Friday, July 27, 2012

Ustad Hotel Review: ഹൃദയബന്ധങ്ങളുടെ രുചിയുമായി ഉസ്താദ് ഹോട്ടല്‍





 മലബാര്‍ പശ്ചാത്തലത്തില്‍ നാടന്‍ രുചികളും ബന്ധങ്ങളുടെ നൈര്‍മല്യവും പറഞ്ഞാണ് 'ഉസ്താദ് ഹോട്ടല്‍'എത്തുന്നത്. കഥയില്‍ പുതുമകളൊന്നുമില്ലെങ്കിലും ന്യൂ ജനറേഷന്‍ ജാഡകളുടെ കെട്ടുകാഴ്ചകളും കണ്ടുമടുത്ത കഥപറച്ചിലും മാറ്റിവെച്ചത് ചിത്രത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നു.

നാലു ഇത്താത്തമാരുടെ പൊന്നനിയനായി വളര്‍ന്ന ഫൈസി എന്ന ഫൈസലിനെ (ദുല്‍ഖര്‍ സല്‍മാന്‍) ചുറ്റിപ്പറ്റിയാണ് കഥയുടെ വികാസം. ബാപ്പ റസാഖിന്റെ (സിദ്ദിഖ്) മാനസപുത്രനായ ഫൈസി ഹോട്ടല്‍ മാനേജ്മെന്റില്‍ ഉപരിപഠനത്തിന് അനുമതി വാങ്ങി സിംഗപൂരിലേക്ക് പോയശേഷം ആരുമറിയാതെ പഠിച്ചത് പാചകക്കാരനാകാനാണ്. 

തിരികെ നാട്ടിലെത്തുമ്പോള്‍ ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങുന്ന ഫൈസി, അഭയം തേടുന്നത് കോഴിക്കോടന്‍ കടപ്പുറത്ത് നാടന്‍ ഹോട്ടല്‍ നടത്തുന്ന മുത്തച്ഛന്‍ കരീംക്കയുടെ (തിലകന്‍) അടുത്താണ്. ലണ്ടനില്‍ ഷെഫാകാനുള്ള ഒരുക്കത്തില്‍ നടക്കുന്ന ഫൈസിക്കുമുന്നില്‍ കരീംക്കയുടെ നാടന്‍ ഉസ്താദ് ഹോട്ടല്‍ തുറന്നുനല്‍കുന്നത് പുതിയൊരു ലോകമാണ്, പുത്തന്‍ അനുഭവങ്ങളാണ്. ഉപ്പൂപ്പയുമായുള്ള ഫൈസിയുടെ താമസവും അതിലൂടെ തലമുറകള്‍ തമ്മിലുണ്ടാകുന്ന ആത്മബന്ധവുമാണ് 'ഉസ്താദ് ഹോട്ടല്‍' വരച്ചുകാട്ടുന്നത്.

ആഴത്തില്‍ പറയാന്‍ കാര്യങ്ങളൊന്നുമില്ലെങ്കിലും, ഞെട്ടിത്തരിപ്പിക്കുന്ന വഴിത്തിരിവുകള്‍ ഒളിപ്പിച്ചുവെച്ചിട്ടില്ലെങ്കിലും ലാളിത്യമുള്ള കഥ പറച്ചിലാണ് അഞ്ജലി മേനോന്റെ തിരക്കഥയുടെ ഭംഗി. നിസാരമായ ഒരു കഥാതന്തു പരമാവധി ഭംഗിയായി പറഞ്ഞുവെക്കാനായതാണ് സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ മിടുക്ക്. മുമ്പ് തട്ടുപൊളിപ്പന്‍ കണ്ടുമുടത്ത കോമഡി ചിത്രങ്ങള്‍ ഈ മിടുക്കിലൂടെ രസിപ്പിക്കുംവിധം കൈകാര്യം ചെയ്ത അന്‍വര്‍ ഇത്തവണ ലാളിത്യമുള്ള കഥകളും തന്റെ കൈയില്‍ ഭദ്രമെന്ന് വിളിച്ചുപറയുന്നു.

തിലകന്‍ അവതരിപ്പിക്കുന്ന കരീംക്കയും ദുല്‍ഖര്‍ സല്‍മാന്റെ ഫൈസിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. അസാമാന്യ പ്രകടനം കാഴ്ച വെച്ച് തിലകന്‍ ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാനും മോശമാക്കിയില്ല. ആദ്യ ചിത്രമായ 'സെക്കന്റ് ഷോ'യില്‍ നിന്ന് 'ഉസ്താദ് ഹോട്ടലി'ല്‍ എത്തുമ്പോള്‍ അസാമാന്യ പുരോഗതിയാണ് അഭിനയത്തില്‍ ദുല്‍ഖറിന്റേത്. യംഗ് ആന്‍ഡ് സ്മാര്‍ട്ട് ആയൊരു സ്ക്രീന്‍ പ്രസന്‍സ് ഉണ്ടാക്കിയെടുക്കുന്നതില്‍ ദുല്‍ഖര്‍ വിജയിച്ചിട്ടുണ്ട്. അപ്രതീക്ഷിത വഴിതിരിവുകളൊന്നുമില്ലാത്ത കഥയിലെ മറ്റ് താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

നിത്യാ മേനോന്‍, സിദ്ദിഖ്, മാമുക്കോയ, ലെന തുടങ്ങിയവരും സാന്നിധ്യമറിയിച്ചു.

ഗോപീസുന്ദറിന്റെ ഗാനങ്ങളും ചിത്രത്തിന് അഴക് കൂട്ടുന്നു. അപ്പങ്ങളെമ്പാടും എന്ന ഗാനം തീയറ്ററുകളിലുയര്‍ത്തുന്ന അലയൊലികള്‍ ചെറുതൊന്നുമല്ല. കഥ പറച്ചിലിനോട് ഇഴുകിച്ചേര്‍ന്ന് ഒഴുകുന്ന മറ്റ് രണ്ട് ഗാനങ്ങളും പശ്ചാത്തല സംഗീതവും മാധുര്യമുള്ളതാണ്. ലോകനാഥന്റെ ക്യാമറയും നന്നായി.

കേള്‍ക്കാന്‍ ഇമ്പമുള്ള മലബാര്‍ ഇശലുകള്‍ അതിസമര്‍ത്ഥമായി ഉപയോഗിച്ചിട്ടുല്‍് സിനിമയില്‍ പലയിടത്തും. പ്രത്യേകിച്ച് ആദ്യ സീനുകളില്‍..പശ്ചാത്തല സംഗീതത്തിന് പ്രേക്ഷകര്‍ കൈയ്യടിക്കുന്ന അപൂര്‍വ്വ കാഴ്ച്ചയും ഉസ്താദ് ഹോട്ടലില്‍ കാണാനായി..

കഥയില്‍ ചോദ്യമില്ലെങ്കിലും,പാളിച്ചകളും ബലഹീനമായ യുക്തികളും ധാരാളമുണ്ടെന്ന കാര്യവും മറക്കാനാവില്ല. യാഥസ്ഥിക മുസ്ലീം കുടുംബത്തിലെ നായിക നൈറ്റ് ക്ലബില്‍ ആടി പാടി പാതി രാത്രിയില്‍ കറങ്ങുന്നതും വമ്പന്‍ ശക്തികളോട്  പ്രധാനകഥാപാത്രങ്ങള്‍ ഒടുവില്‍ നിസ്സാരമായി വിജയം നേടുന്നതും ഫൈസിയുടെ പിതാവിന്റെ പൊടുന്നനേയുള്ള മനംമാറ്റവും തുടങ്ങി അത്തരം ദൃഷ്ടാന്തങ്ങള്‍ അനവധി.

എങ്കിലും നിസാരമായൊരു കഥക്കൂട്ടിനെ മനോഹരമായ പറച്ചലിലൂടെ പ്രേക്ഷകരിലേക്ക് ഒഴുക്കിയിറക്കുന്നിടത്താണ് 'ഉസ്താദ് ഹോട്ടലി'ന്റെ വിജയം.

അടുത്ത കാലത്തിറങ്ങിയ ചില സ്ലോമോഷന്‍, ടോക്ക് ഷോ സിനിമകള്‍ക്കിടയില്‍ പ്രേക്ഷകര്‍ക്ക് ആശ്വാസമാണ് ഉസ്താദ് ഹോട്ടല്‍. ഹൃദയ സ്പര്‍ശിയായ കഥ, ലാളിത്യമുള്ള തിരക്കഥ, ചിത്രീകരണത്തിന്റെ ഭംഗി. സംവിധാന മികവ് തന്നെയാണ് എടുത്ത് പറയേണ്ട സവിശേഷത. ചുരുക്കത്തില്‍, ജാഡയില്ലാത്ത മനുഷ്യ പറ്റുള്ള സിനിമ 'കോഴിക്കോടന്‍ മൊഞ്ചുള്ള' ഈ ഫാമിലി എന്റര്‍ടെയിനര്‍.

-yousuf thiruvathra

ustad hotel review, ustad hotel, anwar rasheed, anjali menon, magic frames, malayalam movie ustad hotel, malayalam cinema review, nitya menon, lena, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.