Wednesday, June 13, 2012

Vaadhyar review: പണിയറിയാത്ത വാദ്ധ്യാര്‍

'വാദ്ധ്യാര്‍' എന്ന പേരില്‍ നിധീഷ് ശക്തി സിനിമ സംവിധാനം ചെയ്തത് അധ്യാപനവൃത്തിയുടെ പാവനത ഓര്‍മിപ്പിക്കാനും മാനേജ്മെന്റ് സ്കൂളുകളുടെ തട്ടിപ്പുകള്‍ തുറന്നുകാട്ടി പൊതു വിദ്യാലയങ്ങളുടെ മഹിമ ഉയര്‍ത്തിപ്പിടിക്കാനുമാണ്. എന്നാല്‍, ടൈറ്റില്‍ ഗ്രാഫിക്സില്‍ മനോഹരമായി ഈ സൂചന നല്‍കുന്നതൊഴിച്ചാല്‍ സിനിമയില്‍ ഇക്കാര്യങ്ങള്‍ ഒരുതരത്തിലും ബോധ്യപ്പെടുത്താന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിയാതെ പോയതോടെ ചിത്രം നനഞ്ഞ പടക്കമായി. 


അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി അച്ഛന്‍ ചെയ്തിരുന്ന അധ്യാപകവൃത്തിയിലേക്ക് ഇറങ്ങിത്തിരിക്കുന്ന യുവാവാണ് അനൂപ് കൃഷ്ണ (ജയസൂര്യ). അധ്യാപകനാകാനുള്ള യോഗ്യത ബി എഡും 10 ലക്ഷം രൂപയും മാത്രമാണെന്ന ബോധത്തില്‍ ഒരു സാധാരണ സ്കൂളില്‍ ജോലിക്കെത്തുന്ന ഇയാള്‍ അവിടെ ഹെഡ്മിസ്ട്രസിനും (മേനക) മറ്റ് അധ്യാപകര്‍ക്കും ഒക്കെ തലവേദനയാവുകയാണ്.


ഒരു സുപ്രഭാതത്തില്‍ അച്ഛന്റെ ശിഷ്യനായിരുന്ന കലക്ടറുടെ ഒരു പ്രസംഗം കേള്‍ക്കുമ്പോള്‍ അനൂപ് നന്നാവുന്നു, പിന്നീട് സ്കൂളിന്റെ ഉന്നതിക്കായി നിര്‍ത്താതെയുള്ള പ്രവര്‍ത്തനങ്ങള്‍...ഒടുവില്‍ തീര്‍ക്കാനായി ഒരു ക്ലൈമാക്സ് വഴിത്തിരിവും ശുഭാന്ത്യവും...


കാലങ്ങളായി പറയുന്ന കഥാതന്തു വീണ്ടും അവതരിപ്പിക്കുമ്പോള്‍ ചെയ്യേണ്ട അടിസ്ഥാന ഗൃഹപാഠമോ പുതുമകളോ ഉള്‍പ്പെടുത്തായില്ല എന്നതാണ് വാദ്ധ്യാരുടെ കുറവ്. അതുംപോകട്ടെ, ഉള്ളത് സ്വാഭ്വാവികതയോടെയോ ഒഴുക്കോടെയോ പറയാനുമായില്ല. തിരക്കഥ ഒരുക്കിയ രാജേഷ് രാഘവനും സംവിധായകന്‍ നിധീഷ് ശക്തിയും ഇക്കാര്യത്തില്‍ ഒരുപോലെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. പണ്ട് 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' , 'വിദ്യാരംഭം' മുതല്‍ അടുത്തിടെ 'മാണിക്യകല്ല്' വരെയുള്ള സ്കൂള്‍ ചിത്രങ്ങള്‍ നല്‍കിയതില്‍ അപ്പുറം ഒന്നും ഈ ചിത്രത്തിലില്ല. നിലവാരത്തില്‍ അവയുടെ ഏഴയലത്ത് എത്തുന്നുമില്ല.


അഭിനേതാക്കളില്‍, ജയസൂര്യ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും പുതുതായി ഒന്നും ചെയ്യാനില്ല. നായിക ആന്‍ അഗസ്റ്റിന്‍ ഇടക്കൊക്കെ ഫ്രെയിമില്‍ വന്നുപോകും, ഒന്നോ രണ്ടോ ഡയലോഗുമുണ്ട്. മേനകയുടെ തിരിച്ചുവരവും ഗംഭീരമാക്കാന്‍ പോന്ന ചിത്രമായിരുന്നില്ല ഇത്. 


ആര്‍. ഗൌതം ഒരുക്കിയ ഗാനങ്ങള്‍ ഒന്നും ഇമ്പമുള്ളതില്ല, ഉള്ളത് ചിത്രത്തിന്റെ വേഗതയെ ബാധിക്കുന്നതുമാണ്. എടുത്തുപറയാന്‍ മറ്റ് ശ്രദ്ധേയ ഘടകങ്ങളും ഓര്‍മയിലില്ല.


ചുരുക്കത്തില്‍, കണ്ടിരിക്കാന്‍ ഒരു മികവുമില്ലാതെ തട്ടിക്കൂട്ടിയ 'വാദ്ധ്യാര്‍' എല്ലാ അര്‍ഥത്തിലും അസഹ്യം തന്നെ.
vaadhyar review, vadhyar review, malayalam movie vaadhyar review, jayasurya, nidheesh sakthi, ann augustine, rajesh raghavan, malayalam cinema news, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.