Friday, September 21, 2012

Molly Aunty Rocks Review: മോളി ആന്റി കൊള്ളാം, പക്ഷേ...രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ മൂന്നാമത്തെ ചിത്രമായ 'മോളി ആന്റി റോക്ക്സ്' പറയുന്നത് ഒരു ബാങ്കുദ്യോഗസ്ഥയുടെ കഥയാണ്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി ബാങ്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഇന്‍കം ടാക്സ് പ്രശ്നവും അതിനെ നേരിടുന്ന രീതികളുമാണ് ചിത്രം ലളിതമായി പറയുന്നത്. പുതുതലമുറ സിനിമയാണെങ്കിലും നായികയെ വിശദീകരിക്കാന്‍ ആവശ്യത്തിലധികം സമയം ചെലവഴിക്കുന്നതും ഒറ്റശ്വാസത്തില്‍ പറഞ്ഞുവെക്കുന്ന ക്ലൈമാക്സും കല്ലുകടിയാണ്.

 അമേരിക്കയിലുള്ള ഭര്‍ത്താവിനെയും (ലാലു അലക്സ്) മക്കളെയും വിട്ട് തല്‍ക്കാലം മോളി മാമ്മന്‍ (രേവതി) നാട്ടിലെത്തി പഴയ ബാങ്ക് ജോലിയില്‍ പ്രവേശിച്ചത് ഇവിടെയുള്ള ഭൂമി വില്‍ക്കാനും വി.ആര്‍.എസ് വാങ്ങി ബാങ്കിലെ ആനുകൂല്യങ്ങള്‍ കൈപ്പറാനുമാണ്. ഉദ്ദേശ്യങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി അമേരിക്കക്ക് ടിക്കറ്റും റെഡിയാകുമ്പോഴാണ് ഇന്‍കം ടാക്സ് നോട്ടീസിന്റെ രൂപത്തില്‍ പ്രശ്നങ്ങള്‍ മോളിക്ക് പിന്നാലെ കൂടുന്നത്. ഇന്‍കം ടാക്സ് ഓഫീസിലെത്തുന്ന മോളി അവിടെയുണ്ടാക്കുന്ന സംഭവങ്ങളുടെ ഫലമായി ആദ്യമുണ്ടായിരുന്ന ചില്ലറ പ്രശ്നം ഗുരുതരമാകുന്നു. തുടര്‍ന്ന് ഓഫീസര്‍ പ്രണവ് റോയും (പൃഥ്വിരാജ്) മോളിയും തമ്മില്‍ ടാക്സ് പ്രശ്നത്തിന്റെ പേരില്‍ ഏറ്റുമുട്ടലാകുന്നതോടെ കഥ വികസിക്കുകയാണ്. 

നായകന്‍, നായിക, പ്രേമം, ഗാനം, സംഘട്ടനം തുടങ്ങിയ ചേരുവകള്‍ ഒഴിവാക്കി 'നവതരംഗ' വിഭാഗം ലക്ഷ്യമാക്കിയാണ് രഞ്ജിത്ത് ശങ്കര്‍ മോളി ആന്റിയെ ഒരുക്കിയത്. മുഖ്യ കഥാപാത്രം മോളി കഥ നയിക്കുമ്പോള്‍ അതിനു ചേരുംവിധമുള്ള കഥാപാത്രങ്ങളായേ മറ്റ് താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. മുഖ്യ കഥാപാത്രമായതുകൊണ്ടുതന്നെ ആദ്യപകുതി മുഴുവന്‍ മോളിയുടെ സ്വഭാവവും ഗുണവും കുടുംബപശ്ചാത്തലവും ഒക്കെ വിവരിക്കാന്‍ സംവിധായകന്‍ തന്നെ രചിച്ച തിരക്കഥ ഒരുപാട് പണിപ്പെടുന്നു. 

കഥയുടെ വഴിത്തിരിവായ ഇന്‍കം ടാക്സ് പ്രശ്നം വന്നശേഷമുള്ള പ്രശ്നങ്ങള്‍ കാണിക്കാന്‍ രണ്ടാംപകുതിയുടെ മുക്കാല്‍ ഭാഗവും ചെലവഴിക്കുന്നു. അവസാനം, ഓടിപ്പിടിച്ച് മാമുക്കോയ അവതരിപ്പിക്കുന്ന അഡ്വ. സലീം മേച്ചേരി എന്ന കഥാപാത്രത്തിലൂടെ സിനിമക്ക് ക്ലൈമാക്സും കണ്ടെത്തുന്നു. അതാകട്ടെ, ഒറ്റയിരിപ്പിന് ചരിത്രവും പ്രശ്നപരിഹാരവും ഒക്കെ പറഞ്ഞുതീര്‍ക്കുന്ന ഒരു ക്ലൈമാക്സും. ആദ്യ പകുതിയില്‍ എടുത്ത സാവകാശം അവസാനം വെപ്രാളമാകുന്നിടത്താണ് മോളി ആന്റി ദഹനക്കേടുണ്ടാക്കുന്നത്. കൂടാതെ, ടാക്സ് പ്രശ്നം തീര്‍ക്കാന്‍ കാട്ടുന്ന മീഡിയാ ഗിമ്മിക്കുകള്‍ പലതും ബാലിശവും യുക്തിക്ക് നിരക്കാത്തതുമാണ്. 

മോളിയായി രേവതി തന്നെയാണ് താരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മികച്ച ഊര്‍ജത്തോടെ തന്റെ ഭാഗം പക്വമായി അവര്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. പൃഥ്വിരാജും ഒതുക്കമുള്ള പ്രകടനത്തോടെ പ്രണവ് റോയിയെ ഭദ്രമാക്കി. സൂപ്പര്‍താരമാകാന്‍ ശ്രമിക്കുന്ന ചിത്രങ്ങളെക്കാള്‍ മാന്യമായ ഇത്തരം വേഷങ്ങളാണ് ഉചിതമെന്ന തിരിച്ചറിവ് പൃഥ്വിക്ക് ഉണ്ടായി എന്നതുതന്നെ നല്ല കാര്യം. 

മോളിയുടെ അയലത്തെ സൃഹൃത്തുക്കളായ ദമ്പതികളായി കൃഷ്ണകുമാറും ലക്ഷ്മിപ്രിയയും ശ്രദ്ധേയവേഷങ്ങളിലുണ്ട്. ലാലു അലക്സ്, കെ.പി.എ.സി ലളിത, സുനില്‍ സുഖദ തുടങ്ങിയവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. മാമുക്കോയയുടെ വക്കീല്‍ വേഷം അദ്ദേഹം സ്ഥിരം കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യാസമുള്ളതായി. 

സാങ്കേതിക വിഭാഗങ്ങളില്‍ സുജിത് വാസുദേവിന്റെ ക്യാമറ ചിത്രത്തിന് അലോസരമുണ്ടാക്കിയില്ല. ആനന്ദ് മധുസൂദനന്റെ സംഗീതം ശരാശരിയായിരുന്നു. ലിജോ പോളിന്റെ എഡിറ്റിംഗിന് ചിലയിടത്ത് വേഗം കൂടാനുണ്ട്.

നല്ല സിനിമ ഒരുക്കാനറിയാമെന്ന് 'പാസഞ്ചറി'ലൂടെ തെളിയിച്ചിട്ടുള്ള ആളാണ് രഞ്ജിത്ത് ശങ്കര്‍. രണ്ടാമത്തെ ചിത്രമായ 'അര്‍ജുനന്‍ സാക്ഷി' പ്രതീക്ഷയോടെ തുടങ്ങി പിന്നീട് എങ്ങോട്ടൊക്കെയോ പോയി അവസാനം കാട്ടിക്കൂട്ടലായ ചിത്രമാണ്. അതുപോലെ ഇത്തവണ 'മോളി ആന്റി'യെ തകര്‍ത്തിട്ടില്ല എന്നത് ആശ്വാസം. എങ്കിലും സിനിമയുടെ ഫിനിഷിംഗ് ടച്ചിന്റെ കാര്യത്തില്‍ ഇപ്പോഴും ഒരു കാട്ടിക്കൂട്ടല്‍ സ്വഭാവം സംവിധായകനെ പിന്തുടരുന്നുണ്ട്. അതു മാറ്റി നിര്‍ത്തിയാല്‍ മോളി ആന്റി ശരാശരിയിലും മേലെയാണ്, റോക്കിംഗ് ഒന്നുമല്ലെങ്കിലും. 

Rating: 5.5/10

  • FILM- MOLLY AUNTY ROCKS
  • STARRING: REVATHY, PRITHVIRAJ, LALU ALEX, K.P.AC. LALITHA, SUNIL SUKHADA, LAKSHMI PRIYA, KRISHNAKUMAR, MAMUKOYA
  • SCRIPT, DIRECTION: RANJITH SANKAR
  • PRODUCTION: DREAMS N' BEYOND
  • CAMERA: SUJITH VASUDEV
  • MUSIC: ANAND MADHUSOODHANAN
  • LYRICS: RAFEEQ AHAMMED
  • EDITING: LIJO PAUL
molly aunty rocks review, malayalam movie molly aunty rocks, ranjith sankar, prithviraj, revathi, lalu alex, malayalam cinema review, cinemajalakam

3 comments:

Reneesh said...

exact. moly aunty and pranav was gud rocking. but there was problem in climax.

Krishnakumar said...

നല്ല സിനിമ കാണാന്‍ ആളില്ല എന്നാണ് രേവതി പറയുന്നത്. അപ്പൊ ഇതും നല്ല സിനിമ ആയിരിക്കുമല്ലേ

Anonymous said...

പ്രിത്വിരാജ് കലക്കി

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.