബാലിശമാണ്. നായകന്റെ 'അപൂര്‍വ രോഗവും' പ്രേക്ഷകരില്‍ വലിയ ചലനമൊന്നുമുണ്ടാക്കില്ല. 

മമ്മൂട്ടി താരജാഡകളോ കോമാളിത്തരങ്ങളോ കാണിക്കാത്ത മാന്യമായ കഥാപാത്രമായി എത്തുന്നു എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തെപോലൊരു അഭിനേതാവിന് കാര്യമായ ചെയ്യാനൊന്നും ഗോപീകൃഷ്ണന്‍ എന്ന കഥാപാത്രം അവസരം നല്‍കുന്നില്ല. ശ്രീനിവാസന്‍ വര്‍ഗീസായി ഗൌരവമുള്ള കഥാപാത്രമായി. 

ആസിഫ് അലി കഥയില്‍ നിര്‍ണായക വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രത്യേക അഭിനയമികവൊന്നും സ്ക്രീനിലെത്തിക്കുന്നില്ല. നായിക മംമ്തക്കാകട്ടെ ഇടക്കിടെ വന്നുപോകലല്ലാതെ ഒന്നും ചെയ്യാനില്ല. ആസിഫിന്റെ ജോഡിയായി എത്തിയ ലിയോണയും മെച്ചമായില്ല. 

ബാബുരാജിന്റെ നര്‍മം കലര്‍ന്ന വില്ലത്തരം ജയിംസ് ആല്‍ബര്‍ട്ടിന്റെ തന്നെ മുന്‍രചനയായ 'ഇവിടെ സ്വര്‍ഗമാണി'ലെ ലാലു അലക്സിന്റെ വില്ലന്‍ കഥാപാത്രത്തെ ഓര്‍മിപ്പിക്കും. സഹതാരങ്ങളായി കോട്ടയം നസീര്‍, സുനില്‍ സുഖദ, സാദിഖ് തുടങ്ങിയവര്‍ സാന്നിധ്യമറിയിച്ചു. 

ഗാനങ്ങള്‍ ചിത്രത്തിന് അധികപ്പറ്റാണ്. അല്‍പമെങ്കിലും കഥാഗതിയില്‍ ചേര്‍ന്ന് നില്‍ക്കുന്നത് 'പുര നിറഞ്ഞൊരു പാതിര' എന്ന നാടന്‍ ഈണത്തിലെ ഗാനമാണ്. ഏറ്റവും അസഹ്യം നായകന്റെ 'യക്ഷിപ്പേടി' കാണിക്കാന്‍ ഉപയോഗിക്കുന്ന 'യാമിനി' എന്ന ഗാനമാണ്. ഇത്രയും വിരസമായ ഗാനചിത്രീകരണം അടുത്തെങ്ങും മലയളാസിനിമയില്‍ കണ്ടിട്ടില്ല. ക്ലൈമാക്സിലേക്ക് കഥ നയിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന 'മറയുമോ' ഗാനവും വേണ്ടിയിരുന്നില്ല. ബിജിബാലിന്റെ ഈണങ്ങളും ശരാശരിയാണ്. 

സതീഷ് കുറുപ്പിന്റെ ക്യാമറ മോശമായില്ല. ഡാം രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ബലൂണ്‍ ലൈറ്റിംഗ് ഉപയോഗിച്ചു എന്നത് പ്രത്യേകതയാണ്. മനോജിന്റെ എഡിറ്റിംഗ് കുറച്ചുകൂടി മെച്ചമാക്കാമായിരുന്നു. 

ചുരുക്കത്തില്‍, ഡാം സുരക്ഷയും ഉദ്യോഗസ്ഥ അഴിമതിയും ജവാന്റെ രാജ്യസ്നേഹവും ഒക്കെയായി നന്നായി പറയാമായിരുന്ന ഒരു കഥാബീജമായിരുന്നു 'ജവാന്‍ ഓഫ് വെള്ളിമല'യിലുണ്ടായിരുന്നത്. അലക്ഷ്യമായ തിരക്കഥ വഴിത്തെറ്റിച്ച ചിത്രത്തെ രക്ഷിക്കാന്‍ പുതുമുഖ സംവിധായകന്റെ ശ്രമങ്ങള്‍ക്കായതുമില്ല. അതുകൊണ്ടുതന്നെ, കുറേ രംഗങ്ങള്‍ ചേര്‍ത്തുവെച്ച തീര്‍ത്തും സാധാരണമായൊരു ചിത്രം മാത്രമായി 'ജവാന്‍ ഓഫ് വെള്ളിമല' മാറി. 


jawan of vellimala review, malayalam movie jawan of vellimala, mammootty, anoop kannan, james albert, playhouse, satheeshkurup, baburaj, mamtha mohandas, asif ali, vellimala review, mammootty in jawan of vellimala review, cinemajalakam review, malayalam cinema review

1 comments:

Shajeer Ahamed said...

പലതിനോടും ജോജിക്കുന്നില്ല. ജവാന്‍ വല്ല്യ സംഭവം ഒന്നുമല്ല. എന്നാലും നല്ല സിനിമയാണ്. എങ്ങനെ എന്തോന്ന് എന്നൊന്നും ചോതിച്ചാല്‍ വിശദീകരിക്കാന്‍ അറിയില്ല.പക്ഷെ ബോര്‍ അടിക്കില്ലെന്നു ഉറപ്പാണ്‌. . പക്ഷെ മെച്ചപെടുതാമോ എന്ന് ചോതിച്ചാല്‍ തീര്‍ച്ചയായും ചെയ്യാമായിരുന്നു.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.