Tuesday, October 23, 2012

Review: അയാളും ഞാനും, നല്ല സിനിമയും
 സ്പാനിഷ് മസാലക്ക് ശേഷമാണ് ലാല്‍ജോസിനും മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങിയത്. 'ഡയമണ്ട് നെക്ക്ലേസി'ല്‍ അങ്ങനെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി സഞ്ചരിച്ചു തുടങ്ങി അദ്ദേഹം. അതിന്റെ തുടര്‍ച്ചയാണ് 'അയാളും ഞാനും തമ്മില്‍'. തിരക്കഥയില്‍ കല്ലുകടി പലേടത്തുമുണ്ടെങ്കിലും ഒഴുക്കുള്ള ആഖ്യാനവും മികച്ച അഭിനയവും മോശമല്ലാത്ത ചിത്രങ്ങളുടെ ഗണത്തില്‍ ഇതിനെ എത്തിക്കുന്നു. 

ഹൃദ് രോഗിയായ ബാലികക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ അടിയന്തിര ശസ്ത്രക്രിയക്ക് ഡോ. രവി തരകന്‍ (പൃഥ്വിരാജ്) മുതിരുന്നു. തുടര്‍ന്ന് കുട്ടി മരിക്കുമ്പോള്‍ ആശുപത്രിക്ക് നേരെയുണ്ടാകുന്ന ജനരോഷത്തില്‍ നിന്ന് കാറില്‍ രക്ഷപ്പെടുമ്പോള്‍ അയാള്‍ക്ക് അപകടമുണ്ടാകുന്നു. അപകടസ്ഥലത്ത് നിന്ന് കാണാതാവുന്ന ഡോക്ടറുടെ കോളജ് ജീവിതവും ആതുരസേവനരംഗത്തെ ആദ്യാനുഭവങ്ങളുമൊക്കെ പിന്നീട് സുഹൃത്തുക്കള്‍ വഴിയും മറ്റും വ്യക്തമാവുന്നതാണ് കഥ. 
പഠനം കഴിഞ്ഞ് ഗ്രാമീണസേവനത്തിന് ഡോ. സാമുവലിനു (പ്രതാപ് പോത്തന്‍) കീഴില്‍ മൂന്നാറിലുള്ള രവിയുടെ ജീവിതമാണ് ഇതില്‍ പ്രധാനം. ഇതിലൂടെ ജീവിതത്തെ അലക്ഷ്യമായി കണ്ടിരുന്ന ഒരു യുവാവ് എങ്ങനെ പക്വമതിയായ ഡോക്ടറായി പരിണാമപ്പെടുന്നുവെന്ന് വിശദീകരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഫ്ലാഷ് ബാക്കുകളും വര്‍ത്തമാനകാലവും ഭംഗിയായി ഇടകലര്‍ത്തുന്നതിലും താരജാഡകളോ മേളങ്ങളോ ഇല്ലാതെ കഥാപാത്രങ്ങളെ മനോഹരമായി അഭിനയിക്കാന്‍ വിടുന്നതിലും സംവിധായകന്‍ വിജയിച്ചതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. മുന്‍ചിത്രമായ 'ഡയമണ്ട് നെക്ക്ലേസി'ല്‍ ഒരുപാട് രസകരമായ മുഹൂര്‍ത്തങ്ങള്‍ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്തും ഗൌരവമായ ഒരു പശ്ചാത്തലമാണ് ലാല്‍ജോസ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പലേടത്തും അനുഭവപ്പെടാന്‍ സാധ്യതയുള്ള വിരസത പക്വവും മാന്യവുമായ അവതരണത്തിലൂടെ അദ്ദേഹം മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 

കൂടുതല്‍ സമയവും ഗൌരവമായി പറയേണ്ടിവരുന്നതിലാല്‍ അല്‍പം 'കളര്‍ഫുള്‍' ആയിക്കോട്ടെ എന്നുകരുതിയാകണം കാമ്പസ് ഗാനവും കോളജ് തമാശകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ക്കും ആ രംഗങ്ങള്‍ അങ്ങനെയേ അനുഭവപ്പെടൂ.

തിരക്കഥയിലാണ് 'അയാളും ഞാനും തമ്മിലി'ന് പഴികേള്‍ക്കാനുള്ള വകകള്‍ ഒരുപാട് കരുതിവെച്ചിട്ടുള്ളത്. ആശുപത്രി, ഡോക്ടര്‍ സാഹചര്യങ്ങളില്‍ ഒരുപാട് യുക്തിക്ക് നിരക്കാത്ത സംഗതികള്‍ ബോബി -സഞ്ജയ് ടീം എഴുതിവെച്ചത് കല്ലുകടിയുണ്ടാക്കുന്നുണ്ട്. രചയിതാക്കളില്‍ ഒരാള്‍ ഡോക്ടറായിരുന്നിട്ടും ഇങ്ങനെ സംഭവിക്കുന്നതാണ് വിചിത്രമായി തോന്നുന്നത്. 

മെഡിക്കല്‍ കോളജ് വിട്ടയുടനുള്ള നിര്‍ബന്ധിത ഗ്രാമീണസേവനം തന്നെ ഉദാഹരണം. അതും ചിറാപുഞ്ചിയിലും മറ്റും. ഇതിനുപകരം ബോണ്ട് നിബന്ധന പാലിക്കാന്‍ കോളജ് നിഷ്കര്‍ഷിക്കുന്ന ഏതെങ്കിലും ആശുപത്രിയില്‍ ജോലി ചെയ്യണം എന്നു ലളിതമായി പറഞ്ഞിരുന്നെങ്കില്‍ പ്രശ്നം ഒഴിവാക്കാമായിരുന്നു. കൂടാതെ, പഴയ ഹൃദയവാല്‍വ് ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ ഡോ. രവി കൈകാര്യം ചെയ്തതുമൊക്കെ നിസാരമായിപ്പോയി. 

കൂടാതെ, പല നിര്‍ണായക മൂഹൂര്‍ത്തങ്ങളും വൈകാരിക വഴിത്തിരിവുകളും വരുന്നത് ആഴമില്ലാത്ത കഥാസന്ദര്‍ഭങ്ങളില്‍ നിന്നാണ്. നായകന്റെ രജിസ്റ്റര്‍ വിവാഹം മുടങ്ങുന്നതും നായകന് തിരിച്ചറിവുണ്ടാകുന്നതും ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. 

'ട്രാഫിക്' പോലെ കൈയടക്കമുള്ള തിരക്കഥയെഴുതിയ ബോബിയും സഞ്ജയും ഈ ചിത്രത്തില്‍ ആ ശ്രദ്ധ പുലര്‍ത്തിയിട്ടില്ല. അവര്‍ക്ക് ഒഴിവാക്കാമായിരുന്നു എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന പ്രശ്നങ്ങള്‍ ധാരാളമുണ്ട്. 

ക്ലീഷേ രംഗങ്ങളായ വിരഹഗാനം, നായകന്റെ കാര്‍ എത്തുന്നതിന്തൊട്ടുമുന്‍പ് വില്ലന്‍മാര്‍ നായികയെ കാറില്‍ കൊണ്ടുപോകുന്നത് തുടങ്ങിയവയൊക്കെയും ആവശ്യമുണ്ടായിരുന്നില്ല.

പ്രധാന അഭിനേതാക്കളുടെ ആകര്‍ഷകമായ പ്രകടനം തന്നെയാണ് മറ്റൊരു സവിശേഷത. പ്രതാപ് പോത്തന്‍ അവതരിപ്പിച്ച ഡോ. സാമുവല്‍ അദ്ദേഹത്തിന്റെ രണ്ടാംവരവില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കും. സൂക്ഷ്മവും പക്വവുമായി അദ്ദേഹം സാമുവലിനെ സമീപിച്ചിട്ടുണ്ട്. 

പൃഥ്വിരാജും താരപരിവേഷം വിട്ട് മനോഹരമായും ഗൌരവത്തോടെയും ഡോ. രവിയുടെ  വളര്‍ച്ചാഘട്ടങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നര വീണ രവിയുടെ ഭാവങ്ങള്‍തന്നെ ഇതില്‍ കൂടുതല്‍ മെച്ചപ്പെട്ടത്. കലാഭവന്‍ മണിയുടെ പോലീസ് വേഷം സാധാരണമായിപ്പോയി. നായകന്റെ കൂട്ടുകാരന്‍ വിവേകായി നരേനും അധികമൊന്നും ചെയ്യാനില്ല. മൂന്നു നായികമാരായ സംവൃത, രമ്യ നമ്പീശന്‍, റീമാ കല്ലിംഗല്‍ എന്നിവര്‍ക്ക് മൂന്നുകാലഘട്ടങ്ങളില്‍ യഥാക്രമം നായകന്റെ കാമുകി, സഹപ്രവര്‍ത്തക, സഹായി എന്നിങ്ങനെയുള്ള വേഷങ്ങളില്‍ വന്നുപോകേണ്ട കടമ മാത്രമാണുണ്ടായിരുന്നത്. 

ഗൌരവമുള്ള കഥപറച്ചിലിന് കോട്ടമുണ്ടാക്കാതെ മനോഹരമായ ദൃശ്യങ്ങള്‍ നല്‍കിയ ക്യാമറാമാന്‍ ജോമോന്‍ ടി. ജോണും അഭിനന്ദനമര്‍ഹിക്കുന്നു. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗും മോശമായില്ല. 

ഔസേപ്പച്ചന്റെ ഗാനങ്ങളുടെ ഈണം ശരാശരിയാണെങ്കിലും പശ്ചാത്തല സംഗീതം മികച്ചതായി. ഗാനങ്ങളില്‍ അഴലിന്റെ ആഴങ്ങളിലാണ് വിരികളിലും ഈണത്തിലുമായി കൂട്ടത്തില്‍ മെച്ചം. ഗാനങ്ങളെഴുതിയത് വയലാര്‍ ശരത്താണ്.

ചുരുക്കത്തില്‍, തിരക്കഥയിലെ അലക്ഷ്യമായ കല്ലുകടികള്‍ മാറ്റിനിര്‍ത്തിയാല്‍, നന്‍മയും സ്നേഹവും മനുഷ്യത്വവുമെല്ലാം ഉദ്ഘോഷിക്കുന്ന ആത്മാര്‍ഥതയുള്ള ഒരു 'ഫീല്‍ ഗുഡ്' മൂവി -അതാണ് 'അയാളും ഞാനും തമ്മില്‍. സംവിധായകന്റെ കൈതഴക്കം മൂലം ഒഴുക്കോടെ കഥ പറയാനാവുന്ന,കോലാഹലങ്ങളും മസാലകളുമില്ലാതെ കുടുംബത്തോടെ കണ്ടിരിക്കാവുന്ന ചിത്രം.

Rating: 7/10

ayalum njanum thammil review, ayalum njanum thammil, malayalam movie review, laljose, prithviraj, rima kallingal, bobby sanjay, prathap pothen, jomon t. john, auseppachan, ramya nambeesan, samvritha, naren

2 comments:

Firoz Ahamed said...

തിരകധയിലെ ഒഴിവാക്കാവുന്ന പോരയിമകള്‍ ചിത്രത്തില്‍ കല്ലുകടി തന്നെയാണ്. എന്നാലും മനോഹരമായ സിനിമ സമ്മാനിച്ച ലാല്‍ ജോസിനും പ്രിത്വിക്കും നന്ദി

Krishnakumar said...

കുറ്റങ്ങള്‍ ഉണ്ടാകാം. എന്നാലും അതൊന്നും അറിയും വിധത്തില്‍ ഈ സിനിമയില്‍ തോന്നില്ല. ഒരു നല്ല മനോഹരമായ കുടുംബ ചിത്രം

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.