Saturday, September 29, 2012

Puthiya Theerangal Review: പുതിയ തീരത്തെ പഴയ ഓളങ്ങള്‍




 ഗ്രാമീണ വിശുദ്ധിയുടെ ചിത്രങ്ങളില്‍ നിന്ന് മാറി ഇക്കുറി 'പുതിയ തീരങ്ങളില്‍' സത്യന്‍ അന്തിക്കാട് ക്യാമറ തിരിച്ചിരിക്കുന്നത് കടലോരത്തെ ഒരു പിടി മനുഷ്യരുടെ ജീവിതത്തിലേക്കാണ്. പ്രത്യേകിച്ച്, കടലിനോട് മല്ലിട്ട് ജീവിതമാര്‍ഗം കണ്ടെത്തുന്ന താമരയെന്ന പെണ്‍കുട്ടിയുടേയും അവളുടെ ജീവിതത്തിലേക്ക് ഒരു വന്‍തിര ഒഴുക്കിയെത്തിക്കുന്ന കെ.പി എന്ന വൃദ്ധന്റെയും ജീവിതത്തിലേക്ക്. എന്നാല്‍ പശ്ചാത്തലത്തിലെ മാറ്റത്തിലുപരി ആഖ്യാനത്തില്‍ സ്വന്തം ക്ലീഷേകളില്‍ നിന്ന് കളംമാറ്റി ചവിട്ടാന്‍ സംവിധായന് അണുവിട കഴിഞ്ഞിട്ടില്ല, അല്ലെങ്കില്‍ ശ്രമിച്ചിട്ടേയില്ല.

ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ചെന്താമര (നമിത പ്രമോദ്) പുരുഷന്‍മാരെപ്പോലെത്തന്നെ കടലില്‍പോയി ജീവിതവൃത്തി തേടുന്ന തന്റേടിയായ പെണ്‍കുട്ടിയാണ്. അവളെ പൊന്നുപോലെ കാക്കാന്‍ ആ തുറയില്‍ തന്നെ നല്ല അയല്‍ക്കാരും സുഹൃത്തുക്കളും ധാരാളമുണ്ട്. പള്ളിയിലച്ചന്‍ (ഇന്നസെന്റ്), സുഹൃത്തുക്കളായ മോഹനന്‍ മാഷ് (നിവിന്‍ പോളി), നാടകനടനായ മല്‍സ്യത്തൊഴിലാളി ആലപ്പി അപ്പച്ചന്‍ (സിദ്ധാര്‍ഥ് ശിവ), ശാരംഗന്‍ (ധര്‍മജന്‍) തുടങ്ങിയവര്‍ ഇതില്‍പെടും. മോഹനനാകട്ടെ, താമരയോട് നിശബ്ദ പ്രണയവുമുണ്ട്. 

ഇതിനിടക്കാണ്, കടലില്‍ ആത്മഹത്യക്ക് ശ്രമിക്കുന്ന കെ.പി എന്ന വൃദ്ധനെ (നെടുമുടി വേണു) താമരക്ക് രക്ഷിച്ച് തന്നോടൊപ്പം താമസിപ്പിക്കേണ്ടി വരുന്നത്. അയാളാരെന്നോ എങ്ങനെ അവിടെയെത്തിയെന്നോ കൃത്യമായി മനസിലാക്കാന്‍ അവള്‍ക്കോ കൂട്ടുകാര്‍ക്കോ കഴിയുന്നില്ല. പേര് ചോദിക്കുമ്പോള്‍ കുമാരപ്പണിക്കരെന്നും കുര്യന്‍ പൌലോ എന്നുമൊക്കെയാണ് പല കഥകളാണ് അയാള്‍ പറയുന്നതും. ചില്ലറ തലവേദനകള്‍ തുടരെത്തുടരെ സൃഷ്ടിക്കുന്നെങ്കിലും സ്വന്തം അച്ഛനെപ്പോലെ അയാളെ താമര കൂടെത്താമസിപ്പിക്കുന്നു. 

കെ.പിയുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുന്നതും അയാളാരെന്ന അന്വേഷണവുമാണ് തുടര്‍ന്നുള്ള കഥ.

അടുത്തിടെയായി സ്വന്തം തിരക്കഥകള്‍ മാത്രം സംവിധാനം ചെയ്തുവന്ന സത്യന്‍ അന്തിക്കാട് ഇത്തവണ ബെന്നി പി. നായരമ്പലത്തിന്റെ രചനയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. എന്നാല്‍, നിരവധി ഹിറ്റുകളൊരുക്കിയ ബെന്നിക്ക് മികച്ചൊരു തിരക്കഥ സത്യന് നല്‍കാനായില്ലെന്നതാണ് വസ്തുത. ചിത്രത്തിന്റെ പ്രധാനപ്രശ്നവും അതുതന്നെ. തികച്ചും ഉപരിപ്ലവമായി കഥ പറഞ്ഞുപോകുന്ന തിരക്കഥ ഒരുഘട്ടത്തില്‍ താമരയെയാണോ കെ.പിയെയാണോ കഥ പറയാന്‍ കേന്ദ്രീകരിക്കേണ്ടതെന്നറിയാതെ ഉഴറുന്നുമുണ്ട്. 

സത്യന്‍ അന്തിക്കാടിന് മാത്രം മാറ്റമൊന്നുമില്ല. ഗ്രാമത്തിന്റെ നൈര്‍മല്യം ഇത്തവണ തീരത്തിന്റേതായി എന്നുമാത്രം. 'സ്നേഹവീടി'ല്‍ വന്നുകയറുന്ന മകന്റെ കഥ അന്വേഷിച്ചിറങ്ങുകയാണെങ്കില്‍ 'പുതിയ തീരങ്ങളില്‍' വന്നുകയറുന്ന അച്ഛന്റെ കഥ അന്വേഷിക്കുന്നു എന്നതാണ് വ്യത്യസ്തത. എല്ലാ സത്യന്‍ ചിത്രങ്ങളും പോലെ  ലാളിത്യത്തോടെ കോമാളിത്തങ്ങളില്ലാതെ ആഭാസങ്ങളോ അക്രമങ്ങളോ ഇല്ലാതെ സമാധാനത്തോടെ കണ്ടിറങ്ങാവുന്ന ചിത്രം. ഇതുമാത്രമാണ് സംവിധായകന്‍ ലക്ഷ്യമാക്കിയതെങ്കില്‍ 'പുതിയ തീരങ്ങളെ' ഓര്‍ത്ത് അദ്ദേഹത്തിന് അഭിമാനിക്കാം. 

പ്രധാന താരങ്ങള്‍ക്ക് ചുറ്റുമുള്ള കഥാപാത്രങ്ങള്‍ക്ക് എല്ലായ്പ്പോഴും സത്യന്‍ ചിത്രങ്ങളില്‍ ഒരു പ്രത്യേക ഭംഗിയുണ്ടാകാറുണ്ട്. സിനിമ കഴിഞ്ഞാലും അവരുടെ കൊച്ചുകൊച്ചു നര്‍മങ്ങളും നിഷ്കളങ്കതയും മനസില്‍ നില്‍ക്കും. നിര്‍ഭാഗ്യവശാല്‍ അത്തരം രംഗങ്ങളും കഥാപാത്രങ്ങളും 'പുതിയ തീരങ്ങളില്‍' കുറവാണ്. മോളി കണ്ണമാലി അവതരിപിച്ച വെറോണി അമ്മായി എന്ന കഥാപാത്രം മാത്രമാണ് അപവാദം.

നായികയുടെ ജോഡിയാകുന്ന മോഹനന്‍ എന്ന നിവിന്‍ പോളിയുടെ കഥാപാത്രം പോലും കൃത്യമായി എഴുതപ്പെട്ടതല്ല. ചെമ്പില്‍ അശോകന്‍, ഇന്നസെന്റ്, ധര്‍മജന്‍ തുടങ്ങിയവരാണ് കുറേയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന മറ്റ് താരങ്ങള്‍. ദേശീയ അവാര്‍ഡ്ജേതാവായ മല്ലികക്ക് ശ്രദ്ധേയവേഷമില്ല. 

കഥാപാത്രങ്ങളില്‍ പുതുമുഖ നായിക നമിത പ്രമോദാണ് ശ്രദ്ധിക്കപ്പെടുന്നത്. താമരക്ക്‌ വേണ്ട  ഊര്‍ജവും നിഷ്കളങ്കതയും ഭംഗിയും നമിത സ്ക്രീനിലെത്തിക്കുന്നുണ്ട്. നെടുമുടിയുടേതും പക്വമായ പ്രകടനമായി.

ഇളയരാജയുടെ സംഗീതം ഒരു പ്രതിഭയില്‍ നിന്ന് പ്രതീക്ഷിക്കുന്ന മികവൊന്നും കാണാനില്ല. രാജയെപ്പോലൊരു വലിയ സംഗീതജ്ഞനില്‍ നിന്ന് ഇത്തരം നാലാംകിട സംഗീതം കേള്‍ക്കേണ്ടിവരുന്നതില്‍ വിഷമുമുണ്ട്. പശ്ചാത്തലസംഗീതവും ഇതുപോലെത്തന്നെ. വേണുവിന്റെ ക്യാമറയും രാജഗോപാലിന്റെ എഡിറ്റിംഗും കഥക്കൊത്തുനീങ്ങി. 

ചുരുക്കത്തില്‍, ആഴവും പരപ്പുമൊന്നുമില്ല ഈ പുതിയ തീരത്തെ കാഴ്ചകള്‍ക്ക്. വലിയ തിരയിളക്കങ്ങളൊന്നും വേണ്ട, അല്‍പം കടല്‍കാറ്റേറ്റാല്‍ മതി എന്നുള്ളവര്‍ക്ക് ശാന്തമായി വന്ന് കണ്ടു കണ്ടുപോകാവുന്ന നിര്‍ദോഷ കുടുംബചിത്രം.

Rating: 5.75/10


puthiya theerangal review, malayalam movie puthiya theerangal, nivin pauly, namitha pramod, nedmudi venu, sathyan anthikad, benny p. nayarambalam, ilayaraja, puthiya theerangal malayalam cinema, malayalam cinema review, cinemajalakam

3 comments:

Thomas John Kottarakkara said...

ore busil sathyanthe yathra

Santhosh Kumar said...

kudumbangalkku safe anu, pala lodge murikalumayi compare cheyyumpol. shariyalle?

Pramod said...

നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കരുതെന്നേ സത്യനുള്ളൂ. അത് അങ്ങേര് നോക്കുന്നുമുണ്ട്. അതൊക്കെ മതിയന്നേ

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.