Sunday, May 6, 2012

Mallusingh Review: കണ്ടിരിക്കാം മല്ലുസിംഗിനെ

പോക്കിരിരാജക്കും സീനിയേഴ്സിനും ശേഷം വൈശാഖ് ഒരുക്കിയ 'മല്ലുംസിംഗ്' കാലങ്ങളായി നല്‍കുന്ന മാസ് എന്റര്‍ടെയ്നര്‍ ഗണത്തിലെ ചേരുവകളുടെ ആവര്‍ത്തനമാണ്. പശ്ചാത്തലം പഞ്ചാബിലാണ് എന്നത് മാത്രമാണ് പുതുമയെങ്കിലും ചടുലമായ കഥ പറച്ചില്‍ കാരണം കണ്ടിരിക്കാം. 


ഏഴുവര്‍ഷം മുമ്പ് നാടുവിട്ടുപോയ അമ്മാവന്റെ മകന്‍ ഹരിയെ (ഉണ്ണി മുകുന്ദന്‍) തേടി അനി (കുഞ്ചാക്കോ ബോബന്‍) പഞ്ചാബിലെ പട്യാലയില്‍ എത്തുകയാണ്. ഒരു ടി.വി പരിപാടിയില്‍ പട്യാലയിലെ മല്ലുസ്ട്രീറ്റ് കാണിക്കുമ്പോള്‍ കണ്ട ഹരീന്ദര്‍ സിംഗ് എന്ന യുവാവിന് ഹരിയുമായുള്ള അസാമാന്യ സാമ്യമാണ് സത്യം തേടി അനിയെ അവിടെയെത്തിക്കുന്നത്. 


ഹരിയെ കണ്ടുപിടിക്കാന്‍ അനി ഇറങ്ങിത്തിരിക്കുന്നതിനും കാരണങ്ങളുണ്ട്. സഹോദരി അശ്വതി (സംവൃത) ഹരിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്. മാത്രമല്ല, മൂന്നുമാസത്തിനുള്ളില്‍ ഹരിയെ എത്തിച്ചില്ലെങ്കില്‍ അയാളുടെ പേരിലുള്ള വന്‍ സ്വത്തുക്കള്‍ അന്യാധീനപ്പെടുകയും ചെയ്യും. 


പട്യാലയിലെത്തിയ അനി അവിടെ പപ്പന്‍ (മനോജ് കെ. ജയന്‍), കാര്‍ത്തികേയന്‍ (ബിജു മേനോന്‍) എന്നിവരുടെ സഹായത്തോടെ ഹരീന്ദര്‍ സിംഗ് തന്നെയാണോ ഹരി എന്നറിയാനുള്ള ശ്രമമാണ്. ഇതിനായുള്ള നീക്കങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ രണ്ടാം പകുതി. 


മേല്‍പ്പറഞ്ഞ കഥയും അതിനൊത്ത ഒരു ക്ലൈമാക്സുമായി നേര്‍രേഖയില്‍ നീങ്ങുന്ന ചിത്രത്തിന് കാര്യമായ വഴിത്തിരിവുകളോ ഞെട്ടിക്കലുകളോ ഇല്ലെന്നത് പ്രധാന പ്രശ്നമാണ്. സംവിധായകന്‍ വൈശാഖ് ശ്രദ്ധിച്ചിരിക്കുന്നത് പതിവ് 'മെയ്ഡ് ഇന്‍ പൊള്ളാച്ചി' എന്റര്‍ടെയ്നറുകള്‍ പോലെ വര്‍ണാഭമായ ഗാനങ്ങള്‍, ഇതിനായി ഫ്ളൂറസെന്റ് നിറങ്ങളിലെ വേഷവിധാനം, കുറച്ച് സംഘട്ടനരംഗങ്ങള്‍, കണ്ണിനും കാതിനും വിശ്രമം നല്‍കാത്ത ക്യാമറാ-ശബ്ദ വിന്യാസങ്ങള്‍ തുടങ്ങിയവയില്‍ മാത്രമാണ്. എങ്കിലും ഒരു ഘട്ടത്തിലും ചിത്രം ഇഴയാതെ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മഹേഷ് നാരായണന്റെ എഡിറ്റിംഗും ഇതിന് സഹായമായിട്ടുണ്ട്.


സേതുവിന്റെ കഥയിലും തിരക്കഥയിലും കാര്യമായി ഒന്നുമില്ലെങ്കിലും കൂടുതല്‍ ആസ്വാദ്യമാക്കാമായിരുന്ന ഘടകങ്ങള്‍ അനവധിയാണ്. ഇത്തരം ചിത്രങ്ങളുടെ പൊതു ഘടകമായ യുക്തിയില്ലായ്മ പലേടത്തും മുഴച്ചുനില്‍ക്കുന്നുമുണ്ട്.


ദ്വയാര്‍ഥപ്രയോഗങ്ങള്‍ ഒഴിവാക്കിയ സംഭാഷണങ്ങളാണെന്നത് അഭിനന്ദനാര്‍ഹമാണെങ്കിലും, നല്ല തമാശയുടെ കുറവ് ചിത്രത്തിലുടനീളമുണ്ട്. 


മമ്മൂട്ടിയുടെ 'ഹിറ്റ്ലര്‍ മാധവന്‍കുട്ടി'യുടേയും 'പഞ്ചാബിഹൌസി'ലെ ലാലിന്റെ കഥാപാത്രത്തിന്റെയും ഓര്‍മകള്‍ ഉണര്‍ത്തുന്ന വേഷമാണ് മല്ലുസ്ട്രീറ്റിലെ ഹരീന്ദര്‍ സിംഗെന്ന നായകന്.  പെങ്ങന്‍മാരെ നോക്കുന്നവരെ ഇടിച്ചുപരത്തുന്ന നായകന്‍ ഹിറ്റ്ലറിന്റെ തനിപ്പകര്‍പ്പ് തന്നെ. 


രണ്ടു ഗെറ്റപ്പിലെത്തുന്ന ടൈറ്റില്‍ റോള്‍ ഉണ്ണി മുകുന്ദന് നല്ലൊരു ബ്രേക്ക് നല്‍കാനിടയുണ്ട്. രൂപം കൊണ്ടും ലുക്ക് കൊണ്ടും ആക്ഷന്‍ രംഗങ്ങളിലും ഉണ്ണി മുന്നേറിയിട്ടുണ്ട്. എന്നാല്‍ മുഖത്ത് ഭാവങ്ങള്‍ വിരിഞ്ഞുകാണാന്‍ പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. 


നായകവേഷം ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ സ്വന്തം ശബ്ദത്തില്‍ വ്യക്തിത്വം നേടിയെടുക്കാന്‍ ഉണ്ണിക്ക് ശ്രമിക്കായിരുന്നു. ഒരു എഫ്.എം റേഡിയോ ജോക്കിയുടെ ശബ്ദവും കടം വാങ്ങി എത്രനാള്‍ മുന്നോട്ടു പോകാനാവും?


കുഞ്ചാക്കോ ബോബന്‍ തുടക്കത്തില്‍ ചില തമാശ നമ്പറുകള്‍ ചളമാക്കുന്നുണ്ടെങ്കിലും മൊത്തത്തില്‍ മോശമല്ല. ബിജു മേനോന്‍, മനോജ് കെ. ജയര്‍ എന്നിവര്‍ നര്‍മവുമായുണ്ടെങ്കിലും 'സീനിയേഴ്സി'ലെ പോലെ തിളങ്ങാന്‍ അവസരം കിട്ടുന്നില്ല. സുരാജ് വെഞ്ഞാറമൂടിന്റെ വേഷവും ചലനമുണ്ടാക്കുന്നില്ല. 


ചിത്രത്തിന് നിറം പകരാന്‍ നായികമാര്‍ അനവധിയുണ്ടെങ്കിലും പ്രാധാന്യമുള്ളത് സംവൃതക്ക് മാത്രമാണ്. രൂപമഞ്ജരിയുടെ വേഷവും ശ്രദ്ധിക്കപ്പെടും. അതിഥിവേഷത്തില്‍ എത്തിയ ആസിഫ് അലി അല്‍പം ഓവറാക്കുന്നുണ്ട്. 


എം. ജയചന്ദ്രന്റെ ഈണത്തിലൊരുക്കിയ ഗാനങ്ങള്‍ മോശമല്ല. ഗാനചിത്രീകരണങ്ങളും വര്‍ണാഭമാണ്. ഷാജിയുടെ ക്യാമറ പഞ്ചാബിന്റെ സൌന്ദര്യം ചോരാതെ പകര്‍ത്തുന്നുണ്ട്. സ്പീക്കറുകള്‍ക്ക് വിശ്രമം കൊടുക്കാത്ത രീതിയില്‍ ഗോപീസുന്ദര്‍ ഒരുക്കിയ പശ്ചാത്തലസംഗീതവുമുണ്ട് ആദ്യാവസാനം.


ചുരുക്കത്തില്‍, പട്യാലയില്‍ പിറന്നൊരു പൊള്ളാച്ചിപ്പടം എന്ന വിശേഷണമാകും ചിത്രത്തിന് ചേരുക. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് പൂര്‍ണമായി ഉയരുന്നില്ലെങ്കിലും വൈശാഖ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അവധിക്കാല മാസ് എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ കണ്ടിരിക്കാവുന്നതേയുള്ളു ഈ മല്ലുസിംഗിനെ.


mallusingh review, malayalam movie mallusingh, mallusingh, unni mukundan as mallusingh, samvritha sunil, roopa manjari, vaishakh, sethu, anto joseph, malayalam cinema review

4 comments:

noufal said...

this review is also a chali...
dont publish this kind of maha chalisssss..........

Prakash J said...

mallusingh is just an average movie.

Anonymous said...

As a new comer in the industry Unni Mukundan has done a fabulous job by capturing the audience attention.His dance moves and action scenes are neat and we are well assured that he can do wonderful performance in his future work.He has already proved his acting skills in Bombay March 12 and to an extent in this movie also.

Anonymous said...

yes. unni has done justice to his role completely.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.