Tuesday, July 3, 2012

Spirit Review: മദ്യപാനം, മനംമാറ്റം, പിന്നെ സുവിശേഷം





പക്വതയുള്ള സിനിമകള്‍ രഞ്ജിത്ത് കൈകാര്യം ചെയ്തു തുടങ്ങിയശേഷം മോഹന്‍ലാലുമൊത്ത് ഒന്നിച്ച 'സ്പിരിറ്റ്' പറയുന്ന മദ്യത്തിനെതിരായ സന്ദേശമാണ്. ഒരു മുഴുക്കുടിയനായ കഥാപാത്രം അതില്‍നിന്നുയര്‍ന്ന് സമൂഹത്തോട് പറയുന്ന ചില ഓര്‍മപ്പെടുത്തലുകള്‍. സ്പിരിറ്റ് ആദ്യ പകുതി മദ്യപാനത്തില്‍ ആറാടുന്ന നായകന്റെ ലീലകളാണെങ്കില്‍ പിന്നീട്് മനംമാറി കുടിനിര്‍ത്തിയ അയാളുടെ സുവിശേഷങ്ങളും മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളുമാണ് കാട്ടിത്തരുന്നത്. 


സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ രഘുനന്ദനന്റെ (മോഹന്‍ലാല്‍) ഓരോ പ്രഭാതങ്ങളും ആരംഭിക്കുന്നത് മദ്യപാനത്തിലൂടെയാണ്. തന്റെ പ്രശസ്തമായ ടി.വി ഷോ അവതരിപ്പിക്കുന്നത് പോലും മദ്യപിച്ചാണ്. രഘു ഒരു പ്രതിഭയാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ അയാളെ ഭര്‍ത്താവെന്ന നിലയില്‍ സഹിക്കാന്‍ കഴിയാതെയാണ് മീര (കനിഹ) അയാളെ ഏഴുവര്‍ഷംമുന്‍പ് ഡൈവോഴ്സ് ചെയ്തത്. ഇപ്പോള്‍ രഘുവിന്റെ അടുത്ത സുഹൃത്തുക്കളാണ് മീരയും അവളുടെ പുതിയ ഭര്‍ത്താവ് അലക്സിയും (ശങ്കര്‍ രാമകൃഷ്ണന്‍). മീരക്ക് രഘുവിലുണ്ടായ മകനും അവര്‍ക്കൊപ്പമാണ് കഴിയുന്നത്.


കുടിയില്‍ ആറാടി നിന്ന രഘു ഇടവേളാനന്തരം സഹോദരതുല്യനായ സുഹൃത്തിന്റെ മരണത്തെതുടര്‍ന്ന് മദ്യപാനം ഉപേക്ഷിക്കുന്നു. പിന്നീട് തന്റെ ജീവിതത്തിലെ ഇരുണ്ട മദ്യകാലം കുടിയനായ മണിയന്‍ (നന്ദു) എന്ന പ്ലംബറിലൂടെ കാണുന്നു. മദ്യപാനം മണിയനെ മാനസികമായും കുടുംബപരമായും സാമൂഹികമായും എങ്ങനെയൊക്കെ തകര്‍ക്കുന്നു എന്ന് കണ്ടറിഞ്ഞ രഘു, അയാളിലൂടെ ഒരു നാടിന് മദ്യത്തിനെതിരായ സന്ദേശം നല്‍കാന്‍ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നു...


ഒറ്റവരിയില്‍ പറഞ്ഞാല്‍, മദ്യപാനം ഒരു വ്യക്തിയെയും സമൂഹത്തെയും എങ്ങനെ തകര്‍ക്കുന്നു എന്ന് കുടിയന്‍മാരുടെ നാടായ കേരളത്തിന് കാട്ടിക്കൊടുക്കുന്ന എന്നതാണ് ചിത്രത്തിന്റെ ഉദ്ദേശ്യം. അതിനുള്ള ശ്രമത്തില്‍ 'ഒരു രഞ്ജിത്ത് ചിത്രം' എന്ന കൈയൊപ്പ് പലേടത്തും പതിയുന്നില്ല എന്നതാണ് 'സ്പിരിറ്റി'ന്റെ പരിമിതി. ടി.വി ഷോകളും ക്ലൈമാക്സ് ഒളിക്യാമറാ രംഗങ്ങളും ഒക്കെ ഈ പരിമിതിയുടെ സാക്ഷ്യങ്ങളാണ്. അതുകൊണ്ടുതന്നെ, മോശമാക്കിയില്ലെങ്കിലും അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളായ പ്രാഞ്ചിയേട്ടന്റെയോ ഇന്ത്യന്‍ റുപ്പിയുടേയോ നിരയിലേക്ക് ഉയരാനുമാകുന്നില്ല. 


സുഹൃത്തിന്റെ കുടിച്ചുള്ള മരണം നായകന്റെ കണ്ണ് തുറപ്പിക്കുകയും കുടി നിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍, മരിച്ച സുഹൃത്തിനോട് നായനെപ്പോലെത്തന്നെ അടുപ്പം ഉണ്ടായിരുന്ന മറ്റുള്ളവര്‍ തുടര്‍ന്നും കൂട്ടംകൂടി കുടിച്ച് തന്നെ മരണത്തില്‍ അനുശോചിക്കുന്ന കേരളീയശൈലിയുടെ വിരോധാഭാസവും ചിത്രം കാട്ടിത്തരുന്നു.


മോഹന്‍ലാല്‍ എന്ന നടന്റെ പ്രതിഭയാണ് ചിത്രത്തില്‍ മേല്‍ക്കൈ നേടുന്നത്. മദ്യപാനിയും അല്ലാതെയുമുള്ള ലാലിന്റെ പ്രകടനം ലാലിനുമാത്രം കൈകാര്യം ചെയ്യാവുന്ന വഴക്കത്തിന്റെ ഉദാഹരണമാണ്. എടുത്തുപറയേണ്ടത് നന്ദുവിന്റെ മണിയനെക്കുറിച്ചാണ്. ഒരുപാട് ചിത്രങ്ങളില്‍ വന്നുപോയിരുന്ന ഈ നടന്റെ അഭിനയസാധ്യത തിരിച്ചറിഞ്ഞ ആദ്യവേഷം ഒരുപക്ഷേ ഇതായിരിക്കും. 


കനിഹ നായിക എന്ന നിലയില്‍ മികച്ച സ്ക്രീന്‍ സ്പേസ് നേടിയിട്ടുണ്ടെങ്കിലും അഭിനയപ്രാധാന്യമുള്ളതൊന്നുമല്ല കഥാപാത്രം. ശങ്കര്‍ രാമകൃഷ്ണന്റെ അഭിനയത്തുടക്കം അലക്സിയില്‍ ഭദ്രമാണ്. പൊലീസുകാരിയായി ലെനയുടെ വേഷം ശ്രദ്ധനേടും, എന്നാല്‍ ഡയലോഗ് ഡെലിവറിയില്‍ പൊലീസ് ഗാംഭീര്യം പ്രകടമല്ലെന്നത് പോരായ്മയാണ്. മധുവിന്റെ കഥാപാത്രമായ കര്‍ത്ത അദ്ദേഹത്തിന്റെ സ്ഥിരം വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി. എന്നാല്‍ തിലകനെ ഒന്നും ചെയ്യാനില്ലാത്ത ഒരു വേഷത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു.


റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഷഹബാസ് അമന്റെ ഈണത്തിലുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ഇമ്പമുള്ളതാണ്. ഇന്ത്യന്‍ റുപ്പിയിലെ 'ഈ പുഴയും' എന്ന ഗാനത്തിന്റെ ശൈലിതന്നെ ഇതിലും തുടര്‍ന്നിട്ടുണ്ട്. വേണുവിന്റെ ക്യാമറയും പക്വമായിരുന്നു.


ചുരുക്കത്തില്‍,സ്പിരിറ്റ് രഞ്ജിത്തും മോഹന്‍ലാലും കേരളജനതക്ക് നേര്‍ക്ക് പിടിച്ച ഒരു കണ്ണാടിയാണ്. മദ്യപാനത്തിന്റെ ദൂഷ്യങ്ങള്‍ വിവരിക്കാനും ബോധവല്‍ക്കരിക്കാനുമുള്ള പരിശ്രമം. എന്നാല്‍, കണ്ണാടിയില്‍ തങ്ങളുടെ വികൃതരൂപം കണ്ടെന്നുകരുതി മാത്രം കേരളീയര്‍ മുഖം മിനുക്കാന്‍ തയാറാവുമോ?


spirit review, malayalam movie spirit review, mohanlal in spirit, kaniha, sankar ramakrishnan, ranjith's spirit, thilakan, nandu in spirit, spirit malayalam review, cinemajalakam spirit review, malayalam film news

4 comments:

Sumesh said...

nalloru sandesam. Lalettan kalakki

Anonymous said...

Nalla cinemakal angeekarikkan palarkkum madiyanu. Ennalum prekshakar padam hit akkiyittundu.!

Anonymous said...

madhyapanam engane venamennum engane nirthanamennum spirit kanichu tharunnundu

360kerala said...

കണ്ണാടിയില്‍ തങ്ങളുടെ വികൃതരൂപം കണ്ടെന്നുകരുതി മാത്രം കേരളീയര്‍ മുഖം മിനുക്കാന്‍ തയാറാവുമോ?


w8 n c............
:-)

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.