Wednesday, March 7, 2012

ബോംബെ രവി അന്തരിച്ചു




 മെലഡിയുടെ സ്വരരാഗ ഗംഗാപ്രവാഹമൊഴുക്കിയ സംഗീതസംവിധായകന്‍ ബോംബെ രവി അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് രാത്രി ഏഴുമണിക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ്.


ഹിന്ദിയും മലയാളവുള്‍പ്പെടെ 250ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 1986ല്‍ പഞ്ചാഗ്നി, നഖക്ഷതങ്ങള്‍ എന്നീ ഹരിഹരന്‍ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. ഇവക്ക് പുറമേ വൈശാലി, പരിണയം, ഒരു വടക്കന്‍ വീരഗാഥ, വിദ്യാരംഭം, സര്‍ഗം, ഗസല്‍, സുകൃതം, പാഥേയം, കളിവാക്ക്, മനസില്‍ ഒരു മഞ്ഞുതുള്ളി, മയൂഖം തുടങ്ങിയ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ഈണമേകി. 2005ല്‍ പുറത്തിറങ്ങിയ മയൂഖമാണ് അദ്ദേഹത്തിന്റെ അവസാന മലയാള ചിത്രം.


1926 മാര്‍ച്ച് മൂന്നിന് ഡെല്‍ഹിയില്‍ ജനിച്ച രവിശങ്കര്‍ ശര്‍മയാണ് പില്‍ക്കാലത്ത് ബോംബേ രവിയായി സംഗീതം ലോകം കീഴടക്കിയത്. കൃത്യമായ ശാസ്ത്രീയ സംഗീത പാഠങ്ങളൊന്നും ചെറുപ്പത്തില്‍ ലഭിച്ചിരുന്നില്ലെങ്കിലും പിതാവ് ആലപിച്ചിരുന്ന ഭജനകളായിരുന്നു സംഗീതത്തിലേക്കുള്ള വഴികാട്ടി. 


1950ല്‍ ബോംബേയില്‍ ഗായകനാവാന്‍ എത്തിച്ചേരുകയായിരുന്നു. ആദ്യകാലങ്ങളില്‍ ഏറെ ദുരിതങ്ങള്‍ നേരിട്ട അദ്ദേഹത്തിന് ആനന്ദമഠ് എന്ന ചിത്രത്തില്‍ സംഗീതഞ്ജന്‍ ഹേമന്ദ് കുമാര്‍ മുഖോപാധ്യായ 'വന്ദേമാതരം' എന്ന ഗാനം പാടാന്‍ അവസരം നല്‍കി. തുടര്‍ന്ന് ശ്രദ്ധേയനായ രവി ഈണം നല്‍കിയ 1960ലെ 'ചൌദ്വീം കാ ചാന്ദ് ' എന്ന ചിത്രത്തിലെ അതേ വരികളില്‍ തുടങ്ങുന്ന ഗാനം എക്കാലത്തെ വലിയ മെലഡി ഹിറ്റാണ്. മുഹമ്മദ് റഫിയാണ് ആലപിച്ചത്. 


തുടര്‍ന്ന് ദോ ബദന്‍(1966), ഹംറാസ് (1967), ആംഖേം (1968), നിക്കാഹ് (1982) തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയ ഗാനങ്ങളൊരുക്കി. 1961ല്‍ ഖരാനക്കും 1965ല്‍ ഖാണ്ടാനും ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. വക്ത്, നീല്‍ കമല്‍, ഗുംരാഹ് തുടങ്ങിയവയും അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട സൃഷ്ടികളാണ്.


1986ല്‍ ഹരിഹരന്‍ 'പഞ്ചാഗ്നി'യിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതോടെ മലയാള സംഗീതശാഖക്ക് പുതിയ യുഗപ്പിറവിക്ക് തുടക്കമാവുകയായിരുന്നു. 

 പഞ്ചാഗ്നിയില്‍ 'സാഗരങ്ങളേ', 'ആ രാത്രി മാഞ്ഞുപോയി' എന്നിവ പുതുതരംഗമായി. അതേ വര്‍ഷം തന്നെ ഹരിഹരന്റെ 'നഖക്ഷതങ്ങളി'ലും അദ്ദേഹം സാന്നിധ്യമായി. ഈ ചിത്രത്തിലെ 'മഞ്ഞള്‍പ്രസാദവും' എന്ന ഗാനത്തിന് ചിത്രക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. നഖക്ഷതങ്ങളിലെ 'ആരേയും ഭാവഗായകനാക്കും' എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിലും മെലഡികളിലും പെടും. 


1989ല്‍ ഭരതന്റെ 'വൈശാലി'യിലും രവിയുടെ മനോഹരമായ ഗാനങ്ങള്‍ അഴകേകി. ഇതിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും' എന്ന ഗാനം ചിത്രക്ക് വീണ്ടും ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. കൂടാതെ 'ഇന്ദ്രനീലിമയോലും' 'ദുംദും ദുംദും ദുന്ദുഭി' തുടങ്ങിയ വൈശാലിയിലെ ഗാനങ്ങളും  മലയാളി ചുണ്ടില്‍ എക്കാലവുമുണ്ടാകും. 


തുടര്‍ന്ന് സര്‍ഗം, പരിണയം, സുകൃതം, ഗസല്‍, പാഥേയം തുടങ്ങി എക്കാലത്തെയും നല്ല ഹിറ്റുകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.  ആവണിക്കനവുകള്‍ എന്ന ആല്‍ബത്തിനും അദ്ദേഹം മലയാളത്തില്‍ ഈണം പകര്‍ന്നിട്ടുണ്ട്. 

bombay ravi, bombay ravi passed awway, bombay ravi died, nakhashathangal, vaisali, panchagni, sargam, hariharan, ravishankar sharma, music director bombay ravi

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.