Saturday, April 14, 2012

22 Female Kottayam Review: തന്റേടമുള്ള കോട്ടയംകാരി

മെഗാസ്റ്റാറിന്റെ സ്റ്റാര്‍ പവറും കൂളിംഗ് ഗ്ലാസും സ്ക്രീനിലെത്തിച്ചാണ് ഹരിശ്രീ കുറിച്ചതെങ്കിലും  ആഷിഖ് അബു രണ്ടാമത്തെ ചിത്രത്തില്‍ തന്നെ ദിശമാറി സഞ്ചാരം തുടങ്ങിയിരുന്നു. ആ പുതുവഴിയിലെ പുത്തന്‍ സൃഷ്ടിയായ '22 ഫീമെയില്‍ കോട്ടയം' പറയുന്നത് തന്റേടമുള്ള കഥയാണ്, തന്റേടമുള്ള പെണ്ണിന്റെ കഥ. അതായത്, നല്ലൊരു പുതുതലമുറ ചിത്രമെന്ന സാമാന്യവത്കരിച്ച മംഗളപത്രം മാത്രം മതിയാവില്ല ഈ ധീരശ്രമത്തിനെ വിശേഷിപ്പിക്കാനെന്ന് സാരം.


കാനഡയിലേക്ക് ജോലി തേടി പറക്കാന്‍ കാത്തിരിക്കുന്ന ടെസ്സ എബ്രഹാം (റീമ കല്ലിംഗല്‍) എന്ന 22 കാരി നഴ്സിന്റെ ജീവിതവഴികളിലൂടെയാണ് '22 ഫീമെയിലി'ന്റെ യാത്ര. ബംഗളൂരുവിലെ ജോലിക്കിടയില്‍ പരിചയപ്പെടുന്ന സിറില്‍ (ഫഹദ് ഫാസില്‍) എന്ന യുവാവുമായി അവളടക്കുന്നു. കാനഡ യാത്രയുടെ വിസക്ക് വഴി തെളിയുകയും സിറിലുമായുള്ള ബന്ധം ഗാഢമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവം അവളെ പിടിച്ചുലയ്ക്കുന്നു. അതില്‍ നിന്ന് മോചിതയാകും മുമ്പേ തുടര്‍ച്ചയായി വീണ്ടും ദുരന്തങ്ങള്‍ അവളെ വേട്ടയാടുന്നു. ഇതിന്റെ പ്രഭാവത്തില്‍ നിഷ്കളങ്കയായ കോട്ടയംകാരി ആകെ മാറുകയാണ്. 'വെറുമൊരു പെണ്ണിന്' എന്താകാന്‍ കഴിയുമെന്നും എങ്ങനെയൊക്കെ പ്രതികരിക്കാന്‍ കഴിയുമെന്നും അവള്‍ തെളിയിക്കുന്നതാണ് പിന്നീടങ്ങോട്ട്. 


പ്രേമം, ചതി, പ്രതികാരം എന്ന പഴക്കംചെന്ന ഫോര്‍മാറ്റിന് ആഖ്യാനമേന്‍മ കൊണ്ട് പുതുക്കം നല്‍കിയിരിക്കുകയാണ് ആഷിഖ് അബുവും തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്കരനും അഭിലാഷും. പെണ്ണൊരുമ്പെട്ടാല്‍ എന്തിനുമാകുമെന്ന് സ്ത്രീകള്‍ക്ക് ഊര്‍ജം നല്‍കുന്ന സന്ദേശവും ചിത്രം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. 


സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും അവ നേരിടാന്‍ ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും സമൂഹത്തില്‍ പുതുമയല്ലാതായ സാഹചര്യത്തിലാണ് ടെസ്സയുടെ പ്രശ്നങ്ങളും അവള്‍ നേരിട്ട രീതികളും പ്രസക്തമാവുന്നത്. 


നായകന്‍, വില്ലന്‍, സഹായികള്‍ തുടങ്ങിയ കെട്ടുപാടുകളില്‍ നിന്ന് മലയാളസിനിമ വിട്ടുമാറാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. ആ നിരയില്‍ തന്നെയാണ് 'ഫീമെയിലി'ന്റെ സഞ്ചാരവും. പ്രണയത്തിന്റെ വഴികളും പതിവ് പ്രേമരംഗങ്ങളോ മുട്ടിയുരുമ്മിയുള്ള മര്‍മരങ്ങളോ നിറഞ്ഞതല്ല. 


ഗൌരവപ്രമേയം അവതരണലാളിത്യത്താല്‍ ആസ്വാദ്യമാകുന്നതിന് ഇതിലും നല്ല ഉദാഹരണം മലയാളത്തില്‍ ഇതുവരെയില്ല. ജീവിതസങ്കീര്‍ണതകള്‍ വിവരിക്കുമ്പോഴും ചിത്രം സങ്കീര്‍ണമാവാതെ കൊണ്ടുപോകുന്നതാണ് തിരക്കഥയുടെ മിടുക്ക്. 


കഥാപാത്രങ്ങളില്‍ ടെസ്സയും സിറിലുമല്ലാതെ ഒരുപാട് നേരം സ്ക്രീനില്‍ ചെലവഴിക്കുന്നവര്‍ അധികമില്ല. എങ്കിലും എല്ലാ കഥാപാത്രങ്ങള്‍ക്കുമുണ്ട് വ്യക്തിത്വം. കണ്ടിറങ്ങുമ്പോഴും ഓരോ കഥാപാത്രങ്ങളുടേയും പേരും പ്രസക്തിയും പ്രേക്ഷകരുടെ മനസിലുണ്ടാകും. 


അഭിനേതാക്കളില്‍ റിമ തന്നെ ചിത്രത്തിന്റെ ജീവനാഡി. ടെസ്സയെന്ന നഴ്സിന്റെ സ്വപ്നങ്ങളും ദുരന്തങ്ങളും തന്റേടവുമെല്ലാം ശരീരഭാഷയിലും കണ്ണുകളിലും പകര്‍ത്തുന്നതില്‍ അവര്‍ വിജയം തന്നെ. 


ഫഹദിന്റെ സിറില്‍ സി മാത്യുവിന്റെ ഭാവാദികള്‍ 'ചാപ്പാ കുരിശി'ലെ അദ്ദേഹത്തിന്റെ തന്നെ അര്‍ജുനെ ഓര്‍മിപ്പിക്കും. എങ്കിലും സിറില്‍ ഫഹദിന്റെ കൈയില്‍ സുരക്ഷിതമായിരുന്നു. പ്രതാപ് പോത്തന്‍, ടി.ജി രവി, സത്താര്‍ , രശ്മി സതീഷ്‌ തുടങ്ങിയവരും ഓര്‍മയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളായി. 


അവിയലിലെ റെക്സ് വിജയന്‍ ഒരുക്കിയ ഗാനങ്ങള്‍ മോശമാക്കിയില്ല. എടുത്തുപറയേണ്ടത് ബിജിബാലും റെക്സും ചേര്‍ന്നൊരുക്കിയ പശ്ചാത്തല സംഗീതമാണ്. ചിത്രത്തിന്റെ കഥാവേഗത്തിനും സമ്പുര്‍ണ പിന്തുണ ഇത് നല്‍കുന്നുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറയും ടെസയും ജീവിതത്തിലെ ഇരുളും വെളിച്ചവും കൃത്യമായി പകര്‍ത്തിയിട്ടുണ്ട്. 


സമ്പൂര്‍ണ സദാചാരവാദികളുടെ നെറ്റിചുളിക്കുന്ന ചില രംഗങ്ങളും ചിത്രത്തില്‍ കണ്ടെത്താനായേക്കാം. സ്ത്രീകളുടെ മദ്യപാനവും വിവാഹപൂര്‍വ 'സൌഹൃദ'ങ്ങളും ഒക്കെ കഥാഗതിയില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. നായികയുടെ കന്യകാത്വവും ലൈംഗിക സ്വാതന്ത്യ്രവും സംബന്ധിച്ച സ്ഥിരം കാഴ്ചപാടുകളും പല നവനിര സിനിമകളിലെയും പോലെ ഇവിടെയും തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 


ഒടുക്കം ഇതുകൂടി ചേര്‍ക്കട്ടെ, '22 ഫീമെയിലി'ന്റെ കഥാതന്തുവിന് ഒന്നു രണ്ട് അന്യഭാഷാ ചിത്രങ്ങള്‍ പ്രചോദമായിട്ടുണ്ടാവാം. ഒരു ഹിന്ദി ചിത്രത്തിന്റെ കഥാസഞ്ചാരത്തോട് നല്ല സാദൃശ്യം വ്യക്തമാണ്. (സിനിമക്കൊടുവിലെ ടൈറ്റിലില്‍ ഈ പ്രചോദനം സമ്മതിക്കുന്നുമുണ്ട്). എന്നാല്‍, കഥയെന്തെന്നതല്ല, അതു നമ്മുടെ പരിസരത്തേക്ക് എത്തിക്കുന്നതിലും വ്യത്യസ്തമായ ദൃശ്യ പരിചരണശൈലി അവലംബിക്കുന്നതിലും തിരക്കഥാകൃത്തുകളും സംവിധായകനും പുര്‍ണ വിജയമാണെന്നതാണ് മേന്‍മ. (കഴിഞ്ഞകൊല്ലം വന്ന 'ചാപ്പാ കുരിശും' കഥാപ്രചോദനമുണ്ടെങ്കിലും അഖ്യാനമികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടതോര്‍ക്കുക.) 


ചുരുക്കത്തില്‍, മലയാളത്തിലെ ധീരമായ പരീക്ഷണങ്ങളില്‍ ശക്തമായൊരു ചുവടുതന്നെയാണ് '22 ഫീമെയില്‍ കോട്ടയം'. സ്വാഭാവികമായ ക്ലൈമാക്സും ശക്തമായ കഥാന്ത്യവും നല്‍കാനായതും തന്റേടമാണ്.  അതായത്, ആഷിഖ് 'സോള്‍ട്ട് ആന്റ് പെപ്പറി'ലേതുപോലെ സരസമായൊരു കഥയല്ല ഇതില്‍ പറയുന്നതെന്ന് സാരം.


എന്തായാലും ടെസ്സയെന്ന നായികയെ ശാക്തീകരിക്കുന്നതിലൂടെ ആഷിഖ് അബു തച്ചുടച്ചത് മലയാളത്തിലെ താര അപ്രമാദിത്വത്തിന്റെ പൌരുഷം കൂടിയാണ്.


22 female kottayam review, 22fk review, malayalam movie 22 female kottayam, rima kallingal, aashiq abu, syam pushkaran, fahad fasil, t.g ravi, prathap pothen, sathar, shyju khalid, avial, rex vijayan, malayalam film review

8 comments:

Sangeetha said...

thank lord...!! 22fk is upto expectations...

Govind said...

Shaktamaya itharam srishtikalakatte malayala cinemaye munnottu nayikkunnathu

Shaiju Rajendran said...

സ്വന്തം ശരീരത്തെക്കുറിച്ച് സ്വയം തീരുമാനങ്ങളെടുക്കാന്‍ നിവര്‍ത്തിയില്ലാത്ത ഒരു സ്ത്രീയാണോ നിങ്ങള്‍???എങ്കില്‍ നിങ്ങള്‍ക്ക്‌ 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല. സ്വന്തം ശരീരം നിരന്തരം ആക്രമിക്കപ്പെട്ടാലും പ്രതികരണശേഷിയില്ലാത്ത സര്‍വ്വംസഹയായ ഒരു സ്ത്രീ ആണോ നിങ്ങള്‍???എങ്കില്‍ നിങ്ങള്‍ക്ക്‌ 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല. സ്ത്രീ ശരീരത്തെ ബിംബവല്ക്കരിച് നിയന്ത്രിച്ച് നിര്‍ത്തുകയും എന്നാല്‍ തരം കിട്ടിയാല്‍ ആക്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ആണത്തത്തിന്‍റെ യഥാര്‍ത്ഥ മൌലികത എന്ന് ഉദ്ഘോഷിക്കുന്ന ഒരു പുരുഷന്‍ ആണോ നിങ്ങള്‍???എങ്കില്‍ നിങ്ങള്‍ക്ക്‌ 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല. സാമൂഹിക യാഥാര്‍ത്യങ്ങളെ തീവ്രമായിട്ടു അവതരിപ്പിക്കുന്ന ശക്തമായ സോഷ്യല്‍ മെസ്സേജ് നല്‍കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്ക്‌ വെറുപ്പാണോ???എങ്കില്‍ നിങ്ങള്‍ക്ക്‌ 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല. ആപേക്ഷികമായ ശരിതെറ്റുകളിലെ കപടനാട്യം വെടിയണമെന്നും പുരുഷനൊപ്പം പ്രാധാന്യം ഒരു സ്ത്രീയുടെ വ്യക്തിത്വത്തിനും നല്‍കണമെന്നും പറയുമ്പോള്‍, എന്നാല്‍ ആണത്തം നഷ്ട്ടപ്പെട്ടുപോകുമെന്ന് അര്‍ത്ഥമില്ലാതെ ഭയന്ന് വിറഞ്ഞു കയറുന്ന ഒരു പുരുഷനാണോ നിങ്ങള്‍???എങ്കില്‍ നിങ്ങള്‍ക്ക്‌ 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല. സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍???എങ്കില്‍ നിങ്ങള്‍ക്ക്‌ 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല.

അല്ല എന്നാണ് നിങ്ങളുടെ മനസിലെങ്കില്‍ എന്നെപ്പോലെ നിങ്ങള്‍ക്കും ഈ ചിത്രം ഇഷ്ട്ടപ്പെടും.

Anoop R Nair said...

നവ സിനിമകളില്‍ തന്നെ പുതിയ വഴി ആണ് ഈ സിനിമ. എന്ത് മാത്രം യാധര്ത്യ ബോധാതോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അസാധ്യ സിനിമ. നന്ദി ആഷിക് നന്ദി

Chithra said...

nalla cinema thanne. chilayidathu ezhachil undu enna kuzhappame ulloo.. anyway, awesome work

Rajeev Nair said...

Ashiq's Daddy Cool was also a refreshing feel... different from other cop movies... This guy is onto something... best of luck Ashiq...

Anonymous said...

@rajeev
daddy cool is refreshing. but post interval is badly executed

Sruthi said...

നല്ല രീതിയില്‍ എടുത്ത, പുതുമ ഫീല്‍ ചെയ്യുന്ന ചിത്രം തന്നെ സംശയമില്ല. എന്നാല്‍ സ്ത്രീ പക്ഷമെന്ന് പൂര്‍ണമായി ഈ ചിത്രത്തെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമോ എന്ന് സംശയമുണ്ട്.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.