Thursday, September 20, 2012

Chattakkari Review: പഴയ വീഞ്ഞുമായി ചട്ടക്കാരി




പമ്മന്റെ കഥയില്‍ ലക്ഷ്മി അനശ്വരമാക്കിയ 'ചട്ടക്കാരി'യുടെ ചട്ട പുതുപതിപ്പില്‍ അണിയുന്നത് ഷംന കാസിമാണ്. പ്രകടമായി ഈ വ്യത്യാസവും പുതിയ താരങ്ങളും ലൊക്കേഷനും മാറുന്നുവെന്നല്ലാതെ കാലികമായ മാറ്റമൊന്നും സന്തോഷ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ ഷംന കാസിമിന്റെ ചട്ടക്കാരിവേഷവും എം.ജയചന്ദ്രന്‍ ഈണമിട്ട പുതു ഗാനങ്ങള്‍ക്കുമപ്പുറം പ്രേക്ഷകര്‍ക്ക്  ചട്ടക്കാരി ഒന്നും നല്‍കില്ല. 

ട്രെയിന്‍ എഞ്ചിന്‍ ഡ്രൈവര്‍ മോറിസിന്റെയും (ഇന്നസെന്റ്) ഭാര്യ മാര്‍ഗരറ്റിന്റെയും (സുവര്‍ണ മാത്യു) മകളായ ജൂലി (ഷംന)യാണ് കേന്ദ്ര കഥാപാത്രം. കൂട്ടുകാരി ഉഷയുടെ (ഷെല്ലി കിഷോര്‍) സഹോദരന്‍ ശശി (ഹേമന്ത്)യുമായി അവള്‍ പ്രണയത്തിലാകുന്നു. തുടര്‍ന്ന് ജൂലി ഗര്‍ഭിണിയാകുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് കഥ കൈകാര്യം ചെയ്യുന്നത്. 

ആദ്യ ചട്ടക്കാരിയിലെ രംഗങ്ങള്‍ ഏതാണ്ട് അതുപോലെ പുനഃസൃഷ്ടിക്കുകയാണ് പുതിയ ടീം. കാലഘട്ടത്തിലും കൃത്യമായ മാറ്റമൊന്നുമില്ല, എന്നാല്‍ ഏതു കാലമാണെന്ന് വ്യക്തമായി പറയുന്നുമില്ല. 'ഞാന്‍ പോയിട്ട് കത്തയക്കാം' തുടങ്ങിയ സംഭാഷണങ്ങളില്‍ നിന്ന് പഴയകാലം തന്നെയെന്ന് ഊഹിക്കണം. 

1974 ലെ ചട്ടക്കാരിയില്‍ ലക്ഷ്മി ചെയ്ത നായിക വേഷം ഷംനക്കും മോഹന്റെ നായകവേഷം ഹേമന്തിനും പുതിയ പതിപ്പില്‍ നല്‍കിയിട്ടുണ്ട്. പഴയ പതിപ്പിലെ അടൂര്‍ ഭാസി മോറിസ് ഇവിടെ ഇന്നസെന്റ് ചെയ്യുന്നു, സുകുമാരിക്ക് പകരം സുവര്‍ണ, സോമന്റെ നിരാശാകാമുക വേഷം ഹരികൃഷ്ണനും ചെയ്യുന്നു.തിക്കുറിശ്ശി അവതരിപ്പിച്ച നായകപിതാവിന്റെ വേഷം ഇത്തവണ കലാശാല ബാബു കൈകാര്യം ചെയ്യുന്നു.

പുതിയ ചട്ടക്കാരി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ചിത്രം ഒട്ടും കാലികമല്ല എന്നതുതന്നെയാണ്. 1974ല്‍ ചട്ടക്കാരിയെ വാര്യര്‍ യുവാവ് സ്വീകരിക്കുമ്പോഴുള്ള സാമൂഹിക വിപ്ലവം 2012 ല്‍ പറഞ്ഞിട്ടെന്തുകാര്യം! അന്ന് കുട്ടിയുടുപ്പിട്ട നായികയും കൌതുകമായിരുന്നിരിക്കാം, ഇന്ന് അതുകാണാന്‍ തീയറ്ററില്‍ പോകേണ്ടതുണ്ടോ ? 

പുത്തന്‍ പതിപ്പില്‍ സംഭാഷണങ്ങള്‍ അതേപ്പടി തന്നെ. തോപ്പില്‍ ഭാസിയുടെ തിരക്കഥയിലും സംഭാഷണങ്ങളിലും ചിലയിടത്ത് ചില്ലറ 'എഡിറ്റിംഗ്' നടന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, അതുകൊണ്ടുതന്നെ ആ രംഗങ്ങളില്‍ സംഭാഷണങ്ങള്‍ സംവദിക്കുന്ന വൈകാരികത നഷ്ടമാവുകയും അവ വെറും വാചകങ്ങള്‍ മാത്രമാവുകയും ചെയ്യുന്നു. ക്ലൈമാക്സില്‍ കലാശാല ബാബുവിന്റെ വാര്യര്‍ പറയുന്ന സംഭാഷണങ്ങള്‍ ഉദാഹരണം. 

ജൂലി ജോലി തേടി ചെല്ലുമ്പോള്‍ മിസ്റ്റര്‍ പിള്ള എന്ന വ്യവസായിയില്‍ നിന്നുണ്ടാകുന്ന ദുരനുഭവം ഉള്‍പ്പെടെയുള്ള ചില രംഗങ്ങള്‍ പുതുപതിപ്പില്‍ ഒഴിവാക്കിയിട്ടുണ്ട്. 

സംവിധായകന്‍ സന്തോഷിന്, തന്റെ പിതാവ് കെ.എസ് സേതുമാധവന്‍ പണ്ട് ഒരുക്കിയ ചിത്രം അതേപ്പടി പുതിയ വ്യക്തികളെ അണിനിരത്തി വീണ്ടും ചെയ്തു എന്നതില്‍ കവിഞ്ഞൊരു കൈയൊപ്പ് പതിപ്പിക്കാനായിട്ടില്ല. 

അഭിനേതാക്കളില്‍ ഷംന കാസിം തന്നെ ശ്രദ്ധേയതാരം. ആവശ്യത്തിന് ഗ്ലാമര്‍ പ്രദര്‍ശനമുണ്ടെങ്കിലും വള്‍ഗറാവുന്നില്ലെന്നത് ആശ്വാസം. ഹേമന്തിനും ഹരികൃഷ്ണനും ഒരുഘട്ടത്തിലും മോഹന്റേയോ സോമന്റേയോ പ്രകടനത്തിന് അടുത്തെത്താനാവുന്നില്ല. സഹോദരിവേഷങ്ങളില്‍ ഷെല്ലിയും മാളുവും മോശമാക്കിയില്ല. ഇന്നസെന്റും കലാശാല ബാബുവും പക്വമായ പ്രകടനമായിരുന്നു. 

എം. ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങള്‍ ചിത്രത്തിന്റെ മേന്‍മകളില്‍പ്പെടും. ശ്രേയാ ഘോഷാല്‍, സുദീപ് തുടങ്ങിയ ഗായകരും തങ്ങളുടെ പങ്ക് ഗംഭീരമാക്കി. 

എടുത്തുപറയേണ്ട മറ്റൊരു മേന്‍മ വിനോദ് ഇല്ലമ്പള്ളിയുടെ മനോഹരമായ ഛായാഗ്രഹണമാണ്. ഊട്ടിയുടെ മനോഹാരിതയും ഗാനങ്ങളും ഭംഗിയായി ദൃശ്യവത്കരിച്ചിട്ടുണ്ട്. 

ചുരുക്കത്തില്‍, പുതിയൊരു സിനിമാസൃഷ്ടി എന്ന നിലയ്ക്ക് എന്തെങ്കിലുമൊരു സംഭാവന നല്‍കാന്‍ സന്തോഷ് സേതുമാധവന്റെ 'ചട്ടക്കാരി'ക്ക് കഴിയുന്നില്ല. ഷംനയും ഗാനങ്ങളും ക്യാമറയും കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് കയറാവുന്ന ഒരു റീമേക്ക്, അത്രമാത്രം! 

Rating: 4/10

chattakkari review, malayalam movie chattakkari review, shamna kasim in chattakkari, shamna kasim, santhosh sethumadhavan, hemanth, innocent, suvarna mathew, kalasala babu, m.jayachandran, vinod illampally, malayalam cinema review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.