Tuesday, June 12, 2012

നാഗമാണിക്യം ആദ്യപ്രദര്‍ശനം ശ്രദ്ധേയമായി





പാമ്പ്പിടുത്തക്കാരന്‍ വാവസുരേഷിനെ കുറിച്ച് പത്രപ്രവര്‍ത്തകനും ഷോര്‍ട്ട്ഫിലിം സംവിധായകനുമായ ഭരതന്നൂര്‍ഷമീര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം നാഗമാണിക്യം ആദ്യപ്രദര്‍ശനം നടത്തി. തന്നെക്കുറിച്ചുള്ള  ഹ്രസ്വചിത്രം കണ്ട് വാവ കരഞ്ഞ് തുടങ്ങിയത് കാണികളെ സങ്കടത്തിലാഴ്ത്തി.


 ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍നിന്ന് കുടുംബത്തിന്റെ ദാരിദ്യ്രവും വിഷമതകളും മറന്ന് പ്രാണന്‍ പണയം വെച്ച് നാഗത്താന്‍മാരുടെയും നാട്ടുകാരുടെയും രക്ഷയ്ക്കായി ഓടിനടക്കുന്ന അയാള്‍ ചിത്രത്തിലെ സ്വജീവിതം കല്‍പ്പോള്‍  വിതുമ്പിക്കരയുകയായിരുന്നു. നാടൊട്ടുക്ക് ഓടി നടന്ന് പാമ്പുകളെ  പിടികൂടി,കാട്ടിലേക്ക് അയക്കുന്ന വാവയുടെ ജീവിതം ചിത്രത്തില്‍ കാണുന്നവരും സങ്കടപ്പെടും. അയ്യാള്‍ക്ക് സമ്പാദ്യങ്ങളില്ല. ഉള്ളതാകട്ടെ വീട്ടുകാര്‍ക്കൊപ്പം കുറെ പാമ്പുകളും.  പിടികൂടി കൊണ്ട് വരുന്ന പാമ്പുകളാണവ. കുറെ ദിവസം അവ വാവക്കൊപ്പമുണ്ടാകും. അത് കഴിഞ്ഞാല്‍ അവയെ അയ്യാള്‍ വനപാലകര്‍ക്കൊപ്പം കാട്ടില്‍ കൊണ്ടുപോയി വിടും. 


ഈ പാമ്പ് പിടുത്തനിടയില്‍ അയ്യാള്‍ക്ക് എത്രയോ തവണ കടിയേറ്റു. മരണം കൊണ്ടുപോകുമെന്ന് ഡോക്ടര്‍മാര്‍വരെ ഉറപ്പിച്ചു. പക്ഷെ മടങ്ങി വന്നു പലതവണ. അയാള്‍ ഓരോ തവണയും കാത്തിരിക്കുന്നു. പാമ്പ്പിടിക്കാനുള്ള ഫോണ്‍കോളുകള്‍ക്കായി. 


'നാഗമാണിക്യം' കഥാചിത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്.  ഒരുപള്ളിക്കൂടത്തില്‍ നടക്കുന്ന സാഹിത്യ ശില്‍പശാലക്കിടെ കവി കുരീപ്പുഴശ്രീകുമാര്‍ കവിത ചൊല്ലാന്‍ എത്തുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ഇതിനിടയില്‍ പള്ളിക്കൂടത്തില്‍ കാണപ്പെടുന്ന ഒരു പാമ്പിനെ കുട്ടികള്‍ ചേര്‍ന്ന് തല്ലിക്കൊല്ലാന്‍ തുടങ്ങുമ്പോള്‍ കവി അത് തടയുകയും പാമ്പിനെ പിടികൂടാന്‍ വാവസുരേഷിനെ വിളിച്ച് വരുത്തുകയും ചെയ്യുന്നു. 


കുട്ടികള്‍ക്കാകട്ടെ അതൊരു പുതിയ അനുഭവമാണ്. പാമ്പിനെ കല്‍ാല്‍ കൊല്ലണം എന്ന് പഠിച്ചിരുന്ന കുട്ടികളോട് വാവ സുരേഷ് വന്ന് പറയുന്നത് പാമ്പിനെ മാത്രമല്ല ഒരു ജീവജാലത്തെയും കൊല്ലരുതെന്നാണ്. പാമ്പിനെ പിടികൂടിയ വാവ തുടര്‍ന്ന് കുട്ടികളോട് അതൊരു സാധുജീവിയാണെന്ന് മനസിലാക്കി കൊടുക്കുന്നു. തുടര്‍ന്ന് കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുന്ന വാവ കുട്ടികളെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.  കുറെ ദിവസങ്ങള്‍ക്ക്ശേഷം വാവയുടെ വീട്ടില്‍ കുട്ടികളെത്തുകയും പാമ്പുകളെ കുറിച്ചുള്ള അന്ധ വിശ്വാസങ്ങള്‍ വാവ സുരേഷ് അകറ്റികൊടുക്കുകയും ചെയ്യുന്നു. 
ഒടുവില്‍ നാഗമാണിക്യം എന്താണെന്ന് സംശയം ചോദിക്കുന്ന കുട്ടിയോട് കവി കുരീപ്പുഴശ്രീകുമാര്‍ പറയുന്നത് നാഗമാണിക്ക്യം വാവസുരേഷ് തന്നെയാണെന്നിടത്ത് ചിത്രം അവസാനിക്കുന്നു. 


തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന പ്രദര്‍ശന ചടങ്ങില്‍ പ്രസ്ക്ലബ് സെക്രട്ടറി ജി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പ്രദീപ്പിള്ള സ്വാഗതം പറഞ്ഞു.  മാധ്യമം സബ്എഡിറ്റര്‍ ഭരതന്നൂര്‍ ഷമീര്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ഷോര്‍ട്ട്ഫിലിമാണിത്. പ്രവാസി മലയാളിയായ ടി. എം.എ ഹമീദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.വാവസുരേഷ് എന്ന വ്യക്തി തന്നെ അത്ഭുതപ്പെടുത്തിയത് കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായതെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ കാമറമാന്‍ സുനില്‍കൈമനമാണ്. എഡിറ്റര്‍ വിജില്‍ കോട്ടയം. സംഗീതം എബി.




nagamanikyam, shortfilm nagamanikyam, vava suresh, bharathannoor shameer

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.