Friday, May 4, 2012

Grandmaster Review: കളിമിടുക്കിന്റെ ഗ്രാന്റ്മാസ്റ്റര്‍





ചതുരംഗക്കളത്തില്‍ എതിരാളിയുടെ 64 നീക്കങ്ങളും മുന്‍കൂട്ടിക്കണ്ട് പ്രതിരോധിക്കാനറിയാവുന്നവനാണ് യഥാര്‍ഥ ഗ്രാന്റ്മാസ്റ്റര്‍. ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ഗ്രാന്റ്മാസ്റ്റര്‍' എന്ന സസ്പെന്‍സ് ത്രില്ലര്‍ ഒരു പരിധിവരെ പേരിനോട് നീതി പുലര്‍ത്തുംവിധം നായകന്‍ മോഹന്‍ലാലിനെ പ്രേക്ഷകന് മുന്നിലെത്തിക്കുന്നു. 


അടിസ്ഥാനപരമായി കൊലപാതകപരമ്പര അന്വേഷിക്കുന്ന പോലീസ് ബുദ്ധി തന്നെ ചിത്രത്തിന്റെ കഥയെങ്കിലും അവതരണം കൂടുതല്‍ സൌമ്യവും പക്വവുമാണെന്നത് പ്രത്യേകതയാണ്. 


മെട്രോ ക്രൈം സ്റ്റോപ്പര്‍ സെല്‍ തലവന്‍ ചന്ദ്രശേഖര്‍ ഐ.പി.എസ് എന്ന നരവീണു തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥനായാണ് ലാല്‍ എത്തുന്നത്. പത്തുവര്‍ഷംമുമ്പ് തീപ്പൊരി ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഇപ്പോഴാകട്ടെ, തീര്‍ത്തും അലസന്‍. എന്നാല്‍ ചന്ദ്രശേഖറിനെ വെല്ലുവിളിച്ച് കത്തുകളയച്ച് ഒരു പരമ്പരക്കൊലയാളി അക്ഷരമാലാ ക്രമത്തില്‍ കൊലകള്‍ നടത്തുമ്പോള്‍ അയാള്‍ക്ക് അലസത വെടിയേണ്ടി വരുന്നു. കൊലയാളിക്ക് തന്റെ ജീവിതവുമായി ബന്ധമുള്ള എന്തോ ഒന്ന് സംവദിക്കാനുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അയാള്‍ക്ക് വീണ്ടും കളത്തിലിറങ്ങേണ്ടിവരുന്നു. 


ബി. ഉണ്ണികൃഷ്ണന്റെ മുന്‍കാല പോലിസ് അന്വേഷണ രചനകളായ ടൈഗര്‍, ഐ.ജി, ത്രില്ലര്‍ തുടങ്ങിയവ പോലെ സ്ഥിരം അടിയുടേയും വെടിയുടേയും ബാഹുല്യമോ നായകന്റെ അഭ്യാസങ്ങളോ ഇല്ലെന്നതാണ് പ്രധാന ആശ്വാസം. മോഹന്‍ലാല്‍ എന്ന നടന്റെ പ്രായത്തെയും അഭിനയമികവിനെയും മാനിക്കുന്ന രീതിയില്‍ സൂപ്പര്‍താരപരിവേഷമില്ലാതെ പാത്രസൃഷ്ടി നടത്തിയിരിക്കുകയാണ് സംവിധായകന്‍. പക്വമായ സംഭാഷണവും ലാലിന്റെ കഥാപാത്രത്തിന്റെ മാറ്റുകൂട്ടുന്നു. 


എങ്കിലും ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാകുന്ന ചില ഡയലോഗുകള്‍ ലാലിനെക്കൊണ്ട് പറയിക്കാന്‍ സംവിധായകന്‍ മറന്നിട്ടുമില്ല. 'എന്റെ റോള്‍, അത് മറ്റാര്‍ക്കും ചെയ്യാനാകില്ല', 'അഭിനയത്തില്‍ സംശയം വല്ലതുമുണ്ടെങ്കില്‍ എന്റെയടുത്തേക്ക് വിട്ടാല്‍ മതി', ജഗതി പറയുന്ന 'വീഞ്ഞ് പഴകും തോറും വീര്യം കൂടും' തുടങ്ങിയവ ഉദാഹരണം.


തിരക്കഥയില്‍ ഗുണപരമായ പുരോഗതി സമ്മാനിക്കാനായില്ലെങ്കിലും  ഉദ്യേഗജനകമായി കഥ കൊണ്ടുപോകാനാവുന്നുണ്ട്. ചുഴിഞ്ഞുനോക്കിയാല്‍ പ്രേക്ഷകര്‍ക്ക് വില്ലനായി സംശയിക്കാവുന്ന രണ്ടുമൂന്നുപേരെ അവിടെയുമിവിടെയുമായി പ്രതിഷ്ഠിച്ചിട്ടുമുണ്ട്. ഇടവേളാനന്തരം കൈവിടാതെ കാക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 


ഒരു ചിത്രത്തില്‍ നിന്നും കടം കൊണ്ട കഥയല്ല 'ഗ്രാന്റ്മാസ്റ്ററിനെങ്കിലും അക്ഷരമാലാക്കൊലയാളി എന്ന സങ്കല്‍പം ലോകസാഹിത്യത്തിലും സിനിമയിലും ആദ്യവുമല്ല. 


മറ്റ് താരങ്ങളില്‍ പ്രിയാമണി, അനൂപ് മേനോന്‍, ബാബു ആന്റണി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ സാന്നിധ്യമറിയിച്ചു. നരേന് മലയാളത്തില്‍ ശക്തമായ തിരിച്ചുവരവിന് ചിത്രം വഴിയൊരുക്കുമെന്ന് കരുതിയെങ്കിലും മോഹന്‍ലാലിന്റെ നിഴലാവാനായിരുന്നു യോഗം.


വിനോദ് ഇല്ലംമ്പിള്ളിയുടെ ക്യാമറയും മനോജിന്റെ എഡിറ്റിംഗും ഒരു ഡാര്‍ക്ക് ത്രില്ലറായി തോന്നിക്കാന്‍ ചിത്രത്തെ സഹായിച്ചു. മികവൊന്നും പറയാനില്ലെങ്കിലും ദീപക് ദേവിന്റെ സംഗീതം ചിത്രത്തില്‍ അലോസരമുണ്ടാക്കുന്നില്ല. 


ചുരുക്കത്തില്‍, ഉദാത്ത ചിത്രമൊന്നുമല്ലെങ്കിലും ഉണ്ണികൃഷ്ണന്റെ അടുത്തിടെ വന്ന പോലീസ് സ്റ്റോറികളെക്കാള്‍ വളരെ മെച്ചപ്പെട്ട സൃഷ്ടിയും മോഹന്‍ലാലിന്റെ മറ്റൊരു ആസ്വാദ്യമായ വേഷവുമാണ് 'ഗ്രാന്റ്മാസ്റ്റര്‍'. 



grandmaster review, grandmaster malayalam movie, mohanlal, b.unnikrishnan, roma, priyamani, babu antony, mithra kurien, narien, grandmaster theatre reports, malayalam film review, cinemajalakam

5 comments:

Ajayakumar Anandakurup said...

brilliant film fantastic acting

Thomas said...

Nice to see Mohanlal back in action.

Pheonix said...

ഏതെന്കിലും ഒന്നോ അധിലധികമോ സിനിമകളുടെ കൊപ്പിയടിയാണോ ഇതെന്നു വരും ദിവസങ്ങളില്‍ അറിയാം. അല്ലെങ്കില്‍ ലാലിന് ഒരു മുതല്കൂട്ടായി മാരും ഇത്.

Vinu said...

enjoyable film. mohanlal is supercool and stylish. unnikrishnan chathichilla.

P.S Mahesh said...

mohanlal gambeeram. super

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.