Friday, July 20, 2012

Namukku Parkkan Review: നമുക്ക് പാര്‍ക്കാം, പഴഞ്ചന്‍ വീട്ടില്‍





ശരാശരി മലയാളിയുടെ സ്വപ്നമാണ് സ്വന്തമായി ഒരു വീട്. അജി ജോണ്‍ സംവിധാനം ചെയ്ത 'നമുക്ക് പാര്‍ക്കാനി'ലെ ദമ്പതികളായ വെറ്റിനറി ഡോക്ടര്‍ രാജീവും സ്കൂള്‍ ടീച്ചര്‍ രേണുകയും സ്വപ്നം കാണുന്നതും വാടക വീട്ടില്‍ സ്വന്തംവീട്ടിലേക്ക് മാറുന്ന ദിനമാണ്. എന്നാല്‍, ജീവിതയാഥാര്‍ഥ്യങ്ങളോട് ചേര്‍ന്നുനിര്‍ക്കുന്ന കഥാപരിസരമായിട്ടും കൈകാര്യംചെയ്തതിലെ കൈപ്പിഴകള്‍ കാരണം 'നമുക്ക് പാര്‍ക്കാന്‍' പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ വെറുമൊരു ശരാശരി ചിത്രമാകുന്നു. 


സഹോദരന്‍മാരെല്ലാം നല്ല നിലയിലായിട്ടും ആദ്യമായി കുടുംബത്തില്‍ സര്‍ക്കാര്‍ ശമ്പളം കൊണ്ടുവന്ന രാജീവിന് (അനൂപ് മേനോന്‍) ഇപ്പോഴും വാടകവീടാണഭയം. ഭാര്യ രേണുകയും (മേഘനാ രാജ്) രണ്ടുമക്കളുമുള്ള രാജീവിന്റെ മനസിലുള്ള വീടാകട്ടെ എല്ലാ സൌകര്യങ്ങള്‍ തികഞ്ഞവയുമാണ്. ഇതിനുള്ള പണം തന്റെ സാധാരണ വരുമാനത്തില്‍ നിന്ന് ലഭിക്കാതായതോടെ ഒരവസരത്തില്‍ ജോലിയിലെ അധാര്‍മികതകളില്‍ ഇയാള്‍ വഴിപ്പെടുന്നു. പിന്നീട് വീടുപണിയില്‍ ഉണ്ടാകുന്ന പുരോഗതികളും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില ദുരനുഭവങ്ങളും രാജീവിന്റെ ജീവിതത്തെ കീഴ്മേല്‍ മറിക്കുകയാണ്. ഒടുവില്‍ സ്വപ്നങ്ങളിലെ വീട് അയാള്‍ക്ക് നിര്‍മിക്കാനാവുമോ എന്നാണ് ചിത്രം അന്വേഷിക്കുന്നത്. 


കുടുംബപ്രേക്ഷകരുമായി നന്നായി സംവദിക്കാനാവുമായിരുന്ന വിഷയമാണ് 'നമുക്ക് പാര്‍ക്കാനായി' അജി ജോണിന്റെ കൈയില്‍ കിട്ടിയത്. ഇക്കഥ മോശമല്ലാതെ തിരയിലെത്തിക്കാന്‍ പോന്ന അഭിനേതാക്കളെയും അദ്ദേഹത്തിന് അണിനിരത്താനായി. ചിത്രത്തില്‍ ചില നല്ല മുഹൂര്‍ത്തങ്ങളും പ്രകടനവും കടന്നുവരുന്നുമുണ്ട്. 


എന്നാല്‍ തിരക്കഥയിലെ ദൌര്‍ബല്യങ്ങളും ബാലിശവും സീരിയല്‍ സമാനമായ ചില വൈകാരിക രംഗങ്ങളും ചിത്രത്തിന്റെ അന്തഃസന്ത തകര്‍ക്കുന്നു. രാജീവിന്റെ ജ്യേഷ്ഠന്റെ വീടിന്റെ ഗൃഹപ്രവേശദിവസം നായിക രേണുകക്ക് അവിടെയുണ്ടാകുന്ന ദുരനുഭവങ്ങളും കരച്ചിലും പിഴിച്ചിലും ഒക്കെ ഇതിന് ഉത്തമോദാഹരണങ്ങളാണ്. 


രണ്ടാംപകുതിയില്‍ ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ കര്‍ണാടകയിലുണ്ടാകുന്ന സംഭവങ്ങളും ചിത്രത്തിന്റെ മൊത്തത്തിലുള്ള കഥാവേഗത്തിലും സംഭവഗതിയിലും നിന്ന് വ്യത്യസ്തമായതും കല്ലുകടിയാണ്. 


പ്രകടനത്തില്‍, അനൂപ് മേനോന്‍ നായകനായ രാജീവിനെ കൃത്യമായി സ്ക്രീനിലെത്തിച്ചു. മേഘനയും മോശമായില്ല. ടിനി ടോം, നന്ദു, കവിയൂര്‍ പൊന്നമ്മ, അശോകന്‍ തുടങ്ങിയവരും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലുണ്ട്. അതിഥി വേഷത്തിലുള്ള ജയസൂര്യയുടെ ഗെറ്റപ്പും വ്യത്യസ്തമാണ്.


രതീഷ് വേഗയുടെ ഈണത്തിനൊത്ത് അനൂപ് മേനോന്‍ രചിച്ച ഗാനങ്ങളും അവയുടെ ചിത്രീകരണവും മനോഹരം തന്നെ. 


മറ്റ് സാങ്കേതിക വിഭാഗങ്ങളില്‍ ശരാശരി നിലവാരം പുലര്‍ത്തിയതല്ലാതെ നവസിനിമകളുടെ വ്യത്യസ്തതകളിലേക്ക് കടന്നുവരാന്‍ ചിത്രത്തിന് ഒരുഘട്ടത്തിലുമായിട്ടില്ല.


ചുരുക്കത്തില്‍, അല്‍പം കൂടി ഗൃഹപാഠത്തോടെ സമീപിച്ചിരുന്നെങ്കില്‍ കുടുംബങ്ങളെ കാര്യമായി ആകര്‍ഷിക്കാന്‍ കഴിയുമായിരുന്ന ചിത്രമായിരുന്നു 'നമുക്ക് പാര്‍ക്കാന്‍'. എങ്കിലും ആദ്യചിത്രമായ 'നല്ലവനി'ല്‍ നിന്ന് ഒരുപാട് മുന്നേറാന്‍ സംവിധായകനായി എന്നതാണ് ചിത്രത്തിന്റെ എടുത്തുപറയത്തക്ക നേട്ടം. 


namukku parkkan review, namukku parkkan, anoop menon, ajijohn, meghana raj, anoop menon and meghana raj, tini tom, ratheesh vega, malayalam cinema review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.