Tuesday, May 8, 2012

Diamond Necklace Review:മാറ്റുള്ള ഡയമണ്ട് നെക്ക്ലേസ്

എല്‍സമ്മക്കും മസാലക്കുമൊക്കെ ശേഷം മാറ്റത്തിന്റെ വഴി തേടാനുള്ള ലാല്‍ജോസിന്റെ ശ്രമത്തിന്റെ വിജയമാണ് 'ഡയമണ്ട് നെക്ക്ലേസ്'. അതിഭാവുകത്വങ്ങളും സ്ഥിരം ക്ലീഷേകളും മാറ്റിനിര്‍ത്തുന്നതിനൊപ്പം പുതുതലമുറ ചിത്രമെന്ന് തോന്നിക്കാന്‍ പലരും കുത്തിനിറക്കുന്ന ജാഡകള്‍ക്കും ഇടം കൊടുത്തിട്ടില്ല. സാമ്പത്തിക അച്ചടക്കമില്ലാത്ത ഇന്നത്തെ യുവതലമുറക്ക് മുന്നറിയിപ്പാകാനും ചിത്രത്തിനാകുന്നുണ്ട്.


ദുബൈയില്‍ ജീവിക്കുന്ന അരുണ്‍കുമാറെന്ന (ഫഹദ് ഫാസില്‍) യുവഡോക്ടറുടെ അച്ചടമില്ലാത്ത ജീവിതക്രമവും ധൂര്‍ത്തും വരുത്തുന്ന ബാധ്യതകളും അതില്‍നിന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. വിവിധ ഘട്ടങ്ങളില്‍ കാമുകിയായും ഭാര്യയായും സുഹൃത്തായും കടന്നുവരുന്ന മൂന്ന് പെണ്‍കുട്ടികള്‍ പ്രതിസന്ധി ഘട്ടത്തില്‍ അയാളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിനനുസരിച്ചാണ് കഥ നീങ്ങുന്നത്. 


കാമുകിമാര്‍ പുതുമയല്ലാത്ത അരുണിന് ജോലി ചെയ്യുന്ന ആശുപത്രിയില്‍ തോന്നിയ പ്രണയമാണ് തമിഴത്തി പെണ്‍കുട്ടിയായ നഴ്സ് ലക്ഷ്മിയോടുള്ളത് (ഗൌതമി നായര്‍). ഇതിനിടെ ധുര്‍ത്ത് വരുത്തിയ ബാധ്യതകളുടെ ആഴം തിരിച്ചറിയുന്ന അരുണിന് നാട്ടിലേക്ക് പോകേണ്ടിവരുന്നു. അവിടെവെച്ചാണ് അപ്രതീക്ഷിതമായി കലാമണ്ഡലം രാജശ്രീ (അനുശ്രീ) എന്ന പെണ്‍കുട്ടി അയാളുടെ ഭാര്യയാവുന്നത്. 


തിരികെ ദുബൈയിലെത്തുമ്പോള്‍ ഫാഷന്‍ ഡിസൈനറായ മായ (സംവൃത)യുമായും അയാള്‍ക്ക് അടുത്ത ബന്ധം പുലര്‍ത്തേണ്ടി വരുന്നു. ഒഴിയാബാധ്യതകള്‍ കുന്നുകൂടുമ്പോഴാണ് ഒരു ഡയമണ്ട് നെക്ക്ലേസ് അയാളെ പ്രലോഭിപ്പിക്കുന്നത്. ആ നെക്ക്ലേസ് പിന്നീട് അയാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കഥക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നു.


മലയാളസിനിമയിലെ മാറ്റങ്ങള്‍ തിരിച്ചറിയാനായതാണ് സംവിധായകനെന്ന നിലയില്‍ ലാല്‍ജോസില്‍ നിന്നുള്ള ഗുണപരമായ സംഭാവന. നായകന്‍, നായിക, ശുഭപര്യവസായിയായ കഥ തുടങ്ങിയവ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റ് ക്ലീഷേകള്‍ ചിത്രം തള്ളിക്കളയുന്നുണ്ട്. ഫലമായുണ്ടാകുന്ന ലാളിത്യം ചിത്രം ആസ്വാദ്യമാക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.


രചയിതാവെന്ന നിലയില്‍ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതും ഞെട്ടിപ്പിക്കുന്ന പുരോഗതിയാണ്. 'സെവന്‍സ്' പോലൊരു അഞ്ചാം കിട തിരക്കഥ ഒരുക്കിയ അദ്ദേഹം തൊട്ടടുത്തുതന്നെ ഇത്ര കൈയടക്കം കാണിച്ചത് അതിശയകരമാണ്. ഒരു ബംഗാളി ചെറുകഥയില്‍ നിന്ന് വികസിപ്പിച്ച കഥ, രണ്ടാം പകുതിയില്‍ ചില്ലറ വഴുക്കലുകള്‍ ഉണ്ടാകുന്നെങ്കിലും മനോഹരമായി പറഞ്ഞുവെക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്.


സ്വാഭാവിക ലാളിത്യം രസം പകരുന്ന രംഗങ്ങളില്‍ എടുത്തുപറയേണ്ടത് അദ്യപകുതിയിലെ അരുണ്‍- ലക്ഷ്മി പ്രണയ സംഭാഷങ്ങള്‍, അരുണിന്റെ വിവാഹം തുടര്‍ന്നുള്ള സ്ത്രീധന കൈമാറ്റം തുടങ്ങിയവയാണ്. 


രണ്ടാംപകുതിയില്‍ 'ഡയമണ്ട് നെക്ക്ലേസ്' കടന്നുവരുന്നതോടെ ഈ സ്വാഭാവികത ചിലപ്പോഴൊക്കെ നഷ്ടപ്പെടുന്നു എന്നതാണ് പ്രധാന പോരായ്മ. പിന്നീടുള്ള രംഗങ്ങളെല്ലാം സംവിധായകന്‍ കരുതിക്കൂട്ടി ആ നെക്ക്ലേസില്‍ മാത്രം ശ്രദ്ധിച്ച് അതുവഴി നായകന്റെ ജീവിതം ചരടില്‍കെട്ടി ക്ലൈമാക്സില്‍ എത്തിക്കുന്നതു കൃത്യമായി അനുഭവപ്പെടും. ഇതില്‍ ചില രംഗങ്ങള്‍ യുക്തിയെ ചോദ്യം ചെയ്യുന്നതുമാണ്.


ഒടുവില്‍ ധൂര്‍ത്തും ആര്‍ത്തിയും കുത്തഴിഞ്ഞ ജീവിതവുമൊക്കെ നല്ലതല്ലെന്ന് പറയാതെ പറഞ്ഞ് കഥ നായകനും നായികക്കും നല്ലവരുത്തി അവസാനിക്കുന്നു. 


ഒരു മെട്രോ യുവാവിന്റെ പരിവേഷവും നായികമാരെ ഏതെങ്കിലും ഘട്ടത്തില്‍ ചതിക്കുന്നതും പൊതു ഘടകമായി അടുത്തിടെ വന്ന ഫഹദ് ചിത്രങ്ങളിലേതുപോലെ ഇതിലും കാണാം. എങ്കിലും നടനെന്ന രീതിയിലെ വളര്‍ച്ചയില്‍ അടുത്ത പടിതന്നെയാണ് അരുണ്‍ എന്ന കഥാപാത്രം.


ചതിക്കപ്പെട്ടാലും നായകനെ വെറുക്കുന്നില്ല എന്നതാണ് ചിത്രത്തിലെ മൂന്നു നായികമാരുടെയും പൊതുസ്വഭാവം. സംവൃതയുടെ മായ അവര്‍ക്ക് കിട്ടിയ പക്വമായ വേഷങ്ങളില്‍ ഒന്നാണ്. ഗൌതമിയുടെ തമിഴ് മൊഴിയുന്ന നിഷ്കളങ്കയായ നഴ്സ് ഇഷ്ടം തോന്നുന്ന കഥാപാത്രം തന്നെ. സെക്കന്റ് ഷോയിലെ ആദ്യ കഥാപാത്രത്തില്‍ നിന്ന് ഗൌതമിക്കും അഭിനന്ദനാര്‍ഹമായ പുരോഗതി നേടാനായിട്ടുണ്ട്. പുതുമുഖം അനുശ്രീയുടെ രാജശ്രീയും സംഭാഷണവും നാടന്‍ ശൈലിയും കാരണം ശ്രദ്ധിക്കപ്പെടും. 


മറ്റു കഥാപാത്രങ്ങളില്‍ രോഹിണിയുടെ ഡോക്ടര്‍ സാവിത്രി, സുകുമാരി, ശ്രീദേവി ഉണ്ണി, ശ്രീനിവാസന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍ നന്നായി.


ഭൂരിഭാഗം രംഗങ്ങളും ദുബൈയില്‍ ചിത്രീകരിച്ച 'ഡയമണ്ട് നെക്ക്ലേസി'ല്‍ സമീര്‍ താഹിര്‍ എന്ന ക്യാമറാമാന്റെ മനോഹര ദൃശ്യങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ വലുതാണ്. 


വിദ്യാസാഗര്‍ ഒരുക്കിയ മൂന്ന് ഗാനങ്ങളും ചിത്രത്തിന്റെ ഒഴുക്കിനൊപ്പം നില്‍ക്കുന്നു. ഇതില്‍ 'നിലമലരേ' എന്ന മെലഡിയാണ് കൂടുതല്‍ മികച്ചത്. 


മൊത്തത്തില്‍, ലാളിത്യവും സൌന്ദര്യവും അച്ചടക്കവുമുള്ള ആസ്വാദ്യമായ പുതുവഴി ചിത്രമാണ് 'ഡയമണ്ട് നെക്ക്ലേസ്'. ചില്ലറ വഴിപിഴക്കലുകലുകള്‍ ഉണ്ടെങ്കിലും ആത്മാര്‍ഥമായ ശ്രമമെന്ന നിലക്ക് അവയൊക്കെ നമുക്ക് കണ്ടില്ലെന്ന് നടിക്കാവുന്നതേയുള്ളൂ. 
diamond necklace, diamond necklace review, malayalam movie diamnond necklace, laljose, fahad fazil, gauthami nair, anusree nair, samvritha, sreenivasan, iqbal kuttipuram, malayalam cinema review, cinemajalakam review

4 comments:

ശ്രീ said...

കൊള്ളാം

Anonymous said...

ന്യൂ ജെനറേഷന്‍ സിനിമകളുടെ പാഠപുസ്തകം ആണ് ' സെക്കന്റ്‌ ഷോ '. വിനീത് ശ്രീനിവാസന് മാതൃകയാക്കാവുന്നതാണ്.

Kiran said...

മറ്റൊരു ഊമ്ബിയ പടം കൂടി ..റിവ്യൂ എന്ന് പറഞു പടം കാണാത്തവനും ജോയ്‌ അലുക്കാസിന്റെം ലാല്‍ ജോസിന്റെം ഇക്ബാളിന്റെയുമൊക്കെ വീട്ടില്‍ ജെട്ടി അലക്കിക്കൊടുക്കുന്നവന്‍ വരെ റിവ്യൂ എഴുനുന്നതുകൊണ്ടാണ് ഇത്രനം നാറിയ പടങ്ങള്‍ പോയി കണ്ടു ബാക്കിയുള്ളവന്‍ കാശുകളയുന്നത്

Saritha said...

നെക്ക്ലസ് ഒരു സഹിക്കാനാവാത്ത പടം ഒന്നുമല്ല. അടുത്തിടെ വന്ന പദങ്ങളില്‍ മെച്ചപ്പെട്ടത് തന്നെ. തിരക്കഥ കുറെ പ്രശനം ഒക്കെ ഉണ്ടെന്നത് ശെരി തന്നെ. പിന്നെ, ജാടകള്‍ കാണിച്ചാലേ പടം നല്ലത് എന്ന് പറയാവൂ എന്നുണ്ടോ?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.