Monday, March 5, 2012

Talsamayam oru penkutty review: ശരാശരി പെണ്‍കുട്ടി ലൈവ്!





റിയാലിറ്റി ഷോകള്‍ പ്രേക്ഷകരെ ടി.വിക്ക് മുന്നില്‍ പിടിച്ചിരുത്താന്‍ തുടങ്ങിയിട്ട് കാലംകുറച്ചാകുന്നു. പേര് റിയാലിറ്റി എന്നാണെങ്കിലും ഇവ റേറ്റിംഗിനുള്ള തട്ടിപ്പുകളാണെന്നും കുറേപേര്‍ക്കെങ്കിലും അറിയാം. ഇത്തരം തട്ടിപ്പുകളിലേക്ക് വെളിച്ചം വീശണമെന്ന ഉദ്ദേശത്തോടെ ടി.കെ രാജീവ് കുമാര്‍ ഒരുക്കിയ 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രം പക്ഷേ, പറയാനുദ്ദേശിച്ചത് എങ്ങനെ പറയണമെന്നറിയാതെ തിരുവനന്തപുരത്തെ നഗരവീഥികളിലൂടെ നായികയെ നടത്തിക്കുക മാത്രമാണ് ചെയ്യുന്നത്. 


കാക്കാമൂലയിലെ കായലോരത്തു നിന്നുള്ള മഞ്ജുള അയ്യപ്പന്‍ (നിത്യാ മേനോന്‍) എന്ന പെണ്‍കുട്ടി പെട്ടെന്നൊരു നാള്‍ റിയാലിറ്റി ഷോയുടെ ക്യാമറക്ക് മുന്നിലേക്ക് വരുമ്പോള്‍ അവളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം വിവരിക്കുന്നത്. ഇതിലൂടെ ടി.വി ചാനലുകള്‍ റിയാലിറ്റി ഷോകളുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകളും കുറേയൊക്കെ പറയാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. 


ട്രൂമാന്‍ ഷോയും ബിഗ് ബോസ് ഷോയുമൊക്കെ പോലെ ഒരു മാസക്കാലം ഒരു പെണ്‍കുട്ടിയുടെ ജീവിതം അതേപടി ടി.വി യില്‍ ലൈവായി എത്തിക്കുക. ഇത്തരത്തില്‍ നിരവധി മല്‍സരാര്‍ഥികളില്‍ നിന്ന് വിജയിയെ തെരഞ്ഞെടുക്കുക. ഇതാണ് റിയല്‍ ടി.വിയുടെ തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ടി. വി ഷോയുടെ രീതി. ഇതില്‍ ആദ്യ മല്‍സരാര്‍ഥിയാണ് മഞ്ജുള എത്തുന്നത്. പ്രോഗ്രാം പ്രൊഡ്യൂസര്‍ സെറീന (ശ്വേതാ മേനോന്‍) പരിപാടിയെ തന്റേതായ രീതിയില്‍ മുന്നോട്ടു നയിക്കാന്‍ ശ്രമിക്കുമ്പോള്‍ ചാനല്‍ എം.ഡി രവി (സിദ്ദിഖ്), പ്രൊഡ്യൂസര്‍ തോമസ് (ബാബുരാജ്) തുടങ്ങിയവര്‍ അതിനെ വിപണി മൂല്യത്തിനനുസരിച്ച് മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ മഞ്ജുളയുടെ ജീവിതത്തിലെ മാറ്റങ്ങളും പ്രണയവുമൊക്കെ കടന്നുവരുന്നതനുസരിച്ചാണ് കഥ വികസിക്കുന്നത്.


വര്‍ത്തമാനകാല ടി.വി ഷോകള്‍ വിഷയമാക്കുന്നു എന്ന പുതുമയാണ് 'തല്‍സമയം ഒരു പെണ്‍കുട്ടി'ക്ക് എടുത്തുപറയേണ്ട പുതുമ. പുതുമയുള്ള വിഷയം കിട്ടിയിട്ടും വേണ്ട വിധം കൈകാര്യം ചെയ്യാനറിയാതെ പോയതാണ്  പ്രശ്നം. ചിത്രം തുടങ്ങി നായിക ഷോയില്‍ എത്തുന്നതു മുതല്‍ ക്ലൈമാക്സ് വരെ എതാണ്ട് ഒരേ ഗതി കഥ പോവുകയാണ്. നായികാ കഥാപാത്രത്തിന്റെ ജീവിതം തല്‍സമയ ടി.വി ഷോക്ക് വിഷയമായതിനാല്‍ അവളെ  ക്യാമറ സംഘത്തിനൊപ്പം തിരുവനന്തപുരത്തെ നഗരവീഥികളിലൂടെ തെക്കുവടക്ക് നടത്തിക്കുകയാണ്. ഇടക്ക് അവള്‍ക്കുണ്ടാകുന്ന അനുഭവങ്ങളില്‍ ചിലത് രസിപ്പിക്കും എന്നതുകൊണ്ട് ശരാശരി നിലവാരമെന്ന് വേണമെങ്കില്‍ പറയാം. 


ഇതിനൊപ്പം ഈ ഷോ കാണുന്ന പ്രേക്ഷകരായി ചില കഥാപാത്രങ്ങളുമുണ്ട്. എപ്പോഴും ജിമ്മില്‍ എക്സര്‍സൈസ് ചെയ്യുന്ന നവാസിന്റെയും മക്കള്‍ വിദേശത്തായതിനാല്‍ വീട്ടില്‍ ഒറ്റക്കായ വൃദ്ധയായി കെ.പി.എ.സി ലളിതയും ബാറില്‍ കുടിച്ചുകൊണ്ടേയിരിക്കുന്ന കുടിയനും മറ്റുമൊക്കെ. ഇവരാകട്ടെ സിനിമ തുടങ്ങിയതുമുതല്‍ തീരുന്നതുവരെ ഇതേ പ്രവൃത്തിചെയ്തുകൊണ്ട് ടി.വി ഷോ കാണുന്നവരാണ്. ഇടക്ക് സുരാജ് വെഞ്ഞാറമൂടിന്റെ ഷിബുലാല്‍ എന്ന പ്രവാസി വ്യവസായിയും വന്നു ബോറാക്കി പോകുന്നുണ്ട്. ഒടുവില്‍ കഥ പറഞ്ഞുനിര്‍ത്താന്‍ ഒരു വഴിത്തിരിവും ക്ലൈമാക്സും തട്ടിക്കൂട്ടി റിയാലിറ്റി ഷോകളുടെ ദൂഷ്യവശങ്ങളും തട്ടിപ്പും തുറന്നുകാട്ടിയാണ് ചിത്രം തീരുന്നത്. 


ആദ്യപകുതി തരക്കേടില്ലാതെ കടന്നുപോകുമെങ്കിലും രണ്ടാം പകുതിയില്‍ ഒന്നുമില്ലാത്തതിന്റെ വിരസത ആവോളമുണ്ട്. സണ്ണി ജോസഫും മാനുവല്‍ ജോര്‍ജുമൊരുക്കിയ തിരക്കഥക്കും നേരായ ദിശയില്‍ ചിത്രത്തെ നയിക്കായില്ല. ചിത്രത്തില്‍ ആദ്യാവസാനമുള്ള നായിക കഥാപാത്രത്തിന് പോലും കൃത്യമായി പ്രേക്ഷകനെ സ്പര്‍ശിക്കും വിധം ജീവന്‍ നല്‍കാന്‍ രചയിതാക്കള്‍ക്കും സംവിധായകനുമായില്ല എന്നതുതന്നെ ഏറ്റവും വലിയ വീഴ്ച. 


മഞ്ജുളയായി നിത്യാ മേനോന്‍ നിറഞ്ഞുനിന്നു. ശ്വേതാ മേനോനും പക്വമായ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെടും. ഉണ്ണി മുകുന്ദന്‍ സൂര്യന്‍ എന്ന കഥാപാത്രത്തെ മോശമാക്കിയില്ല, എന്നാല്‍ കാര്യമായി എന്തെങ്കിലും ചെയ്യാനുള്ള അവസരം ഈ യുവനടന് ലഭിച്ചതുമില്ല. മറ്റുള്ളവര്‍ അവരുടെ ജോലി പറഞ്ഞതുപോലെ ചെയ്തിട്ടുപോയി. 


ശരത്ത് ഈണം പകര്‍ന്ന ഗാനങ്ങളില്‍ 'പൊന്നോടു പൂവായും 'ഏനോ'യും മോശമല്ല. വിനോദ് ഇല്ലംമ്പിള്ളിയുടെ ക്യാമറയും ശരാശരി. ബി. അജിത്കുമാറിന്റെ എഡിറ്റിംഗ് പലേടത്തും ഇനിയും വേണ്ടിയിരുന്നതായി തോന്നി.


ഒരു നല്ല സിനിമക്കുള്ള പ്രമേയവും, മികച്ച താരങ്ങളുമുണ്ടെങ്കിലും അവ കൈകാര്യം ചെയ്യാനറിയാത്തതുകൊണ്ടുമാത്രമാണീ ചിത്രം പാളിപോവുന്നത്. ചുരുക്കത്തില്‍, സുന്ദരിയായ നായികയെ റിയാലിറ്റി ഷോയുടെ പേരില്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ നടത്തിക്കുന്നു, ബസില്‍ യാത്ര ചെയ്യിക്കുന്നു, ചന്തയിലും പാര്‍ക്കിലും കൊണ്ടു പോകുന്നു തുടങ്ങിയ പുതുമകള്‍ ആസ്വദിക്കാനാവുമെന്നുള്ളവര്‍ക്ക് തീയറ്ററില്‍ ബോറടിക്കാതെ കാണാവുന്ന ചിത്രമാണ് 'തല്‍സമയം ഒരു പെണ്‍കുട്ടി'. 



talsamayam oru penkutty review, thalsamayam oru penkutty review, nitya menon, t.k. rajeev kumar, swetha menon, unni mukundan, baburaj, malayalam movie reviews

5 comments:

Sangeetha said...

നിത്യ മേനോന്‍ നന്നായിരുന്നു. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം.

Anonymous said...

reality manasilakatha padam

Anonymous said...

sarasarikkum thazhe nilkunna padam enne ithine kurichu parayan kazhyulloo..
pavitravum chanakyanum orukkiya rajeevkumar enna samvidhayakante adhapathanam aanu ee padam.editing tablil enkilum kathrika kollenda rangangal ozhivakkiyirunnenkil padam etrayo bhedamakumayirunnu.

Kannan said...

ഇത്തരം സിനിമകള്‍ ഒരു ത്രെഡ് കിട്ടി എന്ന് കരുതി മാത്രം ചാടി കേറി എടുക്കരുത് എന്ന് രാജീവ്‌ കുമാര്‍ ഇനി എന്ന് പഠിക്കും. റിവ്യൂ പറയുന്ന ആശയങ്ങള്‍ അംഗീകരിക്കുന്നു. സിനിമയുടെ കാര്യം പോലെ അല്പം കൂടി ഒതുക്കി പറയാമായിരുന്നു.

Anonymous said...

Yes,This is good example of How a Good Idea can be made into a Bad Script and Worse movie.The only commentable performance is from Nitya Menon and Swetha Menon.Raju and Tom have performed like professionals.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.