Friday, July 27, 2012

Thattathin Marayathu Review: ആസ്വാദ്യമായ പ്രണയവുമായി തട്ടത്തിന്‍ മറയത്ത്

വളച്ചുകെട്ടലുകളോ വഴിത്തിരിവുകളോ ഒന്നും നല്‍കി സംഭ്രമജനകമാക്കാതെ വടക്കന്‍ മലബാര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഒരു സാധാരണ പ്രണയകഥ, അതും ഹിന്ദു-മുസ്ലിം പ്രണയകഥ: യുവനിരയെ അണിനിരത്തി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'തട്ടത്തിന്‍ മറയത്ത്'എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.

വിനീത് സിനിമയായതുകൊണ്ട് കണ്ണൂരാണ് ഇത്തവണയും കഥനടക്കുന്നത്. തലശ്ശേരിയിലെ മുസ്ലിം പ്രമാണിയുടെ മകള്‍ ആയിഷയെ (ഇഷാ തല്‍വാര്‍) പ്രണയിക്കുന്ന  നായരായ വിനോദ്  (നിവിന്‍ പോളി). പതിവ് പ്രേമകഥകളില്‍ നിന്ന് വ്യത്യസ്ഥമായി വില്ലന്‍, സംഘട്ടനം, കാമുകി സെന്റിമെന്റ്സ്, രണ്ടുകുടുംബങ്ങള്‍ തമ്മിലുള്ള കടുത്ത സംഘര്‍ഷം, സാമുദായിക കലാപം, ഒളിച്ചോട്ടം എന്നിവയൊന്നുമില്ലാത്ത ശുഭപര്യവസാനം. വടക്കന്‍  പ്രണയമായതുകൊണ്ട് തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ബുദ്ധിമുട്ട് തോന്നേണ്ട എന്നു കരുതിയാകണം അസ്സല്‍ തിരോന്തോരം പോലീസുകാരനാണ് പ്രണയപൂര്‍ത്തീകരണത്തിന് എല്ലാ സഹായവും നല്‍കുന്നത്. സാക്ഷാല്‍ ശ്രീ പത്മനാഭ സ്വാമിക്കുവരെ ചിത്രത്തില്‍ റോളുണ്ട്.

എന്തൊക്കെ പറഞ്ഞാലും ഗാനങ്ങളും മനോഹരമായ ചിത്രീകരണവും എടുത്തു പറയേണ്ടതാണ്. നിവിന്‍ പോളി നായരൂട്ടിയെ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. മലര്‍വാടിയിലെ പരുക്കന്‍ നായകനില്‍ നിന്ന് താടിയും മീശയുമൊഴിഞ്ഞപ്പോള്‍ 'വിണ്ണൈത്താണ്ടി വരുവായ' സ്റ്റൈലില്‍ അസല്‍ റൊമാന്റിക് നായകനായി മാറാന്‍ നിവിന് അനായാസമായി. അഭിനയിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ലെങ്കിലും, ഇഷാ തല്‍വാര്‍ തട്ടത്തിന്‍മറയത്തുള്ള സുന്ദരിക്കുട്ടിയായി നന്നായി. സഹവേഷത്തില്‍ എത്തിയവരില്‍ അജു വര്‍ഗീസിന്റെ അബ്ദു നായകകഥാപാത്രവുമായി കൃത്യമായ കെമിസ്ട്രി പങ്കുവെച്ചു. മനോജ് കെ. ജയന്റെ എസ്.ഐ പ്രേംകുമാര്‍, ഭഗത് മാനുവലിന്റെ ഹംസ, മണിക്കുട്ടന്റെ നജാഫ് തുടങ്ങിയവരും രസിപ്പിക്കും.

ജോമോന്‍ ടി. ജോണിന്റെ ക്യാമറ നല്‍കിയ ഭംഗി ഈ പ്രണയകഥയുടെ ആസ്വാദ്യതക്ക് മുഖ്യഘടകമാണ്. അതുപേലെ ഷാന്‍ റഹ്മാന്റെ ലളിതമായ ഈണങ്ങളും പശ്ചാത്തലസംഗീതവും ഹൃദ്യം തന്നെ. ഗാനങ്ങളെ പശ്ചാത്തലസംഗീതവുമായി ഇഴചേര്‍ത്ത് പലപ്പോഴും അവതരിപ്പിച്ചതും മനോഹരമായിട്ടുണ്ട്. പുതുമുഖ ഗാനരചയിതാവ് അനു എലിസബത്തിന്റെ വരികള്‍ മോശമല്ല.

രസിക്കുന്ന കോമഡി രംഗങ്ങളും കാമ്പസും പ്രണയവും എല്ലാം  ഉള്ളതുകൊണ്ട് വിദ്യാര്‍ഥി യുവജനങ്ങളൊക്കെ തള്ളിക്കയറി ചിത്രം വിജയമാക്കും. സംവിധായകന്‍ എന്ന നിലയില്‍ വിനീതിന്റെ ഗ്രാഫ് മുകളിലേക്കോ താഴേക്കോ എന്ന ചോദ്യത്തിന്  താഴേക്കല്ല എന്നാണ് തോന്നുന്നത്. ഒരു സാധാരണ പ്രണയകഥ, അത്രയേ വിനീത് ശ്രീനിവാസന്‍ ഉദ്ദേശിച്ചുള്ളു. അതു ഭംഗിയായി ചിത്രീകരിക്കുകയും ചെയ്തു. നിവിനും വിനീതും ചാനലുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടും ഈ സിനിമയെ അതികഠിനമായി കീറിമുറിക്കാന്‍ ശ്രമിക്കുന്നത്  തക്കാളിപെട്ടിക്ക് ഗോദറേജ് പൂട്ടിടാന്‍ ശ്രമിക്കുന്നതുപോലത്തെ പരിപാടിയാണ്.

പ്രേമത്തിന് കണ്ണില്ല എന്നു പറയാറുണ്ട്. തലച്ചോറും ഉണ്ടാകാനിടയില്ല. അതുകൊണ്ട് തട്ടത്തിന്‍ മറയത്ത് എന്ന സിനിമ സുഖമായി ആസ്വദിക്കാം. താത്വികമായ അവലോകിക്കുന്നവര്‍ക്ക് സീന്‍ ബൈ സീന്‍ കീറിമുറിച്ച് വിശകലനം ചെയ്യാം. ദൃശ്യ ബിംബങ്ങള്‍, ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ പരിപ്രേക്ഷ്യം എന്നിങ്ങനെ വിശകലന പാഠം  മുന്നോട്ടുകൊണ്ടുപോകാം. റിലാക്സ് ചെയ്ത് ഒരു സിനിമക്ക് പോയാലോ എന്ന് ഉദ്ദേശിക്കുന്ന സാദാ പ്രേക്ഷകന് ( പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍) കണ്ടിരിക്കാവുന്ന സിനിമയാണ് തട്ടത്തിന്‍ മറയത്ത്. (വെറുതെ അല്ല വിനീത് ശ്രീനിവാസന്‍ അമിത പ്രതീക്ഷ വേണ്ടെന്നും ട്വിസ്റ്റുകളുടെ ബഹളമില്ലെന്നും ഇതൊരു സാദാ സിനിമയാണെന്നും സ്റ്റാറ്റ്യൂട്ടറി വാണിങ് നല്‍കിയത് ).

-by Faizal P.M.


thattathin marayahtu review, thattathin marayathu, malayalam movie thattathin marayathu, isha talwar, nivin pauly, vineeth sreenivasan, aju varghese, manikuttan, sunny waynes, anu elizabeth john, shaan rahman, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.