Wednesday, May 16, 2012

Gallery: അഞ്ജലി മേനോന്റെ 'മഞ്ചാടിക്കുരു' 18 മുതല്‍





നിഷ്കളങ്ക ബാല്യത്തിന്റെ ഓര്‍മകള്‍ കോര്‍ത്തിണക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'മഞ്ചാടിക്കുരു' മെയ് 18ന് തീയറ്ററുകളിലെത്തുന്നു.


റിലീസിന് വളരെമുന്‍പ് തന്നെ രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ചിത്രത്തില്‍ മലയാളത്തിലെ നിരവധി പ്രധാന താരങ്ങള്‍ അണിനിരക്കുന്നു. പൃഥ്വിരാജ്, തിലകന്‍, റഹ്മാന്‍, ജഗതി ശ്രീകുമാര്‍, ഉര്‍വശി, പ്രവീണ, സിന്ധു മേനോന്‍, ജൂലിയ ജോര്‍ജ്, ഷാരോണ്‍, ബിന്ദു പണിക്കര്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നത്. ഇവരെല്ലാമുണ്ടെങ്കിലും ആരും നായകരോ താരങ്ങളോ അല്ല, കഥാപാത്രങ്ങള്‍ മാത്രം!


പൃഥ്വിരാജ് അവതരിപ്പിക്കുന്ന വിക്കി എന്ന വിക്രമിന്റെ കഥ പറച്ചിലുടെയാണ് ചിത്രം തുടങ്ങുന്നത്. മുത്തച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് ബാലനായിരുന്നപ്പോള്‍ രണ്ടാഴ്ചത്തേക്ക് വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴുള്ള അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് വിക്കി എന്ന യുവാവ്. വീണ്ടും തറവാട്ടിലെത്തുമ്പോള്‍ ബാല്യത്തിലെ ആ 16 ദിനങ്ങള്‍ പകര്‍ന്നുനല്‍കിയ മധുരം അയാള്‍ക്ക് തിരികെ ലഭിക്കുകയാണ് ഓര്‍മകളിലൂടെ..


1980 കളിലെ തറവാടും അവിടുത്തെ ചുറ്റുപാടുകളും ചിട്ടവട്ടങ്ങളും ഗ്രാമക്കാഴ്ചകളും കളിക്കോപ്പുകളും ഒക്കെയായി ഗൃഹാതുരത ഉണര്‍ത്തുന്ന, പൂര്‍ണമായും മലയാളിത്തം തുളുമ്പുന്ന ചിത്രമായാണ് മഞ്ചാടിക്കുരു ഒരുക്കിയിരിക്കുന്നത്.


കുട്ടിക്കാലത്ത് നാട്ടില്‍ ചെലവിട്ട സ്ഥലങ്ങളും കാലവുമൊക്കെ മാറ്റമില്ലാതെ മനസിലുണ്ടെന്നും ആ ലോകമാണ് മഞ്ചാടിക്കുരുവിനായി സൃഷ്ടിച്ചതെന്നും സംവിധായിക പറയുന്നു. ജീവിതത്തിന്റെ ഉല്‍സവകാലം കുട്ടിക്കാലമാണെന്ന ബോധ്യത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയി സ്നേഹത്തിന്റെയും മാനവികതയുടേയും ആര്‍ദ്രത പകരുകയുമാണീ ചിത്രം.


2008ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി നിരവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ ചിത്രം, ഇപ്പോള്‍ തീയറ്റര്‍ പ്രദര്‍ശനത്തിനുതകും വിധമുള്ള പതിപ്പാണ് അവതരിപ്പിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിപ്രസി പുരസ്കാരം നേടിയിട്ടുണ്ട്.


സ്വീഡിഷ് ക്യാമറാമാന്‍ പെട്രോ സുവേര്‍ചറാണ് ഛായാഗ്രഹണം. കാവാലം നാരായണപ്പണിക്കരുടേതാണ് പശ്ചാത്തലസംഗീതം. സംഗീതം: രമേശ് നാരായണ്‍, എഡിറ്റിംഗ്: ബി. ലെനിന്‍.


അഞ്ജലി മേനോന്‍ 'കേരള കഫേ' എന്ന ചിത്രത്തിനായി സംവിധാനം ചെയ്ത 'ഹാപ്പി ജേര്‍ണി'യും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈമാസം ഒടുവില്‍ പുറത്തിറങ്ങുന്ന അന്‍വര്‍ റഷീദിന്റെ 'ഉസ്താദ് ഹോട്ടല്‍' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും അഞ്ജലി തന്നെ.


ലിറ്റില്‍ ഫിലിംസ് ഇന്ത്യ ആഗസ്റ്റ് സിനിമ വഴിയാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്. 

manjadikkuru gallery
(click to enlarge)









manjadikkuru , manjadikuru malayalam movie, manjadikuru gallery, manjadikuru posters, anjali menon, anjali menon's manjadikuru, prithviraj in manjadikuru, thilakan, jagathi sreekumar, urvashi, sindhu menon, rahman, kavalam, little films india, manjadikuru preview, malayalam cinema news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.