Wednesday, September 26, 2012

Husbands in Goa Review: ഗോവയിലും മാറാത്ത ഭര്‍ത്താക്കന്‍മാര്‍



രണ്ടു പരാജയങ്ങള്‍ക്ക് ശേഷം സജി സുരേന്ദ്രന്‍ തിരിച്ചുകയറാന്‍ പിടിച്ച വള്ളിയാണ് 'ഹസ്ബന്റ്സ് ഇന്‍ ഗോവ'. അതുകൊണ്ടുതന്നെ വന്‍ വിജയം നേടിയ 'ഹാപ്പി ഹസ്ബന്റ്സി'ന്റെ അന്തരീക്ഷം ഇവിടെയും ആവര്‍ത്തിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നുമുണ്ട്. എന്നാല്‍, ബ്രെയിന്‍ലെസ് എന്നോ സെന്‍സ്ലെസ് എന്നോ ഒക്കെ വിശേഷിപ്പിക്കുന്ന കോമഡിയുടെ ആവര്‍ത്തനമല്ലാതെ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥക്ക് ഇത്തവണ കൂടുതലൊന്നും നല്‍കാനാവുന്നില്ല. അതു മതി എന്നുള്ളവര്‍ക്ക് കുറേയെങ്കിലും ഗോവയിലെ ഈ ഭര്‍ത്താക്കന്‍മാരുടെ വിക്രിയകള്‍ ആസ്വാദ്യവുമാകും.

കൂട്ടുകാരായ ജെറി (ഇന്ദ്രജിത്ത്), ഗോവിന്ദ് (ജയസൂര്യ), അര്‍ജുന്‍ (ആസിഫ് അലി) എന്നീ ഭര്‍ത്താക്കന്‍മാര്‍ അവരുടെ ഭാര്യമാരായ ടീന (റീമ കല്ലിംഗല്‍), അഭിരാമി (ഭാമ), വീണ (രമ്യ നമ്പീശന്‍) എന്നിവരുടെ സ്നേഹ ശാഠ്യങ്ങളുടെ തടവറയിലാണ്. ഇതില്‍ നിന്ന് രക്ഷപ്പെട്ട് സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് അടിച്ചുപൊളിക്കാന്‍ ഇവര്‍ ഭാര്യമാരോട് കള്ളം പറഞ്ഞ് ഗോവയിലേക്ക് തിരിക്കുന്നു. ട്രെയിനില്‍വെച്ച് പരിചയപ്പെടുന്ന സണ്ണി (ലാല്‍)യും ഗോവക്ക് ഇവര്‍ക്കൊപ്പം ചേരുന്നു. സണ്ണിക്കൊപ്പം മദ്യപാനവും വായിനോട്ടവും ഒക്കെയായി ഗോവയില്‍ അടിച്ചുപൊളിക്കുന്നതും അതിനിടയിലുണ്ടാകുന്ന പ്രശ്നങ്ങളും ഭാര്യമാര്‍ക്ക് ഇതിലിടപെടേണ്ടിവരുന്നതുമാണ് തുടര്‍ന്നുള്ള കഥ.

യുക്തിക്ക് കാര്യമായ സ്ഥാനമൊന്നുമില്ലാതെ നിറപ്പകിട്ടാര്‍ന്ന കോമഡി എന്റര്‍ടെയ്നറാണ് സജിയും കൃഷ്ണ പൂജപ്പുരയും ഉദ്ദേശിക്കുന്നത്. ഇവരുടെ 'ഹാപ്പി ഹസ്ബന്റ്സ്' കഴമ്പൊന്നുമില്ലെങ്കിലും ഇക്കാര്യത്തില്‍ വിജയവുമായിരുന്നു. ആ പാത പിന്തുടരുന്നെങ്കിലും പൂര്‍ണ അര്‍ഥത്തില്‍ വിജയം നേടാനായിട്ടില്ല. ചില രംഗങ്ങള്‍ ചിരിയുണര്‍ത്തും, പല രംഗങ്ങളും വര്‍ണാഭവുമാണ്, എന്നാല്‍ ആഴമുള്ള വഴിത്തിരിവോ പുതുമയുള്ള കോമഡിയോ നല്‍കാനാവാത്തത് പ്രശ്നങ്ങളുണ്ടാക്കുന്നു. ദ്വയാര്‍ഥ വളിപ്പുകള്‍, പതിവ് ആശയക്കുഴപ്പങ്ങള്‍ തുടങ്ങിയവ മാത്രം. അതായത്, ട്രെയിലര്‍ കണ്ടാല്‍ മനസിലാകുന്ന കഥയില്‍ നിന്ന് കൂടുതലൊന്നും നല്‍കാന്‍ തിരക്കഥക്ക് കഴിയുന്നില്ല. 

ലാലാണ് ചിത്രത്തില്‍ മേല്‍ക്കൈ നേടുന്നത്. മദ്യപനായും നായകന്‍മാരുടെ വഴികാട്ടിയും സുഹൃത്തുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്നു. നല്ല കോമഡി ടൈമിംഗുണ്ടെങ്കിലും ഇന്ദ്രജിത്തിനെ കാര്യമായി ഉപയോഗിച്ചിട്ടില്ല. ജയസൂര്യ പതിവ് ശൈലിയിലെ നര്‍മം കൈകാര്യം ചെയ്യുമ്പോള്‍ ആസിഫിനും കാര്യമായി ഒന്നും ചെയ്യാനില്ല. നായികമാര്‍ മൂന്നുപേരും കാഴ്ചയില്‍ സുന്ദരിമാരായിട്ടുണ്ട്.

കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, സരയൂ, പ്രവീണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നമ്പര്‍ 20 മദ്രാസ് മെയിലിലെ  ടി.ടി.ഇ നാടാരുടെ വേഷത്തില്‍ ഇന്നസെന്റും പ്രത്യക്ഷപ്പെടുന്നുണ്ട്. (കാര്യമായ മെച്ചമൊന്നുമില്ലെങ്കിലും). നമ്പര്‍ 20 യിലെ 'പിച്ചക പൂങ്കവുകള്‍ക്കുമപ്പുറം' എന്ന ഗാനത്തിന്റെ റീമിക്സുമുണ്ട്. എന്നാല്‍, എം.ജി ശ്രീകുമാറിന്റെ ഒരുക്കിയ ഗാനങ്ങളും റീമിക്സും ശരാശരിക്ക് മുകളില്‍ വരുന്നില്ല. അനില്‍ നായരുടെ ക്യാമറ വര്‍ണാഭമായ കാഴ്ചകള്‍ സ്ക്രീനില്‍ നിറയ്ക്കുന്നുണ്ട്.

ശൂന്യതയില്‍ നിന്ന് ഇഴച്ചില്‍ അറിയാത്ത ഒരു സിനിമ സൃഷ്ടിച്ചു എന്നതുമാത്രമാണ് 'ഹസ്ബന്റ്സ് ഇന്‍ ഗോവ'യില്‍ സജി സുരേന്ദ്രന് അഭിമാനിക്കാനുള്ളത്. 'ഹാപ്പി ഹസ്ബന്റ്സ്' ഗണത്തിലെ ആരാധകരെ പൂര്‍ണ അര്‍ഥത്തില്‍ തൃപ്തിപ്പെടുത്താന്‍ ഗോവന്‍ ഹസ്ബന്റ്സിനാകില്ല. എങ്കിലും സജി -കൃഷ്ണ ടീമിന്റെ 'കുഞ്ഞളിയന്റെ' അത്ര അരോചകമാവാതെ കാത്തിട്ടുമുണ്ട്. ഈ ഭര്‍ത്താക്കന്‍മാര്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ഒരുകാര്യമുറപ്പ്, സജിക്ക് ട്രാക്ക് മാറ്റി പിടിക്കാന്‍ സമയമായി.  

Rating: 5/10

  • MOVIE: HUSBANDS IN GOA
  • DIRECTION: SAJI SURENDRAN
  • SCRIPT: KRISHNA POOJAPPURA
  • CAMERA: ANIL NAIR
  • MUSIC: M.G SREEKUMAR
  • LYRICS: SHIBU CHAKRAVARTY
  • BACKGROUND SCORE: BIJIBAL
  • EDITING: MANOJ
  • PRODUCTION: U T V MOTION PICTURES
  • CHOREOGRAPHY: PRASANNA
  • STARRING: INDRAJITH, LAL, JAYASURYA, ASIF ALI, SURAJ VENJARAMOOD, KALABHAVAN MANI, INNOCEN, RIMA KALLINGAL, BHAMA, REMYA NAMBEESAN, PRAVEENA, SARAYU ETC




husbands in goa review, malayalam movie husbands in goa, indrajith, lal, jayasurya, asif ali, ramya nambeesan, rima kallingal, bhama, sarayu, praveena, kalabhavan mani, saji surendran, krishna poojappura, utv, malayalam film review, cinemajalakam review

2 comments:

Anonymous said...

:(

Anonymous said...

ഹാസ്യം ഹാസ്യം എന്നുപറഞ്ഞ് ഒരേകാര്യം കാണിച്ചാല്‍ മടുക്കും അണ്ണാ...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.