Monday, April 2, 2012

Masters Review: മടുപ്പിക്കാത്ത മാസ്റ്റേഴ്സ്





 തന്റെ പതിവു കോമഡി ജനുസ് ചിത്രങ്ങളില്‍ നിന്ന് സംവിധായകന്‍ ജോണി ആന്റണി നടത്തിയ വഴിമാറ്റമാണ് 'മാസ്റ്റേഴ്സ്' എന്ന കുറ്റാന്വേഷണചിത്രം. അന്വേഷണചിത്രങ്ങളുടെ പതിവു സഞ്ചാരപഥങ്ങളിലൂടെ പോകുമ്പോഴും വിരസമാകാതെ പ്രേക്ഷകനെ രണ്ടരമണിക്കൂര്‍ പിടിച്ചിരുന്നതില്‍ പരാജയമാകുന്നില്ല എന്നിടത്താണ് ചിത്രത്തിന്റെ മേല്‍ക്കൈ. പൃഥ്വിരാജ് -ശശികുമാര്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ 'മാസ്റ്റേഴ്സി'ന് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് നവാഗതനായ ജിനു എബ്രഹാമാണ്.


ഒരു ചാവേര്‍ കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കുന്ന എ.എസ്.പി ശ്രീരാമകൃഷ്ണന് (പൃഥ്വിരാജ്) പിന്നീട് കാണേണ്ടിവരുന്നത് അത്തരത്തിലെ തുടര്‍ച്ചയായ കൊലപാതങ്ങളാണ്. എല്ലാ ചാവേര്‍ കൊലകളും പരസ്പരം ബന്ധിതമാണെന്നും ഇവ നിയന്ത്രിക്കുന്നത് ഒരു കേന്ദ്രമാണെന്നും തിരിച്ചറിയുന്ന ശ്രീരാമകൃഷ്ണന്‍ അന്വേഷണം ആ ദിശയിലേക്ക് തിരിക്കുന്നു. ആത്മമിത്രമായ മിലന്‍ പോള്‍ (ശശികുമാര്‍) എന്ന പത്രപ്രവര്‍ത്തകന്റെ സഹായവും ഉപദേശവും പലപ്പോഴും ഇയാള്‍ക്ക് തുണയാകുന്നുണ്ട്. തുടര്‍ന്ന് കൊല്ലപ്പെട്ടവരേയും കൊലപാതികളേയും ചേരുംപടി ചേര്‍ക്കുമ്പോഴാണ് സംഭവപരമ്പകളുടെ വിചിത്രഘടന ശ്രീരാമകൃഷ്ണന് വെളിവാകുന്നതും അന്വേഷണം വിജയത്തിലേക്ക് നീങ്ങുന്നതും. 


സി.ഐ.ഡി മൂസ, തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം പോലുള്ള തന്റെ സ്ഥിരം സുരക്ഷിത കോമഡി ട്രാക്കില്‍ നിന്ന് മാറ്റത്തിന് ശ്രമിച്ചത് തന്നെ അഭിനന്ദനാര്‍ഹമാണ്. ഇതിനു മുമ്പ് ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ 'സൈക്കിള്‍' ചിത്രത്തിലും ഇത്തരം വഴിമാറ്റം നടത്തി മോശമല്ലാത്ത പേര് ഇദ്ദേഹം നേടിയിട്ടുണ്ട്. ഇത്തവണ പൊലീസ് അന്വേഷണത്തിന് ജിനു എബ്രഹാമിന്റെ തിരക്കഥയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. 


കൊലപാതകം, അന്വേഷണം, സംശയം ഒടുവില്‍ വീണ്ടുമൊരു കൊല നടത്തുന്നതില്‍ നിന്ന് പ്രതിയെ തടയല്‍ തുടങ്ങി അന്വേഷണ ത്രീല്ലറുകളുടെ ആരംഭകാലം തൊട്ടേ കൈവെച്ചു പോരുന്ന രീതി തന്നെയാണ് 'മാസ്റ്റേഴ്സി'ലും സ്വീകരിച്ചരിക്കുന്നത്. പൊതു ലക്ഷ്യത്തിനായുള്ള  ചാവേര്‍ പരമ്പരക്കൊലപാതകികളുടെ ശ്രമങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ് ഇതില്‍ അവലംബിച്ചിരിക്കുന്ന പുതുമ എന്നു പറയാവുന്നത്. ബാക്കിയെല്ലാം പതിവ് പടി.




ചില്ലറ സംഘട്ടനങ്ങളും ചെയ്സുമൊക്കെയുണ്ടെങ്കിലും അവയൊന്നും പതിവു സൂപ്പര്‍ താര ചേരുവകള്‍ പോലെ അമാനുഷികതലത്തിലേക്ക് പോകുന്നില്ലെന്നത് ആശ്വാസമാണ്. ജിനു എബ്രഹാമിന് തിരക്കഥാരചനയില്‍ ഒരുപാട് ക്രൈംത്രില്ലറുകള്‍ ഓര്‍മയിലൂടെ കടന്നുപോയിരിക്കാമെന്നല്ലാതെ കൃത്യമായ  പുതുമ കണ്ടെത്താനായിട്ടില്ല. മാത്രമല്ല, നായക കഥാപാത്രവും ഉപനായക കഥാപാത്രവുമല്ലാതെ മറ്റനേകം കഥാപാത്രങ്ങളുണ്ടെങ്കിലും അവയ്ക്കൊന്നും വ്യക്തിത്വം നല്‍കാനാവാത്തതും കനത്ത പോരായ്മയാണ്.


ഉദാഹരണത്തിന്, നായകന്‍-നായികാ സങ്കല്‍പം ചിത്രത്തിലില്ലെങ്കിലും നിരവധി നായികമാര്‍ ചിത്രത്തിലുണ്ട്. പിയാ ബാജ്പേയി അവതരിപ്പിക്കുന്ന ദക്ഷ, അനന്യയുടെ ആഷ്ലി, മിത്രാ കുര്യന്റെ ശീതള്‍, സന്ധ്യയുടെ നിയ തുടങ്ങിയവര്‍. ഇതില്‍ എല്ലാവരും കഥയില്‍ പ്രാധാന്യമുള്ളവരാണെങ്കിലും ഇടക്ക് റോളുള്ളപ്പോള്‍ വന്ന് അവരുടെ ദൌത്യം നിര്‍വഹിച്ചു കടന്നുപോകുന്നുവെന്ന് മാത്രമേ പ്രേക്ഷകര്‍ക്ക് അനുഭപ്പെടൂ. 


പുരുഷ കഥാപാത്രങ്ങളുടെ ഗതിയും ഇതു തന്നെ. ബിജു മേനോന്റെ സേതു എന്ന കഥാപാത്രവും വിജയരാഘവന്‍, സലീംകുമാര്‍, സിദ്ദിഖ്, സായികുമാര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ക്കും കഥയിലൊരിടത്തും തലയുയര്‍ത്തി നില്‍ക്കാന്‍ ആവുന്നില്ല. 


പൃഥ്വിരാജ് എ.എസ്.പി വേഷം മോശമാക്കിയില്ല. അതില്‍ കൂടുതലൊന്നും പറയാനുള്ള അഭിനയ സാധ്യത കഥാപാത്രം നല്‍കുന്നുമില്ല. തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ശശികുമാര്‍ മലയാളത്തിലെത്തിയപ്പോള്‍ മികച്ച സ്ക്രീന്‍ സ്പേസ് ലഭിച്ചു എന്നത് ആശ്വാസമാണ്. എന്നാല്‍ അദ്ദേഹത്തിന് നല്‍കിയ ശബ്ദത്തിന് പക്വത പോരാതെ തോന്നി. അതുകൊണ്ടുതന്നെ പല സുപ്രധാന രംഗങ്ങളിലും ശശികുമാറിന്റെ പ്രകടനത്തിന് കൃത്യമായ 'പഞ്ച്' തോന്നുന്നുമില്ല. 


പൃഥ്വിരാജ് -ശശികുമാര്‍ സൌഹൃദം ആദ്യഘട്ടത്തില്‍ വരച്ചുകാട്ടുന്നതിലും ഈ ശക്തികുറവ് ദൃശ്യമാണ്. ഇതിനായി ഉപയോഗിച്ച 'സുഹൃത്ത്' എന്ന ഗാനം തീരെ ഏശിയില്ല. 


സാങ്കേതിക വിഭാഗങ്ങളില്‍ ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന് കൃത്യമായ ദിശാബോധം നല്‍കുന്നുണ്ട്. മധു നീലകണ്ഠന്റെ ക്യാമറയും അല്‍ഭുതങ്ങള്‍ നല്‍കുന്നില്ലെങ്കിലും മോശമാക്കിയില്ല. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗ് ചിത്രത്തെ ചടുലമാക്കുന്നുണ്ട്. 


മൊത്തത്തില്‍, പുതുമകളൊന്നുമില്ലെങ്കിലും ഒരു അന്വേഷണാത്മക പൊലീസ് സ്റ്റോറി ഇഷ്ടപ്പെടുന്നവരെ വെറുപ്പിക്കാത്ത ചിത്രമാണ് 'മാസ്റ്റേഴ്സ്'. (ആ തലക്കെട്ട് എന്തിന് ഇട്ടു എന്നു മാത്രം മനസിലായില്ല). ന്യൂനതകള്‍ ഉണ്ടെങ്കിലും പ്രേക്ഷകന്റെ ഉദ്വേഗം നഷ്ടപ്പെടാതെ പിടിച്ചിരുത്താന്‍ കഴിയുന്നു എന്നതു തന്നെയാണ് സമീപകാലത്തിറങ്ങിയ ഇത്തരം ചിത്രങ്ങളുടെ മുന്നിലെത്താന്‍ 'മാസ്റ്റേഴ്സി'നെ സഹായിക്കുന്നത്. 




masters review, malayalam movie masters review, masters, malaya;am movie masters, pritviraj and sasikumar, johny antony, pia bajpayee, ananya, mitra kurien, jinu abraham, biju menon, malayalam cinema review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.