Sunday, October 7, 2012

Banking Hours Review: ബാങ്കിംഗ് അവേഴ്സ് വെറുപ്പിക്കില്ല
അനേകം സസ്പെന്‍സ് ത്രില്ലറുകള്‍ ഒരുക്കിയ പരിചയസമ്പന്നനായ കെ. മധു, ഒരു കൂട്ടം യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ക്രൈം ത്രില്ലറാണ് 'ബാങ്കിംഗ് അവേഴ്സ് 10 ടു 4'. ഒരു ബാങ്ക് മോഷണശ്രമത്തിന്റെ പശ്ചാത്തലത്തിലുണ്ടാകുന്ന ദുരന്തവും നിശ്ചിതസമയത്തിനുള്ളിലുള്ള തുടരന്വേഷണവുമാണ് ഇതിവൃത്തം. ഒഴിവാക്കാമായിരുന്ന ഒരുപാട് പാളിച്ചകളുള്ള ചിത്രത്തില്‍ സസ്പെന്‍സുള്ളതിനാല്‍ വെറുക്കാതെ കണ്ടിരിക്കാം എന്നതാണ് ആശ്വാസം. 

നഗരത്തിലെ ലിമോ ബാങ്ക് കൊള്ളയടിക്കാനിറങ്ങുന്ന യുവാക്കളും (നിഷാന്ത് സാഗര്‍, അരുണ്‍, കിരണ്‍ രാജ്) ഈ വിവരം രഹസ്യമായറിഞ്ഞ് തടയാന്‍ മഫ്തിയിലെത്തുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ശ്രാവണും (അനൂപ് മേനോന്‍) കൂട്ടരുമാണ് കഥ നയിക്കുന്നത്. ബാങ്കില്‍ രാവിലെ 10 മുതല്‍ ഇക്കൂട്ടരും മറ്റ് ഇടപാടുകാരും എത്തുന്നതും അവരെ കഥാപരിസരത്ത് പരിചയപ്പെടുത്തുന്നതുമാണ് ആദ്യപകുതിയില്‍.  

ഭര്‍ത്താവറിയാതെ സ്വര്‍ണം പണയംവെക്കാനെത്തുന്ന വീട്ടമ്മ ലക്ഷ്മി (ലക്ഷ്മിപ്രിയ), മകളുടെ പ്രേമം തകര്‍ക്കാന്‍ അവളെ വീട്ടില്‍ നിന്ന് മാറ്റുന്നതിന്റെ ഭാഗമായ വാഗമണ്‍ യാത്രക്ക് മുമ്പ് ബാങ്കിലെത്തുന്ന പിതാവ് (ശങ്കര്‍), ഒപ്പം മകള്‍ (ഷഫ്ന), അവളെ കാണാനെത്തുന്ന കാമുകന്‍ രാഹുല്‍ (മുന്ന), അവന്റെ കൂട്ടുകാര്‍ (റോഷന്‍, മിഥുന്‍ രമേഷ്), തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ രക്ഷിക്കാന്‍ പണമെടുക്കാന്‍ വന്ന നന്ദഗോപാല്‍ (ഇര്‍ഷാദ്), കാര്‍ ലോണിന്റെ വിവരം തിരക്കാന്‍ വന്ന സോഫ്ട്വെയര്‍ എഞ്ചിനീയര്‍ സുഹൃത്തുക്കള്‍ (വിഷ്ണുപ്രിയ, ബിയോണ്‍ തുടങ്ങിയവര്‍), ചെക്ക് മാറാന്‍ വന്ന വികാരി (അശോകന്‍), ആസ്ത്രേലിയക്കുള്ള യാത്രക്ക് ഇന്‍ഷുറന്‍സ് എടുക്കാനെത്തിയ അജയ് (കൈലാഷ്), ഡോക്ടര്‍ (വിജയ് മേനോന്‍) തുടങ്ങിയവരാണ് ബാങ്കില്‍ ഇടപാടുകാരായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന പ്രധാനികള്‍. 

ഇടവേള വരെ ഏതാണ്ട് ഇവരെയും ഇവരുടെ ആവശ്യങ്ങളും പരിചയപ്പെടുത്തുകയാണ്. മോഷണത്തിനെത്തിയവരാകട്ടെ, ലോക്കര്‍ തുറക്കാനുള്ള അവസരം കാത്തുനില്‍ക്കുകയാണ്. അപ്പോഴാണ് അപ്രതീക്ഷിതമായി മറ്റൊരു ദുരന്തം സംഭവിക്കുന്നത്. ഇതാകട്ടെ, മോഷണസംഘത്തിന്റെയും അതു തടയാനെത്തിയ പൊലീസ് സംഘത്തിന്റെയും മറ്റ് ഇടപാടുകാരുടേയും അന്നത്തെ പദ്ധതികളെല്ലാം തകിടം മറിക്കുന്നു. തുടര്‍ന്ന്  ഈ സംഭവത്തെ ചുറ്റിപ്പറ്റി ബാങ്കിനുള്ളില്‍വെച്ച് തന്നെ അന്വേഷണവും കുറ്റവാളികളെ കണ്ടെത്തുന്നതുമാണ് ഇടവേളാനന്തരമുള്ള കഥാഗതി.

ഒരു ത്രില്ലര്‍ എന്ന നിലയ്ക്ക് മനോഹരമായും വ്യത്യസ്തമായും കൈകാര്യം ചെയ്യാവുന്ന പശ്ചാത്തലവും കഥാഗതിയുമാണ് 'ബാങ്കിംഗ് അവേഴ്സി'നുള്ളത്. എന്നാലീ കഥാബീജത്തെ വേണ്ടത്ര ഉദ്വേഗജനകമാക്കാന്‍ പുതുമുഖ തിരക്കഥാകൃത്തുക്കളായ അമലിനും സുമേഷിനും കഴിഞ്ഞിട്ടില്ല. നല്ല രംഗങ്ങള്‍ സൃഷ്ടിച്ചതില്‍പോലും ബാലിശമായ സംഭാഷണങ്ങളും മറ്റും നിറംകെടുത്തുന്നത് ഉദാഹരണം. 45 മിനിറ്റ് മാത്രമുള്ള ആദ്യപകുതി ഇഴച്ചിലുള്ളതായി അനുഭവപ്പെടുന്നതും ഈ പരിചയക്കുറവ് മൂലമാണ്. എന്നാല്‍ രണ്ടാംപകുതിയില്‍ അന്വേഷണവും വഴിത്തിരിവുകളും അവസാനം കുറ്റവാളി ആരെന്ന സസ്പെന്‍സും മാറി മാറി വരുന്നതിനാല്‍ കൂടുതല്‍ വേഗം അനുഭവപ്പെടും. കുറ്റവാളിയിലേക്കുള്ള വഴികളിലും കുറ്റം ചെയ്യുന്ന സാഹചര്യത്തിലെ പൊരുത്തക്കേടുകളിലുമായി നിരവധി യുക്തി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. എന്നാല്‍, മുഖ്യ കുറ്റവാളി ആരെന്ന് പെട്ടെന്ന് പ്രവചിക്കാനാവില്ല എന്നത് ചിത്രത്തിന്റെ നേട്ടമാണ്.

സംവിധായകന്‍ കെ.മധുവിന്റെ മുന്‍കാല വമ്പന്‍ ത്രില്ലറുകളുടെ അടുത്തെങ്ങുമില്ല ഈ ചിത്രം. എങ്കിലും അദ്ദേഹത്തിന്റെ സമീപകാല സൃഷ്ടിയായ 'രഹസ്യപോലീസ്' പോലെയുള്ള അറുബോറന്‍ സൃഷ്ടികളേക്കാള്‍ വളരെ ഉയരത്തിലാണ്. അനേകം ചിത്രങ്ങളിലൂടെ കൈത്തഴക്കമുള്ള കെ. മധുവിനെപ്പോലൊരാളുടെ കൈയൊപ്പ് പതിഞ്ഞ രംഗങ്ങള്‍ ചിത്രത്തിലില്ല എന്നതാണ് സംവിധായകന്റെ പരാജയം. പുതുമുഖ തിരക്കഥാകൃത്തുക്കളുടെ നല്ല രംഗങ്ങള്‍ മോശമില്ലാതെ പകര്‍ത്താനായപ്പോള്‍, മോശം രംഗങ്ങളോ സാഹചര്യങ്ങളോ സംവിധായകന്റെ പരിചയസമ്പന്നത കൊണ്ട് മറച്ചുപിടിക്കാന്‍ കഴിയുന്നതേയില്ല. തീര്‍ത്തും ബാലിശമായ നിരവധി രംഗങ്ങള്‍ ഒഴിവാക്കാനെങ്കിലും തോന്നാത്തത് ഇതുകൊണ്ടാകാം. 

വിവിധ ആവശ്യത്തിനു വന്നവര്‍ ചുമ്മാ ബാങ്ക് ഹാളിനുള്ളില്‍ തെക്കുവടക്ക് ചുറ്റിത്തിരിയുന്നത്, മോഷ്ടാക്കള്‍ എപ്പോഴെങ്കിലും ബാങ്ക് മാനേജര്‍ ലോക്കര്‍ തുറക്കാന്‍ കാത്തു നില്‍ക്കുന്നത്, ഒക്കെ ചിത്രീകരിച്ചിരിക്കുന്നത് കണ്ടാല്‍ ഇത് വ്യക്തമാകും. കൂടാതെ, അക്രമികളെ കീഴ്പ്പെടുത്തുന്ന സംഘര്‍ഷരംഗങ്ങളൊക്കെ അല്‍പം കൂടി പക്വമായ സമീപനം ആവശ്യപ്പെടുന്നവയുമാണ്. ഒരു കുട്ടിയെ തട്ടി കൊണ്ട് പോകുന്ന രംഗം ഉണ്ട്. പിന്നീടു ആ കുട്ടിയെ കിട്ടിയോ ആവോ, അതെ കുറിച്ച് സംവിധായകന്‍ മറന്നു പോയതാവാം.

ഒരുപാട് കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്, എന്നാല്‍ കൃത്യമായി വ്യക്തിത്വമുള്ളവ തീരെ കുറവുമാണ്. അനൂപ് മേനോന്റെ അന്വേഷണോദ്യോഗസ്ഥന്‍ തന്നെയാണ് കൂട്ടത്തില്‍ തലയെടുപ്പുള്ള കഥാപാത്രം. ഒപ്പമുള്ള അവിനാശ് (ജിഷ്ണു), ഇടിക്കുള (ടിനി ടോം) എന്നിവരും ശ്രദ്ധ നേടുന്ന കഥാപാത്രങ്ങള്‍ തന്നെ. ചില്ലറ നര്‍മങ്ങളുമായി ടിനി ടോം ഇടയ്ക്ക് ആശ്വാസവുമാണ്. ഒരാവശ്യവുമില്ലാത്ത കഥാപാത്രമായിരുന്നു മേഘനാ രാജ് അവതരിപ്പിച്ച രേവതി എന്ന ഐ.പി.എസ് ഓഫീസര്‍. കൂടാതെ, രൂപം കൊണ്ടും ഭാവങ്ങള്‍ കൊണ്ടും അവര്‍ ആവശ്യത്തിന് വെറുപ്പിക്കുന്നുമുണ്ട്. 

സാങ്കേതിക വിഭാഗങ്ങളില്‍ സാലു ജോര്‍ജിന്റെ ക്യാമറയും രാജാമണിയുടെ പശ്ചാത്തല സംഗീതവും പി.സി മോഹനന്റെ എഡിറ്റിംഗും സാലു കെ. ജോര്‍ജിന്റെ കലാസംവിധാനവും ശരാശരി മാത്രമാണ്. 

ഒരു സി.ബി.ഐ ഡയറിക്കുറിപ്പോ, അധിപനോ, ഇരുപതാം നൂറ്റാണ്ടോ പോലൊരു ചിത്രം കെ. മധുവില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ നിരാശയാകും ഫലം. അതേസമയം, കുറ്റങ്ങളും കുറവുകളും നിരവധിയുണ്ടെങ്കിലും അത്യാവശ്യം സസ്പെന്‍സും വഴിത്തിരിവുകളും വഴി വെറുക്കാതെ കണ്ടിരിക്കാനാണെങ്കില്‍ 'ബാങ്കിംഗ് അവേഴ്സ്' ധാരാളം മതിയാകും. 

Rating: 5.25/10


banking hours review, malayalam movie banking hours, anoop menon, k.madhu, sumesh-amal, meghana raj, vishnu priya, lemo films, jishnu, tini tom, asokan, shafna, shankar, munna, biyon, malayalam cinema review, cinemajalakam review

3 comments:

Sadique M Koya said...

താങ്കള്‍ പടം കണ്ടിട്ട് തന്നെയാണ് ഈ റേറ്റിംഗ് കൊടുത്തത്...

മനുഷ്യനെ ബോറടിപ്പിക്കുന്നതിനു ഒരു പരിധിയില്ലേ മധു സാറേ..iv ശശി മുതല്‍ ഷാജി കൈലാസ് വരെ യുള്ള പഴയകാല പ്രതിഭകളുടെ എല്ലാം ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല,പിന്നെയാണോ kമധു, ആകെപ്പാടെ ഒരു ആശ്വോസം ജോഷി മാത്രം ,

പ്രേക്ഷകര്‍ക്ക് നന്നായി കൂവാനുള്ള അവസരം എല്ലാവരും നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് . ആകെ കുറച്ചെങ്കിലും ഭേദം ടിനി ടോം ആയിരുന്നു

DEEPAK said...

best padam. madhu annan inganae aanenkil adutha c b i edukkathirikkunnathanu bhedam

Sugeesh said...

സസ്പെന്‍സ് മാത്രം വെച്ച് ഒരു സിനിമ വെറുപ്പിക്കില്ല എന്നാ അഭിപ്രായത്തോട് യോജിക്കനകുന്നില്ല. ബാങ്കിംഗ് ഹൌര്‍സ് അത്യാവശ്യം നല്ല പോലെ വെറുപ്പിക്കുന്നുണ്ട്

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.