Tuesday, August 7, 2012

Cinema Company Review: ഒരു സിനിമയുണ്ടാക്കിയ കഥ അഥവ സിനിമാ കമ്പനി
 സിനിമയെടുക്കാന്‍ മോഹിച്ചിറങ്ങുന്ന കൂട്ടുകാരുടെ കഥയാണ് മമാസ് സംവിധാനം ചെയ്ത 'സിനിമാ കമ്പനി'ക്ക് പറയാനുള്ളത്. ഒരു സിനിമയെടുക്കാനുള്ള പ്രതിസന്ധികള്‍, കൂട്ടായ്മയുടെ മധുരം, യുവാക്കളുടെ ഊര്‍ജം ഇവയെല്ലാം ഈ സിനിമാകഥ വഴി പറയാന്‍ ശ്രമമുണ്ട്. എന്നാല്‍, കഥാതന്തുവിലെ കൌതുകത്തിനപ്പുറം ചിത്രത്തിന് ഈ ഘടകങ്ങളെ ആകര്‍ഷകത്വം നഷ്ടമാകാതെ കൂട്ടിയിണക്കാനായില്ലെന്നാണ് തിരിച്ചടിയാകുന്നത്.

ചലച്ചിത്രോല്‍സവവേദിയില്‍ തുടങ്ങിയ സിനിമാക്കൂട്ടാണ്  പണിക്കരും (സഞ്ജീവ്), പോളച്ചനും (ബേസില്‍), ഫസലും (ബദ്രി), പാറുവും (ശ്രുതി) തമ്മിലുള്ളത്. 

ഈ കൂട്ടായ്മ തങ്ങളുടെ സ്വപ്നങ്ങള്‍ പൂവണയിക്കാന്‍ സിനിമയെടുക്കാനിറങ്ങുകയാണ്. പ്രതിസന്ധികള്‍ നിറഞ്ഞ ഈ മായിക ലോകത്ത് അവര്‍ വിചാരപോലെയല്ല കാര്യങ്ങള്‍ നീങ്ങിയത്. ആ പ്രശ്നങ്ങളിലൂടെ മുന്നേറുന്ന കഥ ഒടുവില്‍ ശുഭാന്ത്യത്തിലെത്തുന്ന കഥ പക്ഷേ, ഇടവേളാനന്തരം യുക്തിരാഹിത്യത്തിന്റെ നാടകീയതയുടേയും അതിപ്രസരം മൂലം കൈവിട്ടുപോകുകയാണ്.

ആദ്യമായെടുത്ത 'പാപ്പി അപ്പച്ചാ' എന്നൊരു പതിവുകോമഡി ചിത്രം വിജയിച്ച ആത്മവിശ്വാസവുമായാണ് സംവിധായകന്‍ മമാസ് പുതുമുഖങ്ങളുമായി 'സിനിമാ കമ്പനി'ക്ക് എത്തിയത്. എന്നാല്‍, യുവതാരങ്ങള്‍ നല്‍കുന്ന പുതുമയും ഊര്‍ജവും തിരക്കഥയിലും ആഖ്യാനത്തിലും കൊണ്ടുവരാനാവാത്തത് ചിത്രത്തെ പലേടത്തും വിരസമാക്കുന്നു. അവിടെയുമിവിടെയും വന്നുപോകുന്ന നല്ല സന്ദര്‍ഭങ്ങളും ഈ പൊതുസ്വഭാവത്തില്‍പ്പെട്ട് മുങ്ങിപ്പോകുന്നുമുണ്ട്. 

യുവതാരങ്ങളില്‍ ബേസില്‍ പ്രതീക്കയേകുന്നു. ശ്രുതിയുടെ ഊര്‍ജസ്വലമായ പ്രകടനവും ചിത്രത്തിന് ആശ്വാസമാണ്. മറ്റ് താരങ്ങളായ സഞ്ജീവ്, ബദ്രി, ലക്ഷ്മി തുടങ്ങിയവരും മോശമാക്കിയിട്ടില്ല. 

ജിബു ജേക്കബിന്റെ ക്യാമറ കുറേ സ്ഥലങ്ങളിലെങ്കിലും ചിത്രത്തില്‍ മിഴിവേകുന്നുണ്ട്. അല്‍ഫോണ്‍സിന്റെ സംഗീതം ശരാശരിക്ക് മേലേയാണ്. അവസാനത്തെ റാപ്പ് ഗാനം പുതുതലമുറ ചിത്രമെന്ന ലേബല്‍ ഒട്ടിക്കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടിയതുപോലെ തോന്നി.

ഒരു യുവതാരത്തിനോട് സാമ്യമുള്ള കഥാപാത്രത്തെ പറ്റി ഒരു കാര്യവുമില്ലാതെയുള്ള മോശം സൂചനകളും ചിത്രത്തിന്റെ മൊത്തത്തിലുള്ള നിലവാരം മനസ്സിലാക്കിത്തരും.

ചുരുക്കത്തില്‍, വൃത്തിയുള്ള പോസ്റ്ററുകളും യുവതാരങ്ങളും ചുറുചുറുക്കും കുറച്ച് ഭംഗിയുള്ള ദൃശ്യങ്ങളും ചേര്‍ത്തുവെച്ചാല്‍ നവതരംഗമാവില്ലെന്നും അവതരണത്തിലും എന്തെങ്കിലും പുതുമ വേണമെന്നും 'സിനിമാ കമ്പനി' ഈ രംഗത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്നവരെ ഓര്‍പ്പിക്കും. 

cinema company review, malayalam movie cinema company review, cinema company, mamas, alphons, shruthi, badri, basil, sanjeev, lakshmi, malayalam movie review, cinemajalakam review

1 comments:

Anonymous said...

paavam cinemakampany

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.