Wednesday, March 28, 2012

King and Commissioner Review: കിംഗും കമ്മീഷണറും പൊളിറ്റിക്കല്‍ ബുള്‍ഷിറ്റും





പൊളിറ്റിക്കല്‍ ത്രില്ലറുകളുടെ തലതൊട്ടപ്പന്‍മാരായ ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍, അതും അവരുടെ എക്കാലത്തെയും ആണ്‍പിറന്ന നായകന്‍മാരായ ജോസഫ് അലക്സിനെയും ഭരത് ചന്ദ്രനെയും കൂട്ടുപിടിച്ചാവുമ്പോള്‍ പ്രേക്ഷകര്‍ എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചുപോയാല്‍ തെറ്റുപറയാനാവില്ല. 


എന്നാല്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും മേല്‍പറഞ്ഞ പേരില്‍ വീണ്ടും സ്ക്രീനിലെത്തിയതുകൊണ്ടോ പ്രേക്ഷകരുടെ മുഖത്തുനോക്കി ഇംഗ്ലീഷിന് മലയാളത്തിലുണ്ടായ സങ്കരഭാഷയില്‍ ആക്രോശിക്കുകയും ചെയ്താല്‍ അതു സിനിമയാവുമോ? ഇല്ലെന്നാണ് 'ദി കിംഗ് ആന്റ് ദി കമ്മീഷണര്‍' എന്ന മലയാള ചലച്ചിത്രം കണ്ടിറങ്ങിയപ്പോള്‍ തോന്നുന്നത്. മലയാളിയുടെ മനസില്‍ ഇപ്പോഴുമുള്ള രണ്ടു കഥാപാത്രങ്ങളെ വീണ്ടും വലിച്ചിഴച്ച് വാചാടേപം കൊണ്ട് ചുളുവില്‍ ഒരു സിനിമ ഒരുക്കാമെന്ന മിഥ്യാധാരണയില്‍ നിന്നാണ് 'കിംഗ് -കമ്മീഷണര്‍' കൂട്ടുകൂട്ട് പിറന്നതെന്നതില്‍ സംശയമില്ല. 


മമ്മൂട്ടി അവതരിപ്പിക്കുന്ന ജോസഫ് ഇപ്പോഴങ്ങ് ദല്‍ഹിയിലാണ്. അപ്പോള്‍ അവിടെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ. സുദര്‍ശനും ഡോ. എമ്മാ ജോണും കൊല്ലപ്പെടുന്നു. കേന്ദ്രമന്ത്രിയും മലയാളിയുമായ ജി.കെ (ജനാര്‍ദനന്‍) യുടെ ശുപാര്‍ശ പ്രകാരം ഈ കേസ് അന്വേഷിക്കാന്‍ ജോസഫ് അലക്സിനെ പ്രധാനമന്ത്രി (മോഹന്‍ അഘാഷെ) വാക്കാല്‍ ചുമതലപ്പെടുത്തുന്നു. സഹായത്തിന് ഭരത് ചന്ദ്രന്‍ ഐ.പി.എസും (സുരേഷ് ഗോപി). 


അന്വേഷിച്ചു കണ്ടുപിടിക്കാനൊന്നുമില്ല. ആദ്യം തന്നെ പ്രേക്ഷകര്‍ക്കും അന്വേഷണോദ്യോഗസ്ഥര്‍ക്കും കുറ്റവാളികളെ അറിയാം. പ്രധാനമന്ത്രിയാവാന്‍ ഉടുപ്പുമൊരുക്കി കാത്തിരിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവായ രാമന്‍ മാധവന്‍ (ജയന്‍ ചേര്‍ത്തല) തന്നെ പിന്നില്‍. ഇയാള്‍ക്ക് പാകിസ്താനില്‍ നിന്ന് പ്രധാനമന്ത്രിയെ കൊല്ലാന്‍ വന്ന സംഘത്തിന്റെ പിന്തുണയും. എല്ലാ സൌകര്യവുമൊരുക്കാന്‍ ചന്ദ്രമൌലീശ്വര സ്വാമിയും (സായികുമാര്‍) ഐ.പി.സുകാരന്‍ ഷങ്കറും (ദേവന്‍).


ഇവരിലേക്കുള്ള തെളിവുകള്‍ ശേഖരിച്ച് ജോസഫും ഭരതും എത്തുന്നതിനിടക്ക് മുട്ടിന് മുട്ടിന് ആത്മരോഷം തീര്‍ക്കാന്‍ പൊലീസുകാരന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് നേരെ നടത്തുന്ന വാചകകസര്‍ത്തുകളാണ് ചിത്രത്തിന്റെ ജീവന്‍. ഒടുവില്‍ പ്രതികളെ ഒരു ഗോഡൌണിലിട്ട് തകര്‍ത്ത് നായകര്‍ ഇരുവരും സ്ലോ മോഷനില്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് നടന്നുവരുമ്പോള്‍ ദേശസ്നേഹം തുളുമ്പുന്ന നാലുവരി സാഹിത്യവും സ്ക്രീനില്‍ നിറയും. 


ദി കിംഗ്, കമ്മീഷണര്‍ എന്നീ ചിത്രങ്ങള്‍ അതാതു കാലങ്ങളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനാവും വിധമുള്ള മികച്ച പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുകളായിരുന്നു. മേലധികാരികള്‍ക്ക് മുന്നില്‍ ഒന്നും പറയാനാവാതെ കടിച്ചുപിടിച്ചു കഴിയേണ്ടി വരുന്ന ഉദ്യോഗസ്ഥരുടേയും അധികാരികളുടെ അനീതികള്‍ കണ്ടിട്ടും ഒന്നും ചെയ്യാനാവാത്ത സാധാരണക്കാരന്റെ നാവുകളായി നായകന്‍മാര്‍ തകര്‍ത്താടിയപ്പോള്‍ പ്രേക്ഷകര്‍ ആവേശം കൊണ്ട ചിത്രങ്ങള്‍. 


എന്നാല്‍, ആ മാജിക് 17 പരം വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ തരത്തില്‍ ആവര്‍ത്തിക്കാനാവുമെന്ന ഷാജി- രണ്‍ജി ടീമിന്റെ അമിതാത്മവിശ്വാസമാണ് ചിത്രത്തെ വഴിപിഴപ്പിച്ചത്. കിംഗിലും കമ്മീഷണറിലും കണ്ട സമാന സന്ദര്‍ഭങ്ങളാണ് ഈ ചിത്രത്തിലും നായകര്‍ രോഷം കൊള്ളാന്‍ കണ്ടെത്തിയിരിക്കുന്നത്. 


പുതുമ തോന്നിയ ഒരു സന്ദര്‍ഭം ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ജോസഫ് അലക്സിന്റെ ഡയലോഗുകളാണ് -അതില്‍ ഉപയോഗിച്ച മീഡിയ കാനിബാലിസം, അഥവാ മാധ്യമ നരഭോജിത്വം എന്ന പ്രയോഗം കൌതുകമുണര്‍ത്തി. 


കഥ,തിരക്കഥ, സംഭാഷണം എന്നിവയുടെ ക്രെഡിറ്റ് രണ്‍ജി പണിക്കര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ആദ്യം പറഞ്ഞ രണ്ടു സാധനങ്ങളും ഈ ചിത്രത്തില്‍ ഇല്ലാത്തതിനാല്‍ സംഭാഷണം മാത്രമേ അദ്ദേഹത്തിന് അവകാശപ്പെടാനാവൂ. അതാകട്ടെ, അദ്ദേഹത്തിന്റെ തന്നെ പഴയ സൃഷ്ടികളുടെ പുനരാവിഷകാരവും. സംവിധായകന്‍ ഷാജി കൈലാസിന്റെ കാര്യവും അതുപോലെ തന്നെ. പുതിയതൊന്നും കണ്ടെത്താനാവതെ അലയുന്ന ഒരു സംവിധായകനെ ചിത്രത്തിലുടനീളം കാണാം. 


മൃദുഹിന്ദുത്വമെന്ന ഷാജി കൈലാസിനെതിരായ പതിവ് ആക്ഷേപം മാറിക്കോട്ടേ എന്നുകരുതിയാവാം, പാകിസ്ഥാനുമായി കൂട്ടുപിടിച്ച് രാജ്യത്തെ ഒറ്റുന്നവരും ആയുധക്കച്ചവടത്തില്‍ പങ്കുപറ്റുന്നവരുമെല്ലാം ഹിന്ദുക്കളും സ്വാമിമാരുമൊക്കെയാണ്. 


പാവപ്പെട്ട മുസ്ലിംകളോട് അനുകമ്പ തോന്നിക്കുന്ന  വാചകങ്ങളും സുരേഷ് ഗോപിയെക്കൊണ്ട് പറയിക്കുന്നുണ്ട്. കൂടാതെ അഭിനവ സത്യാഗ്രഹ ഗാന്ധിമാരായ അന്നാ ഹസാരെയും രാംദേവിനെയുമൊക്കെ വിമര്‍ശിക്കാനുമെല്ലാം സിനിമയില്‍  ഇടം കണ്ടെത്തിയിട്ടുണ്ട്. 


അഭിനയത്തില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും തങ്ങളുടെ പഴയ സ്റ്റാര്‍ കഥാപാത്രങ്ങളുടെ പേര് കളഞ്ഞില്ല എന്നത് ആശ്വാസമാണ്.  ശരീരഭാഷയില്‍ അല്‍പം ക്ഷീണം പ്രകടമാണെങ്കിലും ഡയലോഗ് ഡെലിവെറിയിലെ സിംഹങ്ങളായ രണ്ടു നടന്‍മാരും അക്കാര്യത്തില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് വീണ്ടും തെളിയിച്ചു. 


ഏകലവ്യനിലെ നരേന്ദ്രപ്രസാദിന്റെ സ്വാമിവേഷത്തിന്റെ ഓര്‍മ നിലനിര്‍ത്തുംവിധം ഇതില്‍ സായികുമാറിനെ ചന്ദ്രമൌലീശ്വര സ്വാമിയെന്ന വില്ലനായി അവതരിപ്പിച്ചിട്ടുണ്ട്. ആവശ്യത്തിലേറെ ബില്‍ഡപ്പും മറ്റും നല്‍കിയിട്ടും ആ കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസില്‍ കയറാനാകുന്നില്ല. 


വേഷവിധാനം കൊണ്ട് ജയന്‍ ചേര്‍ത്തല അവതരിപ്പിച്ച രാമന്‍ മാധവന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടും. സംവൃത സുനിലിന്റെ പത്രപ്രവര്‍ത്തകവേഷത്തിന് കാര്യമായൊന്നും ചെയ്യാനില്ല. ഇപ്പോഴും ബാച്ചിലറായ ജോസഫ് അലക്സിനോട് എന്തോ ഒരിത് തോന്നാന്‍ ഒരു നായിക അത്രമാത്രം! 


കുറ്റങ്ങളും കുറവുകളും ഏറെയുണ്ടെങ്കിലും ഈ ചിത്രം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടേനെ, ഒന്ന് നന്നായി എഡിറ്റെങ്കിലും ചെയ്തിരുന്നെങ്കില്‍. ഇപ്പോള്‍ ഈ ചര്‍വിതചര്‍വണം മൂന്നേകാല്‍ മണിക്കൂര്‍ തീയറ്ററില്‍ ഇരുന്ന് കണ്ടു തീര്‍ക്കേണ്ട അവസ്ഥയിലാണ് പ്രേക്ഷകര്‍. 


ചുരുക്കം പറഞ്ഞാല്‍, കുറച്ച് പൊളിറ്റിക്കല്‍ മെഗലോമാനിയയും ബുള്‍ഷിറ്റും ദേശസ്നേഹത്തില്‍ ചാലിച്ച് ഷാജി -രണ്‍ജി ടീം വീണ്ടുമെത്തിയിരിക്കുകയാണ് 'ദി കിംഗ് ആന്റ് കമ്മീഷണറിലൂ'ടെ. ജോസഫ് അലക്സും ഭരത് ചന്ദ്രന്റെയും ഇക്കാലത്തെ സുഖവിവരങ്ങള്‍ അറിയണമെന്നുള്ളവര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രം. 



the king and the commissioner review, king and commissioner review, mammootty, suresh gopi, shaki kailas, renji panicker, malayalam movie king and commissioner, malayalam film review, cinemajalakam review

4 comments:

ശ്രീ said...

കണ്ടു, ബോറടിപ്പിച്ചില്ലെ എന്ന് മാത്രം.

Anonymous said...

പഴയ സംവിധായക കാരണവന്മാര്‍ എല്ലാം അരങ്ഗോഴിയേണ്ട കാലം അതിക്രമിച്ചു..സത്യന്‍ അന്തിക്കാടും,കമലും,ഫാസിലും,ഷാജിയും,എന്തിനു സിദ്ദിക്ക് പോലും നിലവാര തകര്‍ച്ചയെ നേരിടുമ്പോള്‍ മലയാള സിനിമക്ക്‌ ആശ്വാസം പകരാന്‍ പുതിയ കുറച്ചു സംവിധായകര്‍ ഉണ്ടാകുന്നുണ്ട്...അവര്‍ മേല്പറഞ്ഞ കാരണവന്മാരുടെ ശിഷ്യരാണെന്നത് മറ്റൊരു കൌതുകം!!

Pheonix said...

പ്രതിഭകള്‍ സച്ചിന്‍ ആയാലും ഫോം ഒരിക്കല്‍ നഷ്ടപ്പെടും. ഷാജിയും രണ്ജിയും അത് മനസ്സിലാക്കും എന്ന് കരുതാം. രഞ്ജിത്തിനെ പോലെ വഴി മാറി നടക്കാന്‍ ഇരുവര്‍ക്കും ശ്രമിക്കാവുന്നതുമാണ്.

SNMC memories said...

Shit shit shit...................

എന്തൊരു ബോറന്‍ പടം
കാശ് പോയത് മിച്ചം

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.