Friday, September 7, 2012

Friday review: ഫ്രൈഡേ -വഴിതെറ്റിയ പുതുമ
പുതുനിര ചിത്രങ്ങളും പുതുയുഗ താരങ്ങളും സജീവമാകുന്ന മലയാള സിനിമാലോകത്ത്, അവയുടെ ചുവടുപറ്റി വന്ന പരീക്ഷണമാണ് ലിജിന്‍ ജോസ് സംവിധാനം ചെയ്ത 'ഫ്രൈഡേ'. ഒരു ദിനം ഒരു നഗരത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കുണ്ടാകുന്ന അനുഭവങ്ങളെ ഒടുവിലൊരു പൊതു സംഭവവുമായി ബന്ധിപ്പിച്ചുള്ള ക്ലൈമാക്സിലേക്ക് നയിക്കുന്ന ശൈലിയാണ് 'ഫ്രൈഡേ'യില്‍. എന്നാല്‍, ഈ കൂട്ടിയിണക്കലിലും കഥപറച്ചിലും സംഭവിച്ച താളപ്പിഴകള്‍ മൂലം ഉദ്ദേശിച്ച രീതിയില്‍ ചിത്രത്തെ കൊണ്ടെത്തിക്കാനാവാതെ കഷ്ടപ്പെടുകയാണ് സംവിധായകന്‍. 

ഒരു ഓട്ടോ ഡ്രൈവര്‍, വിവാഹത്തിന് സ്വര്‍ണവും വസ്ത്രവുമൊക്കെ വാങ്ങാന്‍ നഗരത്തിലെത്തുന്ന കുടുംബം, കുട്ടിയെ ദത്തെടുക്കാന്‍ നാട്ടിലെത്തുന്ന ദമ്പതികള്‍, നഗരത്തില്‍ സല്ലപിക്കാനിറങ്ങിയ കോളജ് പ്രണയജോഡി, ആശുപത്രിയില്‍ പ്രസവിച്ചുകിടക്കുന്ന യുവതിയും കുടുംബവും തുടങ്ങി അനേകം പേര്‍ക്ക് 11.11.11 ന് ആലപ്പുഴ നഗരത്തിലുണ്ടാകുന്ന അനുഭവങ്ങളാണ് കഥ. ഇവര്‍ക്കെല്ലാം അന്നുണ്ടാകുന്ന പ്രശ്നങ്ങള്‍, അതിനെ അതിജീവിക്കാവുന്ന നന്‍മകള്‍, ഒടുവില്‍ എല്ലാവര്‍ക്കും കൂടിയുണ്ടാകുന്ന ദുരന്തവും  അതിജീവനവുമാണ് ചിത്രത്തിന്റെ ആകെത്തുക.

അലക്സാന്ദ്രോ ഇന്നാരിറ്റു ഉള്‍പ്പെടെയുള്ളവരിലൂടെ ലോകപ്രശസ്തമായ വ്യത്യസ്ത ട്രാക്കുകളില്‍ കഥ പറയുന്ന ശൈലിയാണ് 'ഫ്രൈഡേ' അവലംബിച്ചിരിക്കുന്നത്. മലയാളത്തില്‍ ഈ ഗണത്തില്‍ 'ട്രാഫിക്കും' തെലുങ്കില്‍ അര്‍ജുന്‍ നായകനായ 'വേദ'വും തമിഴില്‍ ചിമ്പുവിന്റെ 'വാനവും' ഒക്കെ ഇതു പരീക്ഷിച്ചുവിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ ട്രാക്കുകള്‍ക്ക് വേണ്ടി ട്രാക്കുകളും അതിലേക്ക് അനേകം കഥാപാത്രങ്ങളും കടന്നുവന്നപ്പോള്‍ കൈയടക്കത്തോടെ കഥ പറയാന്‍ തിരക്കഥാകൃത്ത് നജീം കോയക്കും സംവിധായകന്‍ ലിജിനും കഴിയാതെ പോയി. അതുകൊണ്ടുതന്നെ, ഒരു വേറിട്ട ശ്രമം എന്ന പരിഗണന മാത്രമേ 'ഫ്രൈഡേ'ക്ക് നല്‍കാന്‍ കഴിയൂ. 

ഓട്ടോ ഡ്രൈവര്‍ കൃഷ്ണ ബാലുവെന്ന വേഷം ഫഹദ് ഫാസിലിന്റെ പതിവ് മെട്രോ പരിവേഷത്തില്‍ നിന്നുള്ള മോചനമായി. അതേസമയം ഫഹദിന് കരിയറില്‍ പ്രത്യേകിച്ച് ഗുണം ചെയ്യുന്ന കഥാപാത്രവുമല്ല അത്. നെടുമുടി വേണുവിന്റെ കൊച്ചുമകളുടെ വിവാഹ ഒരുക്കങ്ങളുമായി വരുന്ന ഗൃഹനാഥന്‍, ആന്‍ അഗസ്റ്റിന്‍ -മനു എന്നിവരുടെ പ്രണയജോഡികള്‍, ആശാശരത് -പ്രകാശ് ബാരേ ടീമിന്റെ ദമ്പതികള്‍, മണികണ്ഠന്റെ തട്ടിപ്പുകാരന്‍, വിജയരാഘവന്റെ പൊലീസുകാരന്‍ തുടങ്ങി അനേകം കഥാപാത്രങ്ങള്‍ വരുന്നുണ്ടെങ്കിലും ആര്‍ക്കും കൃത്യമായി പ്രേക്ഷകരോട് സംവദിക്കാവുന്ന വ്യക്തിത്വമില്ല.

ബിയാര്‍ പ്രസാദിന്റെ ഗാനങ്ങള്‍ക്ക് ഈണമേകിയിരിക്കുന്നത് റോബി എബ്രഹാമാണ്. ഇവയും കാര്യമായ ചലനമുണ്ടാക്കുന്നില്ല.  മനോജിന്റെ എഡിറ്റിംഗും കൂടുതല്‍ ചടുലമാവേണ്ടിയിരുന്നു. ജോമോന്‍ തോമസിന്റെ ക്യാമറയും ശരാശരിയെന്നേ പറയാനാവൂ.

വിവിധ കഥാപാത്രങ്ങള്‍ എവിടെയാണ് കൂട്ടിമുട്ടുന്നതെന്ന് 'വേദത്തി'ലും 'ട്രാഫിക്കി'ലുമൊന്നും പ്രേക്ഷകന് ഊഹിക്കാനാവില്ല. കൂടാതെ ആദ്യാവസാനം ഉദ്വേഗത്തോടെ കണ്ടിരിക്കാനുമാവും. 

'ഫ്രൈഡേ'യില്‍ ആദ്യരംഗം കഴിയുമ്പോള്‍ തന്നെ അവസാനം എങ്ങോട്ടായിരിക്കും കഥ പോകുന്നതെന്ന് പ്രേക്ഷകന് ഊഹിക്കാം. പിന്നെയങ്ങോട്ട് വിരസതയോടെ ആ ക്ലൈമാക്സിനുള്ള കാത്തിരിപ്പാണ്. ക്ലൈമാക്സിനാവട്ടെ സംവിധായകന്‍ ഉദ്ദേശിച്ച പഞ്ചും നല്‍കാനാവുന്നില്ല. അതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കോട്ടവും.

friday review, malayalam movie friday review, lijin jose, najim koya, fahad fazil, ann augustine, manu, nedumudi venu, fahad fazil in friday, malayalam cinema review, cinemajalakam film review

2 comments:

Unknown said...

hmmmmm,,,,,eppo earinjalum manga veezhilla..ttoooo

ഉദയപ്രഭന്‍ said...

നല്ല അവലോകനം.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.