Saturday, September 29, 2012

Trivandrum lodge Review: ട്രിവാന്‍ഡ്രം ലോഡ്ജിലെ കാമനകള്‍
 പുതുനിരചിത്രങ്ങളിലെ പ്രധാനികളെന്ന് അഭിമാനിക്കുന്ന വി.കെ പ്രകാശും അനൂപ് മേനോനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'ട്രിവാന്‍ഡ്രം ലോഡ്ജ്'. കഥ പറച്ചിലില്‍ പഴഞ്ചന്‍ രീതിക്ക് അവധികൊടുക്കുന്നുണ്ടിവര്‍. പഴഞ്ചന്‍ സദാചാരനിയമങ്ങളെ കാറ്റില്‍പ്പറത്താന്‍ ധൈര്യമുണ്ടെന്ന് കാട്ടാന്‍ ആവശ്യത്തിലേറെ തുറന്ന ലൈംഗികസംഭാഷണങ്ങളും ചേര്‍ത്തു. അതിലുപരി 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന ചിത്രം പ്രത്യേകിച്ചെന്തെങ്കിലും സംവദിക്കുന്നില്ല. 

കൊച്ചിയിലെ പഴകി ദ്രവിച്ച ട്രിവാന്‍ഡ്രം ലോഡ്ജിലെ വെറും സാധാരണക്കാരായ അന്തേവാസികളുടെ ലൈംഗിക ജീവിതത്തിലൂടെയും മോഹങ്ങളിലൂടെയുമാണ് കഥ പറഞ്ഞുതുടങ്ങുന്നത്. അക്കൂട്ടത്തില്‍ ആരെയും പ്രാപിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത അബ്ദു (ജയസൂര്യ)വിന്റെ ഭ്രമങ്ങളെചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. 
വിചിത്രമാണ് മറ്റ് അന്തേവാസികളുടെയും ലൈംഗിക ചരിത്രം. 999 സ്ത്രീകളെ പ്രാപിച്ച കോര വക്കീലിന് (പി.ബാലചന്ദ്രന്‍) ആയിരാമത്തെയാള്‍ യൂണിഫോമിലുള്ള വനിതാ പോലീസാകണമെന്നാണ് ആഗ്രഹം. ചെറുകിട സിനിമാ റിപ്പോര്‍ട്ടര്‍ ഷിബു വെള്ളായണി (സൈജു കുറുപ്പ്) യുടെ ഇരകളാകട്ടെ നടിയാകാന്‍ മോഹിച്ചെത്തുന്ന യുവതികളാണ്. രാത്രി പ്രോഗ്രാമിനു പോകും വഴി നാട്ടുവേശ്യകളുടെ വീടുകളില്‍ കയറുന്ന മിമിക്രിക്കാരായ മൂന്നു കൂട്ടുകാര്‍, നടനാകാന്‍ നടക്കുന്ന സാഗര്‍ (അരുണ്‍), സംഗീതാധ്യാപകന്‍ റെല്‍ട്ടന്‍ (ജനാര്‍ദനന്‍), പാചകക്കാരി മാഗി (സുകുമാരി) തുടങ്ങിയവരാണ് മറ്റ് അന്തേവാസികള്‍.

ഇതിനിടയിലേക്കാണ് വിവാഹമോചനം നേടിയ സ്വാതന്ത്യ്രം ആസ്വദിക്കാനും പുതിയൊരു നോവല്‍ രചിക്കാനുമായി ധ്വനി (ഹണി റോസ്) കടന്നുവരുന്നത്. വിവാഹമോചനശേഷമുള്ള സ്വാതന്ത്യ്രത്തില്‍ അവള്‍ തേടുന്നത് വിവാഹിതനല്ലാത്ത ഏതെങ്കിലും ലോക്കല്‍ ആണിനൊപ്പം ശയിക്കുന്നതിലുള്ള വ്യത്യസ്തതയാണ്. 

ഇക്കഥാപാത്രങ്ങളുടെ ചുറ്റുവട്ടത്തുള്ളവര്‍ക്കുമുണ്ട് വ്യത്യസ്ത ലൈംഗികജീവിതങ്ങളും താല്‍പര്യങ്ങളും. ധ്വനിയെ ട്രിവാന്‍ഡ്രം ലോഡ്ജിലേക്ക് പറഞ്ഞുവിടുന്ന വിദ്യാസമ്പന്നയായ കൂട്ടുകാരി സെറീന (ദേവി അജിത്ത്) ക്കുള്ളത് വിദ്യാഭ്യാസമില്ലാത്ത മണ്ടത്തരമുള്ള 'മുക്കുവന്‍' ഭര്‍ത്താവാണ്. പറയുന്നത് കേട്ട് നില്‍ക്കുമെന്നതും, കട്ടിലിലെത്തിയാല്‍ 'കരിമ്പിന്‍ കാട്ടില്‍ ആന കയറും പോലെ' പെരുമാറുമെന്നതുമാണ് അവള്‍ അയാളില്‍ ഇഷ്ടപ്പെടുന്ന പ്രത്യേകതകള്‍. വ്യത്യസ്തഘട്ടങ്ങളില്‍ അബ്ദുവും ഷിബുവുമൊക്കെ സമീപിക്കുന്ന ഫേസ്ബുക്കില്‍ പ്രൊഫൈലുള്ള അഭിസാരിക കന്യക (തെസ്നി ഖാന്‍)ക്കുമുണ്ട് വ്യത്യസ്തമായ ലൈംഗികചര്യകള്‍. 

ലോഡ്ജിന്റെ ഉടമ രവിശങ്കര്‍ (അനൂപ് മേനോന്‍) എന്ന റിയല്‍ എസ്റ്റേറ്റ് വമ്പന്‍ ആണ് ഇതില്‍ നിന്ന് വ്യത്യസ്തനായ കഥാപാത്രം. അയാളാകട്ടെ, അവസരങ്ങളുണ്ടാക്കാമെങ്കിലും മരിച്ചുപോയ ഭാര്യ മാളവിക (ഭാവന) യേയും മനസിലോര്‍ത്ത് കഴിയുന്നയാളാണ്. രവിയുടെ മകനായ അര്‍ജുനും (മാസ്റ്റര്‍ ധനഞ്ജയന്‍) കൂട്ടുകാരി അമലയും (ബേബി നയന്‍താര) തമ്മിലുള്ള പ്രണയവും ചിത്രത്തില്‍ ഉപകഥയാണ്. 

ഈ മനുഷ്യരുടെ കാമനകള്‍ ലോഡ്ജിന്റെ പശ്ചാത്തലത്തില്‍ സൌമ്യമായി പറഞ്ഞുവെക്കാനായി എന്നതാണ് തിരക്കഥാകൃത്ത് അനൂപ് മേനോന്റെയും സംവിധായകന്‍ വി.കെ. പ്രകാശിന്റെയും മികവ്. ഒടുവില്‍ രവിശങ്കറെന്ന കഥാപാത്രത്തിന് 'ട്രിവാന്‍ഡ്രം ലോഡ്ജി'നോടുള്ള വൈകാരിക അടുപ്പവും അതു കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമവുമൊക്കെയായി കഥ പറഞ്ഞുതീര്‍ക്കുന്നു.എന്നാല്‍ ഇതിലൂടെ എന്താണ് പറയാനുദ്ദേശിക്കുന്നതെന്നത് ചോദിച്ചാല്‍ ഉത്തരവുമില്ല. 'തൂവാനത്തുമ്പികള്‍' ഒരു നൊസ്റ്റാള്‍ജിയയായി ഇതിലും കൂടെക്കൂട്ടിയിട്ടുണ്ട്.  'തൂവാനത്തുമ്പികളി'ലെ തങ്ങള്‍ എന്ന പിമ്പിനെയാണ് ഈ ചിത്രത്തില്‍ ആവശ്യമൊന്നുമില്ലാതെ കടമെടുത്തിട്ടുള്ളത്.

പ്രദീപ് നായരുടെ ക്യാമറയും ലൈറ്റിംഗും, മഹേഷ് നാരായണന്റെ എഡിറ്റിംഗും ചിത്രത്തിന് ചേരുംവിധമാണ്. എം.ജയചന്ദ്രന്റെ ഈണത്തിലുള്ള ഗാനങ്ങളും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. 

എല്ലാ കഥാപാത്രങ്ങള്‍ക്കും ചേരുന്ന അഭിനേതാക്കളെ ഉള്‍പ്പെടുത്താനായി എന്നത് മേന്‍മയാണ്. അബ്ദുവിന്റെ വേഷം ജയസൂര്യക്ക് നന്നായിണങ്ങി. മെട്രോ പണക്കാരന്റെ വേഷം അനൂപ് മേനോന് പുതുമയല്ല, എങ്കിലും രവിശങ്കറായി നന്നായി. കുറേ ചിത്രങ്ങളില്‍ വന്നുപോയിട്ടുണ്ടെങ്കിലും ഹണി റോസിന് മലയാളത്തില്‍ വഴിത്തിരിവാകുന്ന കഥാപാത്രമാണ് ധ്വനി. ഒരു ന്യൂ ജനറേഷന്‍ നായിക കൂടി മലയാളത്തിന് ലഭിച്ചുവെന്ന് സാരം. സൈജു കുറുപ്പ്, തെസ്നി ഖാന്‍, പി. ബാലചന്ദ്രന്‍ തുടങ്ങിയവരും തങ്ങളുടെ റോളില്‍ മികച്ചുനിന്നു. അല്‍പം അലോസരമുണ്ടായത് ഗായകന്‍ പി. ജയചന്ദ്രന്റെ അഭിനയമാണ്. 

മികച്ച അഭിനയവും ഭംഗിയുള്ള ചിത്രീകരണവും ബോറടിപ്പിക്കാത്ത അവതരണവുമാണ് ചിത്രത്തിന്റെ പ്രത്യേകത. എന്നാല്‍ കുറേ കഥാപാത്രങ്ങളെ ഒരു ലോഡ്ജെന്ന പശ്ചാത്തലത്തില്‍ ഒരുമിച്ചുകൂട്ടി അവരുടെ ലൈംഗികഭ്രമങ്ങളും മോഹഭംഗങ്ങളും പറയിപ്പിച്ചു എന്നതില്‍ കവിഞ്ഞ് തിരക്കഥ മറ്റൊന്നും നല്‍കുന്നില്ല. 

ചുരുക്കത്തില്‍, നമ്മളും ബോള്‍ഡാണെന്ന് കാട്ടാന്‍ അനൂപ് മേനോന്‍ നടത്തുന്ന ഒരു ബൌദ്ധികപരീക്ഷണമാണ് 'ട്രിവാന്‍ഡ്രം ലോഡ്ജ്'. ന്യൂ ജനറേഷന്‍ ചിത്രമെന്ന നിലയില്‍ ലൈംഗികതയുടെ തുറന്നുപറച്ചിലിന് മടിയില്ല എന്നു കാണിക്കാനൊരു ശ്രമം. പൂര്‍ണമായും ന്യൂ ജനറേഷനില്‍ പെടാത്ത ആളുകളാണെങ്കില്‍ കുടുംബമായി കയറിയാല്‍ കാണാന്‍ പാടുപെടുന്നൊരു ചിത്രം.

Rating: 5.5/10

trivandrum lodge review, malayalam movie trivandrum lodge review, malayalam movie trivandrum lodge, anoop menon, v.k. prakash, dhwani, honey rose, jayasurya, tesni khan, saiju kurup, pradeep nair, malayalam cinema review, cinemajalakam review

5 comments:

Anonymous said...

review manoharam

Renjith Krishnan said...

ശുദ്ധ ആഭാസത്തരം ആണ് പല ഡയലോഗുകളും

Anonymous said...

"വിദ്യാസമ്പന്നയായ കൂട്ടുകാരി സെറീന (ദേവി അജിത്ത്) ക്കുള്ളത് വിദ്യാഭ്യാസമില്ലാത്ത മണ്ടത്തരമുള്ള 'മുക്കുവന്‍' ഭര്‍ത്താവാണ്. പറയുന്നത് കേട്ട് നില്‍ക്കുമെന്നതും, കട്ടിലിലെത്തിയാല്‍ 'കരിമ്പിന്‍ കാട്ടില്‍ ആന കയറും പോലെ' പെരുമാറുമെന്നതുമാണ് അവള്‍ അയാളില്‍ ഇഷ്ടപ്പെടുന്ന പ്രത്യേകതകള്‍."

Anoop menon remains mere menon as he could not overcome the stereotypical portrayal of Subaltern man !! Fuckingly Progenic !!

Rahul vasavam said...
This comment has been removed by the author.
Anonymous said...

nalloru cinema, chila sambasanangal arochakam aanenkilum

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.