Monday, May 7, 2012

സ്റ്റാറാകാനില്ല; സിനിമ സംവിധായകന്റെ പേരില്‍ അറിയണം: ഫഹദ്





സൂപ്പര്‍ സ്റ്റാറാകാനല്ല, നല്ല സംവിധായകനോ എഴുത്തുകാരനോ ആകാനാണ് ആഗ്രഹമെന്ന് നടന്‍ ഫഹദ് ഫാസില്‍. പുതിയ സിനിമയായ 'ഡയമണ്ട് നെക്ലേസി'ന്റെ റിലീസിംഗിനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്ക്ലബില്‍  'മീറ്റ് ദ പ്രസില്‍'  സംസാരിക്കുകയായിരുന്നു അദ്ദേഹം. 


സിനിമാരംഗം സംവിധായകന്റെയും കഥാകൃത്തിന്റെയും പേരില്‍ അറിയണമെന്നാണ് അഭിപ്രായം. എന്നാല്‍ സൂപ്പര്‍താരങ്ങള്‍ മലയാളത്തിന് വന്‍ സംഭാവനകള്‍ നല്‍കിയതും മറക്കാനാവില്ല.  സംവിധായകനാകാന്‍ താല്‍പര്യമുണ്ടെങ്കിലും എപ്പോള്‍ അതിന് കഴിയുമെന്ന് പറയാനാകില്ല. യാതൊരു ഒരുക്കവുമില്ലാതെ ചെയ്തതാണ് തന്റെ ആദ്യസിനിമയായ കൈയ്യെത്തും ദൂരത്ത് പരാജയപ്പെടാന്‍ കാരണം. അത് പിതാവിന്റെ പരാജയമല്ലെന്നും തന്റെ പരാജയമാണെന്നും ഫഹദ് പറഞ്ഞു.


പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ മലയാളസിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇന്ത്യന്‍ സിനിമ വീണ്ടും മലയാളത്തെ ഉറ്റുനോക്കുകയാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ ലാല്‍ജോസ് അഭിപ്രായപ്പെട്ടു. പറ്റിയ കഥാപാത്രങ്ങള്‍ വന്നാല്‍ തന്റെ സിനിമയില്‍ സൂപ്പര്‍സ്റാറുകളെ ഉപയോഗിക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ, മനസില്‍ സിനിമയുള്ള ഏതൊരാള്‍ക്കും ഇന്ന് സംവിധായകനാകാനാവും. ഇനി മലയാളത്തില്‍ മികച്ച സിനിമകളുടെ കുത്തൊഴുക്കായിരിക്കും. സിനിമകളുടെ എണ്ണം കൂടുമ്പോള്‍, പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലങ്ങള്‍ ലഭിക്കുന്നില്ലെന്ന പ്രതിസന്ധി അനുഭവിക്കേണ്ടിവരും.  ഡയമണ്ട് നെക്ലേസ് റിലീസിനുമുമ്പ് പലതരം പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും സിനിമ പുറത്തിറങ്ങിയപ്പോള്‍ ജനങ്ങള്‍ സ്വീകരിച്ചു. 


 മനസിലുള്ള ആശയങ്ങള്‍ സിനിമയാക്കാന്‍ പലപ്പോഴും നിര്‍മാതാക്കളെ കിട്ടാറില്ല. അതിനാലാണ് ആറു പേരുടെ പങ്കാളിത്തത്തില്‍ നിര്‍മാണ കമ്പനി തുടങ്ങിയത്. മലയാള സിനിമ സമ്പൂര്‍ണമായി മാറുകയാണെന്നും അത് തിരിച്ചറിയുന്നവര്‍ക്കേ പിടിച്ച് നില്‍ക്കാനാകുവെന്നും ലാല്‍ജോസ് പറഞ്ഞു. തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, നടിമാരായ ഗൌതമി നായര്‍, അനുശ്രീ എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു. പ്രസ്ക്ലബ്  പ്രസിഡന്റ്  പ്രദീപ് പിള്ള,  ട്രഷറര്‍ ദിലീപ് മലയാലപ്പുഴ എന്നിവര്‍ സംസാരിച്ചു.



diamond necklace, laljose, fahad fazil meet the press, fahad fazil, diamond necklace press conference, gauthami nair, anusree nair, iqbal kuttipuram

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.