Wednesday, May 30, 2012

Hero Review: ഹീറോയിസം മാത്രം





പുതിയമുഖം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദീപന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'ഹീറോ', ഹീറോയിസം സ്ക്രീനില്‍ നിറയ്ക്കാനായി മാത്രം ഒരുക്കിയ ചിത്രമാണ്. 
അടുത്തകാലത്തെ മലയാളചിത്രങ്ങളില്‍ നായകന്‍ തന്നെ വേണമോ വേണ്ടയോ തുടങ്ങിയ വിഷയങ്ങളില്‍ താത്വിക അവലോകനങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ നായകശൌര്യം പ്രദര്‍ശിപ്പിക്കാന്‍ മാത്രമായി ചിത്രമൊരുക്കിയത് തന്റേടമാണ്. എന്നാല്‍ അതിനു പോന്നൊരു തിരക്കഥ കൂടി കണ്ടെത്താനാവാത്തത് 'ഹീറോ'യെ വെറുമൊരു സ്റ്റണ്ട് പടമാക്കുന്നു.


മുന്‍കാല ഫൈറ്റ് മാസ്റ്റര്‍ ധര്‍മരാജന്‍ (തലൈവാസല്‍ വിജയ്) മകളുടെ കല്യാണം നടത്താന്‍ വഴിയില്ലാതെ വലയുമ്പോള്‍ സംവിധായകന്‍ ആദിത്യന്‍ (അനൂപ് മേനോന്‍) തന്റെ പുതിയ ചിത്രത്തില്‍ അദ്ദേഹത്തിന് അവസരം നല്‍കുന്നു. മന്ത്രിപുത്രനായ പ്രേമാനന്ദിനെ (ശ്രീകാന്ത്) നായകനാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ ധര്‍മരാജന്‍ മാസ്റ്ററെ സഹായിക്കാന്‍ എത്തുന്ന സ്റ്റണ്ട് ഡ്യൂപാണ് ടാര്‍സന്‍ ആന്റണി (പൃഥ്വിരാജ്). ഒരുപാട് നാള്‍ കളത്തില്‍ നിന്ന് മാറിയിരുന്ന മാസ്റ്റര്‍ വീണ്ടും രംഗത്തേക്ക് വന്നപ്പോള്‍ സഹായിക്കാന്‍ അരുമില്ലാതിരുന്നതിനാലാണ് പഴയ ശിഷ്യനായി ആന്റണി അദ്ദേഹത്തിന് തുണയായി എത്തിയത്.


സ്റ്റണ്ട് മികവുകൊണ്ട് ടാര്‍സന്‍ ആന്റണി സംവിധായകന്‍ ആദിത്യന്റെ പ്രീതി നേടുന്നു. ഒപ്പം, നായിക ഗൌരി മേനോന്റെയും (യാമി ഗൌതം). ഗൌരിയെ സ്വന്തമാക്കാനുള്ള മോഹവുമായി നടക്കുന്ന പ്രേമാനന്ദിന് ഇത് സഹിക്കുന്നില്ല. പിന്നീട് ആന്റണിയെ ഒഴിവാക്കാനും ഗൌരിയെ നേടാനും അയാള്‍ നടത്തുന്ന കളികളും അത് ആന്റണി നേരിടുന്നതുമാണ് കഥ.


'പുതിയമുഖം' നല്‍കിയ ആക്ഷന്‍ വിജയത്തിന്റെ ആത്മവിശ്വാസമാണ് 'ഹീറോ'യുടെ പ്രചോദനമെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ, ആക്ഷന്‍/ഫൈറ്റ് രംഗങ്ങള്‍ അതിലും കേമമാക്കാനും ദൈര്‍ഘ്യമേകാനും മനഃപൂര്‍വമായ ശ്രമം തന്നെ സംവിധായകനും നായകനും നടത്തിയിട്ടുണ്ട്. 


ആക്ഷന്‍ മികവ് ആവകാശപ്പെടാനാവുമ്പോള്‍ തന്നെ യുവപ്രേക്ഷകര്‍ക്കപ്പുറത്തേക്ക് ചിത്രത്തെ ബന്ധിപ്പിക്കുന്ന ചേരുവകളുടെ അഭാവം മുഴച്ചുനില്‍ക്കുന്നു. 


'പുതിയമുഖ'ത്തില്‍ മികച്ച ഗാനങ്ങളുണ്ടായിരുന്നു, അവയുടെ മനോഹര ചിത്രീകരണമുണ്ടായിരുന്നു. രണ്ടു നായികമാരും അവരുടെ പ്രേമത്തിന്റെ വ്യത്യസ്ത ട്രാക്കുമുണ്ടായിരുന്നു. അതേസമയം, അത്തരം നിറപ്പകിട്ട് 'ഹീറോ'യിലെത്തുമ്പോള്‍ നഷ്ടമാകുന്നു. 


വിനോദ് ഗുരുവായൂര്‍ ഒരുക്കിയ തിരക്കഥക്ക് പുതുമയോ വ്യത്യസ്തതയോ സമ്മാനിക്കാവുന്നുമില്ല.


ഹീറോയായ പൃഥ്വിരാജ് കഥാപാത്രമാകുന്നതില്‍ 100 ശതമാനം വിജയമാണ്. ടാര്‍സന്‍ ആന്റണിക്ക് വേണ്ട രൂപവും ഭാവവും നല്‍കാനായതും  ഡ്യൂപ്പിനെ ഉപയോഗിക്കാതെ സാഹസികമായ പ്രകടനം കാഴ്ചവെച്ചതും ചിത്രത്തിന്റെ മേന്‍മ തന്നെ. 


ആദിത്യന്‍ എന്ന സംവിധായകനായി അനൂപ് മേനോന്‍ ആദ്യാവസാനമുള്ള ശ്രദ്ധേയ കഥാപാത്രമാകുന്നുണ്ട്. ഒതുക്കമുള്ള പ്രകടനത്തിലൂടെ തന്റെ ഭാഗം അനൂപ് ഭംഗിയാക്കി. 


'വിക്കി ഡോണര്‍' എന്ന ഹിന്ദി ചിത്രത്തിലൂടെയും അനവധി പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധനേടിയ യാമി ഗൌതമിന് വലിയ പ്രകടത്തിന് കോപ്പുള്ള നായിക വേഷമല്ലെങ്കിലും മോശമാക്കിയില്ല. 


തമിഴില്‍ നിന്നെത്തിയ ശ്രീകാന്തിന് വില്ലന്‍ വേഷത്തിന് ആവശ്യത്തിനുള്ള പഞ്ച് നല്‍കാനായില്ല. തലൈവാസല്‍ വിജയ്, നെടുമുടി വേണു തുടങ്ങിയവര്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനവുമായുണ്ട്.


ഭരണി കെ. ധരന്റെ ക്യാമറ ആദ്യാവസാനം ചിത്രത്തിന് ചേരുന്ന ടോണ്‍ നല്‍കി. ഗോപീസുന്ദറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും മെച്ചമായില്ല. എങ്കിലും 'മായാതെ ഓര്‍മയില്‍' എന്ന ഗാനം കുഴപ്പമില്ല.


ആദ്യന്തം പ്രവചനാത്മകമായ സമ്പൂര്‍ണ ആക്ഷന്‍ ചിത്രം എന്ന നിലക്ക് മാത്രം 'ഹീറോ' പൂര്‍ണ തൃപ്തി സമ്മാനിക്കുന്നു. സ്ലോ മോഷനും നായകനുചുറ്റും തീപ്പൊരിയും പൊടിയും പാറുന്ന ആക്ഷന്‍ രംഗങ്ങളും കണ്ട് കൈയടിക്കാനാവുമെങ്കില്‍ ടാര്‍സന്‍ ആന്റണി നിങ്ങള്‍ക്കും 'ഹീറോ' തന്നെ. 


hero review, malayalam movie hero review, prithviraj as hero, deepan, diphan's hero, yami gautam, yami gautam and prithviraj, malayalam cinema review, vinod guruvayur, sreekanth

4 comments:

hari said...

brucelee fights again

Nikhil Devan said...

രെക്ഷപെടുമോ?

Anonymous said...

super Entertainer. Watch it for action entertainment

Visakh said...

തല്ലും ഗുസ്തിയും മാത്രമായി കണ്ടിരിക്കാനുള്ള മാനസികാവസ്ഥ ഉള്ള മലയാളികള്‍ ഇപ്പോള്‍ ഉണ്ടോ? കാലം മാറുന്നത് എല്ലാരും അറിയണം..ചിത്രത്തിന്റെ പേര് തന്നെ കാലഹരനപ്പെട്ടതാണ്...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.