Monday, September 10, 2012

Run Baby Run review: ഈ റണ്‍ ത്രില്ലടിപ്പിക്കും




മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കിയ 'റണ്‍ ബേബിറണ്‍' രാഷ്ട്രീയവും ടെലിവിഷന്‍ മല്‍സരവും പ്രണയവും കൂട്ടിച്ചേര്‍ന്ന ത്രില്ലറാണ്. പുതുമയും വൈവിധ്യവുമൊന്നുമില്ലെങ്കിലും ചടുലമാര്‍ന്ന അവതരണവും മോഹന്‍ലാലിന്റെ ഊര്‍ജസ്വലമായ പ്രകടനവും ചിത്രത്തെ ആസ്വാദ്യമാക്കുന്നു. മീഡിയ ആക്ടിവിസത്തിന്റെ അതിശയോക്തികളും അങ്ങിങ്ങുള്ള യുക്തിപ്രശ്നങ്ങളുമാണ് കല്ലുകടികള്‍.

റോയിട്ടേഴ്സ് ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ക്യാമറാമാനായ വേണുവും (മോഹന്‍ലാല്‍) അയാളുടെ മുന്‍ കാമുകി രേണുകയും (അമലാ പോള്‍) ചേര്‍ന്ന് ഒരു ഞെട്ടിക്കുന്ന ബ്രേക്കിംഗ് ന്യൂസ് ഒളിക്യാമറയില്‍ പകര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നതും ആ വാര്‍ത്ത രാഷ്ട്രീയ, മാധ്യമ തലങ്ങളിലും  അവരുടെ ജീവിതത്തിലും വരുത്തുന്ന പ്രശ്നങ്ങളുമായി കഥയെ ചടുലമാക്കുന്നത്. ഈ വഴിത്തിരിവിലെത്തുംമുന്‍പ് ഇരുവരുടേയും പഴയകാല പ്രണയവും അതു തകരാനുണ്ടായ കാരണങ്ങളും മാധ്യമ മല്‍സരങ്ങളുമൊക്കെ രണ്ട് ടി.വി ചാനലുകളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നുണ്ട്. 

പൊളിറ്റിക്കല്‍ ത്രില്ലറുകള്‍ കൈകാര്യം ചെയ്ത് തഴമ്പിച്ച കൈകളാണ് സംവിധായകന്‍ ജോഷിയുടേത്. മാധ്യമങ്ങളുടെ പശ്ചാത്തലവും അദ്ദേഹത്തിന് പുതുമയല്ല. എക്കാലത്തേയും മിക്കച്ച മാധ്യമ, രാഷ്ട്രീയ ത്രില്ലറുകളായ ന്യൂഡല്‍ഹിയും പത്രമൊക്കെ വന്നത് അദ്ദേഹത്തിലൂടെ തന്നെ. ഇത്തവണ ടി.വി ചാനല്‍ മല്‍സരം പശ്ചാത്തലമായി എന്നുമാത്രം. മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെ കെട്ടുറപ്പോ മികവോ അവകാശപ്പെടാനില്ലെങ്കിലും പ്രേക്ഷകരെ മിക്ക സമയവും സിനിമയുടെ വേഗത്തിനൊപ്പം കെട്ടിയിടാന്‍ സംവിധായകന് കഴിയുന്നു എന്നതാണ് 'റണ്‍ ബേബി റണ്ണി'ന്റെ ഗുണം. 

ചിത്രത്തിന്റെ കഥക്കോ, പറയുന്ന രാഷ്ട്രീയ പകക്കോ, പ്രേമത്തിനോ ഒന്നും ഏതെങ്കിലും പുതുമയുണ്ടെന്ന് അണിയറക്കാര്‍ പോലും അവകാശപ്പെടില്ല. എങ്കിലും തിരക്കഥാകൃത്ത് സച്ചിയുടെ വേഗമുള്ള തിരക്കഥ ഒരുപരിധിവരെ ഈ കുറവുകളെ മറച്ചുവയ്ക്കുന്നുണ്ട്. അടുത്തരംഗങ്ങളിലേക്ക് പ്രേക്ഷകരെ പെട്ടെന്ന് പെട്ടെന്ന് തിരക്കഥാകൃത്തും സംവിധായകനും കൂടി പിടിച്ചുകൊണ്ടുപോകുന്നതില്‍ കഴിഞ്ഞ രംഗത്തെ യുക്തിക്കുറവുകള്‍ ആലോചിക്കാന്‍ പലപ്പോഴും സമയം കിട്ടാറില്ല. പതിവു വാര്‍പ്പുമാതൃകളും നായികാ-നായക പിണക്കങ്ങളും ഒക്കെ ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്.

പണ്ടൊക്കെ കോടതിരംഗങ്ങളും പൊലീസ് രംഗങ്ങളിലുമൊക്കെ സിനിമകളില്‍ കടന്നുവരാറുള്ള അതിശയോക്തിയും അതിഭാവുകത്വവും ഇവിടെ മീഡിയ ആക്ടിവിസത്തിലും ഒളിക്യാമറ ഓപ്പറേഷനുകളിലും കടന്നുവരുന്നുണ്ട്. നായകന്‍ ഒരുക്കുന്ന ഒളിക്യാമറ ഫ്രെയിമിനുള്ളില്‍ തന്നെ കൃത്യമായി വില്ലന്‍മാര്‍ വന്ന് കുറ്റകൃത്യം നടത്തുന്നതും യുക്തിയെ ചോദ്യം ചെയ്യുന്ന പല രംഗങ്ങളും ഉദാഹരണം. അതേസമയം, ഇന്നത്തെ ടി.വി മാധ്യമരംഗത്തെ ചില പുഴുക്കുത്തുകളും മല്‍സരവും മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങളും ആദ്യഭാഗങ്ങളില്‍ രസകരമായി പറഞ്ഞുവെക്കുന്നുമുണ്ട്. 

മോഹന്‍ലാല്‍ -അമല പോള്‍ പ്രണയരംഗങ്ങള്‍ കല്ലുകടിയാണെങ്കിലും ഇതിനിടയില്‍ ലാല്‍ പാടിയ 'ആറ്റുമണല്‍' എന്ന ഗാനം ശ്രദ്ധേയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രതീഷ് വേഗ ഈണം പകര്‍ന്ന ഈയൊരു ഗാനമേ ചിത്രത്തിലുള്ളൂ.

അഭിനേതാക്കളില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിലെ ഊര്‍ജമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ ഊര്‍ജം ഒരുപരിധി വരെ സഹ കഥാപാത്രങ്ങളിലേക്ക് പകരുന്നുമുണ്ട്. ക്യാമറാമാന്‍ വേണ്ട ചടുലമാര്‍ന്ന ഭാവപ്പകര്‍ച്ചകള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രം. മുഖ്യധാരാ മാസ് ചിത്രങ്ങളില്‍ ലാലിന്റെ സമീപകാല മികച്ച പ്രകടനവും ഇതുതന്നെയെന്നതില്‍ സംശയമില്ല. നായിക രേണുകയാകുന്ന അമലയ്ക്കും ആദ്യവസാനം സാന്നിധ്യമുള്ള, നായകനൊപ്പം  നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ പോന്ന കഥാപാത്രമാണ്. (നായികയുടെ ഈ തലയെടുപ്പ്, ചില ഡയലോഗുകളിലൂടെ നായകന്‍ പലപ്പോഴും മറികടന്ന് മേധാവിത്വം നേടാന്‍ ശ്രമിച്ചിട്ടുണ്ടെന്നത് വേറെ കാര്യം).

ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഗതി പിടിക്കാത്ത ചാനല്‍ മേധാവി ഋഷിയും മികച്ചുനിന്നു. മോഹന്‍ലാല്‍ -ബിജു മേനോന്‍ രംഗങ്ങളിലെ മികച്ച കോമ്പിനേഷന്‍ രസതന്ത്രവും ആസ്വാദ്യമായ നര്‍മങ്ങളും ചിത്രത്തിന്റെ മേന്‍മകളാണ്. ചെറുതെങ്കിലും ഷമ്മി തിലകന്‍ അവതരിപ്പിച്ച പോലീസ് വേഷവും വ്യക്തിമുള്ളതും ആകര്‍ഷകവുമായി. സിദ്ദിഖ്, സായികുമാര്‍ എന്നിവര്‍ക്ക് അനേകം സിനിമകളില്‍ കണ്ടുമടുത്ത രാഷ്ട്രീയ വില്ലന്‍മാരുടെ കുപ്പായമാണ് ഇതിലും. വിജയരാഘവന്‍, അമീര്‍ തുടങ്ങിയവര്‍ക്കുമുണ്ട് ശ്രദ്ധേയ വേഷങ്ങള്‍. 

ആര്‍.ഡി രാജശേഖറിന്റെ മികവുറ്റ ക്യാമറയാണ് ചിത്രത്തിന്റെ മറ്റൊരു മികവ്. കഥയുടെ വേഗത്തിനൊപ്പം രാത്രി രംഗങ്ങളിലുള്‍പ്പെടെ ശ്രദ്ധേയമായി ദൃശ്യങ്ങള്‍ നല്‍കാന്‍ ക്യാമറക്കായി. ശ്യാമിന്റെ എഡിറ്റിംഗും മോശമല്ല.

ചുരുക്കത്തില്‍, യുക്തിശൂന്യതക്കുമേല്‍ ചടുതലക്ക് മേല്‍ക്കൈ നേടാനായതിന്റെ വിജയമാണ് 'റണ്‍ ബേബി റണ്‍'. പുതുമ തൊട്ടുതീണ്ടിയിട്ടില്ലെങ്കിലും ജോഷിയുടേയും മോഹന്‍ലാലിന്റെയും പരിചയസമ്പത്തും കൈത്തഴക്കവും ചിത്രത്തെ ആസ്വാദ്യമാക്കും.

movie: run babby run (malayalam)
direction: joshiy
cast: mohanlal, amala paul, biju menon, sidhique, sai kumar, shammi thilakan, ameer, apana nair etc
camera: r.d rajasekhar
script: sachi
music: ratheesh vega
lyrics: rafeeq ahammed
editing: syam
producer: milan jaleel

run babby run review, run baby run review, malayalam movie run baby run, mohanlal, joshiy, biju menon, amala paul, amala paul in run bay run, mohanlal and amala paul, r.d rajasekhar, ratheesh vega, malayalam film review, cinemajalakam review

1 comments:

Varghese said...

നിരീക്ഷണങ്ങള്‍ കൊള്ളാം. റിവ്യൂകള്‍ കൂടുതല്‍ നേരത്തെ പ്രസിദ്ധീകരിച്ചാല്‍ നന്നാകും.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.