Saturday, March 3, 2012

Nidra Review: ചന്തംചോരാതെ പുതു നിദ്ര

ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര'ക്ക് മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കിയ പുതുഭാഷ്യം ഒരു വൈകാരിക യാത്രയാണ്. മനോനില തെറ്റിയവന്‍ സ്വന്തം മണ്ണും സ്വത്വവും കാത്തുസൂക്ഷിക്കാന്‍ നടത്തുന്ന വൈകാരികയുദ്ധം. ചില്ലറ മാറ്റങ്ങള്‍ വരുത്തി സിദ്ധാര്‍ഥനും സന്തോഷ് എച്ചിക്കാനവും ഒരുക്കിയ തിരക്കഥക്ക് 1981ല്‍ ഇറങ്ങിയ ആദ്യപതിപ്പിന്റെ ഒഴുക്ക് ചിലേടത്തൊക്കെ നഷ്ടമാകുന്നുണ്ട്. എങ്കിലും മനോഹരമായ ദൃശ്യങ്ങളും ചേരുന്ന പശ്ചാത്തലസംഗീതവും കൂടിയായപ്പോള്‍ ചിത്രത്തിന്റെ മൊത്തത്തിലുള്ള ചന്തത്തിന് കാര്യമായ കോട്ടമുണ്ടായിട്ടില്ല. 


അമ്മയുടെ മരണത്തെത്തുടര്‍ന്ന് മുമ്പ് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുള്ള യുവാവ് രാജു (സിദ്ധാര്‍ഥ്) വിന്റെ ലോകത്തില്‍ ബന്ധുക്കളുടെ ഇടപെടല്‍ അവനെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നാണ് ചിത്രം പരിശോധിക്കുന്നത്. തന്റെ പശ്ചാത്തലമെല്ലാമറിയാവുന്ന കളിക്കൂട്ടുകാരി അശ്വതി (റീമാ കല്ലിംഗല്‍)യെ അവന്‍ സഹധര്‍മിണിയാക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. 


രാജുവിന് അവന്റേതായ ലോകമുണ്ട്. കോടീശ്വരനായ പിതാവ് മേനോന് (തലൈവാസല്‍ വിജയ്)  കൃത്യമായ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാത്ത മകന്റെ അലസജീവിതത്തില്‍ ആശങ്കയുമുണ്ട്. അതേസമയം, രാജുവിന്റെ ജ്യേഷ്ഠന്‍ വിശ്വന്‍ (ജിഷ്ണു) ഇതില്‍നിന്നൊക്കെ ഏറെ ഭിന്നനാണ്. വീല്‍ ചെയറിലായ അച്ഛന്റെ ബിസിനസ് സാമ്രാജ്യം നോക്കിനടത്തുന്നതും അത് പുത്തന്‍ തലങ്ങളിലേക്ക് വളര്‍ത്തുന്നതും അയാളാണ്. 


മാനസിക നില ഒരിക്കല്‍ തെറ്റിയവനെന്ന നിലക്ക് അറിഞ്ഞും അറിയാതെയും പിതാവും ജ്യേഷ്ഠനും പലപ്പോഴും ബന്ധുക്കളും സ്വീകരിക്കുന്ന സമീപനങ്ങളും ഏര്‍പ്പെടുത്തുന്ന വിലക്കുകളും രാജുവിനെ അസ്വസ്ഥനാക്കുകയാണ്. ഇതിനിടയില്‍ അയാളുടെ മാനസികനില തകര്‍ച്ചയിലേക്ക് നീങ്ങാതിരിക്കാന്‍ പാടുപെടുകയാണ് ഭാര്യ അശ്വതി. 


എന്നാല്‍ വീട്ടിലെ ചിട്ടവട്ടങ്ങള്‍ക്കപ്പുറം പ്രകൃതിയോടിണങ്ങി രാജു പലപ്പോഴും അഭയം തേടുന്ന ചുറ്റുവട്ടത്തെ കാടും പുഴയോരവും കൂടി ജ്യേഷ്ഠന്‍ പണക്കൊതിയോടെ കണ്ണുവെക്കുന്നതോടെ അത് സംരക്ഷിക്കാന്‍ അവന്‍ സ്വന്തം നില വിട്ടുപെരുമാറുന്നു.


ഒറ്റനോട്ടത്തില്‍ ഒരു യുവാവിന്റെ മാനസിക വ്യതിയാനങ്ങള്‍ പിന്തുടരുകയാണ് ചിത്രമാണ് നിദ്ര. അതേസമയം, സമനിലയുള്ളവരെന്ന് കരുതുന്നവരുടെ തോന്ന്യാസങ്ങള്‍ തടഞ്ഞ് പ്രകൃതിയോടു ചേര്‍ന്ന് ജീവിക്കാനുള്ള ഒരാളുടെ തീക്ഷ്ണമായ പ്രതിരോധം കൂടിയാണത്. ആ ഭാവത്തിനാണ് പ്രേക്ഷകരില്‍ കൂടുതല്‍ പ്രഭാവമുണ്ടാക്കാനാവുന്നതും. 


എല്ലാ ഘട്ടത്തിലും സ്വാഭാവികത നിലനിര്‍ത്താനായതാണ് സംവിധായകന്റെ വിജയം. തിരക്കഥ വീണ്ടും ആറ്റിക്കുറുക്കിയപ്പോള്‍ സംഭവിച്ച പാളിച്ചകള്‍ അവതരണത്തിലെ ഈ സ്വാഭാവികതയും ശാന്തമായ ഗാംഭീര്യവും വഴി സിദ്ധാര്‍ഥിന് മറികടക്കാനായി. ഒരുപാട് കഥാവഴികളോ കഥാപാത്രങ്ങളോ കടന്നുവരാതെ രണ്ടുമണിക്കൂറില്‍ താഴെ സമയം കൊണ്ട് ഇത് പറഞ്ഞുവെക്കാനുമാകുന്നുണ്ട്.


'നിദ്ര'ക്ക് യഥാര്‍ഥ ഭംഗി നല്‍കുന്നത് അതിന്റെ ഛായാഗ്രഹണമികവാണ്. സമീര്‍ താഹിറിന്റെ ക്യാമറക്കണ്ണുകള്‍ക്ക് നായകന്റെ മനോസഞ്ചാരത്തിലെ തീക്ഷ്ണതയും അയാളുടെ സ്വര്‍ഗമായ പ്രകൃതിയുടെ ഭംഗിയും അതിഗംഭീരമായി പകര്‍ത്താനായി. ഇതിന് തുണയായി പ്രശാന്ത് പിള്ളയുടെ പശ്ചാത്തലസംഗീതവുണ്ടായിരുന്നു. ജാസി ഗിഫ്റ്റ് ഒരുക്കിയ ഗാനങ്ങളും വേറിട്ടൊരു ഭംഗിയുള്ളവയായിരുന്നു.


അഭിനയത്തില്‍ സിദ്ധാര്‍ഥിന് നാടകീയത തൊട്ടുതീണ്ടാതെ രാജുവിനെ അവതരിപ്പിക്കാനായി. റീമാ കല്ലിംഗലിനും അടുത്തിടെ കിട്ടിയ സൌമ്യവും മനോഹരവുമായ വേഷമായിരുന്നു അശ്വതിയുടേത്. എടുത്ത് പറയേണ്ടത് വിഷ്ണുവിന്റെ വിശ്വനാണ്. മികവാര്‍ന്നൊരു തിരിച്ചുവരവാണ് ജിഷ്ണുവിനീ വേഷം. 


ഭരതന്റെ 'നിദ്ര'യുമായി താരതമ്യം ചെയ്ത് കീറിമുറിച്ച് പുതിയ 'നിദ്ര'യെ പരിശോധിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും അച്ഛന്റെ മികവ് പലേടത്തും മകന് കൈമോശം വന്നതായി തോന്നിയേക്കാം. പക്ഷേ, കഥക്കും തിരക്കഥക്കുമൊന്നും ക്രെഡിറ്റ് അവകാശപ്പെടാനില്ലാത്ത ഒരു സ്വതന്ത്ര സൃഷ്ടിയായി പരിഗണിച്ചാല്‍ പുതു 'നിദ്ര' മനോഹരവും തീക്ഷ്ണവുമായ ഒരു വൈകാരിക യാത്രയാണ്. കണ്ടാല്‍ ഒരിക്കലും വെറുക്കാത്തൊരു സിനിമാനുഭവം. 


nidra review, malayalam movie nidra, sidharth bharathan, rima kallingal, jassie gift, sameer thahir, nidra 2012, malayalam movie review, nidra film review

3 comments:

nias said...

ഈ സിനിമ മിക്കയിടങ്ങളില്‍ നിന്നും ഹോള്‍ഡ്ഓവര്‍ ആയിക്കഴിഞ്ഞു...
വൈല്‍ഡ് റിലീസ് മലയാള സിനിമയിലെ ഇത്തരം ചെറിയ പുത്തനുണര്‍വുകളെ തളര്‍ത്തുന്ന രീതിയിലേക്ക് മാറുമോ എന്നൊരു ഭയവും പ്രേക്ഷകര്‍ക്കുണ്ട്...

സുന്ദരമായ ചിത്രത്തിനും ലളിതമായ റിവ്യൂവിനും സിനിമാ ജാലകത്തിനും നന്ദി...

maneesh said...

സുന്ദരമായ ചിത്രത്തിനും ലളിതമായ റിവ്യൂവിനും സിനിമാ ജാലകത്തിനും നന്ദി...

Anonymous said...

nalla padamgal kaanan malayalikalkku allelum vallya madiyaa

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.