Sunday, September 16, 2012

Rasaleela Review: രാസലീല -വെറുതേയൊരു റീമേക്ക്




റീമേക്കുകളുടെ കാലമാണിത്, പ്രത്യേകിച്ച് അല്‍പം മസാല ചുവയുള്ള ചേരുവകളുടെ പഴയചിത്രങ്ങള്‍ക്ക്. അത്തരം ഉള്ളടക്കം കൊണ്ട് മാത്രം പുതുതായി അവതരിച്ച ചിത്രമാണ് 'രാസലീല'. എന്നാല്‍, കമലഹാസനും ജയസുധയും മുഖ്യവേഷത്തിലെത്തിയ എന്‍. ശങ്കരന്‍ നായരുടെ പഴയപതിപ്പിന്റെ പേര് കളയാന്‍ മാത്രമേ മജീദ് മാറഞ്ചേരിയുടെ പുതുപതിപ്പിന് കഴിഞ്ഞുള്ളൂ. 

ഒരു സ്ത്രീ വിധവയാകുന്ന അവളുടെ കുറ്റകൊണ്ടല്ലെന്ന സന്ദേശമാണ് ചിത്രം നല്‍കാനുദ്ദേശിക്കുന്നതെങ്കിലും അടിസ്ഥാനപരമായി വിധവയുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് എരിവും പുളിയും നല്‍കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യപതിപ്പിന്റെ കാലത്ത് വിധവയുടെ സാമൂഹികപ്രതിസന്ധിയൊക്കെ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമുണ്ടായിരുന്നിരിക്കാം, ഇന്ന് ശ്രദ്ധിക്കപ്പെടുക അവളുടെ മോഹങ്ങള്‍ മാത്രമാകും. 

ഒരു നമ്പൂതിരി ഇല്ലത്തില്‍ ആദ്യരാത്രി തന്നെ വിധവയാകുന്ന ഉണ്ണിമായ (പ്രതിഷ്ഠ) അവിടെ ആചാരങ്ങളുടെയും അനാചാരങ്ങളുടെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളാണ് ചിത്രം പറയുന്നത്. ഇടക്ക് വീട്ടില്‍ പൂജകള്‍ക്ക് സഹായിയായി വരുന്ന ദേവന്‍ (ദര്‍ശന്‍)എന്ന യുവാവിനോട് അവള്‍ക്ക് തോന്നുന്ന അടുപ്പമാണ് കഥ.

ദര്‍ശനും പ്രതിഷ്ഠക്കും ആദ്യപതിപ്പിലെ താരങ്ങളോട് അഭിനയത്തില്‍ കിടപിടിക്കാന്‍ ആവുന്നില്ല. ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ മോശമല്ലാത്ത പങ്ക് വഹിച്ചു എന്നതാണ് പ്രതിഷ്ഠയെ ശ്രദ്ധേയമാക്കുന്നത്. തറവാട്ടുകാരണവരായി കലാശാല ബാബു, ഭാര്യയായി ഊര്‍മിള ഉണ്ണി എന്നിവര്‍ മോശമാക്കിയില്ല. 

ബാക്കിയുള്ള കഥാപാത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെടുംവിധം സ്ക്രീനിലെത്തിക്കാന്‍ സംവിധായകനായതുമില്ല. പലതും അരോചകവുമായി നാടകീയതയുടെയും ക്ലീഷേകളുടെയും അതിപ്രസരവും ഒട്ടും ആകര്‍ഷകമല്ലാത്ത അവതരണവും ചിത്രത്തെ ആദ്യാവസാനം വിരസമാക്കുന്നു. 

സലില്‍ ചൌധരിയുടെ മകന്‍ സഞ്ജയ് ചൌധരിയൊരുക്കിയ ഗാനങ്ങള്‍ പഴയപതിപ്പിന്റെ ഏഴയലത്ത് വരില്ല. ചിലവരികളില്‍ സലില്‍ദായുടെ ഈണങ്ങള്‍ ഓര്‍മിപ്പിക്കുമെന്നു മാത്രം. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം അമച്വര്‍ നാടകങ്ങളെ ഓര്‍മിപ്പിക്കും.

മൊത്തത്തില്‍, അടുത്തിടെ വന്ന റീമേക്കുകളില്‍ ഏറ്റവും മോശമായതെന്ന വിശേഷണം 'രാസലീല'ക്ക് തന്നെ സ്വന്തം. പഴയ പതിപ്പിന് പേരുദോഷമുണ്ടാക്കാന്‍ മാത്രമുള്ളൊരു റീമേക്ക്. 

Rating: 3/10


rasaleela review, malayalam movie rasaleela, prathishta, rasaleela heroine prathishta, darsan, majeed marancheri, sanjay chaudary, malayalam movie review

1 comments:

Krishnakumar said...

ഇതിനൊക്കെ റിവ്യൂ ഇടേണ്ട കാര്യം തന്നെ ഇല്ല. പോസ്റ്റര്‍ കാണുമ്പോഴേ മനസിലാകും

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.