Monday, September 24, 2012

തിലകന്‍ ഇനി ഓര്‍മ
 മലയാളത്തിന്റെ നാടക, ചലച്ചിത്രരംഗത്തെ പെരുന്തച്ചന്‍ തിലകന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരുമാസമായി അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തിന് പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച നാലുമണിയോടെ തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. 

200 ലേറെ സിനിമകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് മലയാളത്തിന്റെ പകരംവെക്കാനില്ലാത്ത കാരണവരായിരുന്ന തിലകന്‍, നാടകരംഗത്തുകൂടിയാണ് അഭിനയത്തിലേക്കെത്തുന്നത്. 

1935 ഡിസംബര്‍ എട്ടിന് മുണ്ടക്കയത്ത് പി.എസ് കേശവന്റെയും ദേവയാനിയുടേയും മകനായി ജനിച്ച സുരേന്ദ്രനാഥ തിലകന്‍, ചെറുപ്പത്തിലേ അഭിനയ തല്‍പരനായിരുന്നു. നാടകരംഗത്ത് തുടങ്ങിയ അദ്ദേഹം 30 വര്‍ഷത്തോളം ആ മേഖലയിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ഭാവങ്ങളിലൂടെയും ശബ്ദക്രമീകരണത്തിലും പ്രത്യേകശൈലി കാത്തുസൂക്ഷിച്ച അദ്ദേഹം 1980കളുടെ അവസാനം വരെ രംഗവേദികളില്‍ സജീവ ഇടപെടലുകള്‍ നടത്തി. 43 നാടകങ്ങള്‍ അദ്ദേഹം സംവിധാനവും ചെയ്തു.

സിനിമയിലെത്തുന്നത് 1972ല്‍ പെരിയാര്‍ എന്ന ചിത്രത്തിലൂടെയാണ്. പിന്നീടങ്ങോട്ട് അഭിനയപ്രതിഭ തെളിയിക്കുന്ന അനേകം വേഷങ്ങള്‍ അദ്ദേഹത്തിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞാടി. യവനികൌ പഞ്ചാഗ്നി, കാട്ടുകുതിര,പഞ്ചവടിപ്പാലം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഇരകള്‍, മൂന്നാംപക്കം, യാത്ര, തനിയാവര്‍ത്തനം, പെരുന്തച്ചന്‍, കൌരവര്‍, മുഖമുദ്ര, കിരീടം, സ്ഫടികം, ഗോഡ്ഫാദര്‍, നരസിംഹം, മണിചിത്രത്താഴ്, കിലുക്കം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കണ്ണെഴുതി പൊട്ടും തൊട്ട്, ഇവിടം സ്വര്‍ഗമാണ്, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴമളക്കുന്ന വേഷങ്ങളായി. 

വില്ലന്‍ വേഷത്തിലും സ്വഭാവനടനായും പ്രധാനറോളിലും പക്വത തെളിയിച്ച അദ്ദേഹം അനായാസമായി ഹാസ്യവും കൈകാര്യംചെയ്തു. നാടോടിക്കാറ്റ്, മൂക്കില്ലാരാജ്യത്ത് എന്നിവ ഇതിന് മികച്ച ഉദാഹരണങ്ങളാണ്.

കെ.ജി ജോര്‍ജിന്റെയും പത്മരാജന്റെയും ലോഹിതദാസിന്റെയും പ്രിയദര്‍ശന്റെയുമൊക്കെ തൂലികയിലൂടെ തിലകന് മികച്ച വേഷങ്ങള്‍ പിറന്നിട്ടുണ്ട്. സിനിമയിലും ജീവിതത്തിലും നിഷേധിയുടെ വേഷമായിരുന്നു കാണുന്നവര്‍ക്ക് പലപ്പോഴും തിലകന്‍. 

കമ്യൂണിസ്റ്റ് ആഭിമുഖ്യമാണ് ചെറുപ്പകാലത്ത് അദ്ദേഹത്തെ നാടകവേദികളില്‍ സജീവമാക്കിയത്. പിന്നീട് നാടകസംവിധായകനാകുന്നത് പി.ജെ ആന്റണിയുടെ ഇത് ഞങ്ങളുടെ മണ്ണാണ് സംവിധാനം ചെയ്തുകൊണ്ടാണ്. 

എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം സിനിമാരംഗത്ത് പലപ്പോഴും അദ്ദേഹത്തിന് താല്‍കാലികമായെങ്കിലും പലരുമായും പിണക്കങ്ങള്‍ക്ക് കാരണമായി. അവസാനകാലത്ത് താരസംഘടന അമ്മയുമായി ചില തര്‍ക്കങ്ങളെത്തുടര്‍ന്ന് സിനിമയില്‍ വിലക്കുകളുണ്ടായിരുന്ന കാലത്ത് വീണ്ടും നാടകാഭിനയത്തിലേക്ക് അദ്ദേഹം കടന്നിരുന്നു. ഇക്കാലത്ത് വിനയന്‍, അലി അക്ബര്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ മാത്രമാണ് സിനിമയിലെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.

വിലക്കൊഴിഞ്ഞ ശേഷം ഇരുകൈയും നീട്ടി അദ്ദേഹത്തെ മലയാളം വീണ്ടും സ്വീകരിച്ചു.അപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചതാകട്ടെ കൂടുതല്‍ മികവര്‍ന്ന വേഷങ്ങളും.. ഇന്ത്യന്‍ റുപ്പി, ഉസ്താദ് ഹോട്ടല്‍ എന്നിവ ഉദാഹരണം.

2009ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. രണ്ടു തവണ സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. രണ്ടുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും തേടിയെത്തി. 1990ല്‍ പെരുന്തച്ചനും 1994ല്‍ ഗമനത്തിനും സന്താനഗോപാലത്തിനും. ആറുതവണ സഹനടനുള്ള പുരസ്കാരം സംസ്ഥാനതലത്തില്‍ ലഭിച്ചു. 1989ല്‍ പ്രത്യേക ജൂറി പുരസ്കാരം നല്‍കി അഭിനയമികവിനെ ആദരിച്ചു. അനേകം മറ്റ് അവാര്‍ഡുകളും ലഭിച്ചു. നടന്‍മാരായ ഷമ്മി തിലകനും ഷോബി തിലകനുമുള്‍പ്പെടെ ആറു മക്കളുണ്ട്.


thilakan, thilakan dead, actor thilakan passed away, malayalam actor thilakan, thilakan profile and details, surendranatha thilakan, malayalam cinema actor thilakan passes away, perumthachan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.