പിതാവിനെ വധിച്ച ശത്രുക്കള്‍ക്കെതിരെ പടപ്പുറപ്പാട് നടത്തുന്ന പഴയകാല നായകന്റെ കഥയിലൂടെയുള്ള ഷാജി കൈലാസും സംഘവും നടത്തുന്ന പുനര്‍വായനയാണ് 'സിംഹാസനം'. മലയാളത്തില്‍ത്തന്നെ 1980കളിലും 90കളിലും ഒട്ടേറെ വിജയചിത്രങ്ങള്‍ക്ക് അടിത്തറയൊരുക്കിയ കഥാഗതി ഇത്തവണ കാലംതെറ്റി അലക്ഷ്യമായി അവതരിപ്പിച്ചിരിക്കുകയാണ് 'സിംഹാസനത്തി'ലൂടെ
നാട്ടുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും, എന്തിന് സഭാധിപന് വരെ എന്തു സഹായത്തിനും സമീപിക്കാവുന്ന ശക്തനായ ചന്ദ്രഗിരിയിലെ മാധവേട്ടനെ (സായികുമാര്‍) ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഒരു ബദല്‍ സര്‍ക്കാരായ മാധവേട്ടന്‍ ശരിയ്ക്ക് വേണ്ടി എന്ത് നിയമലംഘനവും നടത്താന്‍ മടിയില്ലാത്തയാളാണ്. അതുകൊണ്ടു തന്നെ എല്ലാ മേഖലയിലും ശത്രുക്കളും ധാരാളം. പ്രാദേശിക തറവാട്ടുകുടിപ്പകക്കാരും രാഷ്ട്രീയക്കാരും അന്തഃസംസ്ഥാന മാഫിയകളും കൂടിച്ചേര്‍ന്ന് മാധവേട്ടനുനേരെ തിരിയുകയും അരുതാത്തത് സംഭവിക്കുകയും ചെയ്യുമ്പോള്‍ മകന്‍ അര്‍ജുന്‍ (പൃഥ്വിരാജ്) ആഞ്ഞടിക്കുകയാണ്.
പലതവണ കണ്ട കഥാതന്തുവാണെങ്കിലും ഒരു 'ക്വിക്ക് റെഫറന്‍സി'ന് നമുക്ക് സാമ്യമുള്ള 'നാടുവാഴികളും' 'ലേല'വും കൂട്ടുപിടിക്കാം. ഈ ചിത്രങ്ങളില്‍ തീര്‍ത്തും പ്രവചിക്കാവുന്ന കഥാസന്ദര്‍ഭങ്ങള്‍ ആവേശകരമായി അവതരിപ്പിക്കാനായതാണ് പ്രേക്ഷകപ്രീതി പിടിച്ചുപറ്റാനിടയാക്കിയത്. ഷാജി കൈലാസിന്റെ കഷ്ടകാലത്തിന് 'സിംഹാസന'ത്തിന് അത്തരമൊരു ആവേശം ഒരുഘട്ടത്തിലും ഉണര്‍ത്താവുന്നില്ല. ഇത്തരത്തില്‍ ആവേശമുണ്ടാക്കുമെന്ന് കരുതി ചിത്രീകരിച്ച രംഗങ്ങളാകട്ടെ, അമ്പേ പരാജയപ്പെടുകയും ചെയ്യുന്നു. സംഘട്ടനരംഗത്ത് നായകകഥാപാത്രം മോഹന്‍ലാലിന്റെ 'ഈ വണ്ടിക്ക് റിവേഴ്സ് ഗിയറില്ല' എന്ന ഡൈലോഗ് അനുകരിക്കുന്നതൊക്കെ പരിതാപകരമാണ്.
ഷാജിയുടെ തന്നെ വിരസമായ തിരക്കഥ, അതിലും പതിഞ്ഞതാളത്തിലുള്ള സംവിധാനവും കൂടിയായപ്പോള്‍ എല്ലാം പൂര്‍ണമായി. പുതിയ പ്രമേയങ്ങളുടെ തള്ളിക്കയറ്റത്തിനിടെ പഴകി തുരുമ്പിച്ച കഥയും തിരക്കഥയും ഒരു വ്യത്യസ്തതയുമില്ലാതെ സ്ക്രീനിലെത്തിച്ചത് അപാരമായ ധൈര്യമാണ്.
സായികുമാറിന്റെ മാധവനാണ് ചിത്രത്തിന് ജീവസ്സേകുന്ന കഥാപാത്രം. അദ്ദേഹമത് ഭംഗിയായി അവതരിപ്പിച്ചിട്ടുമുണ്ട്. നായകനായ അര്‍ജുനനെ പൃഥ്വിരാജ് മോശമില്ലാതെ കൈകാര്യം ചെയ്തു. പേരിനു രണ്ടുനായികമാരായി വന്ദനയും ഐശ്വര്യ ദേവനുമുണ്ട്. ഒരാള്‍ തറവാട്ടില്‍ തുളസിച്ചെടിക്ക് വെള്ളം ഒഴിച്ചുനടക്കുന്ന ഹാഫ് സാരിക്കാരി, മറ്റെയാള്‍ ബംഗളൂരുവില്‍ നിന്നുള്ള പരിഷ്കാരി. ഷാജി കൈലാസ് ടീമിലെ സ്ഥിരം അഭിനേതാക്കളായ സിദ്ദിഖ്, തിലകന്‍, വിജയകുമാര്‍, അനില്‍ പപ്പന്‍, ജയന്‍ ചേര്‍ത്തല തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.
റോണി റാഫേലിന്റെ സംഗീതം ശരാശരിയിലേക്ക് ഉയര്‍ന്നിട്ടില്ല. ഗാനചിത്രീകരത്തിനും മേന്‍മകള്‍ പറയാനില്ല. ഒരേ ഗണത്തിലെ ഉല്‍സവ ഗാനങ്ങള്‍ പത്തുമിനിട്ടുവ്യത്യാസത്തില്‍ ആദ്യപകുതിയില്‍ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ശ്രദ്ധിച്ചാല്‍ മതി സംവിധായകന്റെ ലോജിക്ക് അറിയാന്‍. ഷാജിയും വിഷ്ണു നമ്പൂതിരിയും സംവിധായകന്റെ സ്ഥിരം ശൈലിക്ക് ഇണങ്ങുംവിധം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഡോണ്‍മാക്സിന്റെ എഡിറ്റിങ്ങിന് പതിവ് ചടുതല അനുഭവപ്പെടുന്നില്ല.
ഷാജി കൈലാസ് ചിത്രത്തില്‍ പതിവായി കടന്നുവരുന്നതായി ബുദ്ധിജീവികള്‍ ആരോപിക്കുന്ന ഫ്യൂഡല്‍ ചട്ടമ്പിത്തരവും സവര്‍ണ മേല്‍ക്കോയ്മയും ചിത്രത്തില്‍ ആവശ്യത്തിലധികമുണ്ട്. സവര്‍ണ നാട്ടുപ്രമാണി, അടിയാളന്‍മാര്‍, ഇളംമുറത്തമ്പുരാനെ അരിയിട്ടു വാഴിക്കല്‍, അധമജാതിക്കാര്‍ക്ക് ക്ഷേത്രത്തിലെ അയിത്തം തുടങ്ങിയവ ഉദാഹരണങ്ങള്‍. ഷാരടി, ഏറാടി, ശര്‍മ തുടങ്ങിയ പരിവാരങ്ങളും എന്തിനുംപോന്ന അംഗരക്ഷകനായി ഒരു ജമാലും തമ്പുരാന് ഉണ്ടെന്നത് ശ്രദ്ധേയമാണ്.
ചിത്രത്തിലെ ആര്‍ച്ച് ബിഷപ്പ് പോലും ഉദാഹരണങ്ങള്‍ ഉദ്ധരിക്കുന്നത് ഹിന്ദുപുരാണങ്ങളില്‍ നിന്നാണ്. മാത്രമല്ല, ബിഷപിന് ജ്യോല്‍സ്യത്തിലും ഹൈന്ദവസംസ്കാരങ്ങളിലും താല്‍പര്യവും അവഗാഹവുമുണ്ടെന്നതും ശ്രദ്ധേയമാണ്.
നായക കഥാപാത്രത്തിന്റെ വാചകങ്ങളിലൂടെ പൃഥ്വിരാജ് തനിക്ക് പറ്റിപ്പോയ നാക്കുപിഴകള്‍ക്ക് പ്രേക്ഷകരോട് മാപ്പുചോദിക്കുന്നുണ്ടെന്നത് കൌതുകകരമാണ്.
അടുത്തിടെ തന്റേതായി പുറത്തുവന്ന ചിത്രങ്ങള്‍ പലതും അടിപതറിയിട്ടും അതെന്തുകൊണ്ടു സംഭവിച്ചെന്ന് തിരിഞ്ഞുനോക്കാന്‍ ഷാജി കൈലാസ് ശ്രമിച്ചിട്ടില്ലെന്ന് 'സിംഹാസനം' കണ്ടിറങ്ങുമ്പോള്‍ ഉറപ്പിക്കാം. ചിത്രത്തില്‍ സ്ക്രീനിലേക്ക് നോക്കി ഒരുഘട്ടത്തില്‍ നായകകഥാപാത്രം പറയുന്നുണ്ട്, 'വധിച്ചുകളയും നിന്നെ ഞാന്‍'.. സിനിമ തീരുമ്പോള്‍ പ്രേക്ഷകര്‍ക്കും മനസിലാകും അത് തങ്ങളെക്കൂടി ഉദ്ദേശിച്ച് നല്‍കിയ മുന്നറിപ്പായിരുന്നുവെന്ന്!
simhasanam review, malayalam movie simhasanam review, simhasanam, prithviraj in simhasanam, shaji kailas, aishwarya devan, vandana, thilakan, saikumar, malayalam cinema review, cinemajalakam review
6 comments:
വധിച്ചുകളയും നിന്നെ ഞാന്‍
old fashioned...!!!
കഷ്ടം.... കമ്മീഷണര്‍, ആറാംതമ്പുരാന്‍, നരസിംഹം.... പഴയതൊക്കെ ഓര്‍ത്ത് പൊറുക്കട്ടെ, മലയാള പ്രേക്ഷകര്‍
സൌത്ത് ഇന്ത്യയിലെ ഏക നടന്‍ സ്ക്രിപ്റ്റ് വായിച്ചും തിരുത്തി എഴുതിപ്പിച്ചും അഭിനയിച്ച ചിത്രമാകനാണ് സാധ്യത
ഷാജിക്ക് പണി നിര്‍ത്താന്‍ സമയം ആയി
കിംഗ് ആന്‍ഡ് കമ്മിഷണര്‍ രണ്ടു രണ്ടര മണിക്കൂര്‍ സഹിച്ചത് ഒര്കുമ്പോള്‍ തന്നെ ഭയമാകുന്നു
ഇനി സിംഹാസനം കളിക്കുന്ന തിയേറ്റര്‍ പരിസരതെക്ക് കൂടി പോകില്ല
സിനിമ ജാലകത്തിന്‍ നന്ദി
നിയമപരമായ മുന്നറിയിപ്പ് തന്നതിന്
swantham cinema shaji kanarille?
:)
Post a Comment