Saturday, September 29, 2012

ടി. എ. ഷാഹിദ് അന്തരിച്ചു




 പ്രമുഖ മലയാള സിനിമാ തിരക്കഥാകൃത്ത് ടി.എ ഷാഹിദ് (41) അന്തരിച്ചു. ആറുമാസത്തിലധികമായി കരള്‍ സംബന്ധ രോഗത്തിന് ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച സന്ധ്യക്ക് ആറേമുക്കാലോടെയായിരുന്നു അന്ത്യം.

ബാലേട്ടന്‍, മാമ്പഴക്കാലം, നാട്ടുരാജാവ്, അലിഭായ് തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളും മമ്മൂട്ടി നായകനായ രാജമാണിക്യവും പൃഥ്വിരാജിന്റെ താന്തോന്നിയും കാക്കിയും ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ തിരക്കഥകള്‍ ഷാഹിദിന്റെ തൂലികയില്‍ നിന്ന് പിറന്നതാണ്. 

കലാഭവന്‍ മണി നായകനായ മല്‍സരം, ബെന്‍ ജോണ്‍സന്‍, ദിലീപിന്റെ പച്ചക്കുതിര തുടങ്ങിയവയാണ് മറ്റ് സൃഷ്ടികള്‍. എം.എല്‍.എ മണി പത്താംക്ലാസും ഗുസ്തിയുമാണ് അവസാനം എഴുതിയ തിരക്കഥ. 

കോഴിക്കോടിന്റെ പുരോഗമന സാംസ്കാരിക മേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന ഷാഹിദ്, തെരുവുനാടകങ്ങളിലൂടെ എഴുത്തിലേക്ക് കടന്നുവന്നു. പിന്നീട് സംവിധായകന്‍ ജി.എസ് വിജയന്റെ സഹായിയായി പ്രവര്‍ത്തിച്ചു. ബാലേട്ടനിലൂടെ സിനിമയിലുമെത്തി.

ഇടക്കാലത്ത് കുടുംബചിത്രങ്ങള്‍ക്ക് ഒരിടുസംഭവിച്ച സമയത്താണ് 'ബാലേട്ടനി'ലൂടെ അദ്ദേഹം വീണ്ടും കുടുംപ്രേക്ഷകരെ തീയറ്ററിലെത്തിച്ചതും മോഹന്‍ലാലിനെ വീണ്ടും കുടുംബവേഷങ്ങളിലേക്ക് തിരികെ കൊണ്ടുവന്നതും. രാജമാണിക്യം അക്കാലത്തെ ഹാസ്യ ചിത്രങ്ങളില്‍ തന്നെ വഴിത്തിരിവുണ്ടാക്കുകയും മമ്മൂട്ടിയുടെ അഭിനയജീവിതം മാറ്റിമറിക്കുകയും ചെയ്ത ചിത്രമാണ്. 

മലപ്പുറം തുറയ്ക്കല്‍ താമരശേരി പരേതനായ അഹമ്മദുകുട്ടിയുടേയും ഖദീജയുടേയും മകനാണ്. പ്രമുഖ തിരക്കഥാകൃത്ത് ടി.എ. റസാഖ് ജ്യേഷ്ഠനാണ്. ഷീജയാണ് ഭാര്യ. അഖില, അലിഡ എന്നിവരാണ് മക്കള്‍.

രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ ആലോചിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് ആരോഗ്യം വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 

ശനിയാഴ്ച രാവിലെ എട്ടുമുതല്‍ കോഴിക്കോട് ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം 9.30ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


t a shahid, t a shahid passed away, script writer t.a shahid dead, t. a rassaq, balettan, rajamanikyam, alibhai

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.