Saturday, May 26, 2012

Arike Review: അരികെയെന്നാലും അകലെ





ഓരോ സിനിമയും ഓരോ ജനുസില്‍ ഒരുക്കാനാവുന്ന സംവിധായകന്‍ എന്നതാണ് ശ്യാമപ്രസാദിന്റെ പ്രത്യേകത. കല്ലുകൊണ്ടൊരു പെണ്ണോ, അഗ്നിസാക്ഷിയോ, ഒരേ കടലോ, ഋതുവോ, അകലെയോ ഒന്നും ഒരിക്കലും പരസ്പരം അവതരണത്തില്‍ പോലും സാമ്യം വരുന്നവയല്ല. ആ പേര് ശ്യാമപ്രസാദ് ഏറ്റവും പുതിയ ചിത്രമായ 'അരികെ'യിലും കളഞ്ഞിട്ടില്ല.


ബംഗാളി കഥാകൃത്ത് സുനില്‍ ഗംഗോപാധ്യയുടെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. 'ഒരേ കടലും' അവലംബിച്ചത് ഇതേ എഴുത്തുകാരന്റെ സൃഷ്ടിയില്‍ നിന്നുതന്നെ. 


രണ്ടു പ്രണയിതാക്കള്‍ക്ക് അരികിലുള്ള സുഹൃത്തായ പെണ്‍കുട്ടിയുടെ മനോഗതിയിലൂടെ കഥ പറയുകയാണിവിടെ. അടുത്ത കൂട്ടുകാരിയാണ് അനുരാധക്ക് (മംമ്ത മോഹന്‍ദാസ്) കല്‍പന (സംവൃത സുനില്‍). എന്നാല്‍ സ്വഭാവത്തില്‍ ഇരുവരും ഇരുധ്രുവത്തിലാണ്. കല്‍പനയും കാമുകനായ ശന്തനു (ദിലീപ്)വും തമ്മിലുള്ള കൂടിക്കാഴ്ചകളില്‍ പലപ്പോഴും അനുരാധയുടെ സാന്നിധ്യത്തിലായിരിക്കും. ഈ ജോഡികളുടെ സന്തതസഹചാരിയാണെങ്കിലും പ്രണയത്തോട് അവള്‍ക്ക് താല്‍പര്യമില്ല. അത് സിനിമയിലും കഥകളിലും മാത്രമുള്ളതാണെന്ന് അവള്‍ വിശ്വസിച്ചു, കൌമാരത്തിലെ ആദ്യ ഇഷ്ടം ഏല്‍പ്പിച്ച മുറിവുകളാണ് അനുരാധയെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത്. എന്നിരുന്നാലും കല്‍പന-ശന്തനു പ്രണയത്തില്‍ അവള്‍ക്ക് വിശ്വാസക്കുറവുമില്ല. 


തുടര്‍ന്ന് ശന്തനു-കല്‍പന പ്രണയത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകള്‍ കഥയുടെ അവസാനം ചില തിരിച്ചറിവുകള്‍ കല്‍പനക്ക് നല്‍കുന്നു. 


അനുരാധയെന്ന കഥാപാത്രത്തിന്റെ വികാരങ്ങളും വിചാരങ്ങളും ഹൃദ്യമായി അവതരിപ്പിക്കാന്‍ സംവിധായകനാവുന്നുണ്ട്. ഒപ്പം, അനുരാധയെ മനോഹരമായി പകര്‍ത്തിവെക്കുന്നതില്‍ മംമ്ത വഹിച്ച പങ്കും എടുത്തുപറയണം. കൂട്ടത്തില്‍ ഒറ്റപ്പെട്ട നായികയുടെ മനസ് കൃത്യമായി പ്രേക്ഷകരിലെത്തുന്നുണ്ട്. 


ദിലീപും സംവൃതയും നന്നായി. എന്നാല്‍ ചില രംഗങ്ങളില്‍ കൈവിട്ടുപോകുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളില്‍ അജ്മല്‍, ചിത്ര അയ്യര്‍, ഇന്നസെന്റ് തുടങ്ങിയവരും നന്നായി. വിനീത് അല്‍പം ഓവറാക്കുന്നുണ്ട്.


ബംഗാളി പശ്ചാത്തലത്തിലെ കഥ പറിച്ചു നട്ടപ്പോള്‍ സ്ഥലവും കാലവും പുനഃക്രമീകരിക്കുന്നതില്‍ സംവിധായകനില്‍ നിന്നുണ്ടായ പിഴവുകള്‍ കഥയൊഴുക്കിന്ന് കല്ലുകടിയാണ്. നായകന്റെ ശന്തനുവെന്ന പേര്, ഭജനയുടെ പശ്ചാത്തലം ഒക്കെ മാറ്റാമായിരുന്നു. 


കഥ ഇന്നത്തെ കാലത്തേക്ക് പറിച്ചുനട്ടപ്പോള്‍ സംഭവിച്ച ഏറ്റവും വലിയ മുഴച്ചുനില്‍ക്കല്‍ നായികയും നായകനും തമ്മിലുള്ള കത്തെഴുത്താണ്. മൊബൈല്‍ ഫോണിന്റെയും മറ്റ് സാങ്കേതിക മുന്നേറ്റങ്ങളുടെയും കാലത്ത് പ്രണയിതാവ് കൂട്ടുകാരി വഴി കൈമാറുന്ന പ്രണയലേഖനം കാത്തിരിക്കുന്നത് വിചിത്രമാണ്. ഇതിന് മറുപടിയെന്നോണം 'മൊബൈല്‍ ഉണ്ടെങ്കിലും നായകന്‍ എപ്പോഴും കൊണ്ടുനടക്കില്ല' എന്ന് കല്‍പന എന്ന കഥാപാത്രം പറയുന്നുണ്ട്. പക്ഷേ, ആ വാചകം കൊണ്ടു മാത്രം ആ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. 


ചിത്രം മുന്നോട്ടുവെക്കുന്ന പുരോഗമനമായ ചില ആശയങ്ങള്‍ സ്വാഗതാര്‍ഹമാണ്. മാടമ്പ് അവതരിപ്പിക്കുന്ന ഗുരുവിന്റെ കഥാപാത്രം ആള്‍ ദൈവങ്ങളെയും അവരുടെ കഴിവില്ലായ്മയെയും മനുഷ്യരുടെ വിശ്വാസങ്ങളെയും ഒക്കെ കുറിച്ച് പറയുന്നത് പ്രസക്തമാണ്. 


സാങ്കേതിക വിഭാഗങ്ങളില്‍ അഴകപ്പന്റെ ക്യാമറ മികച്ചുനിന്നു. ഔസേപ്പച്ചന്റെ സംഗീതവും മംമ്ത ഉള്‍പ്പെടെ പാടിയ ഗാനങ്ങളും ചിത്രത്തില്‍ കൃത്യമായി ലയിച്ചുപോകുന്നു. വിനോദ് സുകുമാരന്റെ എഡിറ്റിംഗും മോശമല്ല. സിങ്ക് സൌണ്ട് ലൈവ് റെക്കോഡിംഗാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 


 ലളിതമായ ആഖ്യാനവുമായി 'അരികെ' ഒരു നല്ല ചിത്രം തന്നെ, സംശയമില്ല. എന്നാല്‍ ശ്യാമപ്രസാദിനെപോലും പ്രാഗത്ഭ്യവും പരിചയവുമുള്ള ഒരു സംവിധായകനിത് ഇനിയും മനോഹരമാക്കാമായിരുന്നു. 


പ്രേക്ഷകരുടെ മനസിന് അരികെ നില്‍കുന്ന ചിത്രം തന്നെയാണിത്, എന്നാല്‍ പേരില്‍ പറയുംപോലെ 'സോ ക്ലോസ്' ആകാന്‍ കഴിഞ്ഞിട്ടില്ല എന്നുമാത്രം. 


arike review, malayalam movie arike review, syamaprasad, syamaprasad's arike, mamtha mohandas, dileep, vineeth, samvritha sunil, ajmal, sunil gangopadhyaya, ouseppachan, arike, malayalam movie review, cinemajalakam

6 comments:

Saritha said...

മോശമല്ലാത്ത പടം എന്ന് പറയാം. എന്തോ, എനിക്ക് മനസിലാകാത്തത് കൊണ്ടാണോ എന്നറിയില്ല...

Madhu said...
This comment has been removed by the author.
Madhu said...

അരികെ എന്ന സിനിമയെ കുറിച്ച് താങ്കള്‍ എഴുതിയ റിവ്യൂ വിനോട് എനിക്ക് ചില വിയോജനങ്ങള്‍ ഉണ്ട്
ഒന്ന്, ഇതൊരു സാധാരണ ത്രികോണ പ്രേമ കഥയുടെ പോലെ ആയിപ്പോയില്ലേ എന്നതാണ് .മൊത്തം കണ്ടു കഴിഞ്ഞപ്പോള്‍ സിദ്ദിക്കിന്റെ ബോഡി ഗാര്‍ഡ് കുറെ കൂടി ലൈറ്റ് ആയ തലത്തില്‍ ചെയ്തത് പോലെ
രണ്ടാമതായി കഥാപാത്രങ്ങളുടെ ഉള്ളില്‍ ഉള്ള ഭാവങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ സംവിധായകന്‍ വിജയിച്ചോ എന്ന സംശയമാണ്
അവസാന ഭാഗത്ത്‌ കല്പന ഇനി വരില്ല എന്ന് അറിഞ്ഞ ഉടനെ ശാന്തനു അനുരാധയോടാണ് തനിക്കു പ്രണയം എന്ന് പറയുന്നിടത്ത് അനുരാധയുടെ ' സ്നേഹം അവസാനിച്ചു ' എന്ന ആശയം ശരിയാവുകയല്ലേ ? അവളും വേണ്ട എന്ന് പറഞ്ഞെങ്കില്‍ അയാള്‍ വേറെ ഒരുത്തിക്ക് പുറകെ പോകില്ലേ ? അതല്ലേ അയാളുടെ പ്രണയ സങ്കല്‍പം !
നന്നായി തിളങ്ങിയ രണ്ട് കഥാപാത്രങ്ങള്‍ ചിത്ര അയ്യരും വിനീതുമാണ് .പ്രത്യേകിച്ച് കാറില്‍ കല്പനയും ഒത്തു പോകുമ്പോള്‍ ഉള്ള ചിത്ര അയ്യരുടെ അഭിനയം
മമ്ത തന്‍റെ റോള്‍ നന്നായി ചെയ്തിട്ടുണ്ട് .ദിലീപും തരക്കേടില്ല
സംവൃതയ്ക്കു കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ഉണ്ടോ ?
ഇന്നസെന്റ് ഇന്നസെന്റ് തന്നെ ആണ് .
ശബ്ദം ലൈവ് ആയി റെക്കോര്‍ഡ്‌ ചെയ്തത് കുറേക്കൂടി ഒറിജിനാലിട്ടി നല്‍കുന്നുണ്ട് .
ക്യാമറയ്ക്കും മറ്റും വലിയ സാധ്യത ഉള്ള ഒന്നല്ല ഈ സിനിമ യുടെ ആഖ്യാന രീതി
ഞാന്‍ കണ്ടത് ഇങ്ങനെ ആണേ

allaboutcinema said...

thanks Mr.Madhu for ur comments..
We respect ur opinion. Also agree with most of them, which we hav misd.
Most of ur views are additions to the points put forward by us. thanks....

expecting ur comments in future too...!! :)

Madhu said...

thanks I forgot about Madambu...Guruji...his acting was as good...but Syamaprasad is always fond of the so called athmeeyatha...from Agnisakshi onwards...

ochcha said...

ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടതായിരുന്നു ‘അരികെ’. ശരാശരി മലയാളികള്‍ എന്തിനെ കുറിച്ചും അഭിപ്രായം പറയുന്നത് പോലെ ‘കുഴപ്പമില്ല’ എന്ന് പറഞ്ഞ് ഒഴിയാന്‍ തോന്നിയില്ല. ആദ്യമധ്യന്തം സിനിമയിലെ ദൃശ്യങ്ങള്‍ പഴയ ഒരു പത്മരാജന്‍ സിനിമയുടെ ദൃശ്യ ഭംഗിയുടെ ചില മണങ്ങള്‍ കാണിച്ചു തന്നു. ബ്ളെസിയുടെ ‘കാഴ്ച’ കണ്ടപ്പോള്‍ തോന്നിയ ഒരിഷ്ടമായിരുന്നു അത്.
മറ്റൊരു പ്രധാന കാര്യം ഈ സിനിമയില്‍ ഏറ്റവും നല്ലതായിരുന്നു അതിന്‍െറ കൈ്ളമാക്സ്. ‘കേട്ട ഗാനം മധുരം കേള്‍ക്കാത്ത ഗാനം അതിമധുരം’ എന്ന പോലെ കാവ്യ മനോഹരം. പക്ഷെ, നടന്‍ ദീലീപിന് ആ മുഹൂര്‍ത്തത്തിന്‍െറ ആഴം മനസിലായില്ളെന്ന് തോന്നുന്നു. പഴയകാല പ്രിയദര്‍ശന ചിത്രങ്ങളില്‍ പൂവാല വേഷത്തിലത്തെുന്ന മുകേഷിനെ ഓര്‍മ വന്നു. ആ ഒരു രംഗം മാത്രം നന്നാക്കിയാല്‍ മതിയായിരുന്നു ചിത്രത്തിന്‍െറയും ദിലീപിന്‍െറയും മികവ് തെളിയിക്കാന്‍.
സിനിമയിലെ കാല ഗണന നടത്താന്‍ കാഴ്ചക്കാരന് അവസരം നല്‍കാത്ത കാര്യം നിരൂപകന്‍ ചൂണ്ടിക്കാട്ടിയത് നന്നായി.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.