Sunday, August 12, 2012

തലസ്ഥാനത്ത് കൈരളി, ശ്രീ മൂന്നു തീയറ്ററാകുന്നു




തിരുവനതപുരത്തെ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കൈരളി -ശ്രീ തീയറ്റര്‍ കോംപ്ലക്സ് ഇനി മൂന്നു സ്ക്രീനുകളാകുന്നു. മള്‍ട്ടിപ്ലെക്സുകളെ വെല്ലുന്ന അത്യന്താധുനിക സൌകര്യങ്ങളോടെ ഒരുക്കുന്ന തീയറ്ററുകള്‍ക്കായി ഇതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കോര്‍പറേഷന്റെ തന്നെ കലാഭവന്‍ തീയറ്ററും ഇതിനൊപ്പം നവീകരിക്കും.

ഇപ്പോഴുള്ള കൈരളി തീയറ്ററിനെ വിഭജിച്ചാണ് മൂന്നാമത്തെ തീയറ്റര്‍ നിര്‍മിക്കുന്നത്. കൈരളിയുടെ ബാല്‍ക്കണി ഭാഗം 250 സീറ്റുള്ള പുത്തന്‍ തീയറ്ററാകും. താഴെ ഫസ്റ്റ് ക്ലാസ് 460 ലേറെ സീറ്റുള്ള മറ്റൊരു ഹാളും. ശ്രീ തീയറ്ററിന് രൂപാന്തരമൊന്നും വരുന്നില്ലെങ്കിലും സൌകര്യങ്ങളില്‍ സമ്പൂര്‍ണ മാറ്റമുണ്ടാകും. 

ഈമാസം ആദ്യം മുതല്‍ കൈരളി തീയറ്ററില്‍ പ്രദര്‍ശനം നിര്‍ത്തിവെച്ച് പൊളിച്ചുപണി നടക്കുകയാണ്. അടുത്തമാസം ആറോടെ ശ്രീ തീയറ്ററിലും പ്രദര്‍ശനം നിര്‍ത്തി പണി തുടങ്ങും. 

പുതിയ മൂന്നു ഹാളുകളായി മാറുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒപ്പം ലഭിക്കുന്നത് ഏറ്റവും സൌകര്യപ്രദമായ സിനിമാസ്വാദനത്തിനുള്ള അവസരമാണ്. സീറ്റുകള്‍ സമ്പൂര്‍ണമായി ഇളക്കിമാറ്റി ആധുനികരീതിയിലുള്ള ഫാബ്രിക് സീറ്റുകള്‍ വരും. ഹാളുകളിലെ ശീതികരണ സംവിധാനവും പുതിയതാക്കും. കൂടാതെ സുവ്യക്തമായ ടു കെ ഡിജിറ്റല്‍ ഹൈ ഡെഫനിഷന്‍ പ്രെജക്ഷനായിരിക്കും തീയറ്ററുകളില്‍. ശബ്ദക്രമീകരണത്തിനും മുന്തിയ സ്പീക്കറുകളെത്തും. ഹാളിലെ ഇന്റീരിയര്‍ ഡിസൈനും അഴകുറ്റതാകും. ഒപ്പം എല്‍.ഇ.ഡി ലൈറ്റിംഗിന്റെ വിസ്മയ ഭംഗിയും. 

അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ പ്രധാനവേദിയെന്ന നിലക്ക് വിദേശപ്രതിനിധികള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ ഈ ഡിസംബറിന് നവീകരിച്ച തീയറ്ററുകള്‍ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടേമുക്കാല്‍ കോടി ചെലവ് വരുന്ന നവീകരണത്തിനുള്ള  കരാര്‍ ബി.എസ്.എന്‍.എല്ലാണ് ഏറ്റെടുത്തിരിക്കുന്നത്.

വഴുതക്കാട്ടെ കലാഭവന്‍ തീയറ്ററും രണ്ടായി വിഭജിക്കുന്നുണ്ട്. ഇതിനുള്ള പണികളും തുടങ്ങിക്കഴിഞ്ഞു. പുതിയ തീയറ്ററുകളില്‍ ഒന്ന് സെന്‍സറിംഗ് പ്രിവ്യൂ തീയറ്ററായി ഉപയോഗിക്കും.

kairali under renovation (photo courtesy: keralakaumudi)
kairali sree thiruvananthapuram, kairali theatre trivandrum, kairali sree renovation begins, ksfdc, chitranjali, kalabhavan theatre

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.