Tuesday, April 24, 2012

നവോദയ അപ്പച്ചന് യാത്രാമൊഴി

മലയാളസിനിമയില്‍ നവീനവും വിപ്ലവകരവുമായ മാറ്റങ്ങള്‍ക്ക് വഴിവെച്ച ക്രാന്തദര്‍ശി നവോദയാ അപ്പച്ചന്‍ (88) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറേമുക്കാലോടെ എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലായിരുന്നു. ദീര്‍ഘനാളായി അര്‍ബുദത്തിന് ചികില്‍സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


70 വര്‍ഷത്തോളം മലയാളസിനിമയുടെ നെടുംതൂണായിരുന്ന അപ്പച്ചന്‍ എന്ന എം.സി പുന്നൂസ്, 1925 ഫെബ്രുവരി ആറിന് ആലപ്പുഴ പുളിങ്കുന്നിലാണ് ജനിച്ചത്. ഇദ്ദേഹവും സഹോദരന്‍ കുഞ്ചാക്കോയും ചേര്‍ന്ന് 1946 ലാണ് ആദ്യ സ്റ്റുഡിയോയായ ഉദയ സ്ഥാപിക്കുന്നത്. 


നിര്‍മാതാവ്, സംവിധായകന്‍ തുടങ്ങിയ മേഖലകളില്‍ മുദ്ര പതിപ്പിച്ച അദ്ദേഹമാണ് മലയാളസിനിമയില്‍ നിരവധി വിപ്ലവകരമായ സാങ്കേതിക മാറ്റങ്ങളും കൊണ്ടുവന്നത്. ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍, മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം പടയോട്ടം, ആദ്യ സിനിമാസ്കോപ്പ് തച്ചോളി അമ്പു തുടങ്ങിയവയുടെ നിര്‍മാതാവ് അപ്പച്ചനാണ്. രാജ്യത്തെ ആദ്യ തീം പാര്‍ക്കായ കിഷ്കിന്ധ ചെന്നൈയില്‍ ആരംഭിച്ചതും ഇദ്ദേഹം തന്നെ. 


ഉദയായുടെ ബാനറില്‍ കുഞ്ചാക്കോക്കൊപ്പവും പിന്നീട് നവോദയയുടെ ബാനറില്‍ സ്വന്തമായും വിവിധ ഭാഷകളിലായി 100 ഓളം ചിത്രങ്ങള്‍ നിര്‍മിച്ചു. വടക്കന്‍പാട്ട് ചിത്രങ്ങളുടെ നീണ്ട നിര തന്നെ ഉദയ, നവോദയ ബാനറുകളിലൂടെ പുറത്തുവന്നു. നസീര്‍ ഇദ്ദേഹം നിര്‍മിച്ച 50 ലേറെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. 
ത്രി ഡി ചിത്രമായ 'മൈഡിയര്‍ കുട്ടിച്ചാത്തനാണ്' അപ്പച്ചന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തത്. ഇതിന്റെ ഹിന്ദി പതിപ്പായ 'ഛോട്ടാ ചേത്താന്‍' ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലും ചിത്രം ശ്രദ്ധനേടി. 'കുട്ടിച്ചാത്തന്‍' നവീകരിച്ച് 1997ലും 2011 ലും വീണ്ടും റിലീസ് ചെയ്തിരുന്നു. 


മോഹന്‍ലാല്‍, ഫാസില്‍, സിബി മലയില്‍, പ്രിയദര്‍ശന്‍, രാജീവ് കുമാര്‍, ശങ്കര്‍, രഘുനാഥ് പലേരി, പൂര്‍ണിമ ജയറാം, ജെറി അമല്‍ദേവ്, ബേബി ശാലിനി, മോഹന്‍ സിതാര തുടങ്ങി അനേകം പ്രമുഖ പ്രതിഭകള്‍ സിനിമയില്‍ എത്തിയതോ ശ്രദ്ധിക്കപ്പെട്ടതോ ഇദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. 


വൈവിധ്യവും പുതുമയും നൂതന സാങ്കേതികത്വങ്ങളും പരീക്ഷിക്കാന്‍ എത്ര പണം മുടക്കാനും മടിയില്ലാത്ത നിര്‍മാതാവായിരുന്നു അപ്പച്ചന്‍. 


പടയോട്ടം, മാമാങ്കം, കടത്തനാട്ട് മാക്കം, തീക്കടല്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, ചാണക്യന്‍ തുടങ്ങിയവയാണ് അദ്ദേഹം നിര്‍മിച്ച പ്രധാനചിത്രങ്ങള്‍. 


2007ല്‍ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ്, 2011ല്‍ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഉള്‍പ്പെടെ അനേകം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രഡിഡന്റ്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി നിരവധി പദവികളും വഹിച്ചിട്ടുണ്ട്.


ഭാര്യ: ബേബി. മക്കള്‍: ജീജോ, ജോസ്, ജിസ്, ജിഷ. മരുമക്കള്‍: ലിസ, സുനിതാ ഐസക് ഫ്രാന്‍സിസ്, ബാബു വര്‍ഗീസ്. 


മൃതദേഹം ചൊവ്വാഴ്ച രാവിലെ 11ന് എറണാകുളം ടൌണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് ചെന്നെ താംബരം കിഷ്കിന്ധ പാര്‍ക്കിനടുത്തുള്ള അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍.navodaya appachan, m.c punnoose, navodaya appachan passed away, navodaya appachan died, malayalam cinema producer navodaya appachan, my dear kuttichathan 3d

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.