Monday, April 9, 2012

Mayamohini review: എല്ലാം മോഹിനിയുടെ മായകള്‍!

ഒരിടവേളക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്ത 'മായാമോഹിനി' റിലീസിന് മുമ്പേ ചര്‍ച്ചയായത് ദിലീപിന്റെ സ്ത്രീവേഷം കൊണ്ടാണ്.  ഈ ജനുസ് ചിത്രങ്ങളുടെ പതിവ് വാര്‍പ്പ് മാതൃകകള്‍ തന്നെയാണ് 'മായാമോഹിനി'യും പിന്‍തുടരുന്നത്. 
എന്നാല്‍, സ്ത്രീവേഷത്തിലുള്ള ദിലീപിന്റെ അസാമാന്യ ദേഹവഴക്കവും, യുക്തിരഹിതമെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാന്‍ അവസരം നല്‍കാതെയുള്ള ഉദയ്കൃഷ്ണ -സിബി കെ. തോമസ് ടീമിന്റെ രചനയും 'ബ്രെയിന്‍ലെസ് എന്റര്‍ടെയ്നറുകള്‍' വിരോധമില്ലാത്തവരെ ആകര്‍ഷിക്കും.


വേണ്ടത്ര ആലോചനയില്ലാതെ വിവിധ ബിസിനസുകളില്‍ എടുത്തുചാടി പണംകളയല്‍  പതിവാക്കില ബാലകൃഷ്ണന്റെയും (ബിജു മേനോന്‍) കൂട്ടുകാരന്‍ അഡ്വ. ലക്ഷ്മി നാരായണന്റെയും (ബാബുരാജ്) അക്കിടികളിലെ നര്‍മങ്ങളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ഇവര്‍ ഒരു വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട് സാമ്പത്തിക കുരുക്കില്‍പെടുന്നു. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ബാലകൃഷ്ണന്റെ കുടുംബസ്വത്ത് അമ്മാവന്‍മാരില്‍ നിന്ന് എഴുതിവാങ്ങാന്‍ ഭാര്യയായി അഭിനയിക്കാനാണ് മായാമോഹിനിയെ (ദിലീപ്) വീട്ടിലെത്തിക്കുന്നത്. 
ഭാര്യയായി അഭിനയിക്കാന്‍ ഈ യുവതിയെത്തിയതിനെത്തുടര്‍ന്നുള്ള നര്‍മവും അവളുടെ യഥാര്‍ഥ ഉദ്ദേശ്യങ്ങളുമാണ് പിന്നീട് കഥ നയിക്കുന്നത്. 


ആദ്യപകുതി സമ്പൂര്‍ണ നര്‍മവും രണ്ടാം പകുതി നര്‍മം കലര്‍ന്ന ഗൌരവരംഗങ്ങളുമായാണ് കഥയുടെ പോക്ക്. രണ്ടാംപകുതിയില്‍ ഊഹിക്കാവുന്ന, യുക്തിരഹിതമായ വഴിത്തിരിവുകളുമുണ്ടേറെ. അവസാനം ചെസ്, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് ഒക്കെ പോലെ ഒരു ആക്ഷന്‍ മൂഡില്‍ വെടിയും പുകയുമായി എല്ലാം ശുഭമാവുകയാണ്. 


സിബി-ഉദയന്‍ ദ്വയത്തിന്റെ സ്ഥിരം എഴുത്തുവഴികള്‍ തന്നെ ഈ ചിത്രത്തിലും. പലതവണ കേട്ടവയെങ്കിലും ചിരിപൊട്ടുന്ന നര്‍മങ്ങള്‍, സ്ലാപ് സ്റ്റിക് രംഗങ്ങള്‍, അല്‍പം ദ്വയാര്‍ഥ പ്രയോഗങ്ങള്‍, അവസാനം ഒരു കൂട്ടപ്പൊരിച്ചില്‍. മോഹിനിയുടെ വരവും താമസവും പ്രതികാരവുമൊക്കെ ഇവരുടെ തന്നെ 'ചെസി'ലെ കഥാഗതി ചിലപ്പോള്‍ ഓര്‍മിപ്പിച്ചേക്കാം. 


സംവിധായകന്‍ എന്ന നിലയില്‍ ജോസ് തോമസും പുതുവഴികളൊന്നും തേടിയിട്ടില്ല. പതിവ് ദിലീപ് -സിബി-ഉദയ് ചിത്രങ്ങളും ഘടന പിന്‍തുടര്‍ന്നു എന്നുമാത്രം. 


ചിത്രത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം ദിലീപിന്റെ 'മോഹിനീവേഷം' തന്നെ. മുഖലാവണ്യത്തില്ലില്ലെങ്കിലും മറ്റൊല്ലാം കൊണ്ടും മോഹിനിയായി അസാമാന്യ വഴക്കത്തോടെയായിരുന്നു ദിലീപിന്റെ ഭാവപ്പകര്‍ച്ച. മലയാളത്തില്‍ ഇത്തരം വേഷപകര്‍ച്ചകള്‍ക്ക് താനല്ലാതെ മറ്റാരുമില്ലെന്ന് ദിലീപ് വീണ്ടും ഈ വേഷത്തിലൂടെ അടിവരയിടുന്നു. ചിത്രത്തിന്റെ ബലവും ഈ വേഷവൈവിധ്യം തന്നെ.


ആദ്യപകുതി സജീവമാക്കുന്നതില്‍ ബിജു മേനോന്‍ -ബാബുരാജ് കൂട്ടുകെട്ടിന്റെ നര്‍മങ്ങളാണ് മുഖ്യപങ്ക് വഹിച്ചത്. ഇടവേളാനന്തരം സ്ഫടികം ജോര്‍ജും മണ്ടന്‍ പോലീസായി ന്‍ര്‍മം പരീക്ഷിച്ചു. 


നായികമാരില്‍ ലക്ഷ്മി റായും മൈഥിലിയും സാന്നിധ്യമറിയിക്കുന്നുണ്ട്. എന്നാല്‍ അവരവരുടെ വേഷങ്ങളില്‍ കാര്യമായ മികവൊന്നും കാട്ടാനുമായില്ല. വിജയരാഘവന്‍, നെടുമുടി വേണു, മോഹന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഭാഗം ഭദ്രമാക്കുന്നുണ്ട്.


ബേണി ഇഗ്നേഷ്യസിന്റെ സംഗീതം ഗുണമുള്ളതല്ലെങ്കിലും ചിത്രത്തിന് ചേരും. അനില്‍ നായരുടെ ക്യാമറയും മോശമല്ല. സാങ്കേതിക വിഭാഗങ്ങളില്‍ എടുത്തുപറയേണ്ടത് റോഷനും സജി കാട്ടാക്കടയും ചേര്‍ന്നൊരുക്കിയ മേക്കപ്പാണ്. ദിലീപിന്റെ മോഹിനിവേഷത്തിന് ജീവനേകാന്‍ നല്ലൊരു പിന്‍തുണ ഇവരുടേതായുണ്ട്. 


ചിത്രം മൂന്നുമണിക്കൂറോളമുള്ളതും രണ്ടാം പകുതിയിലെ പ്രതികാരരംഗങ്ങള്‍ നീളുന്നതും പോരായ്മയാണ്. 


ചുരുക്കത്തില്‍, ഉദയ്കൃഷ്ണ -സിബി കെ.തോമസ് ചിത്രങ്ങളില്‍ നിന്ന് നിര്‍മാതാവും പ്രേക്ഷകരും പ്രതീക്ഷിക്കുന്ന എന്താണോ, അത് പൂര്‍ണമായും 'മായാമോഹിനി' നല്‍കും. അതല്ലാതെ യുക്തിയും പുതുമയും ശുദ്ധഫലിതങ്ങളും തേടി പോകരുതെന്നുമാത്രം.


പല നിരൂപണങ്ങളിലും പറഞ്ഞതുതന്നെ ആവര്‍ത്തിക്കട്ടെ, ചെസും കാര്യസ്ഥനും പോക്കിരിരാജയുമൊക്കെ ഇഷ്ടപ്പെടുമെന്നുള്ളവര്‍ക്ക് തീര്‍ച്ചയായും ആസ്വദിക്കാവുന്ന ചിത്രം തന്നെയാണീ മോഹിനിയും. 


mayamohini review, malayalam movie mayamohini review, dileep, mayamohini, udaykrishna sibi k. thomas, jose thomas, bijumenon, baburaj, lakshmi rai, maithili, malayalam film review, cinemajalakam review

4 comments:

Sahil said...

hmmm....keep ur brain at home and enjoy..

Anonymous said...

verum tattikoottu padamane. oru karyaom illa. dileep matram kollam

ശ്രീ said...

:)

Santhosh Thomas said...

aalu kerum , athu sure aane.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.