Friday, August 31, 2012

Mr Marumakan Review: നല്ല 'ബെസ്റ്റ്' മരുമകന്‍!

സ്വന്തം സൃഷ്ടികള്‍ തന്നെ എങ്ങനെ അരച്ചുകലക്കി പുതിയവയാക്കാമെന്ന പരീക്ഷണം കുറേകാലമായി നടത്തിവന്ന ഉദയ് കൃഷ്ണ -സിബി കെ. താമസ് ടീമിന്റെ രചനയില്‍ സന്ധ്യാ മോഹന്‍ ഒരുക്കിയ ചിത്രമാണ് 'മിസ്റ്റര്‍ മരുമരുമകന്‍'. ജനപ്രിയനായകന്‍ ദിലീപിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുമ്പോള്‍ തങ്ങളുടെ പഴയ ശൈലി കൈവിടാതെതന്നെ ചില തമിഴ് ചിത്രങ്ങളുടെ കഥാഗതിയും കൂട്ടിക്കുഴച്ചിട്ടുണ്ട് ഇത്തവണ സിബി ഉദയന്‍മാര്‍. 

അശോക ചക്രവര്‍ത്തി എന്ന് ഗസറ്റില്‍കൊടുത്ത് പേരുമാറ്റിയ അശോക് രാജ് (ദിലീപ്) വക്കീലാണെങ്കിലും ലോണെടുത്ത് നാടകക്കമ്പനി നടത്തി പൊട്ടി നില്‍ക്കുന്ന യുവാവാണ്. ഇയാളുടെ ജ്യേഷ്ഠന്‍ ബാബുരാജും (ബിജുമേനോന്‍) വ്യവസായം ആരംഭിച്ച് തൊഴില്‍ത്തര്‍ക്കം മൂലം പൂട്ടി കടത്തിലാണ്. 
ഇതിനിടെ ഇവരുടെ കടം സംബന്ധിച്ച നടപടികള്‍ക്കായി എത്തുന്ന ഓംബുഡ്സ്മാന്‍ ബാലസുബ്രഹ്മണ്യത്തിന്റെ (ഭാഗ്യരാജ്) കുടുംബത്തിലേക്ക് അശോകിന് കടന്നുചെല്ലേണ്ടിവരുന്നു. തന്നെ വകവെക്കാത്ത ഭാര്യ രാജമല്ലികയെയും (ഖുശ്ബു), അവരുടെ അമ്മ രാജകോകിലയെയും (ഷീല) ഒരു പാടകം പഠിപ്പിക്കാനും ബാലസുബഹ്മണ്യം അശോകിനെ കരുവാക്കുന്നു. ഒപ്പം മകള്‍ രാജലക്ഷ്മിയുടെ (സനുഷ) അഹങ്കാരം മാറ്റി അശോകിനു വിവാഹം ചെയ്തു നല്‍കണമെന്ന ഉദ്ദേശ്യവും അയാള്‍ക്കുണ്ട്. 

മൂന്നു അഹങ്കാരി പെണ്ണുങ്ങളുടെ ഇടയിലേക്ക് നായകന്‍ കടന്നുചെല്ലുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും നര്‍മവും ഒക്കെയാണ് സംവിധായകന്‍ പിന്നീടുള്ള കഥയില്‍ പറയുന്നത്. 

സിബി കെ തോമസ് -ഉദയ് കൃഷ്ണ ടീമിന്റെ പതിവുശൈലിയിലുള്ള തിരക്കഥ തന്നെയാണ് മരുമകനിലും അവര്‍ പിന്തുടരുന്നത്. അതായത്, കുറ്റങ്ങളും ശകാരങ്ങളും ചൊരിയാനുള്ളവര്‍ക്ക് ധാരാളം പഴുതുകളും, ഒന്നും നോക്കാതെ ചിരിക്കണമെന്നുള്ളവര്‍ക്ക് അതിനുള്ള വകയും കരുതിവെച്ചിട്ടുണ്ടെന്ന് സാരം. എന്നാല്‍, അടുത്തിടെ വന്ന സിബി-ഉദയ് ചിത്രങ്ങളുടെ നിലവാരത്തില്‍ നിന്ന് ഒട്ടും മുന്നോട്ടുവരാനായിട്ടില്ലെന്ന് മാത്രമല്ല, പിന്നോട്ടു പോവുകയും ചെയ്തു എന്നതാണ് പ്രധാന പോരായ്മ. കൂടാതെ, അമ്മായിയമ്മ -മരുമകന്‍ പോരാട്ടം അടുത്തിടെ വന്നവയുള്‍പ്പെടെ പല തമിഴ് ചിത്രങ്ങളുടെയും ചേരുവകള്‍ കൂടി കടം കൊണ്ട് രൂപപ്പെടുത്തിയതാണെന്നും വ്യക്തം. 

തിരക്കഥ പരുവപ്പെടുത്തി കൂടുതല്‍ മനോഹരമാക്കാന്‍ സംവിധായകന്‍ സന്ധ്യാ മോഹന് വേണ്ടരീതിയില്‍ കഴിഞ്ഞിട്ടുമില്ല. ദിലീപ് ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്നവിധം കുറേ രംഗങ്ങള്‍ ചേര്‍ത്തുവെക്കുകയും മലയാളത്തില്‍ ഉള്‍പ്പെടെ കണ്ട മറന്ന ക്ലൈമാക്സ് ട്വിസ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുകയുമാണ് ചിത്രത്തില്‍. 

ഷീല അവതരിപ്പിച്ച കഥാപാത്രത്തിന്റെ പഴയകാല കഥ പറയാന്‍ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലെ രംഗങ്ങള്‍ കൂട്ടിയിണക്കി ഉള്‍പ്പെടുത്തിയയ് ബുദ്ധിപരമായ നീക്കമാണ്. 

സുരേഷ് പീറ്റേഴ്സിന്റെ ഗാനങ്ങള്‍ക്കൊന്നിനും പഴയ പഞ്ചില്ല. മാത്രമല്ല, ഒന്നിന്റേയും ചിത്രീകരണവും മികച്ചതായില്ല. ഇതിനുപുറമേ, ആറുഗാനങ്ങളില്‍ പലതും അനാവശ്യ സന്ദര്‍ഭങ്ങളില്‍ കയറി വരുന്നതും അരോചകമാണ്. കുട്ടിത്തം വിട്ടുമാറാത്ത സനുഷയെക്കൊണ്ട് മഴനൃത്തം കളിപ്പിച്ചതും ഒഴിവാക്കാമായിരുന്നു. 

ദിലീപിന് അശോക ചക്രവര്‍ത്തിയുടെ റോള്‍ അനായാസം കൈകാര്യം ചെയ്തു. അധികമൊന്നുമില്ലെങ്കിലും ബിജു മേനോനും രസകരമായ വേഷമായിരുന്നു. സ്ത്രീ കഥാപാത്രങ്ങളില്‍ തലയുയര്‍ത്തി നിന്നത് ഖുശ്ബുവിന്റെ രാജമല്ലിക തന്നെ. സനുഷ മലയാളത്തിലെ നായിക അരങ്ങേറ്റം മോശമാക്കിയില്ല എന്നേ പറയാനാകൂ. ഭാഗ്യരാജ് അല്‍പം തമിഴ് ഹാങ്ങോവര്‍ കിടന്നതിനാല്‍ പലയിടത്തും ഓവറാക്കുന്നുണ്ട്. ബാബുരാജ്, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, മേഘ തുടങ്ങിയവര്‍ മറ്റ് ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

ചുരുക്കത്തില്‍, മിസ്റ്റര്‍ മരുമകന്‍ ദിലീപിന്റെയും ഉദയ് -സിബി ടീമിന്റെയും ആരാധകരെ തൃപ്തിപ്പെടുത്തിയേക്കും. എന്നാല്‍ ഈ ടീമിന്റെ തന്നെ സമീപകാല ചിത്രങ്ങളുടെ അത്രപോലും ആസ്വാദ്യമാകുന്നില്ല എന്നതാണ് പോരായ്മ. 
mr marumakan review, mister marumakan, malayalam movie mr marumakan, malayalam movie review, dileep, sandhya mohan, sanusha, kushbu, sheela, sibi k thomas uday krishna

1 comments:

Rajeev said...

ayyo...kandu..kandu..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.