Friday, May 18, 2012

കൂടുതല്‍ തീയറ്ററുകള്‍ക്ക് റിലീസിംഗിന് അനുമതി





റിലീസിങ് തിയറ്ററുകളായി ഒമ്പത് തിയറ്ററുകളെകൂടി ഉയര്‍ത്താന്‍ വ്യാഴാഴ്ച എറണാകുളത്ത് നടന്ന സിനിമാ സംഘടനകളുടെ യോഗത്തില്‍ തീരുമാനം. 


 തിരുവനന്തപുരം ജില്ലയിലെ വെട്ടുറോഡ് ഹരിശ്രീ, കഴക്കൂട്ടം കൃഷ്ണ, കഠിനംകുളം കാര്‍ത്തിക, വീ ട്രാക്സ്, കൊല്ലം ജില്ലയിലെ ഓയൂര്‍ എന്‍.വി.പി, പത്തനംതിട്ടയിലെ തിരുവല്ല ചിലങ്ക, എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം വി സിനിമ, വടക്കാഞ്ചേരി താളം, ന്യൂരാഗം എന്നീ തിയറ്ററുകളാണ് റിലീസിങ് കേന്ദ്രങ്ങളാകുന്നത്. 


ഇതില്‍ താളം, ന്യൂരാഗം, ഹരിശ്രീ, കാര്‍ത്തിക, വീ ട്രാക്സ്, കൃഷ്ണ എന്നിവക്ക് എല്ലാ സമയത്തും റിലീസിങിനും ചിലങ്ക, എന്‍.വി.പി, വി സിനിമാ എന്നിവക്ക് ഉല്‍സവകാലങ്ങളില്‍ മാത്രം റിലീസിംഗിനുമാണ് അനുമതി നല്‍കിയത്. കൃഷ്ണയിലും വീ ട്രാക്സിലും ഇപ്പോള്‍തന്നെ റിലീസിംഗ് നടക്കുന്നുണ്ടായിരുന്നു. 


സര്‍ക്കാറിന്റെ ക്ലാസിഫിക്കേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിലീസിംഗിന് യോഗ്യമെന്ന് കണ്ടെത്തിയ 55 തീയറ്ററുകളില്‍ നിന്നാണ് ഇവയെ തെരഞ്ഞെടുത്തത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ശുപാര്‍ശപരിഗണിച്ചാണ് പുതുതായി റിലീസിംഗ് അനുമതി നല്‍കിയതെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സാഗാ അപ്പച്ചന്‍ അറിയിച്ചു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനെയാണ് വൈഡ് റിലീസിങ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. 


റിലീസിങ് അനുമതി നല്‍കിയതിനൊപ്പം വൈഡ് റിലീസിങ് നടപ്പാക്കുന്നതുമായി സംബന്ധിച്ച പുതിയ കരാറുമായിട്ടുണ്ട്.  മൂന്നുവര്‍ഷത്തേക്കാണ് കാലാവധി.  ഇക്കാലത്തിനിടെ ഇനി പുതിയ റിലീസിംഗ് തീയറ്ററുകള്‍ അനുവദിക്കേണ്ടെന്ന് കരാര്‍ പറയുന്നു. എന്നിരുന്നാലും എല്ലാ സജ്ജീകരണവും യോഗ്യതയുമുള്ള തീയറ്ററാണെങ്കില്‍ ഉഭയകക്ഷി സമ്മതവും തീരുമാനവുമനുസരിച്ച്  റിലീസിംഗ് നല്‍കുന്നത് പരിഗണിക്കാമെന്നും കരാര്‍ ചൂണ്ടിക്കാട്ടുന്നു.


അഞ്ചു തീയറ്ററുകള്‍ക്ക് മാത്രം റിലീസിംഗ് അനുവദിച്ച് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വൈഡ് റിലീസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്നാരോപിച്ച് ഇന്നുമുതല്‍ ബി ക്ലാസ് റിലീസ് കേന്ദ്രങ്ങളുടെ സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു. എ.സി, ഡി.ടി.എസ് ഉള്‍പ്പെടെ സൌകര്യമുള്ള എല്ലാ തീയറ്ററുകളിലും റിലീസ് അനുവദിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഇടപെടല്‍ മൂലമാണ് വൈഡ് റിലീസ് പദ്ധതി അട്ടിമറിക്കപ്പെട്ടതെന്നും അസോസിയേകന്‍ കുറ്റപ്പെടുത്തുന്നു. 




wide release, release alloted in more theatres in kerala, film exhibitors federation, film exhibitors association, theatres in kerala, wide release problem in kerala, malayalam cinema news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.