Friday, October 19, 2012

Music Review: ഔസേപ്പച്ചന്‍ ലാല്‍ജോസിന് ഈണങ്ങളൊരുക്കുമ്പോള്‍...

തന്റെ ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക് എന്നും പ്രാധാന്യം നല്‍കിയിട്ടുള്ള  സംവിധായകന്‍  ലാല്‍ ജോസിന്റെ പുതിയ ചിത്രമാണ്  'അയാളും ഞാനും തമ്മില്‍'.  ഒരു ലാല്‍ജോസ് ചിത്രത്തിനു വേണ്ടി സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആദ്യമായി ഈണങ്ങളൊരുക്കുന്നു എന്ന പ്രത്യേകയും 'അയാളും ഞാനും തമ്മിലി'നുണ്ട്. അതുകൊണ്ടുതന്നെ, പ്രതീക്ഷകള്‍ കുറച്ചൊന്നുമല്ല സംഗീതാസ്വാദകര്‍ക്ക് ഈ ആല്‍ബത്തെക്കുറിച്ചുണ്ടായിരുന്നത്. എന്നാല്‍, ചിത്രത്തിലെ ഗാനങ്ങള്‍ ഈ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നോ?

വയലാര്‍ ശരത് രചിച്ച മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതില്‍ രണ്ടെണ്ണം വ്യത്യസ്ത ഗായകരിലൂടെ രണ്ടു തവണ വീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മൂന്നു ഗാനങ്ങളുടെയും കരോക്കെയും ആല്‍ബത്തിലുണ്ട്.

ആദ്യഗാനമായ 'അഴലിന്റെ ആഴങ്ങളില്‍' ഒരു ഗസല്‍ ശൈലിയിലാണ് ഔസേപ്പച്ചന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗസല്‍ ചുവയുള്ള ഗാനങ്ങള്‍ അടുത്തിടെ മലയാളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഇവയില്‍ മിക്കതും ഇമ്പമാര്‍ന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നതും ജനപ്രിയത കൂട്ടുന്നു. ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഗാനമാകും 'അഴലിന്റെ'യും. നിഖില്‍ മാത്യുവിന്റെയും അഭിരാമി അജയിന്റെ ശബ്ദങ്ങളിലായി രണ്ടുതവണ ഈ ഗാനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇരുവരും ഗാനത്തിന്റെ ഭംഗി ചോരാതെ പാടിയിട്ടുണ്ട്. ഒരു താരതമ്യത്തിന് മുതിര്‍ന്നാല്‍ അഭിരാമിയുടെ ശബ്ദത്തിലുള്ള ഗാനമാകും മികച്ചതെന്ന് പറയേണ്ടിവരും.

അടുത്ത ഗാനമായ 'തുള്ളി മഞ്ഞില്‍' കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു മെലഡിയാണ്. ഈ ഗാനത്തിന് ഗായത്രി, നജീം അര്‍ഷാദ് എന്നിവര്‍ വേവ്വേറെ പാടിയ രണ്ടു പതിപ്പുകളുണ്ട്. സുഖമുള്ള മെലഡിയാണെങ്കിലും സംഗീത സംവിധായകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു ശ്രുതിഭേദം അല്‍പം അരോചകമായി തോന്നിയേക്കാം. വളരെ ചെറിയൊരു ശകലമാണിതെങ്കിലും ആദ്യകേള്‍വിയില്‍ ഇത് അപശ്രുതിയായി തോന്നുമെന്നതാണ് പ്രധാന പോരായ്മ.

അവസാന ഗാനമായ 'ജനുവരിയില്‍' ഗിത്താറിന്റെ ഈണത്തില്‍ മികച്ച രീതിയിലാണ് തുടങ്ങുന്നത്. എന്നാല്‍ ഗാനത്തിന്റെ ഈണത്തിലോ ക്രമീകരണത്തിലോ മുന്തിയതായി എടുത്തുപറയാന്‍ ഒന്നുമില്ലാത്തതിനാല്‍ വളരെ വേഗം താല്‍പര്യം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി എന്നിവരുടെ ആലാപനത്തിനും ഈ ഗാനത്തിന് ഓര്‍ത്തിരിക്കാവുന്ന സവിശേഷതകള്‍ നല്‍കാന്‍ കഴിയുന്നില്ല.

അതുകൊണ്ടുതന്നെ, ലാല്‍ ജോസിനു വേണ്ടി ഔസേപ്പച്ചന്‍ ആദ്യമായി ഈണം നല്‍കിയ ഗാനങ്ങള്‍ പ്രതീക്ഷകള്‍ കാത്തുവോ എന്ന് ചോദിച്ചാല്‍ 'ഇല്ല' എന്നുതന്നെ ഉത്തരം നല്‍കേണ്ടി വരും. മികച്ചൊരു സംവിധായകനും ദേശീയ അവാര്‍ഡ് നേടിയ പ്രതിഭാധനനായ സംഗീത സംവിധായകനും ഒരുമിക്കുമ്പോള്‍ ആസ്വാദകര്‍ ഇത്രയൊന്നുമല്ല പ്രതീക്ഷിക്കുക. അതേസമയം, ആദ്യ രണ്ടു ഗാനങ്ങള്‍ മോശമില്ല എന്നതുകൊണ്ട് ശരാശരിക്കും മുകളില്‍ നില്‍ക്കുന്ന സംഗീത ആല്‍ബമായി 'അയാളും ഞാനും തമ്മിലി'നെ വിലയിരുത്താം.
6.5/10

(ഗാനങ്ങള്‍ വിലയിരുത്തിയത് മ്യൂസിക് എലൌഡ് വെബ്സൈറ്റിലെ സംഗീത നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ വിപിന്‍ നായര്‍ )


ayaalum njanum thammil music review, ouseppachan, laljose, vayalar sarat, vipin nair, music aloud

6 comments:

Pramod said...

nice to see a music review in malayalam site. hope more will follow.

Vipin said...

Thanks. Will try to be write more. :)

ഒരു കൊച്ചു കിനാവ്‌ said...

ലളിതമായ വിലയിരുത്തലുകള്‍ കൊള്ളാം.ഇനിയുള്ള റിവ്യുവുകളില്‍ പാട്ടിന്‍െറ രാഗങ്ങളെകുറിച്ചും മറ്റും ഉള്‍പെടുത്തിയാല്‍ നന്നായിരുന്നു.

Vipin said...

Thanks a lot! :) Raagangal thirichariyunna avasarangalil ulpeduthunnathaayirikkum. Njaan Englishil review ezhuthumbozhum cheyyaarullathu athu thanneyaanu. (Sample: www.musicaloud.com/2012/10/12/the-inner-self-awakens-by-agam-music-review-carnatic-progressive-rock-album/ )

Unknown said...

അതുകൊണ്ടുതന്നെ, ലാല്‍ ജോസിനു വേണ്ടി ഔസേപ്പച്ചന്‍ ആദ്യമായി ഈണം നല്‍കിയ ഗാനങ്ങള്‍ പ്രതീക്ഷകള്‍ കാത്തുവോ എന്ന് ചോദിച്ചാല്‍ 'ഇല്ല' എന്നുതന്നെ ഉത്തരം നല്‍കേണ്ടി വരും. മികച്ചൊരു സംവിധായകനും ദേശീയ അവാര്‍ഡ് നേടിയ പ്രതിഭാധനനായ സംഗീത സംവിധായകനും ഒരുമിക്കുമ്പോള്‍ ആസ്വാദകര്‍ ഇത്രയൊന്നുമല്ല പ്രതീക്ഷിക്കുക.

serikkum athaanu vaasthavam ... Pakshe athaarum thurannu parayyarillaa... ellavarum parsparam sukhippikkalaanalloo.. Good.. Valare nalla review

Vipin said...

Thanks a lot. :)

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.