Thursday, July 5, 2012

നെടുമങ്ങാട്ട് നവ്യാനുഭവമായി സൂര്യാ പാരഡൈസ്




നെടുമങ്ങാടിന്റെ വെള്ളിത്തിരക്ക് പുത്തന്‍ കാഴ്ചകളുമായി സൂര്യ പാരഡൈസ് പ്രവര്‍ത്തനം തുടങ്ങി. പാളയം ജംഗ്ഷനടുത്തെ പഴയ ശക്തി തീയറ്ററാണ് കെട്ടിലും മട്ടിലും സമ്പൂര്‍ണ മാറ്റവുമായി സൂര്യാ പാരഡൈസായി പുനരവതരിച്ചിരിക്കുന്നത്.

നാലു മോശമല്ലാത്ത തീയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും പുത്തന്‍ തലമുറ  സൌകര്യങ്ങള്‍ തിരുവനന്തപുരം നഗരത്തിനടുത്തെ ഈ മലയോര പട്ടണത്തില്‍ കടന്നുവരാത്തത് ന്യൂനതയായിരുന്നു. ഈ കുറവാണ് ആദ്യഘട്ടമായി സൂര്യാ പാരഡൈസിലൂടെ പരിഹരിക്കപ്പെട്ടത്. ജൂണ്‍ 15ന് ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തോടെയാണ് പാരഡൈസ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

1998 ല്‍ നിര്‍മിച്ച ശക്തി തീയറ്ററിലെ സീറ്റുകളും ഇന്റീരിയറും ടോയ്ലെറ്റുകളും ഒക്കെ അഴിച്ചുപണിഞ്ഞാണ് പാരഡൈസ് ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് കൂടുതല്‍ കാഴ്ചാ സുഖവും സൌകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ പഴയ സീറ്റുകള്‍ അപ്പാടെ എടുത്തുകളഞ്ഞു. പകരമായി കൂടുതല്‍ സുഖകരമായ ഫാബ്രിക് സീറ്റുകളും കുഷ്യനുമാണ് ഇപ്പോഴുള്ളത്.

ഫ്ലോറിംഗിലും പുതുതായി ചെയ്തിട്ടുണ്ട്. ഇത്തവണ കൂടുതല്‍ ലെഗ് സ്പേസ് പ്രദാനം ചെയ്യും വിധത്തില്‍ സീറ്റുകളുടെ അകലം ക്രമീകരിച്ചാണ് ഫ്ലോര്‍ സ്റ്റെപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വളരെ നീളമേറിയ ഹാളായിരുന്ന ശക്തി, പാരഡൈസായപ്പോള്‍ സ്ക്രീന്‍ കൂടുതല്‍ മുന്നോട്ടു വന്നിട്ടുണ്ട്.

സ്ക്രീനും സീറ്റും പുതിയ രീതിയില്‍ ഒരുക്കിയപ്പോള്‍ 650 ല്‍ അധികം സീറ്റുകളുണ്ടായിരുന്ന തീയറ്ററില്‍ ഇപ്പോള്‍ 500 ഓളം സീറ്റുകളായി ചുരുങ്ങിയിട്ടുണ്ട്.

ഹാളിനുള്‍വശം കൂടുതല്‍ മനോഹരമാക്കാന്‍ നീല ഷേഡിലുള്ള എല്‍.ഇ. ഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സീറ്റുകളുടെ വശങ്ങളിലും എല്‍.ഇ. ഡി ലൈറ്റുകളുണ്ട്. വശച്ചുമരുകളിലെപാനലിംഗും അക്കൌസ്റ്റിക്കും പുതുതായി നിര്‍മിച്ചിട്ടുണ്ട്. പുത്തന്‍ എയര്‍ കണ്ടീഷന്‍ സംവിധാനവും ഏര്‍പ്പെടുത്തി.

2009 ആദ്യം മുതല്‍ ക്യൂബ് ഡിജിറ്റല്‍ സംവിധാനത്തിലാണ് തീയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത്തവണ നവീകരണത്തിനുശേഷം ക്യൂബിന്റെ എറ്റവും പുതിയ വെര്‍ഷനിലെ സെര്‍വറും പ്രൊജക്ടറുമാണ് ഉപയോഗിക്കുന്നത്.

നെടുമങ്ങാട്ട് തന്നെ സൂര്യ എന്ന പേരില്‍ മറ്റൊരു എ.സി തീയറ്ററും ഇതേ മാനേജ്മെന്റിനുണ്ട്. പ്രമുഖ ഹോട്ടലീയറിംഗ്, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മോഹന്‍ദാസ് ഗ്രൂപ്പിന്റേതാണ് സൂര്യ പാരഡൈസ്.


new surya paradise theatre






old look - sakthi theatre

 surya paradise theatre nedumangad, new theatre at nedumangad, nedumangad sakthi theatre renovated, renovated surya paradise thiruvananthapuram

1 comments:

അഫ്സല്‍ said...

ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ നല്ല കൊട്ടകകള്‍ വരട്ടെ..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.