Sunday, September 16, 2012

Ozhimuri Review: ഒഴിമുറി -തലമുറകളുടെ ജീവിതരേഖതെക്കന്‍ തിരുവിതാകൂറിലെ നായര്‍ ജീവിതവും അവിടെ സ്ത്രീകളുടെ സ്ഥാനവും ചര്‍ച്ച ചെയ്യുകയാണ് മധുപാല്‍ ഒരുക്കിയ 'ഒഴിമുറി'യില്‍. പ്രമുഖ എഴുത്തുകാരന്‍ ജയമോഹന്റെ 'ഉറവിടങ്ങള്‍' ആസ്പദമാക്കി അദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം തീര്‍ച്ചയായും ലക്ഷ്യം കാണുന്നു. അധികം പരിചിതമല്ലാത്ത സാഹചര്യങ്ങള്‍ ചിട്ടയോടും ലളിതമായും സരസമായും അവതരിപ്പിക്കുന്നു എന്നതാണ് 'ഒഴിമുറി'യെ ശ്രദ്ധേയമാക്കുന്നത്. 

സംസ്ഥാന വിഭജനാനന്തരം തമിഴ്നാട്ടിലാവുന്നെങ്കിലും നാഞ്ചിനാട്ടിലെ മലയാളിമനസുകള്‍ പലതും പഴയകാലത്തിലാണ് ജീവിതം. ആ മേഖലയുടെ പശ്ചാത്തലത്തിലാണ് ആത്മകഥാംശമുള്ള 'ഉറവിടങ്ങള്‍' ജയമോഹന്‍ രചിച്ചത്. സിനിമയായപ്പോള്‍ സ്വാഭാവികമായ മാറ്റങ്ങള്‍ കഥയിലും വന്നിട്ടുണ്ട്. 

നാഞ്ചിനാട്ടിലെ നായര്‍ കുടുംബങ്ങളിലെ സ്ത്രീ ജീവിതം രണ്ടുതലമുറകളെ മുന്‍നിര്‍ത്തി പറയുകയാണ് 'ഒഴിമുറി'യില്‍. സ്വത്തവകാശവും അധികാരവും കൈയാളി രാജ്ഞിയേപ്പോലെ വാണിരുന്ന കാലവും ഭര്‍ത്താവിന്റെ ശാസനകള്‍ക്ക് വിധേയയായി കഴിയുന്ന കാലവും കാളിപ്പിള്ള എന്ന അമ്മായിയമ്മയിലൂടെയും മീനാക്ഷിയമ്മ എന്ന മരുമകളിലൂടെയും കൃത്യമായി പറഞ്ഞുവെക്കുന്നു. 

എഴുപത്തിയൊന്നുകാരനായ ഭര്‍ത്താവ് താണുപിള്ളയില്‍ (ലാല്‍) നിന്ന് ഒഴിമുറി, അതായത് വിവാഹമോചനം, തേടി മീനാക്ഷിയമ്മ എന്ന അമ്പത്തഞ്ചുകാരി കോടതിയിലെത്തുന്നിടത്താണ് കഥയുടെ തുടക്കം. അമ്മയുടെ തീരുമാനത്തിന്റെ കാരണം കൃത്യമായി അറിയില്ലെങ്കിലും കോടതിക്കാര്യങ്ങളില്‍ പൂര്‍ണ പിന്തുണയുമായി മകന്‍ ശരത്തുമുണ്ട് (ആസിഫ് അലി). 

താണുപിള്ളയുടെ മുന്‍ശുണ്ഠിയും കര്‍ക്കശനിലപാടുകളും പീഡനങ്ങളും കാലങ്ങളോളം സഹിച്ചശേഷം എടുത്ത തീരുമാനമാകാമെന്ന് ശരതുള്‍പ്പെടെ കരുതുമെങ്കിലും മീനാക്ഷിയമ്മക്ക് അവരുടേതായ ന്യായങ്ങളുണ്ടായിരുന്നു. 

താണുപിള്ളയുടെ വക്കീലായ ബാല (ഭാവന)യുമായി ശരത് നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. താണുവിന്റേയും മീനാക്ഷിയുടെയും ജീവിതവും സ്വഭാവവും ഇതിലൂടെ വിവരിക്കപ്പെടുന്നു. ഒപ്പം ഇരുവരുടേയും സ്വഭാവരൂപവത്കരണത്തില്‍ പ്രധാന പങ്ക് വഹിച്ച കാളിപിള്ള (ശ്വേതാ മേനോന്‍) താണുവിന്റെ മാതാവിന്റെ കഥയും പ്രഭാവവും വ്യക്തമാക്കപ്പെടുന്നുണ്ട്. 

ഇപ്പോഴത്തെ പുതുതലമുറ ചിത്രങ്ങളില്‍ ഒറ്റവരിയില്‍ പറഞ്ഞുപോകാവുന്ന കഥയാണ് പതിവെങ്കില്‍, ഒഴിമുറിയില്‍ ഒരുപാട് തലങ്ങളില്‍ വിശദീകരിക്കാവുന്ന, വിലയിരുത്താവുന്ന കഥയാണെന്നതാണ് പ്രത്യേകത. അതാകട്ടെ, ഒരു ദേശത്തിന്റെയും കാലഘട്ടത്തിന്റെയും കൃത്യമായ സാക്ഷ്യപ്പെടുത്തലുമാണ്. 

'ഒഴിമുറി'യില്‍ ഭൂതകാലവും വര്‍ത്തമാനവും  ഒഴുക്കോടെ വിളക്കിച്ചേര്‍ക്കാനായത് സംവിധായകന്റെ മികവാണ്. കാളിപ്പിള്ള തന്റെ ഭര്‍ത്താവ് ശിവന്‍പിള്ള ചട്ടമ്പിയോട് പെരുമാറുന്നതും, അവരുടെ മകന്‍ താണുപിള്ളയോട് ഭാര്യ മീനാക്ഷി പെരുമാറുന്നതിലെ വ്യത്യാസങ്ങളിലൂടെയാണ് പറയാനുള്ളത് തിരക്കഥാകൃത്തും സംവിധായകനും മനസിലാക്കിത്തരുന്നത്.

മൂലകൃതിയായ 'ഉറവിട'ങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ സിനിമാപരമായ കാരണങ്ങളാല്‍ കൂടുതല്‍ ലാളിത്യത്തോടെയാണ് 'ഒഴിമുറി' അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 

ബാലയും ശരത്തും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ കഥ പറയുന്നെങ്കിലും ഇവര്‍ തമ്മിലുള്ള സൌഹൃദം അല്‍പം പൈങ്കിളിയാകുന്നുണ്ട്. ഇവരെ അടുപ്പിക്കുന്നതും പ്രണയത്തിലാക്കുന്നതുമെല്ലാം സംവിധായകന്‍ ഇതിനായി കണ്ടെത്തിയ എളുപ്പവഴി പോലെ തോന്നും. ആ ലാഘവമാണ് ചിത്രത്തിന്റെ പ്രധാന ദൌര്‍ബല്യവും. 'നാന്‍ കടവുള്‍', 'അങ്ങാടിത്തെരു' പോലുള്ള ചിത്രങ്ങള്‍ രചിച്ച ജയമോഹന്‍ 'ഒഴിമുറി'യില്‍ ചിലയിടത്തെങ്കിലും ശില്‍പഭദ്രത കൈവിടുന്നുണ്ട്.

അഭിനേതാക്കളില്‍ ലാല്‍ താണുപിള്ളയായും പിതാവ് ശിവന്‍പിള്ള ചട്ടമ്പിയായും ഗംഭീരമാക്കി. സ്ത്രീ കഥാപാത്രങ്ങളില്‍ മല്ലിക അവതരിപ്പിച്ച മീനാക്ഷി അമ്മക്ക് തന്നെ മുന്‍തൂക്കം. മീനാക്ഷിയുടെ യൌവനവും വാര്‍ധക്യവും ഭാവങ്ങളുമൊക്കെ അളന്നുമുറിച്ച കൃത്യതയോടെ മല്ലിക സ്ക്രീനിലെത്തിച്ചു. വേഷപ്പകര്‍ച്ച കൊണ്ടു വൈവിധ്യമുണ്ടാക്കിയ ശ്വേതയുടെ കാളിപ്പിള്ളയുടെ നട്ടെല്ലുള്ള പെണ്ണിന്റെ പ്രതീകമായി. എല്ലാവരുടേയും സംഭാഷണം/ഡബ്ബിംഗ് എന്നിവയും നാഞ്ചിനാടന്‍ മലയാളത്തിന്റെ സ്ഫുടത കൈവിടാത്തതായി. 

ആസിഫ് അലിയുടെ ശരത് മോശമാക്കിയില്ല, എങ്കിലും മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളോട് മല്‍സരിക്കാനുള്ള പാകത ആയിട്ടുമില്ല. ഭാവനയുടെ കഥാപാത്രമാണ് കൂട്ടത്തില്‍ അല്‍പമെങ്കിലും അരോചമായത്. തെക്കന്‍ തിരുവിതാംകൂര്‍ ഭാഷയിലെ ഡബ്ബിംഗിലും ഒരു ഏച്ചുകെട്ടല്‍ അനുഭവപ്പെടുന്നു.

അഴകപ്പന്റെ ക്യാമറ നാഞ്ചിനാടന്‍ കാഴ്ചകളും പഴയകാല നായര്‍ശൈലികളും ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്. ബിജിപാലിന്റെ പശ്ചാത്തലസംഗീതവും മോശമായില്ല. 

പെണ്‍കരുത്തിന്റെ ഉയര്‍ച്ചതാഴ്ചകളും അവരുടെ ഭരണവും സഹനവുമെല്ലാം പറഞ്ഞുവെക്കുന്നതില്‍ 'ഒഴിമുറി' പരാജയമല്ല. നിഴലുകളില്‍ നിന്ന്മാറി നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ അവള്‍ കാട്ടുന്ന ആര്‍ജവവും നമുക്ക് ചിത്രം കാട്ടിത്തരുന്നു. എന്നിരുന്നാലും 'തലപ്പാവ്' പോലൊരു ചിത്രമൊരുക്കിയ മധുപാലിന് ഇനിയും മനോഹരമായി 'ഒഴിമുറി' പറയാമായിരുന്നു.

Rating: 7/10

ozhimuri review, malayalam movie ozhimuri review, lal, swetha menon, mallika, asif ali, bhavana, nandu, jeyamohan, madhupal, bijipal, ozhimuri malayalam, cinemajalakam review

1 comments:

Radhakrishnan Kollemcode said...

തമിഴ്‌ നാട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഞങ്ങള്‍ കന്യാകുമാരി മലയാളികളുടെ കഥകള്‍ ഇനിയും ഉണ്ടാകട്ടെ....

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.