Thursday, May 31, 2012

Manjadikuru Review: നെഞ്ചോടു ചേര്‍ക്കാനൊരു ഒരു മഞ്ചാടി


കാലം കടന്നുപോകും, ബാക്കിയാകുന്നത് മറക്കാനാകാത്ത കുറെ ഓര്‍മകള്‍മാത്രം. ആ ഗൃഹാതുരതകളിലേക്കാണ് അഞ്ജലി മേനോന്റെ 'മഞ്ചാടിക്കുരു' ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നത്. 


മഞ്ചാടിക്കുരുപോലെ സൌന്ദര്യം തുളുമ്പുന്ന കുഞ്ഞുചിത്രം, പെറുക്കിയെടുക്കുന്നത് ഒരായിരം കഥകളാണ്. കളങ്കമില്ലാത്ത സ്നേഹം പങ്കുവെക്കുന്ന ബാല്യങ്ങളുടെ കഥ, ആധുനിക ജീവിതത്തില്‍ അന്യമാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ, സ്വാര്‍ഥതാല്‍പര്യങ്ങളില്‍ സ്വയം മറന്ന് അഭിനയിക്കാനുള്ള പച്ചയായ മനുഷ്യന്റെ കഥ. ഇതിനെല്ലാം അപ്പുറം ഗൃഹാതുരത്വം തുളുമ്പുന്ന നൂറ് നൂറ് ഓര്‍മകളും.


വിക്കി (മാസ്റ്റര്‍ സിദ്ധാര്‍ഥ്) എന്ന 10 വയസ്സുകാരനിലൂടെ കഥ പറഞ്ഞുതുടങ്ങുന്ന ചിത്രം ചെന്നെത്തുന്നത് 1980 കളിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഒരു തറവാട്ടിലേക്കാണ്. അവന്റെ മുത്തച്ഛന്റെ മരണവും ശേഷമുള്ള വീട് ഭാഗം വയ്ക്കലുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എങ്കിലും വിക്കിയും സമയ പ്രായത്തിലുള്ള ബന്ധുക്കളായ കണ്ണനും മണിക്കുട്ടിയും (റിജോഷ്, ആരതി) പിന്നെ വീട്ടു ജോലി ചെയ്യുന്ന റോജ (വൈജയന്തി) യും തമ്മിലുള്ള സൌഹൃദത്തിന്റെ വളര്‍ച്ചയും ഈ ചിത്രം വരച്ചിടുന്നു.


മുത്തച്ഛന്റെ മരണശേഷമുള്ള നാട്ടിലെ 16 ദിവസം കൊണ്ട് വിക്കി പഠിച്ചത് ദുബൈയിലെ ശീതീകരിച്ച ക്ലാസുമുറികയില്‍ കിട്ടാത്ത പ്രായോഗിക ജീവിതത്തിന്റെ മഹത്തായ പാഠങ്ങളായിരുന്നു. 16 ദിവസം കൊണ്ട് കുടുംബത്തിലെ കണ്ണീരും കിനാക്കളുമൊക്കെ ചിത്രം കാണിച്ചുതരുന്നു. ഏതൊരു കുടുംബത്തെയും പോലെ അസ്വാരസ്യങ്ങള്‍ അവിടെയും കാണാം. എങ്കിലും രക്ത ബന്ധത്തിന്റെ വിളക്കി ചേര്‍ക്കുന്ന ദൃശ്യങ്ങളും അന്യമല്ല.


മാറ്റുക്കുട്ടാന്‍ ഒരുപാട് കഥാപാത്രങ്ങളുണ്ട് ഈ ചിത്രത്തില്‍. അവരെല്ലാം മലയാളത്തിലെ പ്രമുഖ നടീനടന്‍മാരും. എന്നാല്‍ വേഷം ചെറുതായാലും വലുതായാലും കഥാപാത്രത്തില്‍ നിന്ന് ഒരല്‍പം പോലും അവര്‍ പുറത്തുപോകുന്നില്ല. അതാണ് 'മഞ്ചാടിക്കുരു'വിനെ ഒരു താരചിത്രമല്ലാതെ സംവിധായികയുടെ കൈപിടിയില്‍ നില്‍ക്കുന്ന ചിത്രമാക്കുന്നത്.


ഇതില്‍ത്തന്നെ, മുരളി, തിലകന്‍, ജഗതി ശ്രീകുമാര്‍, ഉര്‍വശി തുടങ്ങിയവരുടെ സ്വാഭാവികത കൈവിടാത്ത പ്രകടനം ചിത്രത്തിന്റെ അഴക് കൂട്ടുന്നു. കവിയൂര്‍ പൊന്നമ്മ, പ്രവീണ, സാഗര്‍ ഷിയാസ്, സിന്ധു മേനോന്‍, റഹ്മാന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും കഥാപാത്രങ്ങള്‍ക്കിണങ്ങുന്നവരായി. 


അഭിനയിക്കുകയല്ല, നിഷ്കളങ്കമായി ജീവിക്കുക തന്നെയായിരുന്നു ചിത്രത്തിലെ ബാലതാരങ്ങളെന്നതും എടുത്തുപറയേണ്ടതാണ്.


വലിയ വിക്കിയായി പ്രിഥ്വിരാജും നന്നായി. പൃഥ്വിയുടെ ശബ്ദത്തില്‍ വിക്കിയുടെ പശ്ചാത്തലവിവരണത്തിലൂടെയുള്ള കഥപറച്ചിലും ആകര്‍ഷകമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം റോജയായി പത്മപ്രിയയും വിക്കിയായി പൃഥിരാജും ചിത്രത്തിന്റെ അവസാന നിമിഷത്തില്‍ അരങ്ങിലെത്തുന്നു. 


തിന്മക്ക് മേല്‍ നന്മ വിജയം തേടുന്നു എന്നതാണ് ഏത് ചിത്രത്തിന്റെയും കാതല്‍. അത് തന്നെ മഞ്ചാടിക്കുരുവിലും കാണാം. നല്ല മഞ്ചാടികള്‍ പെറുക്കിയെടുക്കാനായിരിക്കും എല്ലാവരും ഇഷ്ടപ്പെടുക. ചെളി പുരണ്ട് ആര്‍ക്കുംവേണ്ടാത്ത മഞ്ചാടിക്കുരുവിനെ പറ്റി നാം ചിന്തിക്കാറില്ല. എന്നാല്‍  ഭാഗ്യം ഒടുവില്‍ അവയെ തേടിയാണെത്തുകയെന്ന് 'മഞ്ചാടിക്കുരു' പറഞ്ഞുവെക്കുന്നു.


കേരളത്തിലെ ഗ്രാമീണഭംഗിയുടെ കാണാക്കാഴ്ചകളാണ് വിദേശിയായ പെട്രോ സ്യൂര്‍ക്കറുടെ ക്യാമറ പകര്‍ത്തുന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ശബ്ദവിദ്യാസവും വ്യത്യസ്തത പകരുന്നുമുണ്ട്. കാവാലം നാരായണപ്പണിക്കരുടെ നാടന്‍ശീലുകളും രമേശ് നാരായണന്റെ സംഗീതവും ഇമ്പമുള്ളതാണ്. എന്നാല്‍, ചിത്രത്തിന്റെ ഗതിയില്‍ ഗാനങ്ങള്‍ നിര്‍ബന്ധമല്ലായിരുന്നു. ഒഴുക്കോടെയുള്ള കഥപറച്ചിലിന് കോട്ടമുണ്ടാക്കാത്ത എഡിറ്റിംഗായിരുന്നു ബി. ലെനിന്റേത്.


ഗ്രാമീണ ജീവിതത്തിന്റെയും നിഷ്കളങ്കതയുടേയും സ്നേഹത്തിന്റെയും വിരഹത്തിന്‍െയും ഗൃഹാതുരതയുടേയും എല്ലാവരും ആഗ്രഹിക്കുന്ന മുഹുര്‍ത്തങ്ങളാണ് ചിത്രം നല്‍കുന്നത്. ഒരു തരത്തില്‍ നമുക്ക് നഷ്ടമായ നമ്മുടെ ഇന്നലെകളിലേക്കൊരു മടങ്ങിപ്പോക്ക്. 


ജാഡകളില്ലാത്ത പുതുവഴി തെരഞ്ഞെടുക്കാനായതും അത് ഉദേശ്യശുദ്ധി നഷ്ടമാവാതെ അവതരിപ്പിക്കാനായതുമാണ് അഞ്ജലി മേനോന്‍ എന്ന സംവിധായികയുടെ മികവ്. സിനിമാ ഗിമ്മിക്കുകളുടെ മലവെള്ളപ്പാച്ചിലിനിടയില്‍ ഒരല്‍പം ശുദ്ധവായു പോലെ.


ഒരര്‍ഥത്തില്‍, 'മഞ്ചാടിക്കുരു' ഒരു തിരിഞ്ഞുനോട്ടമാണ്, മലയാളികള്‍ ഇനി തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാനാവാത്ത നിര്‍മലമായ കുട്ടിക്കാലത്തേക്കൊരു നോട്ടം. അതുകൊണ്ടുതന്നെ, ഈ മഞ്ചാടിക്കുരു കാണാന്‍ കുട്ടികളെയും കൂട്ടുക. അവരുമറിയട്ടെ, ഇങ്ങനെയൊരു കുട്ടിക്കാലവും മലയാളികള്‍ക്കുണ്ടായിരുന്നെന്ന്! 

-Fathima Shan


Manjadikuru review, malayalam movie manjadikuru, anjali menon, anjali menon;s manjadikuru, prithviraj, little red seeds, peitro zyuzher, b.lenin, kavalam, ramesh narayanan, urvashi, thilakan, rahman, manjadikkuru review

7 comments:

faisal ct said...

ANYAM NINNU POYA MALAYALA CINIMAYE THIRICHU KONDU VARANULLA PEDAPADILANU MALAYALATHILE YUVA SAMVIDAYAKARUM MATTUM.......AA KOOTTATHILEKKU EE ORU FILM KOODI KADANNU VARATTEE ENNU AASHAMSIKKUNNU....GRAMEENATHAYE MALAYALI ENNUM ISHTAPPETTIRUNNU ATH YATHARTHYATHILAYALUM SWAPANATHILAYALUM VELLITHIRAYILAYALUM.....VARUM THALAMURAKKU SWAPNAM KANAN POLUMAKATHA VIDATHIL GRAMEENATHA NAMMIL NINNUM NASHTAPPETTUKONDIRIKKUNNU

Anu said...

മലയാളികള്‍ക്ക് നഷ്ടമാകുന്ന വിശുദ്ധിയുള്ളൊരു ചിത്രം..അതാണ് മഞ്ചാടിക്കുരു

mca nazer said...

touching review. i want to see the film

SajitH said...

നല്ലൊരു സിനിമ കാണാന്‍ കൊറേ നാളായി കാത്തിരിക്കുകയായിരുന്നു. ഇതൊന്നു കാണണം

Jhansi said...

always like to watch these type of movies..so cute..

Nikhil Devan said...

ഇത് എല്ലായിടത്തും ഇറങ്ങിയാലല്ലേ കാണാന്‍ പറ്റൂ :(

Asha said...

എന്നെന്നും നിലനില്‍ക്കുന്ന നല്ല ചിത്രങ്ങളില്‍ ഒരെണ്ണം.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.