Friday, September 7, 2012

Thappana Review: വെറുതേ കാണാനൊരു താപ്പാന
തന്റെ പതിവ് ശൈലിയിലുള്ള കോമഡി ചിത്രവുമായാണ് ജോണി ആന്റണി വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുന്ന 'താപ്പാന'യുമായെത്തുന്നത്. വഴിമാറ്റിപ്പിടിച്ച 'മാസ്റ്റേഴ്സ്' വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയതോടെ കോമഡി ട്രാക്കിലേക്ക് തന്നെ മടങ്ങിവന്ന ജോണിയുടെ 'താപ്പാന', ഉത്സവകാലറിലീസിനു പറ്റിയ ചിത്രം എന്നതിലുപരി ഒന്നും പ്രേക്ഷകന് നല്‍കുന്നില്ല. അതേസമയം, ഈ ജനുസില്‍പ്പെട്ട, കോപ്രായങ്ങള്‍ കുത്തിനിറച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ 'താപ്പാന' നിരുപദ്രവകാരിയാണ്. ഒന്നും പ്രതീക്ഷിക്കാതെ, ഒന്നും നഷ്ടപ്പെടാതെ കണ്ടിരിക്കാവുന്ന ചിത്രം. 

കൃത്യമായി നാടും കുടുംബവുമൊന്നുമില്ലാത്ത സാംസണ് (മമ്മൂട്ടി) പലപ്പോഴും ജയില്‍ തന്നെയാണ് തറവാട്. ഒരിക്കല്‍ ശിക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ അതേ ജയിലില്‍ നിന്നിറങ്ങുന്ന മല്ലിക (ചാര്‍മി) എന്ന യുവതിയെ അയാള്‍ കാണുന്നു. പരിചയപ്പെടാനായി അടുക്കാന്‍ ശ്രമിക്കുന്നതിടെ ഒരു വാഹനാപകടത്തില്‍പ്പെടുന്ന അവളെ അയാള്‍ക്ക് രക്ഷിച്ച് ആശുപത്രിയിലെത്തിക്കേണ്ടി വരുന്നു. അവിടെ നിന്ന് നാടായ കരിപ്പയിലേക്കുള്ള യാത്രക്ക് അവള്‍ക്ക് സാംസണും കൂട്ടുപോകുന്നു. പോകും വഴിയുള്ള സംഭവങ്ങളും നാട്ടിലെത്തിയ ശേഷം മല്ലികക്കുണ്ടാകുന്ന പ്രശ്നങ്ങളും സാംസണ്‍ നേരിടുന്നതാണ് കഥ. ഇതിനിടെ അവള്‍ ജയിലാകാനുള്ള പൂര്‍വകാല കഥ കൂടി അയാള്‍ മനസിലാക്കി അവള്‍ക്ക് പിന്തുണയുമായി നാട്ടില്‍ കൂടുന്നു. അവിടുള്ള മല്ലികയുടെ പ്രതികാരമാണ് ബാക്കി സംഭവങ്ങള്‍.

പ്രേക്ഷകര്‍ക്ക് അല്‍പം പോലും ആലോചിച്ച് ബുദ്ധിമുട്ടാനോ ആശങ്കപ്പെടാനോ ഒന്നും അവസരമൊരുക്കാതെ തീര്‍ത്തും പ്രവചനാത്മകമായാണ് എം. സിന്ധുരാജ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓര്‍മയിലുണ്ടായിരുന്ന പഴയൊരു ബംഗാളി ചെറുകഥയിലെ തുടക്കമാണ് 'താപ്പാന'ക്ക് പ്രചോദനമെന്ന് സിന്ധുരാജ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങുന്ന യുവാവും യുവതിയും പരിചയപ്പെടുന്ന എന്ന ആ കഥാതന്തു അധികം വികസിപ്പിക്കാനൊന്നും അദ്ദേഹം ശ്രമിച്ചതുമില്ല. അതുകൊണ്ടുതന്നെയാണ് 'താപ്പാന' പ്രത്യേകിച്ച് കഥയോ വഴിത്തിരിവുകളോ സംഘര്‍ഷാത്മക രംഗങ്ങളോ ഒന്നുമില്ലാതെ ചുമ്മാ അങ്ങ് ഒഴുകുന്നത്. 

തമാശക്ക് വേണ്ടി ആദ്യാവസാനം വളിപ്പുകളോ കോമാളിപ്പാട്ടുകളോ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ചിത്രത്തിന്റെ മഹിമ. ആകെയുള്ള ഒരു ഗാനം 'ഊരും പേരും' സാമാന്യം മാന്യമായി ചിത്രീകരിച്ചിട്ടുമുണ്ട്. വിദ്യാസാഗറിന്റെ ഈണത്തിലുള്ള ഗാനം അതുകൊണ്ടുതന്നെ ഹിറ്റുമാണ്. ജോണി ആന്റണിയുടെ പതിവ് ചിത്രങ്ങളുടെ ശൈലി തന്നെയാണ് 'താപ്പാന'ക്കും. അതേസമയം, മമ്മൂട്ടിയും ജോണിയും അവസാനം ഒന്നിച്ച ഈ പട്ടണത്തില്‍ ഭൂതത്തെക്കാള്‍ ഭേദവുമാണ്. ലളിതമായി, അധികം ആഡംബരങ്ങളില്ലാതെ അവതരിപ്പിക്കാനായാതാണ് ചിത്രത്തെ കണ്ടിരിക്കാവുന്നതാക്കുന്നത്. എങ്കിലും ക്ലീഷേ ഗ്രാമവും ചന്തയും തല്ലും കഥാപാത്രങ്ങളുമൊക്കെ ചിത്രത്തിന്റെ കുറവുകളാണ്.

മമ്മൂട്ടിയുടെ പ്രകടനവും സ്വാഭാവികതയുള്ളതാണ്. അദ്ദേഹത്തിന്റെ കോമഡി ചിത്രങ്ങളിലെ പതിവ് സംസാര വൈവിധ്യം ഇതിലുമുണ്ട്. 'സ' എന്ന അക്ഷരം പറയുന്നതിലെ അപാകതയാണ് നായക കഥാപാത്രത്തിന്റെ പ്രത്യേകത. ചാര്‍മിക്കും അത്യാവശ്യം ശ്രദ്ധിക്കപ്പെടുന നായികവേഷമാണ്. മീശ പിരിച്ച പതിവുവില്ലനാണെങ്കിലും മുരളി ഗോപി തന്റേതായ ശൈലി മാട് കുട്ടനെന്ന കഥാപാത്രത്തിന് പകര്‍ന്നുനല്‍കിയിട്ടുണ്ട്. കലാഭവന്‍ ഷാജോണിന് ആദ്യാവസാനമുള്ള കോമഡി വേഷം ലഭിച്ചിട്ടുണ്ട്. നൂലുണ്ട വിജീഷിന്റെ ചേട്ടത്തി സാബു രസംപകരുന്ന കഥാപാത്രമാണ്. ചേട്ടത്തി സാബുവിനും അന്നാമ്മക്കുമൊപ്പം സാംസണും മല്ലികയും എത്തുന്ന സന്ദര്‍ഭമാണ് ചിത്രത്തിലെ ഏറ്റവും മികച്ച നര്‍മരംഗം. വിജയരാഘവന്‍, സാദിഖ്, മാള തുടങ്ങിയവരും ശ്രദ്ധിക്കപ്പെടും.

രാജരത്നത്തിന്റെ ക്യാമറയും രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗും ചിത്രത്തിന് ബലം പകരുന്നുണ്ട്.

ചുരുക്കത്തില്‍, കഴമ്പും പുതുമയും ഒന്നുമില്ലെങ്കിലും കോബ്രയോ പട്ടണത്തില്‍ ഭൂതമോ പോലെ 'താപ്പാന' പ്രേക്ഷകനെ വെറുപ്പിക്കില്ല. ഉത്സവകാലത്ത് വെറുതേ പോയി ഒരു സിനിമ കണ്ട് വരാം എന്നുള്ളവരെ 'താപ്പാന' നിരാശപ്പെടുത്തില്ല.


thappana review, malayalam movie thappana review, mammootty, charmi kaur, johny antony, sindhuraj, milanjaleel, vidyasagar, murali gopy, thappana gallery, cinemajalakam review, thappana review in cinemajalakam, malayalam film news

5 comments:

Unknown said...

hmmmm,,,,,THAPPANA,,,paisa vasoola,,,

Sajin said...

ആന വിരണ്ടേ

Sugeesh said...

its a watchable film

Anonymous said...

entharu padam???????????????????

sreenath_the_raavan said...

mammootide kandaka sani mariyille

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.