Saturday, June 9, 2012

IDSFFK 2012:ഡോക്യുമെന്ററി ഹ്രസ്വചിത്രമേളക്ക് തുടക്കമായി

അഞ്ചാമത്  അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. വഴുതക്കാട് കലാഭവന്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ വിഖ്യാത ചലച്ചിത്രകാരന്‍ ഗൌതം ഘോഷ് ഉദ്ഘാടനം ചെയ്തു. 


ഡിജിറ്റല്‍ വിപ്ലവം ലോകത്താകമാനം നല്ല ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും പിറവിക്കു കാരണമാകുന്നുവെങ്കിലും നമുക്ക് അവ കാണാനുള്ള ഭാഗ്യമുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അനേകം ചാനലുകളുണ്ടെങ്കിലും നല്ല ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാത്തത് ലജ്ജാവഹമാണ്. സമയത്തിലും കാലത്തിലും നടത്തുന്ന മികച്ച പരീക്ഷണങ്ങളാണ് നല്ല  സിനിമകളും ഡോക്യുമെന്ററികളുമാകുന്നത്. പ്രദര്‍ശനത്തിലും വിപണനത്തിലും വാണിജ്യസിനിമകള്‍ക്കുള്ള ബാധ്യതകള്‍ ഡോക്യുമെന്ററികളുടെ കാര്യത്തില്‍ ഇല്ലെന്നും അവ കൂടുതല്‍  സ്വതന്ത്രമാണെന്നും  ഗൌതം ഘോഷ് പറഞ്ഞു


സമൂഹത്തിലെ പ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമമാണ് ഡോക്യുമെന്ററിയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.  ഫെസ്റ്റിവല്‍ ബുക്ക് സംവിധായകന്‍ ഷാജി എന്‍.കരുണ്‍  ടി.കെ.രാജീവ്കുമാറിന് നല്‍കി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ കള്‍ച്ചറല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജി.സുരേഷ്കുമാര്‍ ബള്‍ഗേറിയന്‍ സംവിധായിക അഡേല പീവയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.


ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, സെക്രട്ടറി കെ.മനോജ്കുമാര്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പോള്‍, സി.ഡിറ്റ് ഡയറക്ടര്‍ ബാബു ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


പട്ടം പറത്തുന്ന പെണ്‍കുട്ടി ഇന്ന് കലാഭവനില്‍
ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അകാലത്തില്‍ അന്തരിച്ച അനുഗൃഹീത ചിത്രകാരി ടി.കെ.പത്മിനിയെക്കുറിച്ച് തയ്യാറാക്കിയ പട്ടം പറത്തുന്ന പെണ്‍കുട്ടി ( ഗേള്‍ വിത്ത് ദ കൈറ്റ്) ശനിയാഴ്ച കലാഭവനില്‍ പ്രദര്‍ശിപ്പിക്കും. ചിത്രകലയില്‍ തന്റേതായ ഇടം തേടിയ ചിത്രകാരിയെക്കുറിച്ച് ആദ്യമായി നിര്‍മിക്കപ്പെട്ട ഡോക്യുമെന്ററിയാണിത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച് വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് 30 മിനുട്ട് ദൈര്‍ഘ്യമുണ്ട്.
റിച്ചാര്‍ഡ് ലീകോക്ക് ഹോമേജ് വിഭാഗത്തില്‍ നെഹ്റുവിനെക്കുറിച്ചുള്ള ചിത്രവും
അന്താരാഷ്ട്ര ഡോക്യുമെന്ററി , ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രശസ്ത ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രകാരന്‍ റിച്ചാര്‍ഡ് ലീകോക്കിന്റെ 12 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 1961 ല്‍ നിര്‍മിച്ച ജവഹര്‍ലാല്‍ നെഹ്റു പങ്കെടുത്ത അവസാന തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച ഡോക്യുമെന്ററിയും ഇതില്‍ ഉള്‍പ്പെടും. 10ന് രാത്രി 8.30ന് ട്രാന്‍സ് ടവര്‍ ഹാളില്‍ 'നെഹ്റു' പ്രദര്‍ശിപ്പിക്കും.


ചെലവ് കുറഞ്ഞ ചലച്ചിത്രനിര്‍മാണത്തിന്റെ പ്രചാരകനായ ലീകോക്കിന്റെ ആദ്യകാല ഹ്രസ്വചിത്രങ്ങളായ കാനറി ബനാനാസ്, റ്റോബി ആന്റ് ദി റ്റോള്‍ കോണ്‍, ഹാപ്പി മദേഴ്സ് ഡേ,ചീഫ്സ് എന്നിവയും പ്രദര്‍ശിപ്പിക്കും. ലീക്കോക്കിന്റെ ജീവചരിത്രം പ്രതിപാദിക്കുന്ന, ജയിന്‍ വീനര്‍ സംവിധാനം ചെയ്ത, ഓണ്‍ ബീയിങ് ദെയര്‍ വിത്ത് റിച്ചാര്‍ഡ് ലീകോക്ക് എന്ന ചിത്രവും സ്മൃതി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 


ജാസ് ഡാന്‍സ്, എ മ്യൂസിക്കല്‍ അഡ്വഞ്ചര്‍ ഇന്‍ സൈബീരിയ, പ്രൈമറി, ദി ചില്‍ഡ്രന്‍ വേര്‍ വാച്ചിങ്, ദി ചെയര്‍,എന്നിവയാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന  ലീകോക്ക് ചിത്രങ്ങള്‍. 


idsffk2012, short film fest trivandrum, chalachitra academy, gautham ghosh

1 comments:

Anonymous said...

kaanan kazhinjilla. nalla cinemakal varatte

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.